Sunday, July 4, 2010

അതിജീവനം

അയാളുടെ തൂലികയില്‍ നിന്ന് ചുടുരക്തം പടര്‍ന്ന് വെള്ളക്കടലാസില്‍ അക്ഷരങ്ങളായി പരിണമിച്ചു. അവ അയാള്‍ പോലും അറിയാതെ വാഴ്ത്തപ്പെട്ടവയായി ഉയര്‍ത്തപ്പെട്ടു. അയാള്‍ക്ക് തന്റെ തൂലിക ഓര്‍മ്മകളുടെ കാര്‍മേഘപടലങ്ങളില്‍ നിന്ന് വാക്കുകള്‍ക്ക് ഇറങ്ങി വരാനുള്ള ഒരു ഏണിപ്പടി മാത്രമായിരുന്നു.അല്ലാതെ ഭാവന എന്നൊരു അധികാവയവം കൊണ്ടല്ല തന്റെ കവിതകള്‍ പലതും പിറവിയെടുത്തതെന്ന്‍ അയാള്‍ ഉറച്ച് വിശ്വസിച്ചു.

ഓര്‍മ്മകള്‍ ഉറഞ്ഞുതുള്ളിയ ഒരു രാത്രിയിലാണ് അയാള്‍ക്ക് തന്റെ ഹൃദയം നഷ്ടപ്പെട്ടത്.
ചുറ്റും കൂടി നിന്നവര്‍ അതിനെ കീറിമുറിക്കുകയായിരുന്നു. എന്നിട്ട് ഓരോ പാതിക്കും വേണ്ടി അവര്‍ കലഹിച്ചു. എനിക്കാദ്യം എനിക്കാദ്യം എന്നു പറഞ്ഞ് മുറവിളികൂട്ടി. അയാള്‍ പക്ഷേ അപ്പോഴേക്കും ഒരു ബിംബം മാത്രമായി മാറിക്കഴിഞ്ഞിരുന്നു. ചേതന വേര്‍പെട്ട അനാഥമായ ഒരു പ്രതിബിംബം. അതിന്റെ ചെവിയില്‍ ചുറ്റുമുള്ള ബഹളങ്ങളെല്ലാം വെറും പ്രതിധ്വനികളായി വന്നലച്ച് നിര്‍വികാരമായൊരു ശൂന്യതയിലേക്ക് അലിഞ്ഞ് അലിഞ്ഞ് ഇല്ലാതെയായി.

ഒരു തീര്‍ഥാടകന്റെ മൂഡിലേക്ക് അയാള്‍ എത്തിപ്പെട്ടു. എല്ലാമുപേക്ഷിച്ച് ഓര്‍മ്മകള്‍ പോലും പിന്തുടരാത്ത ഒരു ദേശത്തേക്ക്- ഈ നാട്ടില്‍ നിന്ന് നേടിയതെല്ലാം ഇവിടെത്തന്നെ ഉപേക്ഷിച്ച്.

അന്ന് വൈകുന്നേരം കടല്‍ക്കരയില്‍ ഒരു മധ്യവയസ്കന്റെ നഗ്നമായ ശവശരീരം വന്നടിഞ്ഞു. കാക്കകളും ചില മനുഷ്യരും അതിനു ചുറ്റും ഒത്തുകൂടി. ചിലര്‍ മൂക്ക് പൊത്തി അതിനെ തുറിച്ചുനോക്കിനിന്നു. മറ്റുചിലര്‍ മൊബൈലില്‍ ഫോട്ടോയെടുക്കുന്ന തിരക്കിലും. തക്കം പാര്‍ത്ത് വട്ടമിട്ട് പറക്കുകയായിരുന്ന കഴുകന്മാര്‍ ലജ്ജിച്ച് എവിടെയോ പോയൊളിച്ചു.

പക്ഷേ ആ മുഖത്ത് അപ്പോഴും ഒരു പുച്ഛമായിരുന്നു.തിരകള്‍ക്കും അലിയിക്കാനാവാതെ, വിഫലമായൊരു ഭൂതകാലത്തോടുള്ള പുച്ഛം.