Tuesday, January 8, 2008

മഴക്കാറ്റ്

കാറ്റത്ത് ഞെരങ്ങുന്ന ജനല്‍‌പാളികള്‍ക്കിടയിലെ നേര്‍ത്ത വിടവുകളിലൂടെ മഴയുടെ മൂളല്‍ എന്റെ കാതുകളില്‍ വന്നലച്ചു.തുറന്ന പുസ്തകം അതേ പടി നെഞ്ചിലേക്ക് ചേര്‍ത്തുവച്ച് ഞാന്‍ കിടന്നു.മനസ് ശാന്തമായിരുന്നു.ഓര്‍മകളുടെ വാതായനങ്ങള്‍ തുറന്ന് അത് ഒരു തൂവല്‍ പോലെ മന്ദം പറന്നു നടന്നു. മഴ ചിന്നം വിളിച്ചു കൊണ്ട് ആര്‍ത്തലച്ച് പെയ്തുകൊണ്ടിരുന്നു.പുറത്ത് ചിലച്ചുകൊണ്ടിരുന്ന ചീവീടുകള്‍ ക്ഷീണിച്ചിട്ടാവണം, ഇപ്പോള്‍ ശാന്തരാണ്.ചീറിയടിച്ച കാറ്റ് ജനല്പാളികളെ ശക്തിയായി വലിച്ചടച്ചു. കര്‍ക്കിടകപേമാരിയെ സദാ ശപിച്ചുകൊണ്ടിരുന്ന മുത്തശ്ശി എപ്പോഴോ ഉറക്കമായി.

ദൂരെ ഇരുട്ടില്‍ നനഞ്ഞുകുതിര്‍ന്നുകിടക്കുന്ന കല്ലിടാങ്കുന്നിന്റെ നിഴല്‍ കാണാം.അതിന്റെ മുകളിലായി അല്പനേരം മുന്‍പുവരെ തെളിഞ്ഞുകത്തികൊണ്ടിരുന്ന ആ തെരുവുവിളക്കും അണഞ്ഞു കഴിഞ്ഞു.
പാതി തുറന്ന ജനലിലൂടെ എന്റെ കണ്ണുകള്‍ അപാരതയില്‍ എന്തിനോ വേണ്ടി പരതിക്കൊണ്ടിരുന്നു.ചുറ്റിയടിക്കുന്ന കാറ്റ് മുഖമാകെ മഴത്തുള്ളികളുടെ കുളിര്‍മയും സുഗന്ധവും പൂശിയിരിക്കുന്നു.ആകാശത്ത് കൂടുകൂട്ടിയിരുന്ന കാര്‍മേഘങ്ങള്‍ പെയ്തൊഴിഞ്ഞുകൊണ്ടിരുന്നു.മുത്തശ്ശി പറയാറുള്ളതു പോലെ ഒരോ മഴതുള്ളിയും ഓരോ ജന്മത്തിന്റെ മോക്ഷപ്രാപ്തിക്ക് വേണ്ടിയാണ് മണ്ണിലേക്കെത്തുന്നത്.എന്നിട്ടോ, വീണ്ടും അതേ ആകാശത്തിലെ വിരൂപമായൊരു വിങ്ങലായി പെയ്യാനാണ് അവയുടെ വിധി.ഒരു കാലത്ത് മനുഷ്യനില്‍ മാത്രം വിശ്വസിച്ചിരുന്ന എനിക്ക് ഇപ്പോള്‍ വിധിയിലും വിശ്വാസമായി തുടങ്ങിയിട്ടുണ്ടോ? ഈ നാട്ടില്‍ വന്നതുമുതല്‍, രാമചന്ദ്രന്റെ മുത്തശ്ശിയുടെ കൂടെ താമസമാക്കിയതു മുതല്‍ ഒരു പക്ഷെ എന്റെ വിശ്വാസങ്ങളുടെ ചങ്ങലക്കെട്ടുകള്‍ അയഞ്ഞിട്ടുണ്ടാവണം.

ഒ‌രു നിമിഷം ഓര്‍മ്മകള്‍ നേര്‍ത്ത കാറ്റില്‍ പിന്നോക്കം പറന്ന് രാമചന്ദ്രനിലേക്കെത്തി. വര്‍‌ഷങ്ങളായി പരിചയമുണ്ട് അയാളെ.ഡെല്‍ഹിയിലെ മഞ്ഞുകാലപ്രഭാതങ്ങളുടെ വിറങ്ങലിലൂടെ കാറോടിച്ച് ജീവിച്ചിരുന്ന കാലം മുതല്‍ അയാള്‍ എന്റെ കാഴ്ചകളിലുണ്ടായിരുന്നു.‍ കറുത്ത് തടിച്ച് താടിയും നീട്ടി നടക്കുന്ന ഒരു പ്രത്യേക കഥാപാത്രം.കാഴ്ചയില്‍ പരുക്കനും ബുദ്ധിജീവിയുമൊക്കെയായി തോന്നിച്ചിരുന്ന അയാള്‍ക്ക് ഒരു വലിയ സുഹൃദ്‌വലയം തന്നെ ആ നഗരത്തില്‍ ഉണ്ടായിരുന്നു. എന്നും മദ്യപിച്ചു ലക്ക് കെട്ട് താന്‍ സ്വന്തമായെഴുതിയതും അല്ലാത്തതുമായ കവിതകള്‍ ഉറക്കെ ചൊല്ലിയും മറ്റുള്ളവരെ ഉപദേശിച്ചും ജീവിച്ച് പോന്നിരുന്ന രാമചന്ദ്രന്റെ ഒരേ ഒരു വരുമാനം അടുത്തുള്ള ഷൂ കമ്പനിയിലെ ഒരു ചെറിയ ഉദ്യോഗമാണ്.അയാള്‍ക്ക് അന്നേ ഈ മുത്തശ്ശി മാത്രമേയുള്ളൂ ബന്ധുവായിട്ട്.മാതാപിതാക്കള്‍ അയാളുടെ ചെറുപ്പത്തില്‍ വസൂരിക്കടിപ്പെട്ടു മരിച്ചുപോയ‌താണെന്ന് അയാള്‍ തന്നെ പറഞ്ഞു കേട്ടിട്ടുണ്ട്.

തണുത്തു വിറങ്ങലിച്ച ഒരു ഡിസം‍ബർ മാസത്തിലാണ്‌ ഞാന്‍ രാമചന്ദ്രനെ കണ്ടുമുട്ടുന്നത്.അപ്പോള്‍ അയാള്‍ തീരെ അവശനിലയിലായിരുന്നു. റോഡരികില്‍ നിന്ന് ആശുപത്രിയില്‍ എത്തിച്ച അന്നുമുതല്‍ ഞാന്‍ അയാളുടെ സ്ഥിരം സഹയാത്രികനും ഡ്രൈവറും സുഹൃത്തും ഒക്കെയായി. സ്വതവേ മിതഭാഷിയായിരുന്ന അയാള്‍ മദ്യലഹരിയില്‍ വാതോരാതെ സംസാരിക്കുമായിരുന്നു.- തത്ത്വചിന്തയും കവിതകളും ചിലപ്പോള്‍ ശാപവാക്കുകളും. ഈ ലോകത്ത് അയാള്‍ ഏറ്റവും കൂടുതല്‍ വെറുത്തിരുന്നത് അയാളെ തന്നെയാണ് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.എന്നാല്‍ അതിന്നുള്ള കാരണങ്ങള്‍ ഇന്നും അജ്ഞാതമാണ്, അതേപറ്റി സംസാരിക്കാന്‍ തന്നെ അയാള്‍ക്ക് താല്‍‌പര്യം ഉണ്ടായിരുന്നില്ല.

ഞാനൊരു ബിരുദധാരിയാണെന്നും, മറ്റ് തൊഴിലൊന്നും തരപ്പെടാതിരുന്നതുകൊണ്ടാണ് ടാക്സി ഓടിക്കുന്നതെന്നുമൊക്കെ മനസ്സിലാക്കിയപ്പോള്‍ രാമചന്ദ്രന്‍ എനിക്ക് നാട്ടില്‍ ഒരു സുഹൃത്തിന്റെ കമ്പനിയില്‍ ജോലി ശരിയാക്കിത്തന്നു.അയാളുടെ നിര്‍ബന്ധം കൊണ്ടു മാത്രമാണ് ഞാന്‍ ഡെല്‍ഹിയോട് വിട പറഞ്ഞത്. അങ്ങനെ ഞാന്‍ രാമചന്ദ്രന്റെ മുത്തശ്ശിയോടൊപ്പം താമസിച്ചുകൊണ്ട് ജോലിക്കു പോകാന്‍ തുടങ്ങി.

ഇപ്പോള്‍ മാസങ്ങള്‍ കടന്നുപോയിരിക്കുന്നു.രാമചന്ദ്രന്റെ മരണം അറിയിച്ചുകൊണ്ടുള്ള ടെലിഗ്രാം മുത്തശ്ശിക്കു വേണ്ടി ഞാനാണ് ഒപ്പിട്ട് വാങ്ങിയത്. വാര്‍ധക്യത്തിന്റെ അസ്വസ്ഥതയിലും പ്രതീക്ഷയുടെ നിര്‍‌വൃതി അനുഭവിക്കുന്ന അവരോട് അതു പറയുവാനുള്ള ധൈര്യം എനിക്കുണ്ടായില്ല.മുത്തശ്ശി തീരെ കിടപ്പായിട്ട് ഇപ്പോള്‍ ഒരു മാസത്തോളമാകുന്നു.ഇടയ്ക്കൊക്കെ രാമചന്ദ്രനെപറ്റി ചോദിക്കുമായിരുന്ന അവര്‍ കഴിഞ്ഞ ഒരാഴ്ചയായിട്ട് അയാളെപറ്റി ഒരു വാക്കുപോലും സംസാരിച്ചു കേട്ടില്ല.ഇനി അവര്‍ എങ്ങനെയെങ്കിലും അറിഞ്ഞിട്ടുണ്ടാവുമോ..?

മഴ വീണ്ടും ശക്തിപ്രാപിച്ചു വന്നു. ഭയങ്കരമായ ഒരു ശബ്ദം കേട്ട് ജനലിലൂടെ നോക്കിയപ്പോള്‍ തെക്കേപ്പറമ്പില്‍ ഉണങ്ങി നിന്ന വരിക്കപ്പ്‌ളാവ് കടപുഴകി വീണിരിക്കുന്നത് കണ്ടു.ചീറിയടിക്കുന്ന തണുത്തകാറ്റ് ഓട് മേഞ്ഞ മേല്‍ക്കൂരയെ ചിതറിത്തെറിപ്പിക്കുമോ എന്നു ഞാന്‍ ഭയന്നു. ഞാന്‍ ജനല്‍ ശക്തിയായി വലിച്ചടച്ചു.മുത്തശ്ശി കിടക്കുന്ന മുറിയില്‍ ചെന്നു നോക്കിയപ്പോള്‍ അവിടം ശൂന്യമായിരുന്നു.മുറിയുടെ ഒരു മൂല ചോര്‍ന്നൊലിച്ച് ഈര്‍പ്പം മുറിയിലാകെ പടര്‍ന്നിരുന്നു.കട്ടിലിന്റെ ചുവട്ടില്‍ നിന്ന് ഉല്‍ഭവിക്കുന്ന കാല്പ്പാടുകള്‍ പിന്തുടര്‍ന്ന് ഞാന്‍ മുറ്റത്തേക്കിറങ്ങി.

അപ്പോഴാണ് മഴയുടെ ശക്തി അല്പം കുറഞ്ഞത്...