Thursday, March 29, 2007

അധ്യായം#1 ഒരു പ്രണയം

5 വര്‍ഷം നീണ്ട കലാലയ ജീവിതം എന്നെ ഒരു സാഹിത്യാ‍സ്വാദകനാക്കി.

എതെങ്കിലും ഒരുത്തിയോടു പ്രണയം തുടങ്ങിയാല്‍ എതൊരുത്തനും കഥയും കവിതയുമൊക്കെ എഴുതാന്‍ കഴിയുമെന്നു ഞാന്‍ മനസ്സിലാക്കിയത് ആപ്പോഴാണ്. ആ‍ ബലത്തില്‍ തോന്നിയതൊക്കെ എഴുതിക്കൂട്ടി ഒരു 'കുഞ്ഞു കവി' എന്ന ഖ്യാതി ഞാ‍ന്‍ നേടിയെടുത്തു. ഒറ്റ രാത്രികൊണ്ട് 16 വരി കവിത എഴുതി കോളേജ് മാഗസിനില്‍ അച്ചടിപ്പിച്ച് ഞാ‍ന്‍ എന്റെ കൂട്ടുകാരെയും - എന്തിനേറെ, ഈ എന്നെത്തന്നെയും- അമ്പരപ്പിച്ചു.


പവര്‍കട്ടിനേയും നിലാവിനെയും നക്ഷത്രങ്ങളേയും ഒക്കെ ഞാ‍ന്‍ സ്നേഹിക്കാന്‍ തുടങ്ങി. കുറ്റാകൂരിരുട്ടില്‍ മുറ്റത്തെ അരമതിലില്‍ കിടന്നു കൊണ്ട് ആകാശത്തേക്കു നോക്കി നക്ഷത്രമെണ്ണി, സ്വപ്നങ്ങള്‍ കണ്ടു. ഒരു മഴ കൊണ്ടാല്‍ പനി പിടിക്കുമായിരുന്ന ഞാന്‍ അതേ മഴയെ നോക്കി കഥയെഴുതി, കവിതയെഴുതി.

എന്റെ പ്രണയം എല്ലാവരും ഒരു അങ്ങാടിപ്പാട്ടു പോലെ പാടിപ്പറഞ്ഞു നടന്നു. പക്ഷെ ആ പെണ്‍കുട്ടി മാത്രം സംഭവം ഒന്നും അറിഞ്ഞില്ല. (അവളുടെ പേര് ഞാന്‍ ഇവിടെ പറയുന്നില്ല. അത് അവളുടെ ഭാവി ഓര്‍ത്തിട്ടല്ല, പകരം,എന്റെ തടി കേടായാലോ എന്നു പേടിച്ചാണ്.)

എനിക്ക് പറയാനുള്ള ആമ്പിയര്‍ ഇല്ല എന്നു പറഞ്ഞു കളിയാക്കിയ കൂട്ടുകാര്‍ക്ക് ഒരു തിരിച്ചടി കൊടുത്തുകൊണ്ട് മൂന്നാം വര്‍ഷം ഞാനതവളോടു തുറന്നുപറഞ്ഞു. “ യ്യോ!! പ്രേമിച്ചാല്‍ എന്റെ അമ്മാവന്‍മാര്‍ എന്നെ വഴക്കുപറയും..” എന്നും പറഞ്ഞ് അവള്‍ തടി തപ്പി. “അവരോടു പോയി പണി നോ‍ക്കാന്‍ പറ” എന്നു ഞാന്‍ പറഞ്ഞു നോക്കിയെങ്കിലും ഫലമുണ്ടായില്ല.

അവളുടെ പേരില്‍ കുത്തിക്കുറിച്ച കറുത്ത അക്ഷരങ്ങളെ വിട്ട് രാത്രിയുടെ അഗാധതയില്‍ നക്ഷത്രങ്ങള്‍ ചിതറിയ ആകാശത്തിനു കീഴെ കറുത്തവാവിന്‍റെ മൂകതയില്‍ ഞാന്‍ തേരാ പാരാ നടന്നു. അതുവരെ എന്നെ സന്തോഷിപ്പിച്ച അക്ഷരങ്ങള്‍ അപ്പോള്‍ എന്നെ നൊക്കി പല്ലിളിച്ചു.അവ രക്തദാഹികളായി എന്റെ മുന്നില്‍ ഉറഞ്ഞു തുള്ളി.

അതേ സമയം, അവളുടെ നിഷ്കളങ്കതയേയും അച്ചടക്കത്തേയും കുറിച്ചോര്‍ത്തപ്പോള്‍ എനിക്ക് അഭിമാനം തോന്നി.അങ്ങനെ ഞാന്‍ ആ ദുഖം മറക്കാന്‍ ശ്രമിച്ചു.പക്ഷെ മനസ്സിലെ തീ അണയ്ക്കുക എളുപ്പമായിരുന്നില്ല.


ഒടുവില്‍, കോളേജിലെ അവസാനനാളില്‍ കാമുകന്റെ തോളില്‍ കൈയിട്ട് നടന്നു നീങ്ങുമ്പോള്‍ എന്നെ തിരിഞ്ഞു നോക്കി ഒരു നിമിഷം അവള്‍ മനോഹരമായി ഒന്നു പുഞ്ചിരിച്ചു.അവള്‍ എന്നോടു എന്തോ പറയുന്നതായി തോന്നി. ഞാന്‍ ശ്രദ്ധിച്ചു :


“ പറ്റിച്ചേ!!!!!!”