ഞാന്‍ പി പി പ്രകാശന്‍- വ്യവസ്ഥിതിയുടെ അപ്രായോഗികനിയമാവലികളെ അംഗീകരിച്ചില്ല എന്ന ഒറ്റക്കാരണത്താല്‍ പലരാലും അവഗണിക്കപ്പെട്ടവന്‍.
കുട്ടിക്കാലം മുതല്‍ക്കേ നിസ്സാരകാര്യങ്ങള്‍ക്കാണ് എനിക്കെന്നും ശിക്ഷയേല്‍ക്കേണ്ടി വന്നിട്ടുള്ളത്.
പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ നോട്ടീസില്‍ ഭഗവതിയ്ക്ക് മീശ വരച്ചതിന്. മറ്റൊരിക്കല്‍ അച്ഛന്‍ വൈകുന്നേരം പണികഴിഞ്ഞ് കൊണ്ടുവന്ന നൂറുരൂപാനോട്ടില്‍ ഗാന്ധിയുടെ കണ്ണട കൂളിംഗ് ഗ്ലാസ്സാക്കി മാറ്റിയതിന്. കലയെ അടിച്ചമര്‍ത്തിയതിന്റേയും അവഗണിച്ചതിന്റേയും പരിണിതഫലമെന്തായി?..എന്നിലെ ചിത്രകാരന്‍ ആരാലും തിരിച്ചറിയപ്പെടാതെ എന്നെന്നേക്കുമായി കല്ലറയിലടയ്ക്കപ്പെട്ടു.
എന്നും അടിച്ചമര്‍ത്തപ്പെട്ടവനും തോല്‍(പ്പി)ക്കപ്പെട്ടവനും വേണ്ടിയാണ് ഞാന്‍ ശബ്ദം ഉയര്‍ത്തിയിട്ടുള്ളത്.പിന്‍ബഞ്ച്കാര്‍ക്കും മുന്‍നിരക്കാരേപ്പോലെ ക്ലാസ്സിലിരിക്കാന്‍ തുല്യാവകാശമുണ്ടെന്നു പറഞ്ഞ് ഞാന്‍ നയിച്ച പ്രക്ഷോഭത്തെ 'വിഡ്ഡിക്കൂട്ടങ്ങളുടെ വിമോചന സമരം' എന്നു പറഞ്ഞ് അധിക്ഷേപിച്ച ജോസഫ് മാഷിന്റെ കണ്ണ് തെള്ളിച്ചുകൊണ്ട് ഞാന്‍ പത്താംതരം പാസ്സായി.
എന്റെ വിജയം 'ഭഗവതിയ്ക്ക് നേര്‍ന്നതിന്റെ ഫലം' എന്ന് അമ്മ പറഞ്ഞ് നടന്നു.അവിടേയും എന്റെ കഴിവുകള്‍ അവര്‍ അംഗീകരിച്ചില്ല.
ജോസഫ് മാഷിനോടുള്ള വാശി ഒന്നു മാത്രമാണ് അന്ന്‍ കോപ്പിയടിക്കാനുള്ള റിസ്ക് എടുക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. അതിനുശേഷം ഒരിക്കലും മറ്റുള്ളവര്‍ നടത്തുന്ന ബുദ്ധിയളക്കല്‍ പരീക്ഷകളിലൊന്നും ഞാന്‍ പങ്കെടുത്തില്ല. ഞാനെന്തിന് എന്റെ വ്യക്തിത്ത്വവും കഴിവുകളും മറ്റുള്ളവരെ ബോധ്യപ്പെടുത്തണം?
ഇത്രയൊക്കെ ഉയര്‍ന്ന തലത്തില്‍ ചിന്തിച്ചിട്ടും പ്രവര്‍ത്തിച്ചിട്ടും , ഞാന്‍ ജനിച്ചു വളര്‍ന്ന ഗ്രാമത്തിലെ ഉപചാപകസമൂഹം എന്നെ ധിക്കാരി, വിവരം കെട്ടവന്‍ എന്നൊക്കെ വിളിച്ചപമാനിക്കുകയാണുണ്ടായത്.(നാട്ടിന്‍ പുറം നന്മകളാല്‍ സമൃദ്ധം എന്നു പറഞ്ഞത് ഏതെങ്കിലും ഒരു നഗരവാസി ആയിരിക്കും. അല്ലാതെ ഏതെങ്കിലും ഒരു ഗ്രാമീണന്‍ അങ്ങനെ പറയും എന്ന് എനിക്കു തോന്നുന്നില്ല.)
എന്നെ വേണ്ടാത്തൊരു സമൂഹത്തെ എനിക്കും വേണ്ട എന്ന തിരിച്ചറിവാണ് രോഗബാധിതനായി കിടക്കുന്ന അമ്മാവനെ ശുശ്രൂഷിച്ചുകൊണ്ടിരുന്ന അമ്മായിയെ സഹായിക്കാന്‍ നഗരത്തിലേക്ക് പോകാന്‍ എന്നെ പ്രേരിപ്പിച്ചത്. വീട്ടുകാരെ വിട്ട് വിദേശത്തേക്ക് ജോലിയ്ക്ക് പോയപ്പോള്‍ പടീറ്റേതിലെ ദിവാകരന്‍ കാണിച്ച വിഷമമൊന്നും എനിക്കുണ്ടായില്ല. അല്ലെങ്കില്‍ തന്നെ, എന്തടിസ്ഥാനത്തിലാണ് എനിക്കവരോട് ഒരു വൈകാരിക ബന്ധം ഉണ്ടാകേണ്ടത്? - പി പി പ്രകാശന്‍ ' എന്ന പറയാന്‍ കൊള്ളാവുന്ന ഒരു പേരില്‍ മാത്രമാണ് -എന്നോട് ആലോചിക്കാതെ അവര്‍ ചെയ്തുകൂട്ടിയ കാര്യങ്ങളില്‍ എനിക്ക് പരിഭവം ഇല്ലാത്തത്.
നഗരത്തിലെ തിരക്കാര്‍ന്ന ശ്വാസ-നിശ്വാസങ്ങള്‍ക്കിടയിലാണ് പിന്നിടുള്ള പ്രകാശന്റെ വളര്‍ച്ച.
നാല് കാശ് സമ്പാദിക്കണം , സ്വന്തം കാലില്‍ നില്‍ക്കണം എന്നൊക്കെ എന്നെ ചിന്തിപ്പിച്ചത് അവിടത്തെ ജീവിതമാണ്. മറ്റൊരു ജോലി കണ്ടെത്തേണ്ട ഗതികേടുണ്ടായില്ല.അമ്മാവന് മരുന്നു വാങ്ങാന്‍ പോകുമ്പോഴൊക്കെ മിച്ചം പിടിച്ച കാശ് ഞാന്‍ സ്വരുക്കൂട്ടി വച്ചു. (ഞാന്‍ മരുന്നിന്റെ പേരും പറഞ്ഞ് കാശ് മോഷ്ടിക്കുകയാണെന്ന് അമ്മായി ആരോടോ ഒരിക്കല്‍ പറഞ്ഞത്രേ..ദുഷ്ട!!!നന്ദിയില്ലായ്മയുടെ നാഗരികരൂപം.!!)അതാണ് വാരാന്ത്യങ്ങളില്‍ ജയന്തിയെ യാത്ര കൊണ്ടുപോകാനും ഐസ്ക്രീം വാങ്ങിക്കൊടുക്കാനുമൊക്കെ ഞാന്‍ ഉപയോഗിച്ചത്. അല്ലാതെ ആരുടേയും ഓശ്ശാരം എനിക്കാവശ്യമില്ലായിരുന്നു.
അവള്‍ ഒരിക്കല്‍ ടെലിഫോണ്‍ ബൂത്തിലെ ഷൈജുവിന്റെയൊപ്പം ബൈക്കിന്റെ പിന്നിൽ ഒട്ടിച്ചേർന്നിരുന്ന് പോകുന്നത് കണ്ടപ്പോള്‍ എന്റെയുള്ളിലെ ലോലഹൃദയനായ കാമുകന്‍ സ്വാഭാവികമായും ഒന്ന് സംശയിച്ചു പോയി. എനിക്ക് അസൂയയാണെന്നവള്‍ ആരോപിച്ചു. വിചാരിച്ചാല്‍ എന്നേക്കാള്‍ കേമന്മാരായ എത്ര കാമുകന്മാരെ വേണമെങ്കിലും കിട്ടുമെന്ന് പറഞ്ഞ് ജയന്തി പൊട്ടിത്തെറിച്ചു. ഒരു പെണ്‍കുട്ടിക്ക് ഇത്രയ്ക്ക് അഹങ്കാരമാകാമോ? പ്രത്യേകിച്ച അവളെപ്പോലെ വൃത്തികെട്ട മുഖമുള്ള ഒരുത്തിക്ക്?
ജയന്തി കൈവിട്ടശേഷവും ഞാന്‍ തളരാതിരുന്നത് എനിക്ക് എന്നില്‍ത്തന്നെയുള്ള വിശ്വാസം കൊണ്ട് മാത്രമാണ്.എനിയ്ക്കെന്താണൊരു കുറവ്?
"ഒന്നുകില്‍ നീ ദിവസവും കുളിയ്ക്ക്, അല്ലെങ്കില്‍ ആ ജടപിടിച്ച് നാറുന്ന മുടിവെട്ടിക്കള " എന്ന്‍ പെട്ടിക്കടക്കാരന്‍ ദാമോദരന്‍ കളിയാക്കിയത് എന്റെ കേശഭാരത്തോടുള്ള ഒരു കഷണ്ടിക്കാരന്റെ അസൂയ മാത്രം കൊണ്ടാണ്. പിന്നെ, മുന്‍നിരയിലെ രണ്ട് പല്ലുകള്‍ ഉന്തിയിരുന്നത് അത്ര വിരൂപമായിട്ടൊന്നും എനിക്ക് തോന്നുന്നില്ല.അല്ലെങ്കില്‍ വീണ്ടുമൊരു പെണ്‍കുട്ടി-മാലതി എന്നെ പ്രേമിക്കുമായിരുന്നോ?
രാത്രിയുടെ നിഗൂഢയാമങ്ങളില്‍ അവളയച്ചിരുന്ന ഓരോ സന്ദേശവും എന്റെ മനസ്സിന്റെ ചുട്ടുപഴുത്ത മണലാരണ്യങ്ങളിലേക്ക് പെയ്തിറങ്ങിയ കുളിര്‍മഴത്തുള്ളികളായിരുന്നു. അത്രയധികം ആവേശത്തോടുകൂടിയാണ് ഞാന്‍ അവയെല്ലാം വായിച്ചിരുന്നതും മറുപടി അയച്ചിരുന്നതും..
ആഴ്ചകളോളം അവള്‍ എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത് മൊബൈല്‍ഫോണിന്റെ ഇന്‍ബോക്സിലേക്ക് നുഴഞ്ഞു കയറിവന്നുകൊണ്ടിരുന്ന അപൂര്‍ണ്ണങ്ങളായ അക്ഷരക്കൂട്ടങ്ങളുടെ രൂപത്തിലായിരുന്നു.പക്ഷേ ഞങ്ങളുടെ ബന്ധത്തിന് ആവശ്യത്തിലേറെ ജീവവായു പകരാന്‍ അവയ്ക്ക് കരുത്തുണ്ടായിരുന്നു.ഫോട്ടോയ്ക്കും മേല്‍വിലാസത്തിനും വേണ്ടിയുള്ള എന്റെ സന്ദേശങ്ങളില്‍ നിന്ന് നിഷ്കരുണം ഒഴിഞ്ഞ് മാറിയപ്പോഴും ഞാന്‍ പതിന്മടങ്ങ് അവളെ വിശ്വസിക്കാന്‍ ശ്രമിച്ചു.
മദ്യത്തിനടിപ്പെട്ട ഒരു വേളയില്‍, ഞാന്‍ എന്നില്‍ നിന്നു തന്നെ മാറിപ്പറന്ന ഒരു ശരത്കാല രാത്രിയില്‍ ഞാനവളോട് യുദ്ധം പ്രഖ്യാപിച്ചു.- "ഒന്നുകില്‍ നിന്നെ എനിക്ക് കാണണം, അല്ലെങ്കില്‍ ഇപ്പോള്‍ ഈ നിമിഷം ഗുഡ്ബൈ!!"
അവള്‍ വെറുമൊരു പെണ്ണായിരുന്നു.
അതുകൊണ്ട് എന്റെ ഭീക്ഷണി ഫലവത്തായി. മറുപടി സന്ദേശത്തില്‍ ഊണ്ടായിരുന്ന വിലാസത്തിലേക്ക് ഞാന്‍ വണ്ടി കയറി.ബസ്സിറങ്ങി ഒരു കിലോമീറ്റര്‍ നടക്കണം. അത് വളരെ നിസ്സാരമായിരുന്നു.മാലതിയെ നേരില്‍ കാണാനുള്ള ആകാംക്ഷ എന്റെ കാലുകള്‍ക്ക് ശക്തിയും അവയുടെ ചലനങ്ങള്‍ക്ക് വേഗവും നല്‍കി.വെളിച്ചത്തില്‍ നിന്ന് ഇരുട്ടിലേക്ക നീണ്ടുകിടക്കുന്ന ആ വഴി കുറേ പിന്നിട്ടു. അവള്‍ പറഞ്ഞതുപോലെ, ആള്‍പ്പാര്‍പ്പില്ലാത്ത ആ പ്രദേശത്ത് വഴിയരികില്‍ നിന്ന് അല്‍പ്പം മാറി ഇരുള്‍മേഘങ്ങളിലേക്ക് തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന ആ കൂറ്റന്‍ കെട്ടിടം.. ഞാന്‍ ഗേറ്റിനരികിലേക്ക് നടന്നു. അപ്രതീക്ഷിതമായി പൊട്ടിച്ചിതറിയ മഴയിലും മിന്നല്പിണരുകളിലും ആ അക്ഷരങ്ങള്‍ എനിക്ക് വായിച്ചെടുക്കാനായി.- "മാനസികാരോഗ്യ ചികിത്സാകേന്ദ്രം." മുന്നോട്ടു നീങ്ങിയ എന്റെ കാലുകള്‍ ആരോ ബലമായി പിന്നിലേക്ക് പിടിച്ചു വലിച്ചു.
"മാലതീ.നീ....?"
വീശിയടിച്ച കാറ്റില്‍ ഒരു പെണ്‍കുട്ടിയുടെ അട്ടഹാസം ഞാന്‍ കേട്ടു.അത് ഉച്ഛസ്ഥായില്‍ തുടര്‍ന്നുകൊണ്ടേയിരുന്നു.തലയ്ക്കുള്ളില്‍ രക്തം കട്ടിപിടിക്കുന്നതുപോലെ തോന്നി എനിക്ക്. ഇരുകൈകളും കൊണ്ട് തലയില്‍ ശക്തിയായി ഇടിച്ച് ഞാന്‍ പിന്തിരിഞ്ഞോടി.
മാലതിയ്ക്കും എന്നെ തളര്‍ത്താനായില്ല.
ഇന്നെനിയ്ക്ക് തലചായ്ക്കാന്‍ സ്വന്തമായൊരിടമുണ്ട്. ചുറ്റും പരിചരിക്കാന്‍ സദാ ആളുകളുണ്ട്. ഈ അഴികള്‍ക്ക് പിന്നില്‍ ഞാന്‍ ഇനി എക്കാലവും സുരക്ഷിതന്‍.
"ഞാന്‍ പി പി പ്രകാശന്‍. സെല്‍ നമ്പര്‍ 62"