Tuesday, April 3, 2012

പിടികിട്ടാപ്പുള്ളി



ആദ്യമായിട്ടാണ് ഈ നഗരത്തിൽ.
ഇത്രയും ദൂരം ബസിൽ യാത്രചെയ്ത് വരണമെന്ന് ഒട്ടും ആഗ്രഹമുണ്ടായിട്ടല്ല. എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത്- അവന്റെ വർഷങ്ങളായുള്ള പ്രണയത്തിന്റെ സഫലീകരണം. വിളിച്ചാൽ വരാതിരിക്കാനാവുമോ?  മറ്റു പലരേയും പോലെയല്ല അവൻ; പഠിച്ച്  നല്ല ജോലിയൊക്കെയായി  വലിയ നിലയിലായെങ്കിലും ഈ പഴയ ഓണംകേറാമൂലക്കാരൻ സഹപാഠിയെ അവൻ ഇന്നും ഓർക്കുന്നു, സ്നേഹിക്കുന്നു.

ജോബി ബസിനുള്ളിൽ ഒറ്റയ്ക്കായിരുന്നു. പുറപ്പെടാൻ ഒരു മണിക്കുറുകൂടിയുണ്ട്. മറ്റു  പലയിടങ്ങളില്‍ നിന്നും അതുവഴി വന്നു പോകുന്ന സൂപ്പർഫാസ്റ്റുകളിൽ തള്ളിക്കയറി നിന്നു പോകാൻ വയ്യാത്തതുകൊണ്ടാണ് ആ സ്റ്റാന്റില്‍ നിന്നും പുറപ്പെടാന്‍ നിര്‍ത്തിയിട്ടിരുന്ന ഒരു ബസില്‍  കയറിയിരുന്നത്.

എന്താ ഒരു ചൂട് !!
എന്റെ നാട്ടില്‍ ഇത്രയും ചൂടില്ല എന്നു തോന്നുന്നു. ഇവിടെ മൊത്തം കോൺക്രീറ്റ് കെട്ടിടങ്ങൾ ചൂടിനെ ആവാഹിച്ചെടുത്ത് മനുഷ്യന്റേയും മണ്ണിന്റേയും മേൽ അടിച്ചേൽപ്പിക്കുകയാണ് . "നഗരം ഒരു കോൺക്രീറ്റ് ചൂളയാണ് , നമ്മുടെ ഗ്രാമങ്ങളും അതിന്റെ തീജ്വാലയിലേക്ക് ചെന്ന് വീണു ഉരുകി തുടങ്ങിയിരിക്കുകയാണ് " എന്നൊക്കെ വായനശാല സെക്രട്ടറി  പ്രസംഗിച്ചത് ഓർമ്മ വന്നു. ശരീരമാകെ ആവിയില്‍ പുഴുങ്ങിയെടുത്തതുപോലെ. ഭയങ്കര ദാഹം. കുറച്ചു  മുൻപ് കുടിച്ച സോഡാനാരങ്ങവെള്ളം എന്റെ വയറ്റിലോട്ടുതന്നെയല്ലേ പോയത്! സംശയം തോന്നുന്നു.
ഉഷ്ണത്തിന്റെയാവാം എന്തോ എവിടെയോ ഒരു അസ്വസ്ഥത ; അയാൾ വയറിൽ തടവി നോക്കി, അടിവയറ്റിൽ ഒരു അസ്വസ്ഥതയുണ്ടോ?..ഹേയ് കുഴപ്പമില്ലെന്ന് തോന്നുന്നു. അല്പം അമിതമായി ഭക്ഷണം കഴിച്ചതിന്റെ ഒരു വിമ്മിഷ്ടം ആയിരിക്കാം. കുറച്ചു നാളുകൂടിയാണ് ഇത്രയും രുചികരമായ ബിരിയാണി കഴിക്കുന്നത്. അതിലും തകര്‍പ്പന്‍ ആയിരുന്നു ഇന്നലെ വൈകിട്ടത്തെ കപ്പയും എല്ലുകറിയും .ഒപ്പം നല്ല നാടൻ കള്ളും- എത്ര കഴിച്ചു  എന്ന്‍ ഓര്‍മ്മയില്ല . ആകെക്കൂടി കല്യാണം പൊടിപൂരമായിരുന്നു.

ബസില്‍ ആളുകള്‍ അധികം കയറിതുടങ്ങിയിരുന്നില്ല . ചുറ്റും നോക്കിയപ്പോള്‍ പിൻസീറ്റിൽ ഇരുന്നു മയങ്ങുന്ന ഒരു പടുവൃദ്ധനെ കണ്ടു. ബോറടി ഒഴിവാക്കുവാൻ സ്റ്റാന്റിലെ പെട്ടിക്കടയില്‍ നിന്നും വാങ്ങിയ 'ബോബനും മോളിയും ' തുറന്നു നോക്കി. പഞ്ചായത്തു പ്രസിഡണ്ടന്റിന്റേയും ആശാന്റെയും ചേട്ടത്തിയുടേയുമൊക്കെ വികൃതികൾ വായിച്ച് ഉള്ളുതുറന്നു ചിരിച്ചു.ഇതൊക്കെ വരച്ചു കൂട്ടുന്ന ടോംസിനെ സമ്മതിക്കണം .എന്നാ കാച്ചാണ് പലയിടത്തും കാച്ചിയിരിക്കുന്നത്‌. .ടോംസിന്റെ കാലശേഷം ഈ കഥാസാഹചര്യങ്ങളും കഥാപാത്രങ്ങളും അന്യം നിന്ന് പോയേക്കാം ; കാരണം ഇതുവരെ ഇത്ര രസകരമായി ഈ കഥാപാത്രങ്ങളെ വരച്ചു ഫലിപ്പിക്കാന്‍ മറൊരാള്‍ക്ക് കഴിഞ്ഞിട്ടില്ല.

ചിരിച്ചു തളർന്നപ്പോൾ ഇടയ്ക്ക് തലയുയർത്തി നോക്കിയതാണ്- അപ്പുറത്ത് നിര്‍ത്തിയിട്ടിരിക്കുന്ന ബസിൽ തന്റെ നേർദിശയിൽ രണ്ട് പേർ വന്നിരിക്കുന്നത് കണ്ടു . ഏകദേശം നാല്പത് വയസ്സോളം പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയാണ് വിൻഡോസീറ്റിൽ. തൊട്ടപ്പുറത്ത് ചുരിദാർ ധരിച്ച ഒരു പെൺകുട്ടി- അവരുടെ മകളാവാം - മുഖം വ്യക്തമല്ല.
അയാൾ വായനയിലേക്ക് മടങ്ങി. അപ്പോള്‍ വായിച്ചത് 'അപ്പി ഹിപ്പി' ആയിരുന്നു. ഗിത്താറും  തോളിലിട്ട് പെണ്ണുങ്ങളെ പഞ്ചാരയടിച്ചു നടക്കുന്ന വിരുതന്‍ .അന്ന് വഴിയില്‍ വച്ച് പരിചയപ്പെട്ട ഒരുത്തിയെ കാണാന്‍ രാത്രി ഹോസ്റ്റലില്‍ പോകുന്നതും അവിടെ വച്ച് പണി കിട്ടുന്നതുമോക്കെയാണ് കഥ. ചിരിയടക്കാന്‍ കഴിഞ്ഞില്ല.

വായനയ്ക്കിടെ വീണ്ടും എപ്പോഴോ പുറത്തേക്ക് കണ്ണോടിച്ചപ്പോഴാണ്  നയനമനോഹരമായ ഒരു കാഴ്ച കണ്ടത്. അപ്പുറത്തെ ബസില്‍ ഇരുന്നുറങ്ങുന്ന ആ  മുതിര്‍ന്ന സ്ത്രീയുടെ അടുത്തിരിക്കുന്ന പെണ്‍കുട്ടി ഇങ്ങോട്ട് തന്നെ നോക്കുന്നു!
ജോബി അവളുടെ മുഖത്തേക്ക് തുറിച്ചു നോക്കി. അവള്‍ക്കൊരു കൂസലുമില്ല. ഒരു ഭാവവും മുഖത്ത് വരുത്താതെ ഇങ്ങോട്ട് നോക്കിയിരിക്കുന്നു.

അയാളുടെ ഉള്ളിലെ 'അപ്പി-ഹിപ്പി' ഉണര്‍ന്നു.
 വെളുത്തു മെലിഞ്ഞ ഒരു സുന്ദരിക്കുട്ടി. ഇരുപതു വയസില്‍ താഴെയേ പ്രായം കാണാന്‍ സാധ്യതയുള്ളൂ. പിങ്ക് നിറമുള്ള ചുരിദാര്‍ ആണ് ധരിച്ചിരിക്കുന്നത്‌ . വട്ടമുഖത്ത് വലിയ നെറ്റിയില്‍ ത്രികോണാക്രുതിയിലുള്ള കറുത്ത പൊട്ട് , കാതില്‍ ഇളകിയാടുന്ന സ്വര്‍ണ്ണ ജിമിക്കി.
അവള്‍ എന്നെത്തന്നെയാണ് നോക്കിയിരിക്കുന്നത്.
പോക്കറ്റില്‍ നിന്ന് തൂവാലയെടുത്തു മുഖം തുടച്ചു . എന്നിട്ട അവളെ നോക്കിയൊന്നു ചിരിച്ചു - ഉള്ളില്‍ ഭയമുണ്ടായിരുന്നു- കുഴപ്പമാകുമോ ?

 പക്ഷെ സംശയം അസ്ഥാനത്തായിരുന്നു- അതാ അവളും ചിരിക്കുന്നു! അതും നല്ല പാല്ച്ചിരി.

അന്തരീക്ഷത്തിലെ ചൂടൊക്കെ എവിടെയോ പോയി മറഞ്ഞു. ശരീരത്തിലും മനസ്സിലും എന്തോ ഒരു ഊര്‍ജ്ജം നിറഞ്ഞു. അവളുടെ ചിരി ഉന്മേഷം നിറഞ്ഞ ഒരു കുളിര്‍കാറ്റായി വീശിയത് പോലെ.
അയാള്‍ ചിരി മായ്ക്കാതെ ചുണ്ടുകള്‍  കൊണിച്ചു  അവളെ ഗോഷ്ടി കാണിച്ചു - അടുത്ത ക്ഷണത്തില്‍ അവളും തിരിച്ചു കാണിച്ചു. കുറച്ചു നേരം ആംഗ്യഭാഷയിലുള്ള അവരുടെ സംസാരം തുടര്‍ന്നു . അടുത്തിരിക്കുന്ന സ്ത്രീ അവളുടെ അമ്മ തന്നെയാണെന്നു മനസിലായി.
ആദ്യം നിഷ്കളങ്കമായ അംഗവിക്ഷേപങ്ങളായിരുന്നു. ചുറ്റും നോക്കി ആരും ശ്രദ്ധിക്കുന്നില്ല എന്ന് ഉറപ്പു വരുത്തിയതിനു ശേഷം പരീക്ഷാടിസ്ഥാനത്തില്‍  അയാള്‍ ചുണ്ടുകള്‍ കൂര്പിച്ചു നിട്ടി അവള്‍ക്ക്  ഒരു ചുംബനം കാണിച്ചു കൊടുത്തു . അവളുടെ മുഖം മങ്ങി-;
വേണ്ടായിരുന്നു - അയാള്‍ ക്ഷമ പറയാന്‍ തുടങ്ങിയപ്പോഴേക്കും അവളുടെ മുഖത്ത് വീണ്ടും ചിരി പടരുന്നത്‌ കണ്ടു- ആശ്വാസമായി!

ഇന്നത്തെ ദിവസം കൊള്ളാം.
കര്‍ത്താവേ ഇപ്പോഴൊന്നും വണ്ടി വിടല്ലേ !

തിരിച്ചൊരു ചുംബനം തരാന്‍ അയാള്‍ അപേക്ഷിച്ചു. പക്ഷെ നാണം കൊണ്ട് ചൂളിപ്പോയ അവള്‍ അത് നിരസിച്ചു.അങ്ങനെ രോമാഞ്ചതരളിതനായിരിക്കുമ്പോഴാണ്‌ മൊബൈല്‍ഫോണ്‍ വലിയ വായില്‍ നിലവിളിക്കാന്‍ തുടങ്ങിയത്  . ആരാണെന്ന് പോലും നോക്കാതെ കട്ട്‌ ചെയ്ത് സൈലന്റ് മോഡിലിട്ട്  പോക്കറ്റിലെക്ക് തിരികെയിട്ടു - പിന്നല്ലാതെ! ഇവിടെ ഒന്ന് ട്യൂണ്‍ ചെയ്തു വരുമ്പോഴാണ് ഒരു കോള്‍ !

ബസില്‍ രണ്ടു മൂന്നു പേര് കൂടി വന്നു കയറി. ഭാഗ്യം, അവര്‍ കുറച്ചു കൂടി മുന്നിലായുള്ള സീറ്റുകളില്‍ പോയി ഇരുപ്പായി . അപ്പുറത്തെ ബസില്‍ മുന്സീറ്റുകള്‍ ഏറെക്കുറെ നിറഞ്ഞുകഴിഞ്ഞു.
ഇതിനിടയില്‍ അവരുടെ ആട്ടക്കഥ തുടര്‍ന്നു. പെണ്‍കുട്ടിക്കും രസം പിടിക്കുന്നു എന്ന് കണ്ടപ്പോള്‍ ജോബിക്ക് കൂടുതല്‍ ധൈര്യമായി.  അയാള്‍ കൈവീശി  കൂടെ വരുന്നോ എന്ന് ചോദിച്ചു. അതിനും നാണം നിറഞ്ഞ ചിരിയായിരുന്നു മറുപടി. അമ്മ ഉണര്‍ന്നപ്പോള്‍ അവള്‍ കുറച്ചു നേരം ഇങ്ങോട്ട് നോക്കാതെയിരുന്നു. അമ്മയും മകളും കുറച്ചു നേരം പരസ്പരം കാര്യം പറഞ്ഞിരിക്കുന്നത് കണ്ടു. ജോബിയുടെ ക്ഷമ നശിച്ചു തുടങ്ങി. അയാള്‍ ആംഗ്യം കാണിച്ചു കൊണ്ടേയിരുന്നു. അവള്‍ ഇടയ്ക്കിടയ്ക്ക് ശ്രദ്ധിക്കുന്നുണ്ട്, പക്ഷെ തിരിഞ്ഞു നോക്കിയിരിക്കാനോ മറുപടി തരാനോ കഴിയുന്നില്ല. ഇടയ്ക്ക് ഒരു അവസരം കിട്ടിയപ്പോള്‍ 'വെയിറ്റ് ചെയ്യ്' എന്നവള്‍ ആംഗ്യം കാട്ടി.
കുറച്ചുനേരം അയാള്‍ കാത്തിരുന്നു . അപ്പുറത്തെ ബസില്‍ ഡ്രൈവര്‍ കയറി , ഉടന്‍ തന്നെ വണ്ടി വിടുമെന്ന് തോന്നുന്നു. ഇത്രയൊക്കെ കൊതിപ്പിച്ചിട്ട്‌ അവളെ അങ്ങനെയങ്ങ് വിടാന്‍ തോന്നുന്നില്ല. അവളാണെങ്കില്‍ ഇങ്ങോട്ട് നോക്കുന്നതുപോലുമില്ല. ആര്‍ക്കും സംശയം തോന്നാത്തവിധത്തില്‍ ബസിന്റെ വശങ്ങളില്‍ മുട്ടിയും 'ശൂ' എന്ന്‍ ശബ്ദമുണ്ടാക്കിയും അവളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം വിഫലമായി.

മണ്ടത്തരമാണെന്ന് മനസ്സ് പറഞ്ഞെങ്കിലും, കയ്യിലിരുന്ന മാസികയിലെ ഒരു പേജു കീറിയെടുത്ത് ചുരുട്ടി അവളെ ഒരു ഏറു കൊടുക്കാന്‍ ശ്രമിച്ചു . അത് കയ്യില്‍ നിന്നും പോയില്ല അതിനു മുന്നേ ആരോ അലറിക്കൊണ്ടു ഓടി വരുന്നതുകേട്ട്  അയാള്‍ ഞെട്ടി. കട്ടിയുള്ള കൊമ്പന്‍ മീശയും വച്ചു  ഒരു പോലീസുകാരന്‍ കുടവയറും കുലുക്കി ഓടി വരുന്നു.

കര്‍ത്താവേ ..എല്ലാം തുലഞ്ഞു!!!

"എടാ കള്ളനായിന്റെ മോനേ.. നീയിവിടെ ഒറ്റപ്പെൺപിള്ളേരേ ജീവിക്കാൻ സമ്മതിക്കത്തില്ല അല്ലേടാ.. കഴിഞ്ഞ ഒരു മാസമായിട്ടു ഞാൻ നിന്നെ ഇവിടെയൊക്കെ നോക്കിനടക്കുകയായിരുന്നു"

അതും പറഞ്ഞ് ബസിന്റെ അഴികൾക്കിടയിലൂടെ പോലീസുകാരൻ ജോബിയുടെ ഷര്‍ട്ടിന്റെ  കോളറിൽ പിടിച്ച് വലിക്കാൻ തുടങ്ങി.
" അയ്യോ സാർ...ഞാനാദ്യമായിട്ടാ  ഇവിടെ"
പോലിസുകാരന്റെ ഉച്ചത്തിലുള്ള തെറിയഭിഷേകത്തിനിടയിൽ അയാളുടെ വാക്കുകൾ ആരും കേൾക്കാതെ മുറിഞ്ഞ് മരിച്ചുവീണു.
ബഹളം കേട്ട് ആളുകൾ ഓടിക്കൂടി.

" തല്ലിക്കൊല്ലണം ഇവനെയൊക്കെ"
" ഓരോ അവന്മാർ ഇറങ്ങിക്കോളും"
" കണ്ടാൽ സിംബളൻ...ചെറൂപ്പക്കാരൻ.. ഇവന്റെയൊക്കെ കയ്യിലിരുപ്പ്!"
" എങ്ങനെ പെൺപിള്ളാരെ മനസമാധാനമായിട്ട് വളർത്തും?"

എങ്ങും അഭിപ്രായങ്ങളും ആശങ്കളും ഉയർന്നുകേൾക്കുന്നു.
"ഇറങ്ങിവാടാ ഇങ്ങോട്ട് " - പുറത്ത് കറുത്തു തടിച്ച രോഷാകുലനായ ഒരു ചെറുപ്പക്കാരന്‍ അലറി . കൈമുട്ടിനു മേലെ തെറുത്തുകയറ്റി  വച്ചിരിക്കുന്ന ഷര്‍ട്ടിനടിയില്‍ അയാളുടെ പിടയ്ക്കുന്ന പേശികള്‍ കണ്ടപ്പോള്‍ തന്നെ ജോബിയുടെ നെഞ്ചിടിപ്പ് കൂടി. അവന്റെ കയ്യില്‍ നിന്ന് ഒരെണ്ണം കിട്ടിയാല്‍ പിന്നെ അന്ത്യകൂദാശയ്ക്ക്  അച്ചനെ ബുക്ക് ചെയ്‌താല്‍ മതിയാകും. സീറ്റിൽ നിന്ന്  എഴുന്നേറ്റു കഷ്ടപ്പെട്ട്  ഇറങ്ങേണ്ടിവന്നില്ല അപ്പോഴേക്കും ആരൊക്കെയോ ചേര്‍ന്ന്‍ അയാളെ പൊക്കിയെടുത്ത് ' രാജാവിനെ പല്ലക്കിലെന്നതുപോലെ പുറത്തെത്തിച്ചു. പോലീസുകാരന്റെ കൊഴുത്തുരുണ്ട കൈ അയാളുടെ കോളറില്‍ വീണ്ടും പിടിമുറുക്കി. അതിനുശേഷമാണ് പല്ലക്ക് ചുമട്ടുകാര്‍ അയാളെ താഴെ വച്ചത് .

" സാര്‍ ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല.. ആ കുട്ടിയുടെ സമ്മതത്തോടെ തന്നെയാണ് ഞാന്‍ അങ്ങനെയൊക്കെ.. എന്നെ വെറുതെ വിടണം  " ജോബി കൈകൂപ്പിക്കൊണ്ട് കേണു. പക്ഷെ ആരുടെ കാതിലും ആ വാക്കുകള്‍ പതിഞ്ഞില്ല.

അപ്പുറത്തെ ബസില്‍ നിന്ന് പെണ്‍കുട്ടിയുടെ അമ്മ സംഭവമൊന്നും മനസ്സിലാകാതെ കണ്ണും മിഴിച്ചിരുന്നു.  പോലീസുകാരന്‍ ജോബിയേയും വലിച്ചിഴച്ചു ആ ബസിനടുത്തേക്ക് ചെന്ന് അവരോട്  ചോദിച്ചു.
" നിങ്ങളുടെ മകളാണോ കൂടെയിരിക്കുന്നതു?"
" അതെ സാറേ "
" ഇവന്‍ അവിടെയിരുന്നു ഈ കൊച്ചിനെ കണ്ണും കയ്യും കാണിക്കുകയായിരുന്നു . നിങ്ങള്‍ കണ്ടില്ലേ? "
" ഇല്ല സാറേ" ഇതും പറഞ്ഞു അവര്‍ പെണ്‍കുട്ടിയോട് ചോദിച്ചു " മോളെ സത്യമാണോ ? നിന്നെ ഇവന്‍ ശല്യപ്പെടുത്തിയോ ?"
 ഇല്ല എന്നര്‍ത്ഥത്തില്‍ പെണ്‍കുട്ടി തലയാട്ടി.
" എന്റെ സാറേ .. അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. ഉണ്ടായെങ്കില്‍ അവള്‍ എന്നോട് പറഞ്ഞേനെ"
"നിങ്ങളോട് എങ്ങനെ പറയും?, നിങ്ങളുടെ മോളും കൂടി ഒത്തോണ്ടുള്ള പരിപാടിയായിരുന്നു. ഞാന്‍ കുറെ നേരം കൊണ്ടു കാണുവാരുന്നു.  "
ആള്‍ക്കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരു ഖദര്‍ധാരി പറഞ്ഞു. എന്നിട്ട് എന്തോ നേടിയ ഭാവത്തില്‍ ചുറ്റും നോക്കി. അത് ആ സ്ത്രീയെ വല്ലാതെ ചൊടിപ്പിച്ചു.
" ദേ. അനാവശ്യം പറയരുത് .തല്ലിയും താലോലിച്ചും തന്നെയാ എന്റെ മോളെ വളർത്തുന്നത്. ആണുങ്ങളുടെ മുഖത്തുപോലും നോക്കത്തില്ല എന്റെ കൊച്ച്. നിന്റെയൊക്കെ വീട്ടിൽ കാണുന്നതുപോലെയാണ് എല്ലാവരുടേയും സ്വഭാവം എന്ന് വിചാരിക്കരുത്.."
അവര്‍  അത്യുച്ചത്തിൽ ശകാരം തുടർന്നുകൊണ്ടിരുന്നു. സഹികെട്ടപ്പോള്‍ ആരോപണം ഉന്നയിച്ചയാള്‍  ആല്ക്കൂട്ടത്തിലേക്ക്  വലിഞ്ഞ് അപ്രത്യക്ഷനായി.

ജോബി അപ്പോഴേക്കും ഒരുതരം മരവിച്ച അവസ്ഥയിലായിരുന്നു. ആളുകള്‍ക്ക് മുന്‍പില്‍   ഞാനൊരു കുറ്റവാളിയായി മാറിയിരിക്കുന്നു. അനേകായിരം കാലടികള്‍ തന്റെ തലയില്‍ ചവുട്ടിമെതിച്ചു കടന്നു പോകുന്നത് പോലെ തോന്നി അയാള്‍ക്ക്‌ . ശ്വാസം പോലും കിട്ടുന്നില്ല . ചുറ്റും ചില കാഹളങ്ങള്‍ മാത്രം - ഒന്നും വ്യക്തമായി കേള്‍ക്കാനാവുന്നില്ല.
 ഇവിടെ ആരെയും എനിക്ക് പരിചയം പോലുമില്ല. എന്നെ പോലീസ് പിടിച്ചു കൊണ്ട് പോയാല്‍ എന്താണ് ചെയ്യുക. അവര്‍ പല പീഢന കേസുകളും എന്റെ തലയില്‍ കെട്ടി വച്ചേക്കാം , എന്റെ ഫോട്ടോ നാളത്തെ പത്രത്തില്‍ വന്നേക്കാം.
എന്നെ മാത്രം പ്രതീക്ഷിച്ചു രണ്ടു വര്‍ഷത്തോളമായി കാത്തിരിക്കുന്ന ഒരു പാവം പെണ്‍കുട്ടിയുണ്ട് . അവളിതറിഞ്ഞാല്‍ പിന്നെ എങ്ങനെ ഞാന്‍ അവളുടെ മുഖത്ത് നോക്കും?  - ആത്മഹത്യ ചെയ്യുകയേ പിന്നെ നിവൃത്തിയുള്ളൂ.
ഒരു തമാശയ്ക്ക് വേണ്ടി മാത്രമാണ് ഈ പെണ്‍കുട്ടിയോട് അങ്ങനെയൊക്കെ പെരുമാറിയത്. അവളും പ്രോത്സാഹിപ്പിച്ചതേയുള്ളൂ; അതൊരു ന്യായീകരണമാവില്ലെങ്കിലും .  പക്ഷെ ഒന്നും പറയാനോ ചെയ്യാനോ കഴിഞ്ഞില്ല, കൈകള്‍ ആരൊക്കെയോ ചേര്‍ന്നു പിന്നില്‍ പിടിച്ചു വച്ചിരിക്കുകയായിരുന്നു . കഴുത്തില്‍ പിടിമുറുക്കിക്കൊണ്ട് പോലീസുകാരനും! അറുക്കാന്‍ പിടിച്ചു നിര്‍ത്തിയിരിക്കുന്ന ഒരു ആട്ടിന്‍കുട്ടിയെപ്പോലെ ആ അപരിചിതരുടെ കൈകള്‍ക്കിടയില്‍ കിടന്നു അയാള്‍ പിടച്ചു.

സംഭവം നേരില്‍ കണ്ട മറ്റാരും അവിടെ ഇല്ലാതിരുന്നതുകൊണ്ട് പോലീസുകാരന്‍ തന്റെ വാദങ്ങളുമായി നന്നേ വിയര്‍ക്കുന്നുണ്ടായിരുന്നു. ഇത്ര വലിയ കോലാഹലങ്ങള്‍ക്കിടയിലും പെണ്‍കുട്ടി ജോബിയെ കണ്ട ഭാവം പോലും കാണിച്ചില്ല. അവള്‍ ഒരക്ഷരവും ഉരിയാടാതെ തനിക്കു നേരെ ഉയര്‍ന്ന ചോദ്യശരങ്ങളെയെല്ലാം നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി നിഷ്പ്രഭാമാക്കി .കുറെ ബഹളം വച്ച് കഴിഞ്ഞപോള്‍ പെണ്‍കുട്ടിയുടെ അമ്മ കരഞ്ഞു തുടങ്ങി.
" എന്ത് തെറ്റ് ചെയ്തിട്ടാ സാറേ എന്നെയും എന്റെ മോളെയും ഇങ്ങനെ ദ്രോഹിക്കുന്നത് . നാളെ ഒരുത്തന്റെ കൂടെ ഇറക്കി വിടേണ്ട പെണ്ണാ , അവളെപ്പറ്റി  ആവശ്യമില്ലാത്തത് കേട്ടാല്‍ ഞാനെങ്ങനെയാ സഹിക്കുന്നത് ? അതും ഇതുപോലെ പച്ചക്കള്ളം "
അവര്‍ മകളെ ചേര്‍ത്തു പിടിച്ചുകൊണ്ട് വിലപിച്ചു.
അവര്‍ എത്രമാത്രം സ്വന്തം മകളെ വിശ്വസിക്കുന്നു എന്ന് കണ്ടപ്പോള്‍ ജോബിക്ക് വല്ലാത്ത വിഷമം തോന്നി. കുറ്റബോധം കൊണ്ട് അയാളുടെ തല താഴ്ന്നു തന്നെയിരുന്നു. വേണ്ടായിരുന്നു ഒന്നും. എന്നെ നിയന്ത്രിക്കേണ്ടത് ഞാന്‍ തന്നെ ആയിരുന്നു. മറ്റാരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

പോലീസുകാരനുള്‍പ്പെടെ എല്ലാവരും ആശയക്കുഴപ്പത്തിലായി.
കുറച്ചു സമയം കഴിഞ്ഞപ്പോള്‍ അവിടെ കൂടിയിരുന്ന പലരും അസഹിഷ്ണുത കാണിച്ചു തുടങ്ങി. ചിലര്‍ ജോബിയെ അനുകൂലിച്ചു സംസാരിച്ചു തുടങ്ങി.
" സാറിനു ആള് മാറിപ്പോയതാവും "
" ആ പയ്യനെ കണ്ടിട്ട് പാവം ആണെന്ന് തോന്നുന്നു "

" അവനെ വിട്ടേക്ക് സാറേ.. പെറ്റതള്ളയ്ക്കില്ലാത്ത ദണ്ണം നമുക്കെന്തിനാ ?"
" കട്ടവനെ കിട്ടിയില്ലെങ്കില്‍ കണ്ടവനെ പിടിക്കുന്ന പോലീസ് "

അത് കേട്ടപ്പോള്‍ പോലീസുകാരന്‍ ജോബിയുടെ കഴുത്തില്‍ നിന്നും പിടിവിട്ടു തിരിഞ്ഞു നിന്ന് അലറി " ആരാടാ അത് പറഞ്ഞത് ?"
ആരും ഒന്നും മിണ്ടിയില്ല.
ആള്‍കൂട്ടം പിരിഞ്ഞു. അമ്മയും മകളും കയറിയ ബസ് പുറപ്പെട്ടു .
------

ജോബി ആകെ തളര്‍ന്നിരുന്നു .ചില ആളുകള്‍ ഇപ്പോഴും തന്നെ തുറിച്ച് നോക്കുന്നുണ്ട് . അതില്‍ നിന്ന് രക്ഷപ്പെടാനായി അയാള്‍ ബസ്സ്റ്റാന്റിന്റെ പിന്നിലേക്ക് പോയി സര്‍വീസ് സ്റ്റേഷനോട് ചേര്‍ന്ന് കണ്ട ഒരു അരമതിലില്‍ ചെന്നിരുന്നു.
 കഴുത്തിനുചുറ്റും നല്ല വേദന തോന്നി. കൈമുട്ട് ബഹളത്തിനിടയില്‍ ആരോ പിടിച്ചു തിരിച്ചതാണ് , കയ്യനക്കാന്‍ ബുദ്ധിമുട്ട് ഉണ്ട്.

പെട്ടെന്ന്‍ പാന്റ്സിന്റെ പോക്കറ്റില്‍ ഒരു തരിപ്പ് . മൊബൈല്‍ എടുത്തു നോക്കി . ഷീജ വിളിക്കുകയാണ്‌ . അവളുടെ ചിരിക്കുന്ന മുഖം സ്ക്രീനില്‍ തെളിഞ്ഞു നിന്നു. എന്തൊരു ആശ്വാസമാണ് അവളെ ഒന്ന് കണ്ടപ്പോള്‍. എല്ലാം തളര്‍ന്നിരിക്കുന്ന നിമിഷം , നിസ്സഹായതയുടെ കള്ളിമുള്‍പ്പടര്‍പ്പുകളില്‍  കുരുങ്ങി ഞാന്‍ നിലവിളിക്കുന്ന സമയത്ത് അവള്‍ വിളിക്കുന്നു.  ഇതാണ്‌ യഥാര്‍ത്ഥ സ്നേഹം .
" ഹലോ ജോബിച്ചാ , എന്താ ഞാന്‍ നേരത്തെ വിളിച്ചിട്ട്‌ എടുക്കാതിരുന്നത് ? "
" ഹലോ.."
" അയ്യോ എന്താ ജോബിച്ചാ പറ്റിയത്? സുഖമില്ലേ? "

 ആ ഹലോ വിളിയില്‍ തന്നെ അവള്‍ക്കെന്തോ പന്തികേട് തോന്നിയിരിക്കുന്നു. അതാണവള്‍ . അവള്‍ക്ക് മാത്രമേ അത് മനസ്സിലാകൂ.
എന്റെ ഓരോ ശ്വാസനിശ്വാസങ്ങളുടെയും  അര്‍ത്ഥമറിയാമെന്ന്  പറഞ്ഞവള്‍ .
രണ്ടു വര്‍ഷത്തോളമായി പ്രണയസരോവരത്തില്‍ എന്നോടൊപ്പം നീന്തുന്നവള്‍ .
 പ്രണയസുരഭിലമായ ഏദന്‍ തോട്ടത്തില്‍ ഇടതൂര്‍ന്ന്‍ നില്‍ക്കുന്ന പൂമരങ്ങള്‍ക്കിടയിലൂടെ, വസന്തം തണല്‍ വിരിച്ച വീഥികളിലൂടെ ദിവസത്തിന്റെ തണുപ്പിലും ചൂടിലും എന്നോടൊപ്പം  കളിച്ചും ചിരിച്ചും നടക്കുന്നവള്‍ .
മാലാഖമാരുടെ വെണ്ചിറകുകളിലെ തൂവലുകളേക്കാള്‍ മാര്‍ദവമുള്ള മനസ്സുള്ളവള്‍ .
ആകാശത്ത് മേഘങ്ങളുള്ള കാലത്തോളം എന്നെ പിരിയുവാനാവില്ല എന്ന് വിളിച്ചു പറഞ്ഞ് ഒരു കണ്ണുനീര്‍ത്തുള്ളിയില്‍ സ്വന്തം ഹൃദയരക്തം ചാലിച്ച് എനിക്കായി പകര്‍ന്നു തന്നവള്‍ .
ജീവിതത്തിന്റെ ചുവന്ന മുന്തിരിച്ചാറില്‍ നിന്ന് എന്നോടൊപ്പമിരുന്നു വീഞ്ഞ് കുടിക്കാനായി സൃഷ്ടിക്കപ്പെട്ടവള്‍ .
എന്റെ വാരിയെല്ലില്‍ നിന്ന്‍ പിറവിയെടുത്തവള്‍ .
നേരംപോക്കിനാണെങ്കിലും മറ്റൊരുത്തിയെ കണ്ടപ്പോള്‍ എന്റെ പ്രിയപ്പെട്ടവളെ മറന്നതിന്  കര്‍ത്താവ്തമ്പുരാന്‍ തന്ന ശിക്ഷയാണിത്.  

" ഒന്നുമില്ലെടീ .. ഒരു ചെറിയ പനി "
 " ഹും. ഞാനപ്പോഴേ പറഞ്ഞതാ പോകണ്ടാന്നു... എന്തായാലും ഒരു പാരസെറ്റാമോളെങ്കിലും വാങ്ങിക്കഴിക്കണേ ഇച്ചായാ."
"നീ വിഷമിക്കണ്ട. എനിക്കൊന്നുമില്ല. ഞാൻ മരുന്നു കഴിച്ചോളാം."

ഷീജയുടെ ആവലാതികളും സ്നേഹവും മനസ്സു തണുപ്പിച്ചപ്പോൾ അയാൾ ഫോൺ കട്ടു ചെയ്തു. അല്പമയത്തിനകം എത്തിയ സൂപ്പര്‍ഫാസ്റ്റിൽ തിങ്ങി നിറഞ്ഞിരുന്ന യാത്രക്കാരുടെ വിയർപ്പുഗന്ധം പരന്ന് ശ്വാസം മുട്ടിക്കുന്ന തിരക്കിലേക്ക് അയാളും ലയിച്ച് ചേർന്നു.

Tuesday, February 14, 2012

പെയ്തൊഴിയാത്ത കാർമേഘങ്ങൾ

ഹെയർപിൻ വളവുകൾ കടന്ന് കുത്തനെയുള്ള ചരിവിലൂടെ ബസ് അസാധാരണമായൊരു ശബ്ദത്തോടെ താഴേക്ക് ഇഴഞ്ഞുനീങ്ങിക്കൊണ്ടിരുന്നു.ഏതാനും നിമിഷങ്ങൾക്ക് മുൻപ് ശമിച്ച മഴയിൽ നനഞ്ഞുകുളിച്ചു നിൽക്കുന്ന കാടിന്റെ പച്ചമണം ഇരുവശങ്ങളിൽനിന്നും അലയടിച്ചു. ബസ് നിറയെ ആളുകളുണ്ട്. ചിലർ സീറ്റിൽ ചാരിയിരുന്ന് ഉറങ്ങുന്നു, കമ്പിയിൽ പിടിച്ച് നിൽക്കുന്ന ചിലർ  നനഞ്ഞ നിലത്ത് കാലുറപ്പിച്ചു നിൽക്കാൻ പെടാപ്പാടുപെടുന്നു. മുൻസീറ്റുകളിലൊന്നിലിരുന്ന് അല്പം മുൻപ് ഛർദ്ദിച്ച പെൺകുട്ടി ഇപ്പോഴും അമ്മയുടെ തോളിലേക്ക് ചായ്ഞ്ഞ് തളർന്നിരിക്കുന്നു. അവളുടെ കയ്യിൽ ഒരു കൊച്ചു കുഞ്ഞ് നിർത്താതെ കരയുന്നുണ്ട്. ഇടയ്ക്കിടെ തലയിട്ട് നോക്കുന്ന കാറ്റ് ആ കരച്ചിൽ പിൻസീറ്റുകളിലേക്ക് ഉച്ചത്തിൽ കൊണ്ടുവന്ന് പിൻവാങ്ങി. ഡ്രൈവറിന്റെ എതിർഭാഗത്തായി ഒരു വലിയ ചാക്കും താങ്ങിപ്പിടിച്ചു കൊണ്ട് ഇരിക്കുന്ന വൃദ്ധ അടുത്തിരിക്കുന്ന കൊച്ചുകുട്ടിയോട് അവ്യക്തമായി എന്തൊക്കെയോ പുലമ്പുന്നുണ്ട്..

കടലാസുകുമ്പിളിലെ കപ്പലണ്ടി പാതിയോളം കഴിച്ചിട്ട് ബാക്കി അനിതയ്ക്ക് കൊടുത്ത് മനോജ് പുറത്ത് കടന്നുപോകുന്ന കാഴ്ചകൾ കണ്ടിരുന്നു. ബസിനാകെ ഒരു തുരുമ്പുമണം . പഴയ ബസാണ്. പോരാത്തതിന് മഴയും.

" എന്തൊരു മഴയായിരുന്നു. ഞാൻ വിചാരിച്ചു ഇറങ്ങിയതേ അബദ്ധമായെന്ന്"
അനിത കപ്പലണ്ടി കൊറിച്ചുകൊണ്ട് പറഞ്ഞു.

" അതിനെന്താ.. ഇതല്ലേ കാടിന്റെ ഗന്ധമാസ്വദിക്കാൻ പറ്റിയ കാലാവസ്ഥ.നനഞ്ഞ് കുളിച്ച് പ്രണയപരവശരായി നിൽക്കുന്ന മരങ്ങളും പൂക്കളും പുല്ലുകളും പാറക്കുന്നുകളും...പ്രകൃതി ലജ്ജാവതിയായി ചിണുങ്ങി നിൽക്കുന്ന കുളിരാർന്നൊരു ദിനം. നമ്മുടെ യാത്രയ്ക്ക് ഇതിലും നല്ല ഒരു ദിനം വേറേ കിട്ടില്ല."

അത് പറയുമ്പോൾ മനോജ് ഒരു മനോഹര സ്വപ്നം കാണുകയായിരുന്നു .

" ഓഹോ.. സാഹിത്യം!.. നമുക്കൊന്നും മനസ്സിലായില്ലേ"  ചിരിച്ചു കൊണ്ട് അനിത കളിയാക്കി.ഒന്നും മനസ്സിലായില്ലെന്ന് അഭിനയിച്ച് കൈ മലർത്തിക്കാണിച്ചു.
അവളെപ്പോഴും അങ്ങനെയാണ് . കളിയാക്കാൻ ഒരു അവസരം കിട്ടിയാൽ വിട്ടുകളയില്ല.

മണ്ണും കല്ലും ഇളകി പൊളിഞ്ഞുകിടക്കുന്ന പാത. അത് അനുസരണ കെട്ട ഒരു വികൃതിക്കുട്ടിയെപ്പോലെ വളഞ്ഞും തിരിഞ്ഞും ഉയർന്നും താഴ്ന്നും ഓടിപ്പോകുന്നു. അതിനുമേലേ കുലുങ്ങിക്കുലുങ്ങി ഇടയ്ക്കെല്ലാം നിർത്തിനിർത്തി ആ ബസ് നീങ്ങിക്കൊണ്ടിരുന്നു. ഏറെയും വിജനമായ പാതയിലൂടെ തുടരുന്ന യാത്രയ്ക്കിടയിൽ വല്ലപ്പോഴും കടന്നുപോകുന്ന ചില നാൽക്കവലകളിൽ മൂകരായി തലങ്ങും വിലങ്ങും നടക്കുന്ന ചില മനുഷ്യരെ കണ്ടു. ആനയിറങ്ങുന്ന വഴിയാണെന്ന് പുറപ്പെടും മുൻപ് ചിലർ പറയുന്നത് കേട്ടിരുന്നു. ഇതുവരെ ഒരെണ്ണത്തിനെപോലും കണ്ടില്ല.

മഴ ബസിന്റെ വശങ്ങളിൽ ബാക്കിവച്ചിരുന്ന ജലകണങ്ങൾ കുലുക്കത്തിന് ശക്തിയേറുമ്പോൾ ഉള്ളിലേക്ക് പുണ്യാഹം തളിച്ചു കൊണ്ടിരുന്നു. എന്നിട്ടും മനോജ് മറ്റ് യാത്രക്കാർ പലരും ചെയ്തതുപോലെ ഷട്ടർ താഴ്ത്തിയിട്ടില്ല. തന്റെ തൊട്ടടുത്തിരുന്ന് പുറത്തേക്ക് നോക്കിയിരിക്കുന്ന അനിത കാഴ്ചകൾ ആസ്വദിക്കുന്നത് അയാൾ അവളറിയാതെ ശ്രദ്ധിച്ചു.
ഇപ്പ്പോൾ കടന്നുപോകുന്ന സഥലത്ത് ഇരുവശങ്ങളിലും പാടങ്ങളാണ്- അവയിൽ കരിമ്പുകളും എള്ളിൻ ചെടികളും നനഞ്ഞു കുതിർന്നു നിന്നു. പലയിടത്തും കൃഷിസ്ഥലങ്ങളൊട് ചേർന്ന് ഓല മേഞ്ഞ ചെറിയ കുടിലുകൾ, മുറ്റത്ത് കുത്തിയിരുന്ന് എന്തൊക്കെയോ ജോലികൾ ചെയ്യുന്ന സ്ത്രീജനങ്ങൾ..തെങ്ങിൻ തോപ്പുകൾ, വാഴത്തോട്ടങ്ങൾ, അവയ്ക്കിടയിൽ മേയുന്ന കന്നുകാലികൾ. തന്റെ നാടിന്റെ ഭൂതകാലം ഇവിടേയ്ക്കായിരുന്നു വന്നൊളിച്ചതെന്ന് മനോജിന് തോന്നി. 
അനിതയെപ്പോലെ നഗരത്തിന്റെ തിരക്കുകളിൽ ജനിച്ചു വളർന്ന ഒരു പെൺകുട്ടിയ്ക്ക് കൗതുകകരമാകാം ഈ കാഴ്ചകൾ. അതവളുടെ കണ്ണുകളിൽ പ്രതിഫലിക്കുന്നുമുണ്ട്.

പുറമേ പ്രസാദവദനനായിരുന്നു എങ്കിലും മനോജിന്റെ മനസ്സ് സംഘർഷഭരിതമായിരുന്നു. താൻ ചെയ്യാൻ പാടില്ലാത്തതെന്തോ ചെയ്യാൻ പോകുന്നതായി അയാൾ ഭയന്നു. കുറച്ചുകൂടി മെച്ചമുള്ള മറ്റൊരു എളുപ്പവഴി ഉണ്ടെന്നറിഞ്ഞിട്ടും എന്തിനാണ് ഞാൻ ഈ ദൂരം കൂടിയ, മോശം പാത തിരഞ്ഞെടുത്തത് എന്ന് അനിതയ്ക്ക് സംശയം തോന്നിയിരിക്കുമോ? ഇനി സംശയം തോന്നിയില്ല എന്നവൾ അഭിനയിക്കുകയാണോ? അതോ എന്നോടുള്ള വിശ്വാസം അവൾക്കൊരു ധൈര്യം നൽകുന്നുണ്ടോ?
ഇത്രയും നാൾ ഒന്നിച്ച് ജോലിചെയ്തിട്ടും ഇത്രനാൾ പരസ്പരം മനസ്സിലാക്കുകയും സംസാരിക്കുകയും ചെയ്തിട്ടും ഞാൻ എന്താണ് ഇങ്ങനെ ഭീരുവായൊരു അപരിചിതനെപ്പോലെ എന്ന് അവൾ ചോദിച്ചാൽ ഞാൻ എന്തു പറയും?
അതിവേഗം കടന്നുപോകുന്ന നിമിഷങ്ങൾ അയാളിൽ ഒരു അസഹിഷ്ണുത വളർത്തി.സമയത്തിന്റെ ശരവേഗതയെ അയാൾ ശപിച്ചു.

ആലോചിച്ചങ്ങനെ ഇരുന്നപ്പോൾ ബസ് വല്ലാതെ ആടിയുലഞ്ഞു, എതിരെ വന്ന ഒരു ലോറിയ്ക്ക് സൈഡ് കൊടുത്തതായിരുന്നു. പാതയോരത്ത് ചരിഞ്ഞു നിന്നിരുന്ന മാവിന്റെ ചില്ലകൾ ബസിനുള്ളിലേക്ക് കുത്തിക്കയറി. നനഞ്ഞ ഇലകൾ അവരുടെ മുഖമാകെ വെള്ളം കുടഞ്ഞു. ഒരു കുഴിയിൽ നിന്ന് ചാടിയെഴുന്നേറ്റ പശുക്കിടാവിനെപ്പോലെ ബസ് ഒന്ന് മുരണ്ട് വീണ്ടും മുന്നോട്ടു നീങ്ങി. മനോജിന്റെ ദേഹത്താകെ വെള്ളമായി. അയാൾ അനിതയുടെ മുഖത്തേക്ക് നോക്കി. അവൾ കളിയാക്കിച്ചിരിക്കുകയായിരുന്നു.അവളുടെ മൂക്കിൻതുമ്പത്തായി വീഴാൻ വെമ്പിനിൽക്കുന്ന ഒരു മഴത്തുള്ളി അയാൾ ശ്രദ്ധിച്ചു. ഒരു ചെറുചിരിയോടെ അയാൾ തന്റെ ചൂണ്ടുവിരൽ നീട്ടി അതിൽ തൊടാൻ ശ്രമിച്ചു. അനിത ചിരിച്ചു കൊണ്ട് അയാളുടെ കൈ തട്ടി  മാറ്റി.ആ മഴത്തുള്ളി പൊട്ടി അവളുടെ മൂക്കിനുപുറത്തുക്കൂടി ഒഴുകി ചുണ്ടുകൾക്കു മുകളിലുള്ള കറുത്ത മറുകിൽ വന്ന് തടഞ്ഞു നിന്നു. മനോജിന്റെ നോട്ടം കണ്ടപ്പോൾ അവൾ ജാള്യതയോടെ തൂവാലയെടുത്ത് മുഖം തുടച്ചു.

കുറച്ചു കഴിഞ്ഞ് ബസ് ഒരു നാൽക്കവലയിൽ നിർത്തി. ഡ്രൈവറും കണ്ടക്ടറും പുറത്തേക്കിറങ്ങിപ്പോകുന്നതു കണ്ടു. അവർ വഴിയരികിലുള്ള ചെറിയ കടയിൽനിന്ന് മുറുക്കാനും ചായയും വാങ്ങുന്നത് മനോജ് നോക്കിയിരുന്നു.

" ഇനി ഞാനിരിക്കാം വിൻഡോ സീറ്റിൽ' അനിത പറഞ്ഞപ്പോൾ അയാൾ എഴുന്നേറ്റ് മാറിനിന്നു കൊടുത്തു. അവൾ നീങ്ങിയിരുന്നു; മുഖം ചെരിച്ച് വീണ്ടും പുറത്തേക്ക് നോക്കിയിരുന്നു.
മനോജ് അവളെത്തന്നെ ശ്രദ്ധിച്ചിരിക്കുകയായിരുന്നു.
നീലജീൻസും വെള്ള ഉടുപ്പുമാണ് അവൾ ഏറ്റവും സുന്ദരിയായി കാണപ്പെടുന്ന വേഷം. അത് തന്നെ ഇന്ന് തിരഞ്ഞെടുക്കാൻ എന്തായിരിക്കും കാരണം? ആകസ്മികമാകുമോ?..അല്ലായിരുന്നെങ്കിൽ എന്നയാൾ ആഗ്രഹിച്ചു.
നീളൻമുടി പിന്നിൽ കെട്ടിവച്ചിരിക്കുന്നു. അല്പം വിരിഞ്ഞ കാതിൽ ഒരു കുഞ്ഞുപൊട്ടുപോലെ കല്ലുപതിച്ച ചെറിയ കമ്മൽ,  അവളുടെ നീണ്ടമുഖത്തിന് യോജിച്ച തിളങ്ങുന്ന കവിൾത്തടങ്ങൾ, അവൾ മുന്നിലേക്ക് ദൃഷ്ടി പായിച്ച് മുഖം തിരിച്ചപ്പോൾ അവളുടെ തുടുത്ത ചുണ്ടുകൾ അയാൾ ശ്രദ്ധിച്ചു. വലതുവശത്തായി മേൽച്ചുണ്ടിനു തൊട്ടുമുകളിൽ ആ കറുത്ത മറുക്...

...നിർത്ത്!!!
ഏന്താണെനിക്ക് സംഭവിക്കുന്നത്?
ഞാൻ ഒരിക്കലും അനിതയെ ഇത്തരത്തിൽ നോക്കിയിട്ടില്ലല്ലോ..!

ബസ് പുറപ്പെടാൻ ഒരുങ്ങുകയാണ്. പുതുതായി കയറിയ ചിലർ കയ്യിലുള്ള ചാക്കുകെട്ടുകൾ വയ്ക്കുന്നതിനെച്ചൊല്ലി തർക്കിക്കുന്നു. ഭൂരിഭാഗവും മധ്യവയസ്കരായ പുരുഷന്മാരും വൃദ്ധകളുമാണ്. കൃഷിസാധനങ്ങൾ ചന്തയിൽ കൊണ്ട് വിൽക്കാനുള്ള പോക്കാണെന്ന് ചിലരുടെ സംസാരത്തിൽനിന്ന് വ്യക്തമായി.

 മനോജിന്റെ മനസ്സുനിറയെ കുറ്റബോധത്തിന്റെ ചെതുമ്പൽ പൊതിഞ്ഞ മടുപ്പ് ബാധിച്ചു തുടങ്ങിയിരുന്നു. കാഴ്ചകൾ കണ്ടിരിക്കുന്ന അനിതയെ നോക്കിക്കൊണ്ടിരുന്നപ്പോൾ ഒരു അസ്വസ്ഥത തോന്നി.
ഒരുപക്ഷെ എനിക്ക് കിട്ടുന്ന മറുപടി മറിച്ചാണെങ്കിൽ അത് ഞാനും അനിതയുമായി വർഷങ്ങളായുള്ള സൗഹൃദത്തെ ബാധിക്കും. ഒന്നും നടന്നില്ല എന്ന മട്ടിൽ ഞാൻ വീണ്ടും എങ്ങനെ അവളുടെ മുഖത്തു നോക്കും? പുറമേ എന്റെ മറ്റൊരു സുഹൃത്തുമായുള്ള അവളുടെ പ്രണയത്തെ ഞാൻ പ്രോത്സാഹിപ്പിച്ചിരുന്നത് അവളോടുള്ള സ്നേഹം മറച്ചുവച്ചുകൊണ്ടായിരുന്നു എന്നവൾ അറിഞ്ഞാൽ അവളതൊരു ചതിയായല്ലേ കാണൂ. ഏന്നും എന്നെ പല ഘട്ടങ്ങളിലും സഹായിച്ചിട്ടുള്ളവളാണവൾ- ആ അത്മാർത്ഥത എന്നിൽനിന്ന് അവളും പ്രതീക്ഷിക്കുന്നുണ്ടാവില്ലേ?

എപ്പോഴും പൊട്ടിച്ചിരിച്ച് കുസൃതിത്തരങ്ങൾ പങ്കുവച്ച് കലപിലാ സംസാരിച്ചുകൊണ്ടിരുന്ന ഇവൾക്ക് ഇന്ന് എന്തു പറ്റി? ഞാൻ എത്ര സംസാരിക്കാൻ ശ്രമിച്ചിട്ടും എന്താണവൾ ആ സംസാരം നീട്ടാനാഗ്രഹിക്കാതെ ഒറ്റവാചകങ്ങളിൽ, പൂർണവിരാമങ്ങളിൽ ഉത്തരങ്ങൾ അവസാനിപ്പിക്കുന്നത്? എത്രനേരം ഇങ്ങനെ മിണ്ടാതെയിരിക്കും? ഇതിനാണോ കഷ്ടപ്പെട്ട് ഇത്രയൊക്കെ ചെയ്തത്?

അനിതയോട് എന്തെങ്കിലും പറഞ്ഞ് ഒരു നീണ്ട സംഭാഷണത്തിന് തുടക്കം കുറിക്കാൻ അയാൾ ആഗ്രഹിച്ചു. പെട്ടെന്ന് സംസാരിക്കാൻ ഒരു വിഷയം കിട്ടുന്നുമില്ല. അയാൾക്ക് പരിഭ്രാന്തിയായി. ഇനി എന്റെ ഉദ്ദേശ്യം തിരിച്ചറിയുമ്പോൾ അവൾ എന്നെ വെറൂക്കുമോ?
ഞാനവൾക്കൊരു ആശ്വാസമാകുമെന്ന് എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ മറിച്ചു സംഭവിച്ചാലുണ്ടാകാവുന്ന കുറ്റബോധം എന്നെ തളർത്തുകയായിരുന്നു. ആ ഭീരുത്വം എന്നെ എല്ലാം ആസൂത്രണം ചെയ്യാൻ പ്രേരിപ്പിച്ചു. ഒരു മാസത്തോളം മനസ്സിന്റെ ചൂളയിലിട്ട് ഉരുക്കി മിനുക്കി പറ്റിയ ഒരു ആയുധമുണ്ടാക്കാനുള്ള ശ്രമമായിരുന്നു. ഒരു ദിവസം പെട്ടെന്നു തോന്നിയതാണ് സ്വതവേ യാത്രകൾ ഇഷ്ടപ്പെടുന്ന അനിതയേയും കൊണ്ടൊരു ചെറിയ യാത്ര.
 പെട്ടെന്നുള്ള ആവേശത്തിൽ അവളെ വിളിച്ച് വരാൻ പറഞ്ഞു. വെള്ളച്ചാട്ടം കാണാൻ പോകുന്നു എന്നേ പറഞ്ഞുള്ളൂ. അവൾ കൂടുതലൊന്നും ചോദിച്ചില്ല. ബസ് സ്റ്റാൻഡിൽ അന്വേഷിച്ചപ്പോൾ രണ്ട് വഴികളുണ്ടെന്നറിഞ്ഞു.. ഒരു മണിക്കൂറുകൊണ്ടെത്തുന്ന ഒരു ഗ്രാമപാതയും മലയിറങ്ങിപ്പോകുന്ന കാട്ടുപാതയും. രണ്ടാമത്തേത് തിരഞ്ഞെടുക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. അത്രയും സമയം കൂടി അവളോടൊപ്പം ചിലവഴിച്ച് സാവധാനത്തിൽ കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കാമെന്ന് കരുതി.

ഇനി ഏതാണ്ട് ഒരു മണിക്കൂർ കൂടിയുണ്ടാവും വെള്ളച്ചാട്ടത്തിനടുത്തെത്താൻ. സമയം പാഴാക്കാതെ കാര്യത്തിലേക്ക് കടന്നാലോ?
മനോജ് ചുറ്റും നോക്കി. ബസിൽ ഇപ്പ്പോൾ നേരത്തെ ഉണ്ടായിരുന്ന അത്രയും തിരക്കില്ല. കുറേ ആളുകൾ കഴിഞ്ഞ സ്റ്റോപ്പിൽ ഇറങ്ങിയിട്ടുണ്ട്. തൊട്ടു മുന്നിലെ സീറ്റിലിരിക്കുന്ന രണ്ടുപേരും തലകുമ്പിട്ട് ഉറക്കമാണ്. പതിയെ പിന്നിലേക്ക് തിരിഞ്ഞു നോക്കി. മുപ്പതിനും നാല്പതിനുമിടയിൽ പ്രായം തോന്നിക്കുന്ന രണ്ട് സ്ത്രീകളാണ് പിൻസീറ്റിൽ. അവർ എന്തൊക്കെയോ പരസ്പരം പറഞ്ഞ് ചിരിക്കുന്നു. ഇങ്ങോട്ട് ആരും ശ്രദ്ധിക്കുന്നില്ല. ഇതുതന്നെയാണ് അവസരം.

" അനിതാ"
അയാൾ വിളിക്കാൻ ശ്രമിച്ചു. പക്ഷെ ശബ്ദം തൊണ്ടയിൽ കുടുങ്ങി.
വിറയാർന്ന വിരലുകളാൽ അവളുടെ കൈയിൽ തൊട്ടു. അവൾ തിരിഞ്ഞു നോക്കി. ചോദ്യഭാവത്തിൽ മുഖമനക്കി.മനോജ് ധൈര്യം സംഭരിച്ച് അവളുടെ കണ്ണുകളിലേക്ക് തുറിച്ചു നോക്കി.
" എന്താ മനോജ് ??"

" അനിതാ.. അത്.. എനിക്ക് നിന്നോടൽപ്പം സംസാരിക്കണം "

" അതിനെന്താ..സംസാരിക്ക്! പിന്നല്ലാതെ എത്രനേരമെന്നുവച്ചാണ് ഇങ്ങനെ മസിലും പിടിച്ച് മിണ്ടാതെയിരിക്കുന്നത് ! "

അവളുടെ ഉള്ളിൽ ഉറഞ്ഞുകൂടിയ അസ്വസ്ഥത മുളപൊട്ടി പുറത്തു വന്നപ്പോൾ യഥാർത്ഥത്തിൽ മനോജിന് ആശ്വാസമാണ് തോന്നിയത്. അയാളുടെ ആത്മവിശ്വാസം തിരികെവന്നു. ഉള്ളിൽ വല്ലാത്തൊരു ധൈര്യം ഇരച്ചു വന്നു.

 " അനിതാ എനിക്ക് നിന്നെ വലിയ ഇഷ്ടമാണ്. എനിക്ക് നിന്നെ വിവാഹം കഴിക്കണമെന്നുണ്ട്"

ഒറ്റശ്വാസത്തിൽ അയാൾ പറഞ്ഞൊപ്പിച്ചു.

" ഓഹോ..എനിക്കപ്പോഴേ തോന്നിയിരുന്നു ചെക്കനാകെയൊരു ഇളക്കം." എന്നിട്ട് നെടുവീർപ്പിടുന്ന അയാളെ നോക്കി അനിത പൊട്ടിച്ചിരിച്ചു.

ആ ചിരി അയാളെ വീണ്ടും അസ്വസ്ഥനാക്കി. അയാൾ പൊടുന്നനെ അവളുടെ കൈപ്പത്തിയിൽ കടന്നു പിടിച്ചു. അവളുടെ മുഖത്തെ ചിരി മാഞ്ഞു. വലയറ്റ് നഖച്ഛായമിട്ട മൃദുലമായ വിരലുകൾ അയാളുടെ കൈയ്ക്കുള്ളിലിരുന്ന് പിടച്ചു- പിന്നെ നിശ്ചലമായി. ഒരു നിമിഷം താനെന്താണ് ചെയ്യുന്നതെന്ന് മനോജ് അലോചിച്ചു എന്നിട്ട് അനിതയുടെ വിരലുകളെ സ്വതന്ത്രമാക്കി. പക്ഷെ അവൾ അയാളുടെ കയ്യിൽ നിന്നും കയ്യെടുത്തില്ല. മനോജ് ചുറ്റും ശ്രദ്ധിച്ചു- ഇല്ല ഇപ്പോഴും ആരും ശ്രദ്ധിക്കുന്നില്ല.

"ജയനുമായി നീ പ്രണയത്തിലായിരുന്നപ്പോൾ പോലും ഞാൻ നിന്നെ വല്ലാതെ ..."

' പ്ലീസ്.. എന്നെ അതൊന്നും ഓർമ്മിപ്പിക്കരുത്" അനിത അയാളെ തടഞ്ഞു.
. അത് ശരിയാണ്. അറിഞ്ഞുകൊണ്ട് കുഴിച്ചു മൂടിയതൊക്കെ തുരന്നെടുത്താൽ അകെ ദുർഗന്ധമായിരിക്കും. ആർക്കും അത് ഭൂഷണമാവില്ല.പലരുടേയും ജീവിതത്തിലുള്ളതുപോലെ അനിതയ്ക്കും വിവർണ്ണമായ ഒരു ഭൂതകാലം സമ്മാനിച്ച നഷ്ടങ്ങൾ കാലം മായ്ച്ചുതുടങ്ങിയിട്ടുണ്ട്. അവയിൽ നിന്ന് പൂർണ്ണമായൊരു മുക്തിയായിരിക്കണം അവളും ആഗ്രഹിക്കുന്നത്.

"അനിതാ..ഞാൻ സീരിയസ് ആണ്! നമ്മൾ രണ്ടുപേരും മാത്രമായി അല്പസമയം ചിലവഴിക്കാനും കുറേ നാളായി നെഞ്ചിലേറ്റി കൊണ്ടുനടക്കുന്ന ഈ മാറാപ്പ് ഇറക്കിവയ്ക്കാനുമാണ് ഞാൻ ഈ യാത്ര എന്ന നാടകം ആസൂത്രണം ചെയ്തത്. ഒരു പാർക്കിലേക്കോ മറ്റോ വിളിച്ചാൽ നീ തെറ്റിധരിക്കുമോ എന്നെനിക്ക് ഭയമായിരുന്നു."

" ഭയമോ? നീയൊരു പുരുഷനല്ലേ. കാമുകന്മാർ തങ്ങളുടെ പ്രേമഭാജനങ്ങളുടെ മുൻപിൽ മൽസരിച്ച് സ്വന്തം വീരകഥകൾ പ്രസംഗിക്കുന്ന കാലത്താണ് നീയൊരു ഭീരുവായി അഭിനയിക്കുന്നത്...!"

" അല്ല അനിത, സത്യമാണ്. നിനക്കെന്നോട് ദേഷ്യം തോന്നുമെന്നും അങ്ങനെ നമ്മുടെ സൗഹൃദം തകരുമെന്നും ഞാൻ ഭയന്നു"

" ഭയന്നു?..ഇപ്പോൾ ആ ഭയമില്ലേ?" അനിത ഭയങ്കര ഗൗരവത്തിലാണ്.

" അറിയില്ല!!"

 പൊടുന്നനെ ബസ് ഒരു ഭീകര ശബ്ദത്തോടെ ആടിയുലഞ്ഞു. മനോജ് സ്വപ്നത്തിൽനിന്നുണർന്ന് നോക്കിയപ്പോൾ യാത്രക്കാരിൽ ചിലർ നിലവിളിക്കുന്നു. ബസ് നിശ്ചലമായി.
എന്താണ് സംഭവിക്കുന്നതെന്നറിയാതെ മനോജ് കണ്ണുമിഴിച്ചിരുന്നു.

" പഞ്ചറായെന്നാ തോന്നുന്നത്" അനിത  പറഞ്ഞു.
" നാശം!!!" മനോജ് തലയിൽ കൈ വച്ച് ശപിച്ചു. " ഇനിയിപ്പോ എപ്പോഴാണോ ശരിയാവുന്നത്. ഈ കാട്ടുമുക്കിൽ ഒരു വർക്ക്ഷോപ്പ് പോലും കാണില്ല."

മനോജിന് വല്ലാത്ത അമർഷം തോന്നി. ഒന്ന് തയ്യാറെടുത്തു വരികയായിരുന്നു. എല്ലാം തുലഞ്ഞു.
---------------------------------------



യാത്രകാരെല്ലാം പുറത്തിറങ്ങി. കണ്ടക്ടറും ഡ്രൈവറും ചില യാത്രക്കാരും കൂടി ബസിന്റെ പിന്നിലും അടിയിലുമൊക്കെ എന്തോ പരിശോധിക്കുന്നതു കണ്ടു. -പഞ്ചറല്ല, മറ്റെന്തോ യന്ത്രത്തകരാറാണ്.

"ഇനിയെപ്പോഴാ അടുത്ത ബസ്?"
 മനോജ് അടുത്ത് നിന്ന ഒരു ചെറുപ്പക്കാരനോട് ചോദിച്ചു.

" ഇനി അങ്ങോട്ടേക്ക് ഉടനെയൊന്നും ഇല്ല. ഒരു മണിക്കൂർ കഴിഞ്ഞ് തിരിച്ച് ഒരു ബസ് വരും. ഒന്നുകിൽ അതിൽകയറി നിങ്ങൾക്ക് തിരിച്ചു പോകാം. അല്ലെങ്കിൽ മൂന്നുനാലു മണിക്കൂർ കാത്തുനിന്നാൽ അടുത്ത ബസ് കിട്ടും"
അയാൾ പറഞ്ഞു.

ഓട്ടോറിക്ഷാ പോലും കിട്ടാത്ത സ്ഥലമാണ്. വല്ലപ്പോഴും കടന്നുപോകുന്ന ജീപ്പുകളിലും ലോറികളിലും തിക്കിക്കയറി പോകണം അടുത്തുള്ള ടൗണിലേക്ക്. അതുവഴിയാണ് വെള്ളച്ചാട്ടത്തിലേക്കുള്ള മറ്റേ പാത കടന്നു പോകുന്നത്. അതുവഴി കൂടുതൽ ബസ് സർവീസ് ഉണ്ട്.

അവർ അടുത്തുകണ്ട ആൽത്തറയിലേക്ക് പോയി. ആൽത്തറഭിത്തിയുടെ ഒരു ഭാഗം തകർത്തുകൊണ്ട് കൂറ്റൻവേരുകൾ പുറത്തേക്ക് നീണ്ടുനിന്നിരുന്നു. അതിനുമുകളിൽ ഒരു കാൽ കയറ്റിവച്ച് മനോജും, തൊട്ടടുത്തായി അനിതയും ഇരുപ്പുറപ്പിച്ചു. ബസിൽ നിന്നു ഇറങ്ങിവന്ന അഞ്ചാറ് സ്ത്രീകൾ തങ്ങളുടെ ചാക്കുകെട്ടും നിലത്തുവച്ച് അവിടെ സംസാരിച്ചിരിക്കുന്നുണ്ടായിരുന്നു. മനോജും അനിതയും അവിടെ ചെന്നിരുന്നപ്പ്പോൾ ആ സ്ത്രീകളുടെയെല്ലാം നോട്ടം ഒരു നിമിഷം ഇരുവരുടേയും മേലായി. ചിലർ പരസ്പരം ചെവിയിൽ എന്തൊക്കെയോ മന്ത്രിക്കുകയും അടക്കിച്ചിരിക്കുകയും മറ്റുചിലർ 'എന്താ ഈ കാണുന്നത്' എന്ന ഭാവേന ഇരുവരേയും ഒന്ന് ഉഴിഞ്ഞുനോക്കുകയും ചെയ്തു.

അനിത അല്പം അസ്വസ്ഥയായി കാണപ്പെട്ടു.

" ഇതൊന്നും നീ കാര്യമാക്കണ്ട. നാട്ടിൻപുറമല്ലേ , ആദ്യമായിട്ടായിരിക്കും ജീൻസും ഷർട്ടുമിട്ട് ഒരു സുന്ദരിയായ ചെറുപ്പക്കാരി വന്നിറങ്ങുന്നത് കാണുന്നത്" മനോജ് പറഞ്ഞതുകേട്ട് അനിത നാണം കലർന്ന ഒരു പുഞ്ചിരിയോടെ അയാളെ നോക്കി തലയനക്കി. "കളിയാക്കിയതു മതി മാഷേ..ജീവിച്ചു പൊയ്ക്കോട്ടെ"

മനോജ് മുകളിലേക്ക് നോക്കി . പടർന്നു പന്തലിച്ചു നിൽക്കുന്ന പടുകൂറ്റൻ ആൽമരം. നൂറുകണക്കിന് വർഷം പ്രായമുണ്ടാവും. മരത്തെ ചുറ്റിപ്പുണർന്ന് പെരുമ്പാമ്പുകളെപോലെ തോന്നിക്കുന്ന വലിയ വള്ളികൾ. ആലിന്റെ ഓരോ ഇലകളേയും തഴുകിക്കൊണ്ട് ഒരു കാറ്റുവീശിക്കൊണ്ടിരുന്നു. ആ തണുത്ത ഇളംകാറ്റ് താഴേക്കുവന്ന് അനിതയുടെ അഴിഞ്ഞുവീണ മുടിയിഴകളെയാകെ ഒന്ന് തലോടിക്കടന്നുപോയി. അതയാൾ ഒരു ഉൾപ്പുളകത്തോടെ കണ്ടാസ്വദിച്ചു.
ആൽത്തറയുടെ മറ്റൊരു വശത്തായി ഒരു ചെറിയ തട്ടുകടയുണ്ട്. അവിടെ തൂക്കിയിട്ടിരിക്കുന്ന പാന്മനാസാലാ പാക്കറ്റുകൾക്കുപിന്നിൽ നീണ്ട താടിയും കറുത്ത് കട്ടിയുള്ള കണ്ണടയും വച്ച ഒരു വൃദ്ധൻ ഓംലെറ്റ് ഉണ്ടാക്കിക്കൊടുക്കുന്നു. ചിലയാളുകൾ അങ്ങോട്ടുപോയി .ഓംലെറ്റും ചായയും സിഗരട്ടുമൊക്കെയായി കച്ചവടം പൊടിപൊടിക്കുന്നു. കഴിച്ചുകഴിഞ്ഞവരിൽ ചിലർ കടയുടെ പിന്നിൽ വച്ചിരുന്ന ബക്കറ്റിൽ നിന്ന് വെള്ളം കോരി വാ കഴുകി നീട്ടിത്തുപ്പി.

അനിത അയാളെ ചിന്തകളിൽനിന്നുണർത്തി.
" നിനക്കെന്താ പറ്റിയത് മനോജ്? നിനക്കീ യാത്രയിൽ ശരിക്കും താല്പര്യമില്ലെ? ഞാൻ എത്രയോ തവണ നിന്നോട് സംസാരിക്കാൻ ശ്രമിച്ചു. പക്ഷെ നീ എപ്പോഴും പുറത്തേക്ക് നോക്കിയിരിക്കുകയും അല്ലാത്ത സമയത്ത് സ്വയം ചിന്തകളിൽ മുഴുകിയും ഇരിക്കുന്നു. എന്ത് ബോറാണിത്? നീ നിർബന്ധിച്ചതുകൊണ്ടല്ലേ ഞാൻ കൂടെ വന്നത്?"

മനോജിന് അതിശയം തോന്നി. ഇതുതന്നെയല്ലേ ഞാൻ ഇവളെ പറ്റിയും ഇതുവരെ ചിന്തിച്ചുകൊണ്ടിരുന്നത്!!

ഇവളോട് എല്ലാം തുറന്നു പറയണോ? - മനോജ് ആശയക്കുഴപ്പത്തിലായി. ഉള്ളിലിരുന്ന് അരോ വേണ്ട വേണ്ട എന്ന് ഇപ്പോഴും പറയുന്നുണ്ട്.

"അത്...അനിതാ...

... എന്റെ കൂടെ ഇങ്ങനെ ഒറ്റയ്ക് ഇറങ്ങിത്തിരിച്ചപ്പോൾ, അതും ഇതുപോലെ തീർത്തും അപരിചിതമായൊരു സ്ഥലത്ത്... നിനക്ക് ഭയം തോന്നിയില്ലെ?"

ചോദിക്കണമെന്ന് വിചാരിച്ചതല്ല പുറത്തുവന്നത്.

" എന്തിനു ഭയക്കണം? എന്റെ ഏറ്റവും അടുത്ത സുഹൃത്തിനൊപ്പമല്ലേ ഞാൻ വന്നത്. എത്രയോ വർഷങ്ങളായി എന്റെ എല്ലാ സന്തോഷങ്ങളിലും ദുഖങ്ങളിലും എനിക്കൊരു തണലായി നിൽക്കുന്ന എന്റെ സുഹൃത്ത്. ഒരു പക്ഷെ ഇന്ന് ഈ ലോകത്ത് നിന്നെപോലെ ഞാൻ സ്നേഹിക്കുന്ന, വിശ്വസിക്കുന്ന മറ്റൊരാളുണ്ടാവില്ല."

മനോജ് അവിശ്വസനീയത നിറഞ്ഞു നിൽക്കുന്ന മുഖഭാവത്തോടെ അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അനിത ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു " സത്യമാണ് മനോജ്"

ഒരു സുഹൃത്തിനോടുള്ള സ്നേഹമായിരിക്കണം അവളുദ്ദേശിച്ചത്. എനിക്കും അങ്ങനെയാണ്...   അല്ല, അതിലും മേലെയാണ് അവളോട്. അവളെപ്പോലെ എനിക്ക് മറ്റൊരാളെ സ്നേഹിക്കാനാവില്ല. ജയനുമായുള്ള പ്രണയപരാജയം അവളെ തകർത്തെങ്കിലും ഞാൻ ഉള്ളിൽ സന്തോഷിച്ചിരുന്നു എന്നത് സത്യമാണ്.  എന്നെ ഇത്രയ്ക്ക് സ്നേഹിക്കുന്ന ഒരു ആത്മാർത്ഥസുഹൃത്തിനോട് അറിഞ്ഞുകൊണ്ട് ചെയ്ത ചതിയായിരുന്നു അത്. എന്തു ചെയ്തായാലും അവളെ എനിക്ക് നഷ്ടപ്പെടുത്താൻ വയ്യ. അവൾക്ക് എന്നോട് എന്തെങ്കിലും ഇഷ്ടമുണ്ടെങ്കിൽ അവൾ എന്റേതായിരിക്കും -എന്നെന്നേക്കുമായി.

എത്രനാളായി ഞാൻ ഇത് ഉള്ളിൽ കൊണ്ടുനടന്ന് സ്വയം നീറിനീറി ഇങ്ങനെ ജീവിക്കുന്നു. ഇനി വയ്യ!. എന്റെ ഉദ്ദേശം ന്യായീകരിക്കപ്പെടാവുന്നതാണെങ്കിലും അതിനൊരു ഭീരുത്വത്തിന്റെ മുഖംമൂടിയണിയിക്കപ്പെടുകയാണ്.  ഉടനെ എന്റെ ഇഷ്ടം അനിതയെ അറിയിച്ചേ മതിയാകൂ. അല്ലെങ്കിൽ നാളെ ചതിയനും ഭീരുവുമായ ഏതോ ഒരുവൻ എന്ന നിലയിൽ മാത്രമായിരിക്കും  അവൾ എന്നെ ഓർക്കുക.അത് വേണ്ട!
ഒരു ബന്ധം തകർന്നതിന്റെ ആഘാതത്തിൽ നിന്ന് അനിത മോചിതയാവുന്നതേയുള്ളൂ. ഉടനെ തന്റെ കാര്യം അവതരിപ്പിച്ചാൽ അവൾക്ക് സംശയം തോന്നും. അതാണിത്രയും നാൾ കാത്തത്.
മതിയായി ഈ കാത്തിരിപ്പ്...!

മനോജ് അനിതയുടെ അടൂത്തേക്ക് കുറച്ചുകൂടി നീങ്ങിയിരുന്നു. പഴുത്ത് പൊഴിഞ്ഞു വീണ ഒരു ആലില കയ്യിലെടുത്ത് അതിലേക്ക് നോക്കി എന്തോ ആലോചിച്ചിരിക്കുകയായിരുന്നു അവൾ.അവളെ തൊട്ടുണർത്തി ആ കണ്ണുകളിലേക്ക് നോക്കാൻ അയാൾ ആഗ്രഹിച്ചു, പക്ഷെ കഴിഞ്ഞില്ല; കഴുത്തിലെ ഞെരമ്പുകൾ തളർന്നതുപോലെ.

 സംസാരിക്കാൻ നാവെടുത്തതേയുള്ളൂ,  പെട്ടെന്ന് ഒരു ബസ് വന്നു നിൽക്കുന്ന ശബ്ദം കേട്ട് അവർ തിരിഞ്ഞു നോക്കി.വെള്ളച്ചാട്ടത്തിന്റെയടുത്തുനിന്ന് തിരികെ വരുന്ന ബസാണ്. അവിടവിടെയായി മാറിയിരുന്നിരുന്ന പല ആളുകളും എഴുന്നേറ്റു ചെന്ന് ബസിൽ ഇടിച്ചു കയറിത്തുടങ്ങി. വാതില്പടിയോട് ചേർന്നു നിന്നുകൊണ്ട് ,സീറ്റുണ്ടായിട്ടും തള്ളുകൂടുന്ന ചിലരെയൊക്കെ കണ്ടക്ടർ  ശകാരിക്കുന്നതും കേട്ടു.

അനിത ചോദിച്ചു " മനോജ്, നമുക്ക് തിരിച്ചു പോയാലോ? ഇനിയും രണ്ടുമണിക്കൂർ കാത്തുനിന്ന് ...എനിക്ക് മടുത്തുതുടങ്ങി...നമുക്ക് മറ്റൊരിക്കൽ പോകാം വെള്ളച്ചാട്ടം കാണാൻ.."

മനോജ് ഒന്നും മറുപടി പറഞ്ഞില്ല. ബസ്  പുറപ്പെടാൻ തുടങ്ങുകയായിരുന്നു.  അവളുടെ കയ്യും പിടിച്ചുകൊണ്ട് അയാൾ ബസിനടുത്തേക്കോടി.

ബസിനുള്ളിൽ കടന്നപ്പോൾ ആദ്യം കണ്ട സീറ്റിലിരുന്ന ചെറുപ്പക്കാരൻ അവർ സീറ്റിനുവേണ്ടി ചുറ്റും പരതുന്നതു കണ്ടപ്പൊൾ ഒരു പുഞ്ചിരിയോടെ സീറ്റിൽനിന്ന് മാറിക്കൊടുത്തു. അനിതയെ തിരിഞ്ഞു നോക്കി നോക്കി അയാൾ പിൻസീറ്റിലേക്ക് പോയി ഇരുന്നു.
ഇത്തവണ അനിത വിൻഡോസീറ്റ് സ്വന്തമാക്കി.തൊട്ടടുത്തായി മനോജും ഇരുന്നു. ബസ് നീങ്ങിത്തുടങ്ങി.

മനോജ് എവിടേയും നിലയുറയ്ക്കാത്ത കണ്ണുകളുമായി പലതും ആലോചിച്ചിരിക്കുകയായിരുന്നു. അയാളുടെ മുഖത്തെ നിസ്സംഗഭാവം കണ്ട് അനിത പറഞ്ഞു
 "ഇതിന് നാട്ടിലൊരു പഴഞ്ചൊല്ലു പറയും.. പട്ടി ചന്തക്കു പോയ പോലെ എന്ന്!"

"അതെ" അയാൾ ഒരു ദീർഘനിശ്വാസമെടുത്തു.
എന്നിട്ട് അവളുടെ ചിരിയിൽ അയാളും പങ്കുചേർന്നു.

Friday, May 20, 2011

ശൂന്യതയിലേക്കൊരു തീവണ്ടി


***അധ്യായം 1***

വലയിൽ വന്ന് ബസിറങ്ങിയപ്പോൾ ഹരിദാസ് ആദ്യം കണ്ടത്  ഉച്ചവെയിലിൽ തിളങ്ങുന്ന  നരച്ച കുറേ തലകളായിരുന്നു. അവ ക്രമേണ പല്ലുകൊഴിഞ്ഞ, കണ്ണട വച്ച ചില മുഖങ്ങൾ അനാവരണം ചെയ്തു. ചിലർ റേഷൻ കടയുടെ വരാന്തയിൽ കുത്തിയിരുന്ന് പത്രം വായിക്കുകയും അടുത്ത ദിവസം നടക്കാൻ പോകുന്ന ഹർത്താലിനെക്കുറിച്ച് വാചാലരാവുകയും ചെയ്തു. മറ്റു ചിലർ ബീഡി തെറുത്തും,  പരദൂഷണം പറഞ്ഞും, ചുമച്ചും, പൊട്ടിച്ചിരിച്ചും, പരസ്പരം കളിയാക്കിയും സമയം കൊല്ലുന്നു.ഇനിയും ചിലർ വടിയും കുത്തി റോഡിനുകുറുകേ നടന്നു. അന്തരീക്ഷത്തിനാകെ വാർദ്ധക്യം ബാധിച്ചതു പോലെ.

റോഡിന്റെ മറുവശത്തായി ഒരു വശം മേൽക്കൂര തകർന്ന ഒരു പഴയ കെട്ടിടം.അതിൽ അടച്ചിട്ടിരിക്കുന്ന കടമുറികൾ. ഓരം ചേർന്ന് പാൻ‍മസാലയും മുറുക്കാനും വിൽക്കുന്ന ഒരു ചെറിയ മാടക്കട. അതിന്റെ പിന്നിലായി വെളുപ്പിൽ കറുത്ത് കട്ടിയുള്ള അക്ഷരങ്ങളിൽ 'കള്ള്' എന്നെഴുതിയ ബോർഡ് പിന്നിലേക്കെവിടെയോ ദിശകാണിച്ച് ചരിഞ്ഞ് നിൽക്കുന്നു. അടച്ചിട്ടിരിക്കുന്ന കടമുറികൾക്കു മുൻപിൽ മദ്യലഹരിയിൽ മലർന്ന് കിടക്കുകയായിരുന്ന വൃദ്ധൻ ഒന്ന് തിരിഞ്ഞ് മണ്ണിലേക്ക് മുഖം താഴ്ത്തി ഛർദ്ദിച്ചു. അത് കണ്ട് വഴിയരികിൽ പിറുപിറുത്തവരെയൊക്കെ അയാൾ വിറയാർന്ന ശബ്ദത്തിൽ ചീത്തവിളിച്ചു. അഴിഞ്ഞുപോയ മുണ്ട് അരയിലേയ്ക്ക് തെറുത്തുകയറ്റാൻ ശ്രമിച്ചു.എന്നിട്ട് അടുത്തുകിടന്ന വടി തപ്പിയെടുത്തു. വടി മണ്ണിലേക്ക് കുത്തി മണ്ണിൽ ചവിട്ടി എഴുന്നേൽക്കാൻ ശ്രമിച്ചു. എന്നിട്ട് നിയന്ത്രണം വിട്ട് മറിഞ്ഞ് മണ്ണിലേക്കുതന്നെ വീണു.

ഹരിദാസ് ഇതെല്ലാം കണ്ടുകൊണ്ട് റേഷന്കടയോടു ചേർന്നുള്ള ചായക്കടയിലേക്ക് കയറി ചുണ്ടുകൾക്കിടയിൽ ഒരു സിഗരറ്റ് കത്തിച്ചു.  കറുത്തു തടിച്ച കടക്കാരൻ എന്തോ ചവച്ചുകൊണ്ട് ബുദ്ധിമുട്ടി ഒന്ന് ചിരിച്ചു. അയാളോട് ഒരു ചായയെടുക്കാൻ പറഞ്ഞിട്ട് ഹരിദാസ് കടയ്ക്കുള്ളിലെ ബഞ്ചിലിരുന്നു. തൊട്ടപ്പുറത്ത് പത്രത്തിലേയ്ക്ക് തലകുമ്പിട്ടിരുന്ന മധ്യവയസ്കൻ അല്പം മുഖമുയർത്തി നോക്കി.എന്നിട്ട് ഒന്നും സംഭവിച്ചില്ലല്ലോയെന്ന മട്ടിൽ വീണ്ടും വായനയിലേക്ക് മടങ്ങി. അടുത്ത് ബഞ്ചിനോട് ചേർത്തിട്ടിരുന്ന മേശപ്പുറത്ത് ഒറ്റഫ്രെയിമിൽ തളച്ചിട്ട മൂന്ന് ദൈവങ്ങളും അവരെ പുതച്ചുകൊണ്ട് ഒരു ജമന്തിമാലയും ഹരിദാസ് കണ്ടു.അതിനുമുൻപിൽ കത്തിച്ചുവച്ചിരുന്ന ചെറിയ ഓട്ടുനിലവിളക്കിലെ തിരിനാളം ജമന്തിപ്പൂക്കള്ക്ക് ഒരു സ്വർണ്ണത്തിളക്കം തോന്നിപ്പിച്ചു. ഭിത്തി പെയിന്റടിച്ച് വൃത്തിയാക്കിയതിനു മേലെ ഒരു നാടകത്തിന്റെ പോസ്റ്റർ പതിച്ചിരുന്നു. ദേവീക്ഷേത്രത്തിലെ പ്രതിഷ്ടാസ്മാരക മഹോത്സവം ഇന്നാണെന്ന് കേട്ടിരുന്നു.അതിന്റെ ഭാഗമായിട്ടുള്ള നാടകമായിരിക്കണം..

നല്ല യാത്രക്ഷീണമുണ്ടായിരുന്നു. താടിയിലും മുടിയിലുമൊക്കെ ഒരു ചൊറിച്ചിൽ അനുഭവപ്പെട്ടു. ജുബ്ബയുടെ നീളൻപോക്കറ്റിൽ നിന്ന് ചീപ്പെടുത്ത് മുടിചീകിയൊതുക്കി. മുടിവല്ലാതെ വളർന്നിരിക്കുന്നു, പോരാത്തതിന് പിറകുവശത്തൊക്കെ ജടപിടിച്ചതുപോലെ. സാധിച്ചാൽ നാളെത്തന്നെ മുടി നന്നായൊന്ന് വെട്ടിയൊതുക്കണം.

"ഈ നാട്ടുകാരനല്ലെന്ന് തോന്നുന്നു?"
ചായയടിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ കടക്കാരൻ ചോദിച്ചു.
"അല്ല..ഇവിടെ ഒരാളെ അന്വേഷിച്ച് വന്നതാണ്‌'
"എന്നിട്ട് കണ്ടോ?"
"ഇല്ല.ഞാനിപ്പോൾ ഇവിടെ വന്നിറങ്ങിയതേ ഉള്ളൂ. പത്തുപതിനഞ്ച് വർഷത്തിനു ശേഷമുള്ള വരവാണ്. ഈ സ്ഥലമാകെ മാറിയിരിക്കുന്നു. പുതിയ കടകൾ, പുതിയ ആളുകൾ..." തേയിലക്കറപിടിച്ച് നിറം മങ്ങിയ ചില്ലുഗ്ലാസ്സിൽ പതഞ്ഞുതൂവിയ ചായ അയാളുടെ മുന്നിലിരുന്ന് ആവി പറത്തി. "ആരെ കാണാനാണ്‌?"
അത് ചോദിക്കുമ്പോഴും കടക്കാരൻ തന്റെ ജോലിയിലാണ്‌.
'മലയൻപാറ സ്കൂളിൽ പഠിപ്പിച്ചിരുന്ന ഒരു മത്തായിസാറിനെ അറിയാമോ?" -തെല്ല് സംശയത്തോടെയാണ്‌ ഹരിദാസ് ചോദിച്ചത്. കടക്കാരന്റെ മുഖം വിടർന്നു.
'നമുക്ക് പരിചയമില്ലാത്ത ആരാ ഇവിടെയുള്ളത്? ആളിതാ മുൻപിൽ തന്നെയുണ്ടല്ലോ. റോഡിനപ്പുറത്തേക്ക് നോക്ക്"
എന്നിട്ടയാൾ അപ്പുറത്ത് വടിയും കുത്തി തലകുമ്പിട്ടിരിക്കുന്ന വൃദ്ധനെ ചൂണ്ടിക്കാണിച്ചു.
ഹരിദാസിന്‌ അത്ര വിശ്വാസം വന്നില്ല.
"നിങ്ങൾക്കുറപ്പാണോ അത് ഞാൻ പറയുന്ന മത്തായിസാർ തന്നെയാണെന്ന്?"
കടക്കാരന്‌ ആ ചോദ്യം അത്രയ്ക്കങ്ങ് ഇഷ്ടപ്പെട്ടില്ലെന്ന് അയാളുടെ അപ്പോഴത്തെ മുഖഭാവത്തിൽ നിന്ന് വ്യക്തമായിരുന്നു.
"എനിക്ക് കഴിഞ്ഞ പത്തുകൊല്ലമായി അറിയാവുന്ന ആളാണ് നിങ്ങളീപറയുന്ന മത്തായിസാർ. അങ്ങേര്‌ ചായക്കുപകരം ചാരായം കുടിച്ചുതുടങ്ങുന്നതിനു മുൻപേ തൊട്ടേ..ആ എന്നോടാ!!..അവിടെ വെള്ളമടിച്ച് ബോധമില്ലാതെ കിടക്കുന്നയാളുതന്നെയാ നിങ്ങളുടെ മ-ത്താ-യി സാ-റ്" .
അതും പറഞ്ഞ് അയാൾ പുച്ഛത്തോടെ മുഖം തിരിച്ചിട്ട് ഉള്ളിലേക്ക് പോയി , ഒരു സ്ത്രീയുമായി എന്തോ പറഞ്ഞ് തർക്കിക്കുന്നതും കേട്ടു.

"സംശയിക്കണ്ട, അതുതന്നെയാണ് മലയൻപാറ സ്കൂളിൽ പഠിപ്പിച്ചിരുന്ന മത്തായി സാർ."
ആടുത്തിരുന്ന് പത്രം വായിച്ചുകൊണ്ടിരുന്ന ആൾ ഹരിദാസിനോട് പറഞ്ഞു.

അയാൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. മദ്യരഹിതമായ ഒരു നാടിനുവേണ്ടി ഇതേ കവലയിൽ ഘോരഘോരം പ്രസംഗിച്ച പഴയ വിപ്ലവകാരി ഇന്ന് ഇങ്ങനെ..!!
നവവിദ്യാർത്ഥിസമൂഹം രാഷ്ട്രീയ-സാമൂഹിക വ്യവസ്ഥയ്ക്ക് എങ്ങനെ മാതൃകാപരമായ മാറ്റങ്ങളുണ്ടാക്കണം എന്നതിനെപറ്റി അദ്ദേഹം  റോഡിനെതിർവശത്തായി ഇപ്പോൾ ഇടിഞ്ഞുപൊളിഞ്ഞുകിടക്കുന്ന ആ പാർട്ടിഓഫീസിൽ പണ്ട് ക്ലാസ്സെടുത്തത് ഹരിദാസ് ഓർത്തു. താൻ ദൈവത്തെപ്പോലെ ആരാധിച്ചിരുന്ന ആ മനുഷ്യന്റെ അസ്ഥിപഞ്ജരം അതാ റോഡരുകിൽ കുടിച്ച് ലക്കുകെട്ട് നാട്ടുകാരുടെ മുഴുവൻ പരിഹാസപാത്രമായി...!
ഇത് കാണാനാണോ താൻ ഇത്രയും ദൂരം താണ്ടി ഇവിടെയെത്തിയത്?
ഈയവസ്ഥയിൽ ഇദ്ദേഹത്തിന് എങ്ങനെ തന്നെ രക്ഷിക്കാനാവും?
ഇവരെല്ലാം പറയുന്നതുപോലെ അത് തന്റെ മത്തായിസാർ ആവരുതേയെന്ന് ഹരിദാസ് ആഗ്രഹിച്ചു.

ചായക്കടയിൽ കാശുകൊടുത്തിട്ട് ഹരിദാസ് റോഡ് മുറിച്ചുകടന്ന് മത്തായിസാറിന്റെ അരികിലെത്തി.
"സാർ"
അയാൾ മൃദുവായി വിളിച്ചു. വെളുത്ത രോമക്കുറ്റികൾ ഏഴുന്നുനിൽക്കുന്ന തലയുയർത്തി മത്തായിസാർ അയാളെ നോക്കി. ആ കണ്ണുകൾ ഹരിദാസിനുമേൽ ഏതാനും നിമിഷങ്ങൾ നിരർത്ഥകമായൊരു ഭാവത്തോടെ തറച്ചുനിന്നു. എന്നിട്ട് പെട്ടെന്നെന്തോ ഓർത്തതുപോലെ ദൃഷ്ടി പിൻവലിച്ചു.
. "ഉം" താഴേക്ക് നോക്കിയൊന്ന് മൂളി. വടി കഴിയുന്നത്ര ശക്തിയെടുത്ത് വിറയാർന്ന കൈകളാൽ മണ്ണിൽ അമർത്തിക്കുത്തി.
" സാറിനെന്നെ മനസ്സിലായോ?" ആ അവസരത്തിൽ ചോദിക്കേണ്ട എന്ന് കരുതിയിട്ടും ഹരിദാസ് ചോദിച്ചു.
മറുപടിയൊന്നുമുണ്ടായില്ല.

"എന്നെയൊന്ന് എഴുന്നേൽപ്പിക്കെടാ ..എനിക്കെന്റെ വീട്ടില്പോണം " അപ്രതീക്ഷിതമായൊരു ഉത്തരവുണ്ടായി. തന്നെപ്പോലെയൊരാളെ കാത്തിരിക്കുകയായിരുന്നോ അദ്ദേഹം? ഹരിദാസ് മത്തായിസാറിന്റെ ഇടതുകൈപ്പത്തി സ്വന്തം കൈക്കുള്ളിലാക്കി അദ്ദേഹത്തെ പിടിച്ചെഴുന്നേൽപ്പിച്ചു. എല്ലും തോലുമായ ആ ശരീരം വല്ലാതെ തണുത്തിരുന്നു. ഒപ്പം ചാരായത്തിന്റെ മൂക്കടപ്പിക്കുന്ന ഗന്ധവും. --------------------------------------------------------------------------------------------------


***അധ്യായം 2***

ത്തായിസാറിനേയും താങ്ങിപ്പിടിച്ച് അദ്ദേഹത്തിന്റെ വീട്ടിലേക്ക് നടന്നു പോകുമ്പോൾ ആ ഗ്രാമത്തിന്റെ ആത്മാവിലേക്ക് അയാൾ ഒരിക്കൽകൂടി അലിയുകയായിരുന്നു. പ്രതീക്ഷിച്ചത്ര മാറ്റമൊന്നും ആ നാട്ടുവഴിയ്ക്ക് സംഭവിച്ചിരുന്നില്ല. ലോകം മുഴുവൻ ആവലാതിപ്പെടുന്ന നഗരവൽക്കരണത്തിന്റെ കരിപുരണ്ട കൈകൾ ആ ഗ്രാമത്തിലേക്ക് എത്തിനോക്കിയിട്ടുപോലുമില്ല. കവലയിൽനിന്ന് ഏകദേശം ഒരു കിലോമീറ്ററോളം ദൂരമുണ്ട് സാറിന്റെ വീട്ടിലേക്ക്. നീണ്ടുകിടക്കുന്ന ചെമ്മൺപാത ഏകദേശം പകുതിദൂരമാകുമ്പോൾ അല്പം ഉയർന്ന് റെയിൽ പാളങ്ങൾ കടന്ന് വീണ്ടും താഴേക്ക് പോകുന്നു. ആ ഭാഗങ്ങളൊക്കെ ഇപ്പോഴും പഴയതുപോലെ തന്നെ. ഒരു മാറ്റം കണ്ടത് അവിടെ ഇപ്പോൾ ഒരു ലെവെൽ ക്രോസിങ്ങ് ഗേറ്റും കാവൽക്കാരനുമൊക്കെ ഉണ്ടെന്നുള്ളതാണ്.
മത്തായിസാർ അയാളുടെ കൈകളിൽ തൂങ്ങി വേച്ചുവേച്ച് നടന്നു. ഇടയ്ക്ക്  എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു. എങ്ങനെയെങ്കിലും വീട്ടിലെത്തിച്ചിട്ടാവട്ടെ ഇനിയുള്ള സംസാരം എന്ന് ഹരിദാസ് തീരുമാനിച്ചു.

റെയില്പാളങ്ങളിൽ കാലുകൾ സ്പർശിച്ചപ്പോൾ അയാൾ ഒന്ന് നിന്നു.  ചാരായത്തിന്റേയും ഛർദ്ദിയുടേയും രൂക്ഷഗന്ധം ഒരല്പനേരത്തേക്ക് അയാളിൽ നിന്നും അകന്നു. പകരം ഓർമ്മകളുടെ കുളിരാർന്നൊരു സുഗന്ധം അല്പം മടിച്ചു മടിച്ചു അടുത്തുവന്ന് അയാളെ പ്രലോഭിപ്പിച്ചു. സ്കൂളിന്റെ പടിഞ്ഞാറെ വശത്ത് നെഞ്ചുവിരിച്ചുനിന്ന പടുകൂറ്റൻ ഗേറ്റിനിരുവശവും പടർന്ന് പന്തലിച്ചുനിന്നിരുന്ന വാകമരങ്ങളുടെ ചുവന്ന നിഴലുകളിൽനിന്ന് പെറുക്കിയെടുത്ത പൂമൊട്ടുകൾ വീണ്ടും വിടർന്ന് അവിടമാകെ പരക്കുന്നതായി അയാൾക്ക് തോന്നി.
എന്നും താനും തന്റെ പ്രിയ കൂട്ടുകാരൻ ജേക്കബും ഇതുവഴിയാണ് സ്കൂളില്പൊയ്ക്കോണ്ടിരുന്നത്. സ്കൂൾ വിട്ടു വരുന്ന സമയത്ത് എന്നും ഒരു തീവണ്ടി ആ വഴി കടന്നുപോകുമായിരുന്നു. അല്പം കാത്തുനിന്നിട്ടാണെങ്കിലും തീവണ്ടിയിലെ യാത്രക്കാരെ കൈവീശി യാത്രയാക്കിയിട്ടേ ആ കുട്ടികൾ പാളം കടക്കുമായിരുന്നുള്ളൂ. തീവണ്ടി കാണാമെന്നുള്ളതിനേക്കാൾ ആ കാത്തുനിൽപ്പ് മറ്റൊരു കുസൃതി ഒപ്പിക്കാൻ കൂടി വേണ്ടിയായിരുന്നു. ജേക്കബിന്  മിഠായി വാങ്ങിക്കഴിക്കുവാൻ അവന്റെ അപ്പച്ചൻ എല്ലാ ദിവസവും കൊടുത്തുവിടുന്ന ചില്ലറയിൽ നിന്ന് ബാക്കി വച്ച പത്തുപൈസാനാണയം പാളത്തിൽ വച്ചിട്ട് അവർ മാറിനിൽക്കും. തീവണ്ടി കടന്നുപോകുമ്പോൾ ഉരുക്കുചക്രങ്ങൾക്കിടയിൽ പെട്ട് ചതഞ്ഞ് വികൃതമാകുന്ന നാണയങ്ങൾ അവർ ശേഖരിച്ചു വച്ചു. പല രൂപത്തിലും തേഞ്ഞ് അശോകസ്തംഭവും അക്കവും പാതിയും പൂർണ്ണമായും മാഞ്ഞ നാണയത്തുട്ടുകൾ. ചില ദിവസങ്ങളിൽ തീവണ്ടി തന്റെ ജോലി നന്നായി ചെയ്തില്ലെന്ന് തോന്നിയാൽ അതേ നാണയം പിറ്റേ ദിവസം ഒരിക്കൽ കൂടി വച്ച് കൂടുതൽ മെച്ചപ്പെട്ട ഒരു ആകൃതിയിലാക്കിയെടുത്തു. ഒരിക്കൽ ജേക്കബിന്റെ അപ്പച്ചൻ അവന്റെ നാണയശേഖരം കണ്ടുപിടിക്കുകയും അവനെ പൊതിരെ തല്ലുകയും ചെയ്തു. അടി കൊണ്ട് തുടയിൽ ചുവന്ന് ചോരചത്ത പാടുവീണത് പിറ്റേന്ന് ക്ലാസിൽ വച്ച് ജേക്കബ് കാട്ടിക്കൊടുത്തപ്പോൾ തനിക്കും കൂടിയാണല്ലോ അവനാ അടിയെല്ലാം വാങ്ങിക്കൂട്ടിയത് എന്നോർത്ത് വല്ലാത്ത വിഷമം തോന്നി. ഇനി മേലിൽ അത്തരം കുസൃതികൾ വേണ്ട എന്ന് ഇരുവരും തീരുമാനമെടുക്കുകയും ചെയ്തു.
അതൊക്കെ ഇപ്പോൾ ഓർക്കുമ്പോൾ  വെറും കുട്ടിക്കളികൾ. ഹരിദാസിന്റെ മുഖത്ത് അയാളറിയാതെ ഒരു പുഞ്ചിരി ഓർമ്മകളുടെ മേഘപടലങ്ങളിൽ മറഞ്ഞുനിന്നു.

അവർ മുന്നോട്ടുനടന്നു.
ലെവൽക്രോസിന് ഇരുവശത്തുനിന്നും ചില വീടുകളൊക്കെ അപ്രത്യക്ഷമായിട്ടുണ്ട്-പാതയിരട്ടിപ്പിക്കലും മറ്റും വന്നപ്പൊൾ ഒഴിഞ്ഞുപോയതാവാം.
പക്ഷേ കയറ്റമിറങ്ങുമ്പോൾ വലതുവശത്ത് കാടുപിടിച്ചുകിടന്ന ആ പഴയ കൊട്ടാരം ഇന്നും ചില അവശിഷ്ടങ്ങൾ ബാക്കിയാക്കി അവിടെതന്നെയുണ്ട്. പാതയ്ക്കിരുവശങ്ങളിലായി പലയിടത്തും വിഷുക്കാലത്തിന്റെ വരവറിയിച്ചുകൊണ്ട് കൊന്നകൾ സ്വർണ്ണതലമുടിയഴിച്ചിട്ട് നാണം കുണുങ്ങി നിന്നു.കുറച്ചുകൂടി മുന്നോട്ടൂനടന്നപ്പോൾ അടുത്തടുത്ത് പുത്തൻ വീടുകൾ കാണാനായി. ചിലർ വഴിവക്കിലിരുന്ന് ചീട്ടുകളിക്കുന്നുണ്ട്. പരിചിതമായ ഒരു മുഖവും കണ്ണിൽപെട്ടില്ല.അവരാരും റോഡിലേക്കൊന്ന് നോക്കുക പോലും ചെയ്യാതെ കളിയിൽ വ്യാപൃതരായി ഇരിക്കുകയാണ്.
എവിടെയും ചെറിയകുട്ടികളെയൊന്നിനെയും കാണാനില്ല. എല്ലാം വെറുതെ സമയം കൊല്ലുന്ന ചില മധ്യവയസ്കരും വൃദ്ധരും മാത്രം.

അല്പം മുന്നോട്ടുപോയി ഇടത്തോട്ടുതിരിഞ്ഞ്  പച്ചപ്പായൽ മൂടിക്കിടക്കുന്ന ഗണപതികുളവും കഴിഞ്ഞ് രണ്ടാമത്തെ വീടെത്തി. തുരുമ്പു പിടിച്ച ഗേറ്റ് പൂട്ടില്ലാതെ വെറുതേ ചാരിയിരിക്കുകയായിരുന്നു. ഒരു കൈകൊണ്ട് അത് തള്ളിത്തുറന്നപ്പോൾ വിജാഗിരികൾ വല്ലാത്തൊരു ശബ്ദത്തോടെ നിലവിളിച്ചു. വീട് പൂട്ടിയിരിക്കുന്നു. ഹരിദാസ് മത്തായിസാറിനെ താങ്ങിപ്പിടിച്ച് പൂമുഖത്തുകിടന്ന ചാരുകസേരയിലിരുത്തി.
" വീടെത്തിയോടാ.." ബോധം പൂർണ്ണമായും വിട്ടുപോയിട്ടില്ല..
" എത്തി. പക്ഷെ പൂട്ടിയിരിക്കുകയാണ്. സാറിന്റെ കയ്യിലുണ്ടോ താക്കോൽ?" ഹരി ആരാഞ്ഞു.
മറുപടിയായി കസേരയിൽ പിന്നിലേക്ക് ചാഞ്ഞ് മത്തായിസാർ കൈമലർത്തിക്കാണിച്ചു.
ഉണ്ടായിരുന്നെങ്കിൽതന്നെ വരുന്നവഴിക്കോ കവലയിലോ എവിടെയെങ്കിലും വീണുപോയിട്ടുണ്ടാകും.ഇനി ആരെങ്കിലും വരുന്നതുവരെ കാക്കുകതന്നെ. ഹരിദാസ് മത്തായി സാറിരിക്കുന്ന കസേരയുടെ ചുവട്ടിലായി നിലത്ത് ഭിത്തിലേക്ക് ചാരിയിരുന്നു.

ഏത്രയോ തവണ കയറിയിറങ്ങിയിട്ടുള്ള വീടാണ്...

ഒരു ചരിത്രാധ്യാപകൻ മാത്രമായിരുന്നില്ല കുട്ടികൾക്ക് മത്തായിസാർ- അവർക്കെല്ലാം പിതൃതുല്യനായ ഒരു പ്രചോദനം കൂടിയായിരുന്നു. ഒരു രാഷ്ട്രീയ പ്രവർത്തകൻ കൂടിയായിരുന്ന അദ്ദേഹത്തിന്റെ വിപ്ലവാത്മകമായ പ്രസംഗങ്ങൾക്ക് ആ നാട്ടിലെ കൊച്ചുകുട്ടികൾ മുതൽ പടുവൃദ്ധർ വരെ കാതോർത്തിരുന്നു.  ഗാന്ധിസവും വിപ്ലവാത്മകതയും പലപ്പോഴും അദേഹത്തിന്റെ ആഹ്വാനങ്ങളിൽ ഒരേ നാണയത്തിന്റെ രണ്ടുവശങ്ങൾ പോലെ സ്ഫുരിച്ചു നിന്നു. മദ്യനിരോധനം , ശുചിത്വബോധവൽക്കരണം, സ്വയം തൊഴിൽ സംബന്ധമായ പ്രചാരണ പരിപാടികൾ എന്നുവേണ്ട ആ നാടിന്റെ ഓരോ സ്പന്ദനങ്ങളിലും മത്തായിസാറിന്റെ ഹൃദയതാളവും ശ്രുതിചേർന്നുകിടന്നു.
തുച്ഛമായൊരു തുക മാസശമ്പളമായി സ്കൂളിൽ നിന്ന് ലഭിച്ചിരുന്നെങ്കിലും പുരയിടത്തോടു ചേർന്നു കിടന്ന തെങ്ങിൻതോപ്പും പച്ചക്കറിക്കൃഷിയുമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന വരുമാന മാർഗം. പറമ്പിലെ കാര്യങ്ങളൊക്കെ നോക്കിയിരുന്നത് ഗ്രേസിമ്മാമ്മ എന്ന് ആ നാടുമുഴുവൻ സ്നേഹത്തോടെ വിളിച്ചിരുന്ന അദ്ദേഹത്തിന്റെ സഹധർമ്മിണി ആയിരുന്നു. സാറിന് സ്കൂളിൽനിന്ന് കിട്ടുന്ന ശമ്പളം നാട്ടുകാരെ സഹായിക്കാൻ മാത്രമേ തികഞ്ഞിരുന്നുള്ളൂ. താൻ ജീവനോടെയിരിക്കുമ്പോൾ ഒരു കുട്ടിയും സാമ്പത്തികപരാധീനതയുടെ പേരിൽ സ്കൂളിൽ വരാതിരിക്കരുതെന്ന് അദ്ദേഹത്തിന് നിർബന്ധമായിരുന്നു. പുതിയ അധ്യയനവർഷമാകുമ്പോൾ പാവപ്പെട്ട വീടുകളിലെ കുട്ടികൾക്ക് അദ്ദേഹം സ്വന്തം ചിലവിൽ പാഠപുസ്തകങ്ങളും യൂണിഫോമും വാങ്ങിക്കൊടുക്കുമായിരുന്നു. കുട്ടികളും അവരുടെ രക്ഷിതാക്കളും ഒരുപോലെ അദ്ദേഹത്തെ സ്നേഹിച്ചു. ക്ലാസ്സിൽ ഒന്നാമനായിരുന്ന ജേക്കബിനോട് അദ്ദേഹത്തിന് പ്രത്യേക ഒരു വാത്സല്യമുണ്ടായിരുന്നു.പഠിക്കാൻ അത്ര മിടുക്കനല്ലാതിരുന്നിട്ടും  തന്റെ പ്രിയസുഹൃത്തിന്റെ മകനോടുള്ള വാത്സല്യം മൂലം ഹരിദാസിന് അദ്ദേഹം എല്ലാ സഹായവും ചെയ്തു. അവനെ അദ്ദേഹം തന്റെ വീട്ടിൽ വിളിച്ചുകൊണ്ടുപോയി നല്ല ഭക്ഷണം നൽകി, മകൾ എലിസബത്തിന്റെ കളിക്കൂട്ടുകാരനാക്കി, തന്റെ ഭാര്യയ്ക്ക് മനസ്സുനിറഞ്ഞ് സ്നേഹിക്കാൻ ഒരു മകനാക്കി.

അകത്തെ മുറിതുറന്ന് ഗ്രേസിമ്മാമ്മ  'ഡാ ഹരിയേ' എന്ന് നീട്ടിവിളിക്കുന്നതായി തോന്നി അയാൾക്ക്. പാവം, തന്നെ വലിയ ഇഷ്ടമായിരുന്നു. കണ്ടിട്ടുള്ളപ്പോഴൊക്കെ, വിടാതെ പിന്തുടരുന്ന ആത്സ്മയോട് മത്സരിച്ച് ശ്വാസം വിടാൻ ബുദ്ധിമുട്ടി, നീളന്മുടി പിന്നിൽ അലസമായി കെട്ടിവച്ച്, നടുവിനൊരു കൈയും കൊടൂത്ത് മുറ്റത്ത് പണിക്കാരോട് വിശേഷങ്ങളും പറഞ്ഞുകൊണ്ട് നിൽക്കുന്ന അമ്മാമ്മയ്ക്കായിരുന്നു മനസ്സിൽ സ്വന്തം അമ്മയുടെ ഛായ അയാൾ പതിച്ചു കൊടുത്തിരുന്നത്.
 
പെട്ടെന്നൊരുദിവസം സ്നേഹസമ്പന്നനായ സ്വന്തം  അച്ഛൻ കൺമുന്നിൽ വച്ച്  പിടഞ്ഞുമരിച്ചപ്പോൾ ഇളകിമറിഞ്ഞുവീണത് ഒരു പതിനഞ്ചുവയസ്സുകാരന്റെ മനസ്സെന്ന ചീട്ടുകൊട്ടാരമായിരുന്നു. കരയാൻപോലുമാവാതെ ദിശാബോധം നഷ്ടപ്പെട്ട ആ മനസ്സിന്റെ അലര്‍ച്ചകള്‍ മാറ്റൊലികൊണ്ടത് വികലമായ വികാരവിചാരങ്ങളുടെ ചിതാഭസ്മം മണക്കുന്ന ഇടനാഴികളിലായിരുന്നു. അതിനവന് വിലനൽകേണ്ടിവന്നത് മത്തായിസാറിനേയും ഗ്രേസിമ്മാമ്മയേയും പോലെയുള്ള ചുരുക്കം ചില സ്നേഹബന്ധങ്ങളായിരുന്നു. അന്നതൊക്കെ അവന് താനർഹിക്കുന്നതിലും കൂടുതലായി തോന്നി. ഒപ്പം അനാഥത്വം ഏൽപ്പിച്ച വൃണങ്ങളിൽ തിരസ്കാരത്തിന്റെ കത്തികൊണ്ടുള്ള ചിലരുടെ കുത്തിനോവിക്കലുകൾ. പിന്നൊരു ഒളിച്ചോട്ടമായിരുന്നു- ഒരു നിമിഷാർദ്ധം കൊണ്ട് തന്റെ പിന്നീടുള്ള ജീവിതമാകെ മാറ്റിമറിച്ച ഏതോ ഒരു വിഭ്രാന്തിയുടെ ചിറകിലേറി-എന്തിനെന്നറിയാതെ. ഏത്തിപ്പെട്ടത് നഗരത്തിന്റെ നിശാവസ്ത്രം പുതച്ച, കുറ്റകൃത്യങ്ങളും കഞ്ചാവും മയക്കുമരുന്നും മദ്യവും മണക്കുന്ന ഇരുള്വീഥികളിലായിരുന്നു. പിന്നെ വീണ്ടും വർഷങ്ങൾ നീണ്ട പലായനങ്ങൾ. അഴുക്കിൽ നിന്ന് അഴുക്കുചാലുകളിലേക്ക് മനപ്പൂർവ്വവും അല്ലാതെയും അനുസ്യൂതം തുടർന്ന യാത്ര അവസാനിച്ചത് പാപങ്ങളുടെ കഥകൾ മാത്രം പറയാനുള്ള ചുവരുകൾക്കും ഇരുമ്പഴികൾക്കും പിന്നിലായിരുന്നു. ഒടുവിൽ  രണ്ടുവർഷത്തെ ജയിൽ ജീവിതം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ കടുത്ത വിഷാദരോഗം അയാളെ കീഴ്പ്പെടുത്തിക്കഴിഞ്ഞിരുന്നു.

 പുറംലോകം അന്നയാൾക്കൊരു നരകമായിരുന്നു. എവിടേയും അയാളുടെ കാതുകൾ ദീനരോദനങ്ങൾ മാത്രം കേട്ടു. പാതിവെന്ത ശവങ്ങളുടെ ദുർഗന്ധം എപ്പോഴും അയാളുടെ നാസാദ്വാരങ്ങളെ നീറ്റി. എല്ലാം അസ്തമിച്ചുകഴിഞ്ഞു എന്ന് തോന്നിയ വേളയിൽ ഒരു പ്രചോദന സ്രോതസായി അവിചാരിതമായി കടന്നുവന്ന നീലകണ്ഠൻ ഡോക്ടറാണ് ജീവിതത്തിൽ തനിക്കിനിയുമൊരു അവസരമുണ്ടെന്ന് ഹരിദാസിന് മനസ്സിലാക്കിക്കൊടുത്തത്   . അദ്ദേഹമാണ് ആത്മഹത്യയുടെ വക്കിലായിരുന്ന അയാളെ ജീവിതത്തിലേക്ക് തിരികെ കൈപിടിച്ചുയർത്തിയത്. വർഷങ്ങളായി മദം പൊട്ടിയലഞ്ഞ മനസ്സിന്റെ കടിഞ്ഞാൺ അയാൾക്ക് തിരിച്ചുവാങ്ങികൊടൂത്തിട്ട്  സ്നേഹിക്കാൻ മാത്രമറിയുന്ന ആ ദൈവദൂതൻ ഒന്നേ ആവശ്യപ്പെട്ടുള്ളു-' ഇനിയൊരിക്കലും ഇവിടേക്ക് വരാതിരിക്കുക. ഇനി നീയേറ്റവും സ്നേഹിക്കുന്ന ആ പഴയ നാട്ടിലേക്ക് തിരിച്ചുപോവുക. അതാണ് നിനക്ക് സ്വന്തം മനസ്സിന് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ആശ്വാസം'. ആ നിമിഷം ഉറപ്പിച്ചതാണ് ഈ വീട്ടിൽ തിരികെയെത്തണമെന്നത്. വേറെയെവിടെയും തനിക്ക് പോകാനില്ല. മറ്റാരേയും കാണാനുമില്ല. ഇനിയുള്ള ജീവിതം തനിക്കാ സ്നേഹത്തിന്റെ ഊഷ്മളത വീണ്ടൂം അനുഭവിക്കണം. തനിക്ക് മോക്ഷത്തിലേക്കുള്ള വഴി തെളിച്ചുതരാന് തന്റെ പ്രിയപ്പെട്ട ഗുരുനാഥനെങ്കിലും ബാക്കിയുണ്ടാവും എന്ന പ്രതീക്ഷയിലാണ് അയാൾ തിരിച്ചെത്തിയത്.
പക്ഷേ താനേറ്റവും പ്രതീക്ഷയർപ്പിച്ചിച്ചിരുന്ന, ആശ്വസത്തിന്റെ തിരിനാളം ഇതാ ജീർണ്ണിച്ച മനസ്സും മദ്യം തളർത്തിയ ശരീരവുമായി ഒരു സമസ്യയായി മുന്നിൽ ചുരുണ്ടുകിടക്കുന്നു.
------------------------------------------------------------------------------------------------------

***അധ്യായം 3***


ലതവണ മത്തായിസാറിനെ ഉണർത്താനും സംസാരിക്കുവാനും അയാൾ ശ്രമിച്ചു, പക്ഷെ ആ മുഖത്തുനിന്ന് അനുകൂലമായ ഒരു പ്രതികരണവും ഉണ്ടായില്ല. മദ്യത്തിന്റെ ലഹരിയിൽ നിന്ന് അദ്ദേഹം മുക്തനാവുന്നതുവരെ തന്നെ ഗൗനിക്കുമെന്ന് തോന്നുന്നില്ല.
കുറച്ചുസമയം ഹരിദാസ് അവിടെയങ്ങനെ നിലത്തുതന്നെയിരുന്നു. അല്പസമയം കഴിഞ്ഞപ്പോൾ ഒരു ചുവന്ന മാരുതിക്കാർ ആ ഗേറ്റ് കടന്നുവന്നു. വീടിന്റെ വടക്കുവശത്ത് പശുത്തൊഴുത്ത് ഉണ്ടായിരുന്നിടത്ത് ഇപ്പോൾ കാർപോർച്ചാണ്. കാർ അവിടേക്ക് കയറി നിശ്ചലമായി. അതിൽനിന്ന് കറുത്ത കണ്ണട വച്ച് പാന്റും ഷർട്ടുമിട്ട ഒരു ചെറുപ്പക്കാരനും അയാൾക്കുപിന്നാലെ നീലസാരിയുടുത്ത ഒരു യുവതിയും പുറത്തിറങ്ങി. പൂമുഖത്തേക്ക് കയറിയ അയാൾ കണ്ണട മാറ്റിയിട്ട് ഹരിയെ ഒരു നിമിഷം തുറിച്ചുനോക്കി നിന്നു. ഹരി ചാടിയെഴുന്നേറ്റു.

ആഗതന്റെ മുഖത്ത് ഗൗരവം മാറി ഒരു പുഞ്ചിരി തെളിഞ്ഞു. ആ കണ്ണുകൾ തിളങ്ങി.
" ഹരി ..അല്ലേ?"
" അതെ" പക്ഷെ ഹരിദാസിന് ആളെ പിടികിട്ടിയില്ല.
"നിനക്കെന്നെ മനസ്സിലായില്ലേ?..ജേക്കബ്..പുത്തൻവീട്ടിലെ"
ഹരിദാസിന് ആശ്ചര്യം തോന്നി. ജേക്കബ് - തന്റെ പ്രിയ കളിക്കൂട്ടുകാരൻ ജേക്കബ് ഉലഹന്നാൻ . റെയിൽപാളം കടന്നുവന്നപ്പോൾ ഓർത്തതേയുള്ളൂ ഇവന്റെ കാര്യം. നേരിൽ കാണാൻ കഴിയുമെന്ന് പ്രതീക്ഷിച്ചതേയില്ല. അവനിപ്പോൾ വളർന്ന് ഒത്തശരീരവും പൊക്കവുമുള്ള ഒരു പുരുഷനായിരിക്കുന്നു.
"" എവിടെയായിരുന്നു നീ ഇത്രകാലം? എന്താടാ നിനക്കു പറ്റിയത്? താടിയും മുടിയുമൊക്കെ വളർത്തി ഒരു കോലം ആയല്ലോ"
ജേക്കബ് നിറഞ്ഞ ചിരിയോടെ അയാളുടെ കൈകൾ ചേർത്തുപിടിച്ചു.
തൊട്ടുപിറകിൽ പുഞ്ചിരിച്ചുകൊണ്ടുനിന്ന യുവതിയെ തിരിച്ചറിയാൻ ഹരിദാസിന് പിന്നെ കഷ്ടപ്പെടേണ്ടിവന്നില്ല.
" ശൈലജാ..നീ...
...അതുശരി അപ്പോൾ നിങ്ങൾ കല്യാണം കഴിച്ചു അല്ലേ?..നന്നായി!" ഹരിദാസ് വളരെ സന്തോഷത്തോടെയാണത് പറഞ്ഞത്.
"അതെ ഹരീ..നിനക്കറിയാമല്ലോ സ്കൂൾതലം മുതലേയുള്ള ഞങ്ങളുടെ കൂട്ട്. സ്കൂളും കോളേജും കഴിഞ്ഞ് ജീവിതത്തിലേക്കും ഇവൾ വന്നു എനിക്ക് കൂട്ടായിട്ട്." അതും പറഞ്ഞ് ജേക്കബ് തൊട്ടുപിന്നിൽ നിന്നിരുന്ന ശൈലജയുടെ തോളിലേക്ക് കൈയിട്ട് ചേർത്ത് പിടിച്ചു. അയാളുടെ മുഖത്ത് തുടിച്ചുനിന്ന അഭിമാനം ഹരിദാസ് ശ്രദ്ധിച്ചു.ഒപ്പം ശൈലജയുടെ കണ്ണുകൾ നിറഞ്ഞതായി തോന്നി.
" നീയെന്താ ഇവിടെ? സാറിനെ കാണാൻ വന്നതാണോ?" അയാൾ ചോദിച്ചു.
"അതുശരി..അപ്പോൾ നീ കാര്യമൊന്നും അറിഞ്ഞില്ലേ?" ജേക്കബ് ഇടം കണ്ണിട്ട് ചാരുകസേരയിൽ തളർന്നുകിടക്കുന്ന മത്തായിസാർ വല്ലതും കേൾക്കുന്നുണ്ടോ എന്ന് എത്തിനോക്കി. എന്നിട്ട്  മുറ്റത്തൊരു വശത്തായി പന്തലിച്ചുനിൽക്കുന്ന ഇരുമ്പൻപുളിമരത്തിന്റെ ചുവട്ടിലേക്ക് ഹരിദാസിനെ കൂട്ടിക്കൊണ്ടുപോയി.
" ഞാൻ കരുതി നീ എല്ലാം അറിഞ്ഞുകൊണ്ടുള്ള വരവാണെന്ന്... എടാ ഈ വീടും പറമ്പും എന്റെയാ ഇപ്പോൾ" ജേക്കബ് അതുപറഞ്ഞ്പ്പോൾ ഹരിയ്ക്ക് വിശ്വസിക്കാനായില്ല. " നീ എന്താ ഈ പറയുന്നത്? മത്തായിസാർ ഇതൊക്കെ നിനക്കു വിറ്റോ? എന്നിട്ട് ഞാനിങ്ങോട്ടുകൊണ്ടുവന്ന് ഇരുത്തിയിട്ട് അദ്ദേഹം എന്നോടൊന്നും പറഞ്ഞില്ലല്ലോ?"

പിന്നീട് ജേക്കബ് പറഞ്ഞതൊക്കെ അമ്പരപ്പിക്കുന്ന കഥകളായിരുന്നു.

ആസ്ത്മയും പ്രമേഹസംബന്ധമായ അസുഖങ്ങളും കൊണ്ട് അടിക്കടി തളർന്നുകൊണ്ടിരുന്ന ഗ്രേസിമ്മാമ്മ ഏകമകൾ എലിസബത്തിന്റെ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയായിക്കഴിഞ്ഞയുടനെതന്നെ ദൈവത്തിങ്കൽ നിദ്രപ്രാപിച്ചു. മകളെ ഒരു ഡോക്ടറായിക്കാണണമെന്ന തന്റെ ഭാര്യയുടെ ആഗ്രഹത്തിന്റെ പേരിൽ എലിസബത്തിനെ ഒരു ബന്ധുമുഖേന മത്തായിസാർ അമേരിക്കയിലേക്കയച്ചു. അവിടെ വളരെ നല്ല നിലയിൽ പഠിച്ചുകൊണ്ടിരുന്ന മകൾ ഒരു അന്യമതക്കാരൻ ചെറുപ്പക്കാരനുമായി അടുപ്പത്തിലാണെന്നറിഞ്ഞപ്പോഴും അദ്ദേഹം എതിർത്തില്ല. കല്യാണം കഴിഞ്ഞ് കുറേവർഷത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ മകളല്ലേ -എല്ലാറ്റിലും വലുത് അവളുടെ സന്തോഷം തന്നെയായിരുന്നു . ഇരുവരും നാട്ടിൽ വന്നപ്പോൾ നാട്ടുകാരെയെല്ലാം അറിയിച്ച് മംഗളമായി വിവാഹം നടത്തിക്കൊടുത്തു.

വീട്ടിൽ ഒറ്റയ്ക്കായിപ്പോയെങ്കിലും സ്കൂളിലെ കുട്ടികളും സഹപ്രവർത്തകരും നിത്യവും ഫോൺവിളിക്കാറുള്ള മകളും മരുമകനും എല്ലാം കൂടി മത്തായി സാർ വളരെ സന്തോഷവാനായിരുന്നു.പക്ഷെ ആ സന്തോഷം മൂന്നുവർഷത്തോളമേ നീണ്ടുനിന്നുള്ളൂ. ജീവിതത്തിലെ ദുരന്തപർവ്വത്തിന്റെ തുടക്കമായി പെട്ടെന്നൊരു രാത്രിയിൽ മകളുടെ മരണവാർത്ത അദ്ദേഹത്തെ തേടിയെത്തി- വാഹനാപകടമായിരുന്നു. എലിസബത്തിന്റെ ശവശരീരവും കൊണ്ട് നാട്ടിലെത്തിയ മരുമകൻ പിന്നെ തിരിച്ചു അമേരിക്കയ്ക്കു പോയില്ല.
മകളുടെ മരണമേൽപ്പിച്ച ആഘാതത്തിൽനിന്ന്  മുക്തനാകാൻ അദ്ദേഹത്തെ സഹായിച്ചത് മരുമകന്റെ സ്നേഹമസൃണമായ പെരുമാറ്റവും സ്കൂളിലെ കുട്ടികളുമായിരുന്നു. ഉദ്യോഗത്തിൽനിന്നും വിരമിച്ചതിനുശേഷവും അദ്ദേഹം സ്കൂളുമായി ബന്ധം പുലർത്തി. വാർദ്ധക്യസഹജമായ അസുഖങ്ങൾ അപ്പോഴേ മത്തായിസാറിനെ വല്ലാതെ അലട്ടിയിരുന്നു. മരുമകൻ ഭാര്യാപിതാവിനേയും ശുശ്രൂഷിച്ച് ഇവിടെത്തന്നെയായിരുന്നു കുറേ നാൾ. പിന്നീട് ബിസിനസ്സ് ആവശ്യത്തിനായി അയാൾ തന്റെ സ്വന്തം നാട്ടിലേക്ക് തിരികെപോയപ്പോഴും സാറിനെ നിർബന്ധിച്ച് കൂടെ കൊണ്ടുപോയി. മകൾ പോയെങ്കിലെന്താ സാറിന് അതിന്റെ കുറവ് മരുമകൻ നികത്തുന്നുണ്ടല്ലോ എന്ന് അന്നാട്ടിലെ അഭ്യുദയകാംക്ഷികൾ ആശ്വസിച്ചു.  അവർ പോയി ഏതാനും മാസങ്ങൾ കഴിഞ്ഞ് ആ വീടും പുരയിടവും വിൽക്കാനുണ്ടെന്നറിഞ്ഞപ്പോൾ തന്റെ അമ്മച്ചിയുടെ പേരിൽ ഉണ്ടായിരുന്ന കുറച്ചു സ്വത്ത് വിറ്റതും പിന്നെ സഹകരണബാങ്കിൽനിന്ന് ലോണായികിട്ടിയതുമൊക്കെ വച്ച്  അത് വാങ്ങിയതിനു പിന്നിൽ ജേക്കബിന് മത്തായിസാറിനോടും ആ വീടിനോടും ഉണ്ടായിരുന്ന പ്രത്യേക താല്പര്യം തന്നെയായിരുന്നു പ്രധാനകാരണം. ബ്ലോക്കോഫീസിലുള്ള ചെറിയ ജോലികൊണ്ട് കൂട്ടിയാൽ കൂടാത്തതായിരുന്നു ആ കച്ചവടം എങ്കിലും അതോടെ ശൈലജയുടെ അച്ഛന് ജേക്കബിനോടുള്ള മതിപ്പ് വർദ്ധിക്കുകയും അതുവരെ എതിർത്തിരുന്ന ബന്ധത്തെ അംഗീകരിച്ച് നിറഞ്ഞമനസ്സോടെ മകളെ കൈപിടിച്ചുകൊടുക്കുകയും ചെയ്തു.
 അവരവിടെ താമസം തുടങ്ങി രണ്ടുവർഷത്തോളം കഴിഞ്ഞുകാണും, പെട്ടെന്നൊരു ദിവസം മത്തായിസാർ വീണ്ടും ആ നാട്ടിൽ പ്രത്യക്ഷപ്പെട്ടു. ആളാകെ മാറിയിരുന്നു- മദ്യവും വ്യാധികളും തളർത്തിയ ശരീരം. എപ്പോഴും ദുഖം നിഴലിട്ട മുഖം. പരസ്പരബന്ധമില്ലാത്ത സംസാരം. ചിരി എന്നത് ആ മുഖത്ത് ഒരു നിഴലായിപ്പോലും കാണാനുണ്ടായിരുന്നില്ല.

മരുമകൻ വീണ്ടും കല്യാണം കഴിച്ചെന്നും പുതിയ ഭാര്യ അദ്ദേഹത്തെ വീട്ടിൽനിന്ന് പുറത്താക്കിയതാണെന്നുമൊക്കെ നാട്ടിൽ വാർത്ത പരന്നു.ഒരു വർഷത്തോളം ഏതോ വൃദ്ധസദനത്തിലായിരുന്നു. അവിടെനിന്ന് എങ്ങനെയോ തിരികെ എത്തിപ്പെട്ടതാണ് . സ്വന്തം വീട് നഷ്ടപ്പെട്ടതുപോലും അദ്ദേഹം അറിയുന്നത് നാട്ടിൽ തിരികെയെത്തിയപ്പോഴാണ്.
അതിനെപ്പറ്റി ചോദിച്ചാൽ മത്തായിസാർ ഒന്നും പറയാതെ തലകുമ്പിട്ടിരിക്കുകയേ ഉള്ളൂ. ആദ്യം തോന്നിയ സഹതാപം നാട്ടുകാർക്കിടയിൽ പിന്നീട് പുച്ഛവും അവജ്ഞയുമൊക്കെയായി മാറി. പഴയ ശിഷ്യന്മാർ പലരും മത്തായിസാറിന് ഒരു നേരം ഭക്ഷണം വാങ്ങിക്കൊടുത്തില്ലെങ്കിലും ആവോളം ചാരായം വാങ്ങിക്കൊടുത്ത് ഗുരുദക്ഷിണ എന്ന കടം വീട്ടി. ഏവരാലും വെറുക്കപ്പെട്ടവനായി ഒരു പിണമായിമാറിത്തുടങ്ങിയിട്ടും ജേക്കബും ശൈലജയും മാത്രം അദ്ദേഹത്തെ കൈവെടിഞ്ഞില്ല. മനപ്പൂർവമല്ലെങ്കിലും, ആ വീട് വാങ്ങുകവഴി അദ്ദേഹത്തിന്റെ ദുരവസ്ഥയിൽ താനും ചെറിയൊരു കാരണമായതിൽ ജേക്കബിന് അഗാധമായ കുറ്റബോധം ഉണ്ടായിരുന്നു. പക്ഷെ മത്തായിസാർ അതൊന്നും ജേക്കബിനോട് ചോദിക്കുകയോ അറിഞ്ഞതായിപ്പോലും ഭാവിക്കുകയോ ചെയ്തില്ല. മിക്കവാറും ദിവസങ്ങളിൽ അദ്ദേഹം ആ പടികടന്നു വന്നു, ജേക്കബും ശൈലജയും പൂർണ്ണമനസ്സോടെ തങ്ങളുടെ പ്രിയഗുരുനാഥന് ഭക്ഷണം വിളമ്പി.പക്ഷെ ഒരിക്കല്പോലും അവരോട് അദ്ദേഹം ആ പഴയ വാത്സല്യത്തോടെ സംസാരിച്ചില്ല. ഉപദേശിക്കാനുള്ള അവരുടെ ശ്രമങ്ങളൊക്കെ വൃഥാവിലാവുകയും ചെയ്തു. സ്വന്തം വീടായിരുന്നപ്പോഴത്തെ അതേ അധികാരത്തോടെ ആ പൂമുഖത്തെ ചാരുകസേരയിൽ മത്തായിസാർ നീണ്ടുനിവർന്നു കിടന്നു. ചിലദിവസങ്ങളിൽ അദ്ദേഹം അവിടെത്തന്നെ കിടന്നുറങ്ങി, മറ്റുചിലപ്പോൾ ഷാപ്പിൽ, അല്ലെങ്കിൽ കടത്തിണ്ണയിൽ.

ഹരിദാസ് ഇതെല്ലാം കേട്ട് തരിച്ചിരുന്നു പോയി. ഗ്രേസിമ്മാമ്മ, എലിസബത്ത്, മരിച്ചുജീവിക്കുന്ന മത്തായിസാർ...വീണ്ടും മരണം മരണം..മരണം മാത്രം. ഏന്താണ് എനിക്ക് ചുറ്റുമുള്ളവർക്കെല്ലാം ഇങ്ങനെ. എത്രയോ വർഷങ്ങളായി മരണത്തിന്റെ ചെകുത്താന്മാർ തന്റെ ചുറ്റിലും നിന്ന് പലരൂപത്തിലും ഭാവത്തിലും ആർത്തട്ടഹസിച്ച് തന്നെ വെല്ലുവിളിക്കുന്നു. അയാളുടെ ജീവിതത്തിന്റെ പ്രത്യയശാസ്ത്രങ്ങളിൽ എന്നും മരണത്തിന്റെ കാൽപ്പാടുകൾ അയാളറിയതെതന്നെ ഒരു ശിലാഫലകത്തിലെന്നപോലെ ഉറച്ചുകിടന്നിരുന്നു. ഉപരിതലം മറച്ചുതുടങ്ങിയ പായൽ നീക്കി അവ വീണ്ടും അനാവൃതമാവുകയാണോയെന്ന് അയാൾ ഭയന്നു.

--------------------------------------------------------------------------------------------------


***അധ്യായം 4***

രിദാസ് മുറ്റത്തുനിന്ന് പൂമുഖത്തേക്ക് നോക്കി. മത്തായിസാർ ചാരുകസേരയിൽ തലചരിച്ചുവച്ച് നല്ല ഉറക്കത്തിലാണ്. അദ്ദേഹത്തിന്റെ കടവായിൽനിന്ന് ഒഴുകിവരുന്ന ചുവന്നുകൊഴുത്ത ദ്രാവകം നിലത്ത് വീണത് ഒരു തുണികൊണ്ട് ശൈലജ തുടയ്ക്കുന്നത് അയാൾ കണ്ടു. ലോകം മുഴുവൻ എതിർത്തിട്ടും അദ്ദേഹത്തെ ഇന്നും സ്നേഹിക്കുന്ന, സ്വന്തം പിതാവിനെയെന്നപോലെ പരിചരിക്കുന്ന ആ ദമ്പതികളോട് ഹരിദാസിന് എന്തെന്നില്ലാത്ത ബഹുമാനം തോന്നി.
തന്റെ സുഹൃത്തായ ഒരു ഡോകടറിന്റെ സഹായത്തോടെ മത്തായിസാറിനെ ചികിൽസിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് ജേക്കബ് പറഞ്ഞു. പക്ഷെ ഇനിയീ ലോകത്തേക്ക് തിരിച്ചുവന്നാലും അദ്ദേഹം എങ്ങനെ ജീവിക്കും എന്നയാൾക്ക് നിശ്ചയമില്ല , കാരണം മത്തായിസാറ് ചോരനീരാക്കി പരിപാലിച്ചു പോന്നിരുന്ന ആ സ്കൂൾ കുട്ടികളുടെ കുറവുമൂലം അടഞ്ഞുകഴിഞ്ഞു. അദ്ദേഹത്തിനെ എത്രകാലം വേണമെങ്കിലും പരിചരിക്കാൻ തങ്ങൾ ഒരുക്കമാണ്. പക്ഷെ അതദ്ദേഹം എങ്ങനെ സ്വീകരിക്കുമെന്നും അറിയില്ല.

ജേക്കബ് അപ്പോഴും തന്റെ ബാല്യകാല സുഹൃത്തിനോട് വിശേഷങ്ങൾ ആരായുകയും സ്വന്തം വിശേഷങ്ങൾ പങ്കുവയ്ക്കുകയും ചെയ്തുകൊണ്ടിരുന്നു. ഹരിദാസ് പക്ഷെ അയാളോട് തന്റെ പൂർവ്വചരിത്രം അധികമൊന്നും വിസ്തരിച്ചില്ല. അയാൾ തന്നെ കുറ്റപ്പെടുത്തും എന്നതുകൊണ്ടല്ല, മറിച്ച് അതുകൊണ്ട് എന്തെങ്കിലും ഗുണമുള്ളതായി തോന്നിയില്ല. അന്നവിടെ തങ്ങണമെന്നുള്ള ജേക്കബിന്റേയും ശൈലജയുടേയും സ്നേഹപൂർണ്ണമായ അപേക്ഷയെ അയാൾക്ക് നിഷ്കരുണം തള്ളിക്കളയേണ്ടിവന്നു. തിരികെപ്പോയിട്ട് അത്യാവശ്യം ചില കാര്യങ്ങളൂണ്ട് എന്നൊരു കള്ളം പറഞ്ഞ് അയാൾ അവിടെ നിന്നും ഇറങ്ങി.

തിരികെ നടക്കുമ്പോൾ പാതയാകെ ഇരുട്ടുപരന്നുതുടങ്ങിയിരുന്നു. രാവിന്റെ പദചലങ്ങൾ പ്രതീക്ഷിച്ചതിലും വേഗത്തിലായിരിക്കുന്നു. ക്ഷേത്രത്തിൽ നിന്നും ഉച്ചഭാഷിണിയിലൂടെ ഒരു ഭക്തിഗാനം ഒഴുകിയെത്തുന്നുണ്ട്. റെയിൽവേഗേറ്റിനടുത്തെത്തിയപ്പോൾ അയാൾ ഒന്ന് നിന്നു. എന്നിട്ട് ചുറ്റും നോക്കി. അടുത്തെങ്ങും ഒരു വീട്ടിലും പ്രകാശം ഉണ്ടായിരുന്നില്ല. പാളങ്ങളിലേക്ക് കയറുന്ന പാതയുടെ ഇടത്തുവശത്ത് താഴേക്ക് ക്ഷേത്രത്തിലേക്ക് പോകാനുള്ള ഒരു ഇടവഴിയുണ്ടായിരുന്നത് ഇപ്പോഴും അങ്ങനെതന്നെ അവിടെയുണ്ട്. അയാൾ അവിടേയ്ക്കിറങ്ങി അല്പദൂരം മുന്നോട്ടുപോയി. പക്ഷെ ആ വഴി ഒരു മുള്ളുവേലിയക്ക്ടുത്ത് അവസാനിച്ചു. വെറുതയല്ല ഉത്സവമായിട്ടും തുവഴി ഇപ്പോൾ ആളനക്കമൊന്നും ഇല്ലാത്തത്!
ഹരിദാസ് എന്തുചെയ്യണമെന്നറിയാതെ ഒരു നിമിഷം അവിടെ നിന്നു. റെയിൽപാളങ്ങൾ കടന്ന് നടന്നാൽ ക്ഷേത്രത്തിലെത്താൻ കഴിയും. പക്ഷേ വേണോ? അതോ കവലയിൽചെന്ന് ബസിൽ കയറി തിരിച്ചു പോയാലോ? സ്വയം സൃഷ്ടിച്ചെടുത്ത ആശയക്കുഴപ്പത്തിൽ അയാൾ അകപ്പെടുകയായിരുന്നു. നാലുവശത്തുനിന്നും ഇരുട്ടിന്റെ ആത്മാക്കൾ കറുത്ത ചിറകുകൾ വീശി അയാളിലേക്ക് പറന്നുവന്നുകൊണ്ടിരുന്നു.

അയാൾ മുകളിൽ റെയിൽപാളങ്ങളിലേക്ക് നടന്നുകയറി. ഗേറ്റിനടുത്തുള്ള വഴിവിളക്കിൽ നിന്നും ബഹിർഗമിക്കുന്ന നേരിയ പ്രകാശത്തിൽ അയാളുടെ മുന്നിൽ തിളങ്ങുന്ന ഉരുക്കുപാളങ്ങൾ ദൂരെ ഇരുട്ടിലേക്ക് നീണ്ടുനിവർന്നുകിടന്നു.
ക്ഷേത്രത്തിലെ ഉച്ചഭാഷിണി നിലച്ചുവെന്ന് തോന്നുന്നു; പൂജാസമയമായിരിക്കും. ദൂരെയൊരു മണികിലുക്കം കേൾക്കുന്നുണ്ട്. അയാൾ കാതുകൂർപ്പിച്ചു..അല്ല മണിയൊച്ചയല്ല, മറ്റെന്തോ ആണ്. വളരെ പരിചയമുള്ള മ്റ്റൊരു ശബ്ദമാണത്. വീണ്ടും ശ്രദ്ധിച്ചു- റെയില്പാളത്തിലേക്ക് ആരോ പത്തുപൈസത്തുട്ടുകൾ വിതറുന്നതുപോലെ!!! അവ മുത്തുപൊഴിയുന്നതുപോലെ ഉരുക്കിന്റെ തിളക്കമുള്ള പ്രതലത്തിൽ വീഴുമ്പോഴാണ് ആ മധുരശബ്ദം ഉണ്ടാവുന്നത്. ആ ശബ്ദം അയാളെ മത്തുപിടിപ്പിച്ചു. ശരീരമാസകലം ഒരു കുളിരനുഭവപ്പെട്ടു. ആ ശബ്ദത്തിലേക്ക് കൂടുതൽ എത്താൻ അയാൾ വെമ്പി. തോളിൽകിടന്ന തുകൽസഞ്ചി ഊരി നിലത്തുവച്ചു. എന്നിട്ട് അവിടെയിരുന്ന് അയാൾ പാളത്തിലേക്ക് ചെവിയമർത്തി. വല്ലാത്ത തണുപ്പു തോന്നി. എങ്കിലും ഇപ്പോൾ ആ മധുരശബ്ദം കൂടുതൽ ഉച്ചത്തിൽ കേൾക്കാം. അയാളുടെ രോമകൂപങ്ങൾ വരെ എഴുന്നേറ്റുനിന്നു. സന്തോഷം അയാളുടെ കണ്ണൂനനയിച്ച് ഒരു തുള്ളി ഉരുക്കിന്റെ തണൂപ്പിൽ വീണ് ഒഴുകിപ്പരന്ന് ഇല്ലാതെയായി. ആ നിർവൃതിയിൽ അയാൾ സ്വയം മറന്നു.
ഏതാനും നിമിഷങ്ങളങ്ങനെ കഴിഞ്ഞപ്പോൾ പാളത്തിലൂടെ എന്തോ ഒരു തരിപ്പ് ഇരച്ചുവരുന്നതുപോലെ തോന്നി. അയാൾ ദൂരേയ്ക്ക് ദൃഷ്ടി പായിച്ചു- ദൂരെനിന്ന് ഒരു വലിയ പ്രകാശഗോളം തനിക്കുനേരേ പാഞ്ഞുവരുന്നത് അയാൾ കണ്ടു. ഒപ്പം നാണയത്തുട്ടുകളുടെ കിലുക്കവും പാളത്തിലെ തരിപ്പും ക്രമേണ കൂടിക്കൂടിവന്നു.

നിർവികാരതയുടെ ശൂന്യതയിലേക്ക് അയാൾ കണ്ണുകൾ ഇറുക്കിയടച്ചു.

Tuesday, May 3, 2011

ഉയർത്തെഴുന്നേല്പ്പ്


ടവപ്പാതി തൊട്ടുനനച്ച ഒരു വൈകുന്നേരം. അലസമായ ചിന്തകളെയും കെട്ടിപ്പിടിച്ച് ഞാൻ പുതപ്പിനടിയിൽ ചുരുണ്ട് കിടക്കുകയായിരുന്നു.

"അജയാ..."
ആരോ നീട്ടിവിളിക്കുന്നതു കേട്ട് ഞാൻ ചിന്തകളിൽ നിന്നുണർന്നു. കട്ടിലിൽ നിന്നെഴുന്നേറ്റ്  പൂമുഖത്തേക്ക് ചെന്നു.
മഴ അപ്പോഴും ഒരു ചെറുമൂളലോടെ ചാറുന്നുണ്ടായിരുന്നു. വീടിനു മുൻപിൽ ആരേയും കാണാഞ്ഞതുകൊണ്ട് ഞാൻ മുറ്റത്ത് തെക്കുവശത്തേക്കിറങ്ങി അയൽക്കാരാരെങ്കിലും വന്നു നില്പുണ്ടോ എന്ന് നോക്കി- ആരേയും കണ്ടില്ല..

വെറുതെ തോന്നിയതാവും, അല്ലാതെ ആരാ ഇപ്പോൾ ഇങ്ങോട്ടേക്ക് വരാൻ?

അപ്പോൾ ഞാൻ കേട്ടതോ?
ഒരു പെൺശബ്ദം എന്നെ പേരുചൊല്ലി വിളിക്കുന്നത് ഞാൻ കേട്ടതാണ്.

മഴയുടെ മേളപ്പദക്കങ്ങൾക്കിടയിലും അപ്പുറത്തെ വീട്ടിലെ റേഡിയോയിൽ നിന്നും ഒഴുകിവന്ന ഗന്ധർവ്വനാദം ഞാൻ കേട്ടു. ആ പഴയ പ്രണയഗാനം.

പെട്ടെന്ന് മുറ്റത്ത് വീണ്ടും ഒരു ആളനക്കം.
ഞാൻ വേഗം ഓടിചെന്നു.
നനഞ്ഞ് കുളിച്ച ശരീരവുമായി ഒരു പെൺകുട്ടി ഇറയത്ത് കയറി നിൽക്കുന്നു.നനഞ്ഞ മുടിയിഴകൾക്ക് പിന്നിൽ അവളുടെ മുഖം മറഞ്ഞിരുന്നു. കറുപ്പിൽ ചുവന്ന പൊട്ടുകളുള്ള നീളൻ പാവാടയുടെ കസവ് പതിച്ച തുമ്പ് നിലത്ത് നനഞ്ഞമണ്ണിൽ ഇഴഞ്ഞു. ഞാൻ അടുത്തേക്ക് ചെന്നപ്പോൾ അവൾ മുഖമുയർത്തി നോക്കി. ഇരുണ്ട നിറമുള്ള ഒരു മൂക്കുത്തിക്കാരി. ഒട്ടും പരിചയമില്ലാത്ത മുഖം.

ഞാൻ ചുറ്റുമൊന്ന് കണ്ണോടിച്ചതിനു ശേഷം ചോദിച്ചു " ആരാ, മനസ്സിലായില്ല"
"എന്താ മാഷേ പേടിച്ചുപോയോ, ഞാൻ യക്ഷിയും പ്രേതവുമൊന്നുമല്ല"  അതും പറഞ്ഞ് അവൾ ഉറക്കെ ചിരിച്ചു.

"പിന്നെന്തിനാ യക്ഷിയെപ്പോലെ ചിരിക്കുന്നത്?" -അപ്പോൾ അങ്ങനെ ചോദിക്കാനാണ്‌  എനിക്ക്  തോന്നിയത്.

"അതെന്നെയൊന്ന് പ്രശംസിച്ചതാണെന്ന് ഞാൻ വിചാരിച്ചോട്ടെ" അതും പറഞ്ഞ് അവൾ കുറച്ചുകൂടി അടുത്തേക്ക് നീങ്ങിനിന്നു.

എന്നെ അറിയാവുന്ന ആരെങ്കിലും ആയിരിക്കണം. അല്ലെങ്കിൽ ആദ്യം കണ്ടപ്പോൾ തന്നെ ഒട്ടും കൂസലില്ലാതെ ഇങ്ങനെ സംസാരിക്കില്ലല്ലോ.. പക്ഷേ ഞാൻ കണ്ടിട്ടുള്ളതായിട്ട് ഓർക്കുന്നതേയില്ല.

അവൾ നനഞ്ഞ് തണുത്ത് വിറയ്ക്കുന്നുണ്ടായിരുന്നു. കയ്യിൽ ഇരുന്ന ബാഗ് നെഞ്ചത്തടക്കിപ്പിടിച്ച് ആകാശത്തേക്ക് നോക്കി, ഈ മഴ എപ്പോൾ തീരും എന്ന ഭാവത്തിൽ ഒരു ദീർഘനിശ്വാസം.

"അല്ല മാഷേ, ഈ വീട്ടിൽ നിങ്ങളല്ലാതെ മറ്റാരുമില്ലേ?" ഞങ്ങൾക്കിടയിൽ ഉറഞ്ഞുകൂടി വന്ന മൗനം അവളായിട്ടുതന്നെ തകർത്തു.

"ഇതു വഴി പോകുമ്പോഴൊന്നും ആരുടേയും അനക്കമൊന്നും കേൾക്കാറില്ല, അതുകൊണ്ട് ചോദിച്ചതാ."

ഞാൻ ഒന്നും മറുപടി പറഞ്ഞില്ല. 

"എന്താ പേര്‌?"  -ഞാൻ ഒരു സൗഹൃദസംഭാഷണത്തിന്‌ തുടക്കം കുറിക്കാൻ ശ്രമിച്ചു.

"പേരയ്ക്ക" ഉടനെ വന്നു മറുപടി- ഒപ്പം വീണ്ടും യക്ഷിച്ചിരി.

"ഓഹോ! നിന്റെ വീട്ടിലെ പെൺകുട്ടികൾക്ക് ഇങ്ങനെയൊക്കെയാണോ പേര്‌? പറയ് വേറെ ആരൊക്കെയുണ്ട് അവിടെ? ..പപ്പായ, കോവയ്ക്ക,..ഹും" എനിക്ക് അരിശം തോന്നി. അങ്ങനെയൊന്നും വേഗം ഇണങ്ങുന്ന ഇനമാണെന്ന് തോന്നുന്നില്ല.

"ഞാൻ കുടയെടുത്തോണ്ട് വരട്ടെ? ഈ മഴ ഇപ്പോഴൊന്നും തോരുമെന്ന് തോന്നുന്നില്ല. സന്ധ്യയാകുന്നതിനു മുൻപേ വീട്ടിലെത്ത്" -ഒരു സഹായം വാഗ്ദാനം ചെയ്യുന്ന മട്ടിൽ ഞാൻ പറഞ്ഞു.

"എന്തിനാ മാഷേ കുട? ഈ മഴ ഇത്ര തണുപ്പിച്ച് പെയ്യുന്നത് തന്നെ നമുക്കൊക്കെ അതിൽ നനയാനല്ലേ?"

"പിന്നെന്തിനാ നീ ഇവിടെ കയറി നിൽക്കുന്നത്? നനഞ്ഞ് പോകാമായിരുന്നില്ലേ?" -എനിക്ക് ക്ഷമ കെട്ടു തുടങ്ങി.

"ആകെ ചോദ്യങ്ങളാണല്ലോ?" അവൾ പുഞ്ചിരിയോടെ മുഖം തിരിച്ചു. 

അവളുടെ പുഞ്ചിരി എന്നെ കൂടുതൽ അസ്വസ്ഥനാക്കി.

"പിന്നല്ലാതെ, തണുപ്പും ആസ്വദിച്ച് സുഖമായിട്ടൊന്ന് ഉറങ്ങാൻ കിടന്നപ്പോൾ നീയല്ലേ എന്നെ വിളിച്ചുണർത്തിയത്? എന്നിട്ടിപ്പോ.."

"ആര്‌? ഞാൻ വിളിച്ചെന്നോ? ഞാൻ എന്തിന്‌ മാഷെ വിളിക്കണം? " - അവൾ ഒന്നും അറിയാത്തതുപോല.

അജയാ എന്ന് ഒരു സ്ത്രീശബ്ദം നീട്ടിവിളിച്ചത് ഞാൻ വ്യക്തമായി കേട്ടതാണ്‌. ഇവൾ കള്ളം പറയുകയാണ്‌.

പെട്ടെന്ന് ശക്തമായ ഇടിയും മിന്നലും വന്നു.
ഒരു ഞെട്ടലോടെ അവൾ കാതുകൾ പൊത്തിപ്പിടിച്ചു. ഒരു കയ്യിൽ നനഞ്ഞ കറുത്ത ബാഗ് തൂങ്ങിക്കിടന്നു. ഒരു നിമിഷം കണ്ണുകൾ ഇറുക്കിയടച്ച് അവൾ നിന്നു. നനഞ്ഞ മുടി അവളുടെ കഴുത്തിലും കവിളിലുമൊക്കെ ചിതറിക്കിടന്നു. അവൾ പാവാട തെല്ലൊന്നുയർത്തി മണ്ണ് കുടഞ്ഞ് കളയാൻ ശ്രമിച്ചു. അപ്പോൾ അവളുടെ വെള്ളിപ്പാദസരങ്ങൾ ഞാൻ കണ്ടു.

" ചേറിലും ചെളിയിലുമൊക്കെ കിടന്നു മറിഞ്ഞതുപോലെയുണ്ട്" ഞാൻ കളിയാക്കി. 
"ഹും..അല്ലാതെ മാഷിനെപോലെ ഒരിടത്ത് കുത്തിയിരുന്ന് ഒരു പേനയും പേപ്പറും കിട്ടിയാൽ ചെയ്ത് തീർക്കാവുന്ന പണിയാണോ എന്റേത്?" 

അവളുടെ മറുചോദ്യം എന്നെ തെല്ലൊന്ന് ആശ്ചര്യപ്പെടുത്തി. അപ്പോൾ എന്നെപറ്റി അറിയാം ഇവൾക്ക്. 

"വായിച്ചിട്ടുണ്ടോ എന്റെ കഥകൾ വല്ലതും?" എനിക്ക് ആകാംക്ഷ കലർന്നൊരു രസം വന്നുതുടങ്ങി.
"ഉണ്ട്.. എല്ലാ കഥകളും" - അവൾ മറുപടി പറഞ്ഞു. അത് പറഞ്ഞപ്പോൾ അവളുടെ മുഖത്ത് ഒരു ആസ്വാദകയുടെ ഭാവം ഞാൻ കണ്ടുവോ?.

" അജയ്ഘോഷ് എന്ന പേരിൽ മാഷ് എഴുതിയിട്ടുള്ള എല്ലാ പുസ്തകങ്ങളും എന്റെ ശേഖരത്തിൽ ഉണ്ട്.അതുപോലെ, ചോദിക്കണമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു; എവിടെ നിന്നാ ഈ 'ഘോഷ്' വന്നത്? ചുമ്മാ ഒരു പൊലിപ്പിന്‌ ചേർത്തതാ അല്ലേ?" -ഇത്തവണ അവൾ കൈതണ്ടയിൽ മുഖമമർത്തി ചിരിച്ചു.

അവളുടെ കളിയാക്കൽ എനിക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കിയില്ല. കുറച്ച് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടെന്നല്ലാതെ ഞാൻ ഇത്രയെങ്കിലും അറിയപ്പെട്ടു തുടങ്ങിയിരിക്കുന്നു എന്ന് ഞാൻ വിചാരിച്ചതേ ഇല്ല. അപ്പോൾ എനിക്കും ഉണ്ട് ഒരു ആരാധിക..അങ്ങനെ വിശ്വസിക്കാനാണ്‌ തോന്നുന്നത്. ഓർത്തപ്പോൾ ഉള്ളിൽ അല്പ്പം സന്തോഷം തോന്നി.

" ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ? ഈ കഥകളെല്ലാം മാഷ് തന്നെ എഴുതിയതാണോ?"
-അവൾ കളിയാക്കിയ മട്ടിൽ എന്നെ നോക്കി കണ്ണിറുക്കി.
"എനിക്കെന്തോ ഇപ്പോൾ അത്രയ്ക്കങ്ങ് വിശ്വസിക്കാൻ തോന്നുന്നില്ല.ഞാൻ പ്രതീക്ഷിച്ചതുപോലെ ഒരു ബുദ്ധിജീവി ജാഡയൊന്നുമില്ല മാഷിന്റെ സംസാരത്തിൽ"

"അതു ശരി, എഴുത്തുകാരൊക്കെ ബുദ്ധിജീവികളായിരിക്കണം, അവർക്ക് പൊതുവായൊരു മാനറിസം ഉണ്ടായിരിക്കണം എന്നൊക്കെയുണ്ടോ?" ഞാൻ തിരിച്ച് ചോദിച്ചു.
"അങ്ങനെയൊക്കെയാണ്‌ ഒരു നാട്ടുനടപ്പായിട്ട് പലരും കാണുന്നത്" - മേൽക്കൂര പതിച്ചിരിക്കുന്ന ഓടിന്റെ പാത്തിയിലൂടെ ഒഴുകി വരുന്ന മഴവെള്ളം അവൾ കൈക്കുമ്പിളിൽ ശേഖരിക്കാൻ ശ്രമിച്ചു. 

"മഴയ്ക്ക് ചിലപ്പോൾ നാണം കലർന്നൊരു സൗന്ദര്യമാ അല്ലേ?" അവൾ ചോദിച്ചു.
"തീർച്ചയായും" -ഞാനും ആ നിമിഷം മഴനോക്കി നിൽക്കുകയായിരുന്നു.
" പക്ഷേ നിങ്ങൾ കഥാകാരന്മാരെല്ലാം കൂടി പ്രണയമെന്നും ഗൃഹാതുരത്വമെന്നുമൊക്കെ വിളിച്ച്   വിളിച്ച് അതിന്റെ നിറം മങ്ങിത്തുടങ്ങിയിട്ടുണ്ടോ എന്നെനിക്ക് ചിലപ്പോൾ സംശയം തോന്നാറുണ്ട്.. അത്തരം മൃദുലവികാരങ്ങളെ നിങ്ങളൊക്കെച്ചേർന്ന് കഴുത്തിനുപിടിച്ച് ക്ളീഷേയുടെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുകയല്ലേ .."
ഗൗരവതരമായ ഒരു വിമർശനം നടത്തിയതുപോലെ ആയിരുന്നു അവളുടെ ഭാവം. മറുപടി ഞാനൊരു പുഞ്ചിരിയിലൊതുക്കി.

മഴയത്ത് കിടന്നൊരു തടിക്കഷ്ണത്തിൽ കൂണുകൾ മുളച്ച് പൊന്തിനിന്നിരുന്നു. അവയ്ക്കിടയിൽ നിന്ന് ഒരു തവളക്കുഞ്ഞ് പുറത്തേക്ക് ചാടി എങ്ങോട്ടോ പോയി മറഞ്ഞു. 
ഒരു നിമിഷം അത് നോക്കിനിന്നതിനു ശേഷം അവൾ തുടർന്നു.
" എന്തിനാണ്‌ ഈ മഴക്കാലത്ത് ഇവിടെ വന്ന് ഈ അജ്ഞാതവാസം? പുതിയ ഒരു കഥ ഉണ്ടെന്നു തോന്നുന്നു മാഷിന്റെ മനസ്സിൽ"

"ഉം" ഞാനൊന്ന് മൂളിയതേ ഉള്ളൂ, അതൊരു രഹസ്യമാക്കി വയ്ക്കാനാണ്‌ എനിക്കിഷ്ടം എന്നത് കൊണ്ട്.

" എന്താ കഥ, കേൾക്കട്ടെ" - എനിക്ക് അവളുടെ ചോദ്യം ഒട്ടും ഇഷ്ടപ്പെട്ടില്ല.

" അതിപ്പോഴെങ്ങനെയാ പറയുക? പുസ്തകമായി വരുമ്പോൾ വാങ്ങി വായിക്ക്"

" പറയൂ മാഷേ..എന്താ കഥ?" - അവൾ ഒരു കൊച്ചുകുട്ടിയെപ്പോലെ വാശി പിടിച്ചു.

" നിന്നെപ്പോലെ തലതിരിഞ്ഞ ഒരു പെണ്ണിന്റെ കഥയാണ്‌" അങ്ങനെയൊരു കള്ളം പറഞ്ഞ് അവളുടെ വായടയ്ക്കേണ്ടിവന്നു. ഞാൻ പറഞ്ഞതുകേട്ട് അവൾ പൊട്ടിച്ചിരിച്ചു.

പെട്ടെന്ന് അവളുടെ കയ്യിലിരുന്ന ബാഗ് താഴെവീണു. ഞാൻ അതെടുത്ത് അവളുടെ കയ്യിൽ തിരികെ വച്ചു കൊടുത്തു. ബാഗിന്റെ വലിപ്പത്തെ അപേക്ഷിച്ച് അതിന്‌ ഭാരം കൂടുതൽ തോന്നി. " അയ്യോ എന്റെ പുസ്തകങ്ങളൊക്കെ നനഞ്ഞു എന്നാ തോന്നുന്നത്" അവൾ വിഷമത്തോടെ പറഞ്ഞു.

" പുസ്തകങ്ങളാണോ ബാഗിൽ..എന്തൊക്കെയാ?" 
" എല്ലാം ഉണ്ട് മാഷേ, ഭഗവത്ഗീത മുതൽ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വരെ" 

ഞാൻ ഒരല്പ്പം അമ്പരന്നു നിന്നു.

ഒരു പിടിയും കിട്ടുന്നില്ല ഇവളെ. ആദ്യം കണ്ട ആ കുറുമ്പുകാരിയും ഇപ്പോൾ ഇതാ.. എന്താണ്‌ ഇവൾ യഥാർത്ഥത്തിൽ? എനിക്ക് മനസ്സിലാവുന്നതേയില്ല.

" കുട്ടാ ഇതാ ചായ.." അപ്പുറത്തുനിന്ന് നാരായണേട്ടന്റെ വിളി വന്നു. ഞാൻ ഇവിടെ ഉള്ളപ്പോഴൊക്കെ അയാളാണ്‌ ഒരു സഹായം. അച്ഛന്റെ പഴയ ഒരു സുഹൃത്തായിരുന്നു കക്ഷി.

" നിനക്ക് വേണോ ചായ?"  ഞാൻ ചോദിച്ചു.
" വേണ്ട, ചായയും കാപ്പിയുമൊന്നും ഞാൻ കുടിക്കാറില്ല . മാഷ് പോയി കുടിച്ചിട്ടു വാ." 

അഞ്ചുമണി കഴിഞ്ഞാൻ ഒരു ചായ പതിവുള്ളതാണ്‌ . അതില്ലെങ്കിൽ ഒരു ജീവനില്ലാത്ത അവസ്ഥയാണ്‌. പിന്നെ എഴുത്തും ചിന്തകളും ഒന്നും വരില്ല. ചായ എടുത്തുകൊണ്ടുവന്ന് ഇവിടെ നിന്ന് കുടിക്കാം എന്ന് ഞാൻ തീരുമാനിച്ചു. പുറത്തിങ്ങനെ നിന്ന് തണുക്കാതെ അകത്തു കയറിയിരിക്കൂ എന്നവളോട് പറയണമെന്ന് തോന്നി, അടുത്ത നിമിഷത്തിൽതന്നെ അത് വേണ്ടെന്നുവച്ചു.

എങ്കിലും പോകാൻ തിരിഞ്ഞപ്പോൾ ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല-
" ഇനിയെങ്കിലും പറഞ്ഞുകൂടെ പേരെന്താണെന്ന്?"

" നിർമ്മല"  -വളരെ സൗമ്യമായിരുന്നു മറുപടി. അപ്പോൾ അവളുടെ പുഞ്ചിരിക്ക് ഒരു പ്രത്യേക സൗന്ദര്യം തോന്നി .

അടുക്കളഭാഗത്തു കൂടി വന്ന് ചായകൊണ്ടു വച്ചതിനുശേഷം നാരായണേട്ടൻ പോയിക്കഴിഞ്ഞിരുന്നു. തൂക്കുപാത്രത്തിൽ നിന്ന് ഒരു ഗ്ളാസ്സ് ചായ പകർന്നെടുത്ത് ഞാൻ വേഗം വീടിന്റെ മുൻഭാഗത്തേക്ക് ഓടിചെന്നു.

നിർമ്മലയെ അവിടെ കാണുന്നില്ല!!!
'എവിടെ പോയി?'
ഞാൻ ചുറ്റുപാടും ഒന്ന് നടന്നു നോക്കി. ഇല്ല, അവൾ അവിടെയെങ്ങും ഇല്ല.
മഴയ തോർന്നുതുടങ്ങിയതു കൊണ്ട് വേഗം പോയതായിരിക്കും! എന്നാലും എന്നോടൊന്ന് പറഞ്ഞിട്ടു പോകാമായിരുന്നു അവൾക്ക്.
അവളുടെ കാല്പാടുകൾ പോലും മുറ്റത്ത് കാണാനില്ല.

ഞാനാകെ അസ്വസ്ഥനായി.
പുമുഖത്തിട്ടിരുന്ന ചൂരൽക്കസേരയിലേക്കിരുന്ന് പിന്നിലേക്ക് തലചായ്ച്ചു. കഴിഞ്ഞ കുറച്ചു നിമിഷങ്ങൾ ഞാൻ മറ്റൊരാളായിരുന്നതുപോലെ,  കുറേ വർഷങ്ങൾ പിന്നോട്ട് പോയതുപോലെ ഒരു തോന്നലായിരുന്നു. കുറച്ച് നിമിഷങ്ങൾക്ക് മുൻപ് മാത്രം പരിചയപ്പെട്ട ഒരു പെൺകുട്ടി എങ്ങനെയാണ്‌ എന്നെ അങ്ങനെയങ്ങ് മാറ്റിയെടുത്തത്?

-അവൾ എനിക്ക് അപരിചിതയല്ല, എനിക്കുറപ്പാണ്‌!

ഓർമ്മകളിലൂടെ ഒന്ന് പരതാനുള്ള ബോധപൂർവ്വമായ ശ്രമം ഫലിച്ചില്ല. അതല്ലെങ്കിലും അങ്ങനെയാണ്‌; ഓർമ്മകളുടെ പുഴയൊഴുകിയിരുന്ന വഴികളിൽ ചിലപ്പോൾ മണൽത്തിട്ടകൾ മാത്രമാവും.അതിലൂടെ ഓടിക്കിതച്ച് കാലുകൾ തളരും.

എന്തായാലും അകത്ത് അച്ഛന്റെ മുറിയിലേക്ക് പോയി ഒന്ന് തിരയാൻ ഞാൻ തീരുമാനിച്ചു.
അച്ഛന്റെ മരണശേഷം ഇടയ്ക്കിടെ വൃത്തിയാക്കാനായി മാത്രമേ ആ മുറി തുറക്കാറുള്ളൂ. എല്ലാ സാധനങ്ങളും വളരെ നന്നായി അടുക്കി വച്ചിട്ടുണ്ട്. അതുകൊണ്ട് പഴയ ആൽബങ്ങൾ കണ്ടുപിടിക്കാൻ എളുപ്പമായിരുന്നു. അച്ഛന്റെ കൽക്കട്ടാജീവിതത്തിന്റെ തിരുശേഷിപ്പുകളെന്ന് പറയാവുന്ന ചില ഫോട്ടോ  ആൽബങ്ങൾ എന്റെ പല കഥകൾക്കും പ്രചോദനമായിട്ടുണ്ട്.
ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ഫോട്ടോകൾ പ്രത്യേകം പ്രത്യേകം ആൽബങ്ങളിലായി വേർതിരിച്ചിരുന്നു. അവയെല്ലാം എടുത്ത് മറിച്ചുനോക്കി. നിർമ്മലയുടെ മുഖവുമായി സാമ്യമുള്ള ഒരാളെ പോലും അവയിൽ കണ്ടില്ല.

വെള്ളിക്കൊലുസിട്ട പാവാടക്കാരി- എനിക്കറിയാം അവളെ.
ഓർമ്മകളുടെ മാറാലമൂടിയ അറകളിലെങ്ങോ ബന്ധനസ്ഥയായി അവളുണ്ട്. അവളിലേക്കെത്താൻ ഏത് വഴിയാണ്‌ ഞാൻ തേടേണ്ടത്?

നാരായണേട്ടനെ വിളിച്ച് അവളെയൊന്നു കാണിക്കേണ്ടതായിരുന്നു, എങ്കിൽ ചിലപ്പോൾ അദ്ദേഹത്തിന്‌ ആളെ തിരിച്ചറിയാൻ കഴിഞ്ഞേനേ. ഒന്നും അപ്പോൾ ഓർത്തില്ല.
ഞാനാകെ നിരാശനായിത്തുടങ്ങി.

പകുതി ചായ കുടിച്ചതിനു ശേഷം ഗ്ളാസ് നിലത്ത് വച്ചിട്ട് പെട്ടെന്നെന്തോ ഓർത്തതുപോലെ ഞാൻ മുകളിലെ നിലയിലേക്കോടി. അടച്ചിട്ടിരുന്ന  പഴയ ലൈബ്രറി തള്ളിത്തുറന്നു. മൂലയിൽ വച്ചിരുന്ന ചില്ലലമാരിക്കു മുകളിൽനിന്ന്  പഴയ ഡയറികൾ വലിച്ച് താഴെയിട്ടു. അതിൽ നിന്നും പൊടി പറന്ന് അവിടമാകെ വ്യാപിച്ചു. തലച്ചോറ് ഊരിത്തെറിച്ചതുപോലെ ശക്തിയായി ഞാനൊന്ന് തുമ്മി. അടുത്ത നിമിഷത്തിൽ തന്നെ അസ്വസ്ഥതയൊക്കെ മറന്ന് ഞാൻ നിലത്തു നിന്ന് ആ ഡയറികൾ പെറുക്കിയെടുത്തു. മൂക്ക് പൊത്തിപ്പിടിച്ച് ഭിത്തിയിലേക്കൊന്നടിച്ച് പൊടി കളഞ്ഞു.
എന്നിട്ട് അവയോരോന്നുമെടുത്ത് ഞാൻ മറിച്ചു നോക്കി. അക്ഷരങ്ങളും വാക്കുകളും വാചകങ്ങളും ഖണ്ഡികകളും താളുകളും കടന്ന് എന്റെ കണ്ണുകൾ ഭ്രാന്തമായൊരു ആവേശത്തോടെ അലഞ്ഞു നടന്നു.
ഒടുവിൽ ഞാൻ കാത്തിരുന്നത് എന്റെ കണ്ണുകൾ കണ്ടെത്തി. വർഷങ്ങൾക്കു മുൻപൊരു അവധിക്കാലത്ത് ഇവിടെ വന്നപ്പോൾ ഞാൻ എഴുതിത്തുടങ്ങി പാതിവഴിയിൽ ഉപേക്ഷിച്ച ആ കഥ. ഇരുണ്ട നിറമുള്ള, വെള്ളിക്കൊലുസിട്ട പാവാടക്കാരി കാച്ചെണ്ണയുടെ മണവുമായി അന്ന്  ഇവിടെ ഉണ്ടായിരുന്നു. പിന്നെ എന്തുകൊണ്ടോ എന്റെ തൂലിക അവളെ മറന്നുപോയി. ഇനിയൊരിക്കലും തിരിച്ചുവരില്ലെന്നു കരുതി അടക്കം ചെയ്ത  ഭാവനകളുടെ ശവക്കല്ലറ തുറന്ന് വർഷങ്ങൾക്കുശേഷം അവൾ ഉയർത്തെഴുന്നേറ്റിരിക്കുന്നു.

ആഘോഷിക്കണം ഇതെനിക്ക്..
ഏതോ ഒരു ഊർജ്ജം എന്നിൽ ആവാഹിക്കപ്പെടുകയായിരുന്നു. വേഗം എന്റെ മുറിയിലേക്കെത്തി തുറന്ന ഡയറി മേശപ്പുറത്തു വച്ചു, പേന കയ്യിലെടുത്തു. ഞാൻ പോലും അറിയാതെ എന്റെ വിരലുകൾക്കിടയിൽ ചലിക്കുന്ന പേനയിൽ നിന്നും നീലമഷി അക്ഷരങ്ങളായി കടലാസിലേക്ക് പതിഞ്ഞുകൊണ്ടിരുന്നു.

ആ കഥയ്ക്ക് ശീർഷകം പണ്ടേ ഇട്ടിരുന്നു എന്ന് ഞാൻ അപ്പോൾ മാത്രമാണ്‌ ശ്രദ്ധിക്കുന്നത്- 'നിർമ്മല'- ആ അക്ഷരങ്ങൾക്കു ചുറ്റും പ്രഭ ചൊരിഞ്ഞുകൊണ്ട് ചെറുമിന്നാമിന്നികൾ പറക്കുന്നതുപോലെ തോന്നി.

അപ്പോൾ മനസ്സാകെ ശാന്തമായിരുന്നു. ഞാൻ ജനാല പതിയെ തുറന്നു. പുറത്ത് നേരിയ നിലാവ് ഉറക്കംതൂങ്ങി നില്പ്പുണ്ടായിരുന്നു.

----------------------------------------

Saturday, February 12, 2011

ഓർമ്മകൾ ചേക്കേറുന്നിടം

ഞങ്ങളുടെ വീടിന്റെ തെക്കുകിഴക്ക് ഭാഗത്തായി മഴക്കാലത്ത് മാത്രം വെള്ളം കെട്ടി നില്ക്കാറുള്ള ഒരു കുളമുണ്ടായിരുന്നു. അതിലേക്ക് ചാഞ്ഞ് നില്ക്കുന്ന ഒരു കൂറ്റൻ തോട്ടുപുളിമരവും ഒരു കിളിച്ചുണ്ടന്‍ മാവും. അതിനപ്പുറം ദീർ‍ഘചതുരാകൃതിയില്‍ വിരിച്ച ചിറയ്ക്ക് മുകളില്‍ വിശാലമായ തെങ്ങിൻ‍തോപ്പ്. ചിറയുടെ ഒരു കോണിലായി ഒരു ചൂരല്ക്കാവുണ്ട്. തെങ്ങിന്‍ തോപ്പിനപ്പുറം കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന പാടശേഖരങ്ങളുടെ പടിഞ്ഞാറേ അരിക്  ചേർ‍ന്ന് ഒരു തോട് ഒഴുകുന്നുണ്ട്. അതിലൂടെ വല്ലപ്പോഴുമൊക്കെ കടന്നുപോകുന്ന കെട്ടുവള്ളങ്ങൾ . ഞങ്ങളുടെ കാഴ്ചയില്‍ അതായിരുന്നു ഭൂമിയുടെ പടിഞ്ഞാറേ അറ്റം . ആ തോട്ടിലേക്ക് സൂര്യന്‍ മുങ്ങിത്താഴുന്നത് കാണാന്‍ ഞാന്‍ എല്ലാ സായന്തനങ്ങളിലും ആ തെങ്ങിന്‍ തോപ്പില്‍ പോയിരിക്കുമായിരുന്നു. അവിടമാകെ ചുവപ്പ് പരക്കുമ്പോള്‍ നാണം കുണുങ്ങി തലകുനിച്ച് നില്ക്കുന്ന തെങ്ങോലകളില്‍ ഒരു ഇളം കാറ്റ് പകലിന്‍ മംഗളം പാടും .

ദീര്ഘമായ ആ പാടവരമ്പുകളിലൂടെ അധികം ദൂരം പോകാന്‍ ഞങ്ങള്‍ കുട്ടികള്ക്ക് അനുവാദം ഉണ്ടായിരുന്നില്ല.എങ്കിലും അതിനപ്പുറത്ത് മറ്റൊരു ലോകമുണ്ടെന്നും അവിടെ എന്നെപ്പോലെ തന്നെയുള്ള കുട്ടികള്‍ അവരുടെ വീട്ടിലും മുറ്റത്തുമൊക്കെ കളിക്കുന്നുണ്ടെന്നും അമ്മ പറഞ്ഞു തന്നു.

ഞങ്ങളുടെ പറമ്പിന്റെ പടിഞ്ഞാറേ അതിര്‍ നിറയെ നായങ്കണകള്‍ കാട് പിടിച്ച് പൂത്തുനിന്നിരുന്നു.അവ കരിമ്പാണെന്നു കരുതി ചില കുട്ടികള്‍ ഒടിച്ചെടുത്ത് കടിച്ചുനോക്കിയിട്ട് 'മധുരമില്ലാക്കരിമ്പ്' എന്നുപറഞ്ഞ് വലിച്ചെറിഞ്ഞു.
വീട്ടുമുറ്റത്തിന്റെ കിഴക്കേ അറ്റത്തെ ദര്ഭക്കാടുകള്ക്കിടയില്‍ പൂത്തു നിന്ന ചെമ്പകമരത്തില്‍ മുല്ലവള്ളികള്‍   മൊട്ടുകളണിഞ്ഞ് പടര്ന്ന് നിന്നു.അവ ഞങ്ങളുടെ പ്രഭാതങ്ങള്ക്ക് സുഗന്ധം പരത്തി. അയല്‍ വീടുകളില്‍ നിന്നൊക്കെ പാവാടക്കാരികളായ പെണ്കുട്ടികള്‍ മുല്ലപ്പൂ പറിക്കാന്‍ വരുമായിരുന്നു. പാവാടത്തുമ്പ് ചേര്ത്ത് പിടിച്ച് കുട്ടയാക്കി ഞങ്ങളുടെ മുല്ലപ്പൂക്കള്‍ അതില്‍ നിറച്ച് അവര്‍ പോകുന്നത് തെല്ലൊരു ദുഖത്തോടെ ഞാനെന്നും നോക്കി നിന്നു.

കൊയ്ത്തുകാലം കഴിഞ്ഞാല്‍ ഒഴിഞ്ഞുകിടക്കുന്ന പാടത്ത് ഫുട്ബോള്‍ കളിക്കാന്‍ പാടങ്ങളും തോടും കടന്ന് മുതിര്ന്ന കുട്ടികള്‍ വരും .ഒരു വശത്ത് തെങ്ങിന്‍ തോപ്പിലിരുന്ന് ഞാനും കൊച്ചുമോളും ഉള്പ്പെടുന്ന ചെറിയ കൂട്ടം അവരുടെ കളി കണ്ടാസ്വദിക്കും .

ഇങ്ങനൊക്കെയുള്ള ഞങ്ങളുടെ ലോകത്തേക്ക് പുഞ്ചവയലുകൾ കടന്ന് ഒരു ദിവസം ഒരു അതിഥിയെത്തി- കൈലാസ്.
കുട്ട വിൽക്കാനെത്തിയ അമ്മയുടെയൊപ്പം കറുത്തുമെലിഞ്ഞ് ചുണ്ടിൽ ഒരു പുഞ്ചിരിയുമായി അവൻ വരമ്പുകൾ താണ്ടി വന്നു.ഞങ്ങളുടെ പ്രദേശത്താകെ കച്ചവടം കഴിഞ്ഞ് തിരികെ വരുന്നതുവരെ അവനേക്കൂടി കളിക്കാൻ കൂട്ടാൻ അവന്റെ അമ്മ ഞങ്ങളോട് പറഞ്ഞു. ഞങ്ങൾക്ക് അത് വളരെ സന്തോഷമുള്ള കാര്യമായിരുന്നു. ആദ്യമായിട്ടാണ്‌ 'അപ്പുറത്തെ ലോക'ത്തുനിന്ന് ഒരു കുട്ടി ഞങ്ങളുടെയൊപ്പം കളിക്കാൻ കൂടുന്നത്.ആദ്യം തെല്ലു ലജ്ജയോടെ മാറിപതുങ്ങി നിന്നെങ്കിലും അവൻ പെട്ടെന്ന് ഞങ്ങളുമായി അടുത്തു. അവൻ ഞങ്ങളെ ഗോലികളി , കിളിത്തട്ട് തുടങ്ങി പുതിയ ചില ഇനങ്ങൾ കൂടി പഠിപ്പിച്ചു.

പിന്നീടുള്ള വൈകുന്നേരങ്ങളിലെല്ലാം അവൻ ഞങ്ങളുടെ കൂടെ കളിക്കാൻ വന്നു.ദൂരെ വയലുകൾക്കപ്പുറത്ത് അവ്യക്തമായി കാണുന്ന ഒരു ഇരുണ്ട വസ്തു ചൂണ്ടിക്കാട്ടി  അതാണവന്റെ വീടെന്ന് പറഞ്ഞു. സന്ധ്യയായി അമ്മ തിരിച്ചു വരുമ്പോൾ അവനേയും കൂട്ടിപ്പോകും.
അവർ പാടവരമ്പിലൂടെ നടന്ന് ദൂരെ രണ്ട് പൊട്ടുകളായി മാറുന്നതുവരെ ഞാൻ നോക്കി നിൽക്കും.

കളികളേക്കാളുപരി അവന്റെ നാട്ടിലെ വിശേഷങ്ങൾ കേൾക്കാനായിരുന്നു ഞങ്ങൾക്ക് താല്പര്യം. തന്റെ വീടിനടുത്തായി ഒരു വലിയ മരമുണ്ടെന്നും അതിൽ നിറയെ ഊഞ്ഞാലുകളാണെന്നും അവൻ പറഞ്ഞു. അവിടെയടുത്തുള്ള ഓരോ വീട്ടുകാരുടേയും വകയായി ഓരോ ഊഞ്ഞാൽ. ആരും സ്വന്തം ഊഞ്ഞാലിൽ മറ്റുള്ള വീട്ടുകാരെ ആടാൻ അനുവദിക്കുകയില്ലത്രേ.കൈലാസിനും അവന്റെയമ്മ അവിടെയൊരു ഊഞ്ഞാൽ കെട്ടിക്കൊടുത്തിരുന്നു. പക്ഷേ അത് ഈയിടയ്ക്കൊരു ദിവസം പൊട്ടിപ്പോയി. അത് കൂട്ടിക്കെട്ടാൻ അവൻ ഒരു കയർ നോക്കി നടക്കുകയായിരുന്നു. പലരോടും ചോദിച്ചിട്ടും ആരും അവനെ സഹായിച്ചില്ല. തെങ്ങ് ചെത്താൻ വന്ന രാഘവൻ അവന്റെ വിഷമം കണ്ടിട്ട് തന്റെ സൈക്കിളിന്റെ പിന്നിൽ കെട്ടിയിരുന്ന ചെറിയ കയർ അഴിച്ച് അവന്‌ കൊടുത്തു. അതുംകൊണ്ട് അവൻ ഒരൊറ്റ ഓട്ടമായിരുന്നു വരമ്പിലൂടെ- അമ്മ വരാനൊന്നും കാത്തുനിൽക്കാതെ; പൊട്ടിയ തന്റെ ഊഞ്ഞാൽ കൂട്ടിക്കെട്ടുവാൻ.

പിന്നീടുള്ള ദിവസങ്ങളിലൊന്നും ഞങ്ങളോടൊപ്പം കളിക്കാൻ അവൻ പാടങ്ങൾ കടന്ന് വന്നില്ല. അവന്റെ അമ്മയേയും കണ്ടില്ല.പിന്നേയും സായാഹ്‍നങ്ങളിൽ ഞാനും കൊച്ചുമോളും തെങ്ങിൻ‍തോപ്പിൽ ചെന്നുനിന്ന് അവൻ വരുന്നുണ്ടോ എന്ന് ദൂരേയ്ക്ക് നോക്കിനിന്നു. കുറേ കാത്തിരുന്ന് മടുത്തപ്പോൾ ഞങ്ങൾ തിരികെ വീടുകളിലേക്ക് മടങ്ങി.

രണ്ട് മൂന്ന് ആഴ്ചകൾ കഴിഞ്ഞൊരു ദിവസം പുന്നൂസച്ചായന്റെ മില്ലിൽ അരി പൊടിപ്പിക്കാൻ പോയപ്പോൾ കൈലാസിന്റെ അമ്മ പാലത്തിലൂടെ നടന്ന് പോകുന്നത് ഞാൻ കണ്ടു. ഓടി ചെന്നപ്പോഴേക്കും അവർ പാലം കടന്ന് അപ്രത്യക്ഷയായിരുന്നു.
ഒരു മാസം കൂടി കഴിഞ്ഞ് പള്ളിപ്പെരുന്നാളിന്റെ രാത്രിയിൽ റാസയിൽ കുന്തിരിക്കം മണക്കുന്ന തിരുമേനിമാരുടെ മുൻപിലായി അവനെ ഞങ്ങൾ വീണ്ടും കണ്ടു. കൂടെ അവന്റെ അമ്മ സാരിത്തലപ്പു കൊണ്ട് തല മൂടി നടന്നു പോകുന്നുണ്ടായിരുന്നു.പാതയോരത്ത് റാസ കാണാൻ കൂടി നിന്ന ഞങ്ങളെ നോക്കി അവനൊന്ന് പുഞ്ചിരിച്ചു. എന്നിട്ട് ആ തിരക്കിനിടയിൽ അവരെങ്ങോ അലിഞ്ഞു പോയി.

വീണ്ടും മാസങ്ങൾ കടന്നുപോയി, വേനൽ കഴിഞ്ഞ് മഴ വന്നു. പേമാരി ആർത്തലച്ചു പെയ്തു. പാടങ്ങളെല്ലാം വെള്ളത്തിനടിയിലായി.ഞങ്ങളുടെ പറമ്പിലും വീടിനുള്ളിലും വെള്ളം കയറി. കട്ടിൽ, അലമാര, പത്തായം തുടങ്ങി എല്ലാം ഇഷ്ടികപ്പുറത്ത് കയറി. ജലനിരപ്പിനു മുകളിലേയ്ക്ക് ഉയർത്തി വച്ചിരുന്ന കട്ടിലിൽ പ്ളാസ്റ്റിക് വരികൾക്കിടയിലെ വിടവുകളിലൂടെ, താഴെ വെള്ളത്തിൽ നീന്തിക്കളിക്കുന്ന വരാലുകളേയും പരൽ‍കുഞ്ഞുങ്ങളേയും നോക്കി ഞാൻ കിടന്നു.

വെയിലിനല്പ്പം വീര്യം കൂടുമ്പോൾ മുറ്റത്ത് കിണറ്റിൻ‍കരയിൽ ആമകൾ വെയിലുകായാൻ വന്നിരുന്നു. ചിലപ്പോൾ അയൽ‍വീടുകളിൽ നിന്ന് പാത്രങ്ങളും മറ്റും ഒഴുകി വന്നു. ചില മുതിർ‍ന്ന കുട്ടികൾ വാഴ വെട്ടി കൂട്ടിക്കെട്ടിയുണ്ടാക്കിയ ചങ്ങാടത്തിൽ തുഴഞ്ഞു പോകുന്നതു കണ്ടു. ആ സമയം ഞാൻ പഴയ പത്രത്താളുകളും മറ്റും വലിച്ചുകീറി ബോട്ടുണ്ടാക്കി വീടിനുള്ളിൽ വെള്ളത്തിലൊഴുക്കിക്കളിച്ചു.

ആദ്യദിവസങ്ങളിലെ കൗതുകങ്ങളൊക്കെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അസ്വസ്ഥതയായി മാറിത്തുടങ്ങി. തെക്കോട്ട് നോക്കിയാൽ വയലേലകളെല്ലാം ഒന്നായി ലയിച്ചപോലെ ദൂരേയ്ക്ക് നീളുന്ന ജലനിരപ്പ് മാത്രം. ആകെ ഒരു ഒറ്റപ്പെട്ട അവസ്ഥ. അയൽപക്കത്തെങ്ങും കൊച്ചുകുട്ടികളുടെ അനക്കം പോലും കേൾക്കാനില്ല. കൊച്ചുമോളെ അവളുടെ അച്ഛൻ അമ്മവീട്ടിൽ കൊണ്ടുവിട്ടിരിക്കുകയാണ്‌. ഇരുട്ടറയ്ക്കുള്ളിൽ ഓടിച്ചുകയറ്റിയ ഒരു മിണ്ടാപ്രാണിയെപ്പോലെയായി ഞാൻ.

പിന്നേയും ആഴ്ചകൾ കഴിഞ്ഞാണ്‌ മഴയുടെ ശക്തി കുറഞ്ഞത്. പറമ്പിൽ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി. ചെളിയാണെങ്കിലും മുറ്റത്തൊക്കെ ഇറങ്ങി നടക്കാമെന്നായി.

ആയിടയ്ക്ക് ഒരു വൈകുന്നേരം അച്ഛൻ വാങ്ങിക്കൊണ്ടുവന്ന പരിപ്പുവട കഴിച്ചുകൊണ്ടിരുന്നപ്പോൾ പുറത്ത് അമ്മ ആരോടോ സം‍സാരിക്കുന്നത് കേട്ട് ഞാൻ മുറ്റത്തേയ്ക്കെത്തി നോക്കി.അത് കൈലാസിന്റെ അമ്മയായിരുന്നു. കുട്ട വിൽ‍പന കഴിഞ്ഞുള്ള വരവായിരിക്കണം.പാടത്ത് വെള്ളം നിറഞ്ഞിരുന്നതിനാൽ അവരുടെ പ്രദേശത്തെ ആളുകൾ പാലം കയറി ചുറ്റിത്തിരിഞ്ഞാണ്‌ ഞങ്ങളുടെ നാട്ടിലെത്തിയിരുന്നത്.

"ഇന്നലെ വടക്കേലെ രമണി പറഞ്ഞാ ഞാൻ കാര്യമറിഞ്ഞത്" -അമ്മ പറയുന്നത് ഞാൻ കേട്ടു.
എന്താണവർ സം‍സാരിക്കുന്നതെന്നറിയാൻ ഞാൻ ഇറങ്ങിച്ചെന്നു. എന്നെ കണ്ടതും കൈലാസിന്റെ അമ്മ കയ്യിലിരുന്ന തോർത്തിലേക്ക് മുഖമമർത്തി കരയാൻ തുടങ്ങി.

എന്തു പറയണമെന്നറിയാതെ അമ്മ പരുങ്ങി നിൽക്കുന്നു.


വിതുമ്പലിനിടയിൽ ചില വാക്കുകൾ പുറത്തുവന്നു.
"ദേവദാസ് ഡോക്ടറിന്റെ അടുത്താ കാണിച്ചിരുന്നത്. അദ്ദേഹത്തിന്റെ സഹായം കൊണ്ട് കുറച്ചെങ്കിലും ദിവസങ്ങൾ നീട്ടിക്കിട്ടി.."

അമ്മയും കണ്ണു തുടയ്ക്കുന്നു. ഞാൻ ഒന്നും മനസ്സിലാവാതെ അല്പം മാറി നിന്നു.

" ആദ്യം കാണിച്ചപ്പോൾ തന്നെ ഡോക്ടർ പറഞ്ഞു എന്തെങ്കിലും ചെയ്യാൻ പറ്റുമായിരുന്ന അവസ്ഥ കഴിഞ്ഞു എന്ന്. ജന്മനാ ഹൃദയത്തിന്‌ തകരാറുണ്ടായിരുന്നു. ഞാൻ അറിഞ്ഞില്ല. പിന്നീടുള്ള ഒരു മാസം- ദിവസങ്ങളും ആഴ്ചകളും എണ്ണി മരണം കാത്ത്..."

ഞാൻ ഒരു നിമിഷം തകർന്നുപോയി. അപ്പോൾ അതാണ്‌ കൈലാസ് ഞങ്ങളോടൊപ്പം കൂടാൻ പിന്നീട് വരാതിരുന്നത്. അന്നവൻ ഓടിപ്പോയത് എന്നെന്നേക്കുമായിട്ടായിരുന്നു. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഞാൻ വീടിന്റെ തിണ്ണയിലേക്ക് പോയി സോഫയിൽ കമഴ്ന്ന് വീണു. കൈലാസിന്റെ അമ്മയുടെ വിതുമ്പൽ അപ്പോഴും എനിക്ക് കേൾക്കാമായിരുന്നു.

" എന്നോട് അവനെപ്പോഴും പറയുമായിരുന്നു ഇവിടെ വരണം ഇവിടുത്തെ മോന്റെയൊപ്പം കളിക്കണം എന്നൊക്കെ. ഇവരെയെല്ലാം ഭയങ്കര ഇഷ്ടമായിരുന്നു....."

അമ്മ എന്തൊക്കെയോ പറഞ്ഞ് അവരെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.

"പള്ളീലെ അച്ചൻ ധാരാളം സഹായിച്ചു.പണമായിട്ടും പ്രാർത്ഥനയായിട്ടുമൊക്കെ. പക്ഷെ എനിക്ക് യോഗമില്ലെങ്കിൽ ആർക്ക് എന്ത് ചെയ്യാനൊക്കും"

കൂടുതലൊന്നും കേൾക്കാൻ എനിക്ക്  ശക്തിയില്ലായിരുന്നു. ഞാൻ ചെവി രണ്ടും പൊത്തിപ്പിടച്ച് സോഫയിൽ തന്നെ കിടന്നു. ഒരു കുഞ്ഞു പുഞ്ചിരിയുമായി വരമ്പുകൾ താണ്ടി വരുന്ന അവന്റെ രൂപം എന്റെ മനസ്സിൽ വീണ്ടും വീണ്ടും തെളിഞ്ഞു വന്നു. അവന്റെ ഊഞ്ഞാൽ ഇപ്പോൾ ആരും ആടാനില്ലാതെ അവിടെയുണ്ടാവും. അല്ലെങ്കിൽ ഒരു പക്ഷേ മറ്റുകുട്ടികൾ അത് കൈയടക്കിയിട്ടുണ്ടാവും. അവനവരോട് ഇപ്പോൾ വഴക്കിടാൻ കഴിയില്ലല്ലോ.

 പിന്നേയും ചുവന്ന സന്ധ്യകളിൽ എന്നും സൂര്യൻ തോട്ടിലേക്ക് താഴ്ന്നു. മൂകസാക്ഷിയായി തെങ്ങിൻ‍തോപ്പിൽ ഞാനും ഇളം കാറ്റിന്റെ ആലസ്യത്തിലാടുന്ന തെങ്ങോലകളും. ഇരുട്ട് പരന്നുതുടങ്ങുമ്പോൾ തോട്ടിലൂടെ പോകുന്ന കെട്ടുവള്ളങ്ങളിൽ നിന്ന് റാന്തലിന്റെ വെളിച്ചം  നക്ഷത്രമുദിച്ചതുപോലെ ദൂരെ തിളങ്ങിക്കണ്ടു. അപ്പോൾ ഞാൻ വീട്ടിലേക്ക് തിരിച്ചു കയറി. കത്തിച്ചു വച്ച നിലവിളക്കിന്റെ മുന്നിൽ സന്ധ്യാനാമവും കഴിഞ്ഞ് പിന്നെ മേശപ്പുറത്ത് ചിതറിക്കിടന്ന പുസ്തകങ്ങളിലേക്ക്...

***************  *********  ******


വർഷങ്ങൾ പലതു കഴിഞ്ഞു. പലകാരണങ്ങൾ കൊണ്ട് കൂട് വിട്ട് മറ്റൊരു കൂട്ടിലേക്ക് മാറിയും ജീവിതത്തിന്റെ ഓളപ്പരപ്പിൽ പല ചങ്ങാടങ്ങളിൽ യാത്ര ചെയ്തും കാലമേറെ മാറിമറിഞ്ഞുപോയി.
 ഇന്ന് ഞാൻ ഈ മഹാനഗരത്തിലെ അനേകായിരം പ്രവാസികളിൽ ഒരാൾ മാത്രം. വാഹനങ്ങളുടെ ഇരമ്പലും കീബോർഡിന്റെ ശബ്ദവും ആൾക്കൂട്ടത്തിന്റെ വിയർപ്പുഗന്ധവുമൊക്കെയാണ്‌ ഇന്നെന്റെ ചുറ്റും. അരവയറിന്റെ ന്യായീകരണത്തിൽ സ്വയം നഷ്ടപ്പെടുത്തിയവരാണ്‌ ഇവിടെ പലരും.

ഒരിക്കൽ ലീവിന്‌ നാട്ടിൽ പോയപ്പോൾ ആ പഴയ സ്ഥലത്തേക്ക് ഒന്നു പോയി. പക്ഷെ ഓർമ്മകൾ ചേക്കേറിയിരുന്ന ചില്ലകളെല്ലാം എന്നേ മുറിച്ചു മാറ്റപ്പെട്ടിരുന്നു. പാടങ്ങളുടെ സ്ഥാനത്ത് നിരനിരയായി കൂറ്റൻ സൗധങ്ങൾ. തെങ്ങിൻ തോപ്പ് നിന്നിരുന്ന സ്ഥലം പല കഷ്ണങ്ങളായി പല വീടുകളുടെ മതിലുകൾക്കുള്ളിലായിക്കഴിഞ്ഞു. അവിടെ ആ പഴയ സ്ഥാനത്ത് നിന്നു നോക്കിയാൽ ഇപ്പോൾ തോട് കാണാൻ പറ്റില്ല. ആ വഴി കെട്ടുവള്ളങ്ങളൊന്നും ഇപ്പോൾ പോകാറുമില്ല. ഒരിക്കൽ തിരിച്ചെത്തണമെന്ന് എന്നും ആഗ്രഹിച്ചിരുന്ന ആ സ്വർ‍ഗം ഇനിയില്ല.

       പക്ഷെ എന്റെ മനസ്സിന്റെ, പൂക്കൾ വിതറിയ നടുത്തളങ്ങളിൽ ഞാനെന്നും ഒരു നിധിപോലെ കാത്തുസൂക്ഷിക്കുന്ന ആ സ്മരണകൾ എനിക്കെന്നും കൂട്ടായുണ്ടാവും. ആ ലോകത്ത് ഞാനിന്നും അസ്തമയങ്ങൾ കാണുന്നു, പാടവരമ്പുകളിലൂടെ ഓടിക്കളിക്കുന്നു.

എനിക്കീ ജീവിതത്തെ വെറുക്കാനാവില്ല.കറ പുരണ്ട യാഥാർത്ഥ്യങ്ങളെ എനിക്ക് മറക്കണം.



Sunday, July 4, 2010

അതിജീവനം

അയാളുടെ തൂലികയില്‍ നിന്ന് ചുടുരക്തം പടര്‍ന്ന് വെള്ളക്കടലാസില്‍ അക്ഷരങ്ങളായി പരിണമിച്ചു. അവ അയാള്‍ പോലും അറിയാതെ വാഴ്ത്തപ്പെട്ടവയായി ഉയര്‍ത്തപ്പെട്ടു. അയാള്‍ക്ക് തന്റെ തൂലിക ഓര്‍മ്മകളുടെ കാര്‍മേഘപടലങ്ങളില്‍ നിന്ന് വാക്കുകള്‍ക്ക് ഇറങ്ങി വരാനുള്ള ഒരു ഏണിപ്പടി മാത്രമായിരുന്നു.അല്ലാതെ ഭാവന എന്നൊരു അധികാവയവം കൊണ്ടല്ല തന്റെ കവിതകള്‍ പലതും പിറവിയെടുത്തതെന്ന്‍ അയാള്‍ ഉറച്ച് വിശ്വസിച്ചു.

ഓര്‍മ്മകള്‍ ഉറഞ്ഞുതുള്ളിയ ഒരു രാത്രിയിലാണ് അയാള്‍ക്ക് തന്റെ ഹൃദയം നഷ്ടപ്പെട്ടത്.
ചുറ്റും കൂടി നിന്നവര്‍ അതിനെ കീറിമുറിക്കുകയായിരുന്നു. എന്നിട്ട് ഓരോ പാതിക്കും വേണ്ടി അവര്‍ കലഹിച്ചു. എനിക്കാദ്യം എനിക്കാദ്യം എന്നു പറഞ്ഞ് മുറവിളികൂട്ടി. അയാള്‍ പക്ഷേ അപ്പോഴേക്കും ഒരു ബിംബം മാത്രമായി മാറിക്കഴിഞ്ഞിരുന്നു. ചേതന വേര്‍പെട്ട അനാഥമായ ഒരു പ്രതിബിംബം. അതിന്റെ ചെവിയില്‍ ചുറ്റുമുള്ള ബഹളങ്ങളെല്ലാം വെറും പ്രതിധ്വനികളായി വന്നലച്ച് നിര്‍വികാരമായൊരു ശൂന്യതയിലേക്ക് അലിഞ്ഞ് അലിഞ്ഞ് ഇല്ലാതെയായി.

ഒരു തീര്‍ഥാടകന്റെ മൂഡിലേക്ക് അയാള്‍ എത്തിപ്പെട്ടു. എല്ലാമുപേക്ഷിച്ച് ഓര്‍മ്മകള്‍ പോലും പിന്തുടരാത്ത ഒരു ദേശത്തേക്ക്- ഈ നാട്ടില്‍ നിന്ന് നേടിയതെല്ലാം ഇവിടെത്തന്നെ ഉപേക്ഷിച്ച്.

അന്ന് വൈകുന്നേരം കടല്‍ക്കരയില്‍ ഒരു മധ്യവയസ്കന്റെ നഗ്നമായ ശവശരീരം വന്നടിഞ്ഞു. കാക്കകളും ചില മനുഷ്യരും അതിനു ചുറ്റും ഒത്തുകൂടി. ചിലര്‍ മൂക്ക് പൊത്തി അതിനെ തുറിച്ചുനോക്കിനിന്നു. മറ്റുചിലര്‍ മൊബൈലില്‍ ഫോട്ടോയെടുക്കുന്ന തിരക്കിലും. തക്കം പാര്‍ത്ത് വട്ടമിട്ട് പറക്കുകയായിരുന്ന കഴുകന്മാര്‍ ലജ്ജിച്ച് എവിടെയോ പോയൊളിച്ചു.

പക്ഷേ ആ മുഖത്ത് അപ്പോഴും ഒരു പുച്ഛമായിരുന്നു.തിരകള്‍ക്കും അലിയിക്കാനാവാതെ, വിഫലമായൊരു ഭൂതകാലത്തോടുള്ള പുച്ഛം.

Sunday, March 14, 2010

പ്രകാശന്റെ ആത്മഗതങ്ങള്‍

ഞാന്‍ പി പി പ്രകാശന്‍- വ്യവസ്ഥിതിയുടെ അപ്രായോഗികനിയമാവലികളെ അംഗീകരിച്ചില്ല എന്ന ഒറ്റക്കാരണത്താല്‍ പലരാലും അവഗണിക്കപ്പെട്ടവന്‍‍.

കുട്ടിക്കാലം മുതല്‍ക്കേ നിസ്സാരകാര്യങ്ങള്‍ക്കാണ് എനിക്കെന്നും ശിക്ഷയേല്‍ക്കേണ്ടി വന്നിട്ടുള്ളത്.
പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ നോട്ടീസില്‍ ഭഗവതിയ്ക്ക് മീശ വരച്ചതിന്. മറ്റൊരിക്കല്‍ അച്ഛന്‍ വൈകുന്നേരം പണികഴിഞ്ഞ് കൊണ്ടുവന്ന നൂറുരൂപാനോട്ടില്‍ ഗാന്ധിയുടെ കണ്ണട കൂളിംഗ് ഗ്ലാസ്സാക്കി മാറ്റിയതിന്. കലയെ അടിച്ചമര്‍ത്തിയതിന്റേയും അവഗണിച്ചതിന്റേയും പരിണിതഫലമെന്തായി?..എന്നിലെ ചിത്രകാരന്‍ ആരാലും തിരിച്ചറിയപ്പെടാതെ എന്നെന്നേക്കുമായി കല്ലറയിലടയ്ക്കപ്പെട്ടു.

എന്നും അടിച്ചമര്‍ത്തപ്പെട്ടവനും തോല്‍(പ്പി)ക്കപ്പെട്ടവനും വേണ്ടിയാണ് ഞാന്‍ ശബ്ദം ഉയര്‍ത്തിയിട്ടുള്ളത്.പിന്‍ബഞ്ച്കാര്‍ക്കും മുന്‍‌നിരക്കാരേപ്പോലെ ക്ലാസ്സിലിരിക്കാന്‍ തുല്യാവകാശമുണ്ടെന്നു പറഞ്ഞ് ഞാന്‍ നയിച്ച പ്രക്ഷോഭത്തെ 'വിഡ്ഡിക്കൂട്ടങ്ങളുടെ വിമോചന സമരം' എന്നു പറഞ്ഞ് അധിക്ഷേപിച്ച ജോസഫ് മാഷിന്റെ കണ്ണ് തെള്ളിച്ചുകൊണ്ട് ഞാന്‍ പത്താംതരം പാസ്സായി.
എന്റെ വിജയം 'ഭഗവതിയ്ക്ക് നേര്‍ന്നതിന്റെ ഫലം' എന്ന് അമ്മ പറഞ്ഞ് നടന്നു.അവിടേയും എന്റെ കഴിവുകള്‍ അവര്‍ അംഗീകരിച്ചില്ല.
ജോസഫ് മാഷിനോടുള്ള വാശി ഒന്നു മാത്രമാണ് അന്ന്‍ കോപ്പിയടിക്കാനുള്ള റിസ്ക് എടുക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. അതിനുശേഷം ഒരിക്കലും മറ്റുള്ളവര്‍ നടത്തുന്ന ബുദ്ധിയളക്കല്‍ പരീക്ഷകളിലൊന്നും ഞാന്‍ പങ്കെടുത്തില്ല. ഞാനെന്തിന് എന്റെ വ്യക്തിത്ത്വവും കഴിവുകളും മറ്റുള്ളവരെ ബോധ്യപ്പെടുത്തണം?

ഇത്രയൊക്കെ ഉയര്‍ന്ന തലത്തില്‍ ചിന്തിച്ചിട്ടും പ്രവര്‍ത്തിച്ചിട്ടും , ഞാന്‍ ജനിച്ചു വളര്‍ന്ന ഗ്രാമത്തിലെ ഉപചാപകസമൂഹം എന്നെ ധിക്കാരി, വിവരം കെട്ടവന്‍ എന്നൊക്കെ വിളിച്ചപമാനിക്കുകയാണുണ്ടായത്.(നാട്ടിന്‍ പുറം നന്മകളാല്‍ സമൃദ്ധം എന്നു പറഞ്ഞത് ഏതെങ്കിലും ഒരു നഗരവാസി ആയിരിക്കും. അല്ലാതെ ഏതെങ്കിലും ഒരു ഗ്രാമീണന്‍ അങ്ങനെ പറയും എന്ന് എനിക്കു തോന്നുന്നില്ല.)

എന്നെ വേണ്ടാത്തൊരു സമൂഹത്തെ എനിക്കും വേണ്ട എന്ന തിരിച്ചറിവാണ് രോഗബാധിതനായി കിടക്കുന്ന അമ്മാവനെ ശുശ്രൂഷിച്ചുകൊണ്ടിരുന്ന അമ്മായിയെ സഹായിക്കാന്‍ നഗരത്തിലേക്ക് പോകാന്‍ എന്നെ പ്രേരിപ്പിച്ചത്. വീട്ടുകാരെ വിട്ട് വിദേശത്തേക്ക് ജോലിയ്ക്ക് പോയപ്പോള്‍ പടീറ്റേതിലെ ദിവാകരന്‍ കാണിച്ച വിഷമമൊന്നും എനിക്കുണ്ടായില്ല. അല്ലെങ്കില്‍ തന്നെ, എന്തടിസ്ഥാനത്തിലാണ് എനിക്കവരോട് ഒരു വൈകാരിക ബന്ധം ഉണ്ടാകേണ്ടത്? - പി പി പ്രകാശന്‍ ' എന്ന പറയാന്‍ കൊള്ളാവുന്ന ഒരു പേരില്‍ മാത്രമാണ് -എന്നോട് ആലോചിക്കാതെ അവര്‍ ചെയ്തുകൂട്ടിയ കാര്യങ്ങളില്‍ എനിക്ക് പരിഭവം ഇല്ലാത്തത്.

നഗരത്തിലെ തിരക്കാര്‍ന്ന ശ്വാസ-നിശ്വാസങ്ങള്‍ക്കിടയിലാണ് പിന്നിടുള്ള പ്രകാശന്റെ വളര്‍ച്ച.
നാല് കാശ് സമ്പാദിക്കണം , സ്വന്തം കാലില്‍ നില്‍ക്കണം എന്നൊക്കെ എന്നെ ചിന്തിപ്പിച്ചത് അവിടത്തെ ജീവിതമാണ്. മറ്റൊരു ജോലി കണ്ടെത്തേണ്ട ഗതികേടുണ്ടായില്ല.അമ്മാവന് മരുന്നു വാങ്ങാന്‍ പോകുമ്പോഴൊക്കെ മിച്ചം പിടിച്ച കാശ് ഞാന്‍ സ്വരുക്കൂട്ടി വച്ചു. (ഞാന്‍ മരുന്നിന്റെ പേരും പറഞ്ഞ് കാശ് മോഷ്ടിക്കുകയാണെന്ന് അമ്മായി ആരോടോ ഒരിക്കല്‍ പറഞ്ഞത്രേ..ദുഷ്ട!!!നന്ദിയില്ലായ്മയുടെ നാഗരികരൂപം.!!)അതാണ് വാരാന്ത്യങ്ങളില്‍ ജയന്തിയെ യാത്ര കൊണ്ടുപോകാനും ഐസ്ക്രീം വാങ്ങിക്കൊടുക്കാനുമൊക്കെ ഞാന്‍ ഉപയോഗിച്ചത്. അല്ലാതെ ആരുടേയും ഓശ്ശാരം എനിക്കാവശ്യമില്ലായിരുന്നു.

അവള്‍ ഒരിക്കല്‍ ടെലിഫോണ്‍ ബൂത്തിലെ ഷൈജുവിന്റെയൊപ്പം ബൈക്കിന്റെ പിന്നിൽ  ഒട്ടിച്ചേർന്നിരുന്ന് പോകുന്നത് കണ്ടപ്പോള്‍ എന്റെയുള്ളിലെ ലോലഹൃദയനായ കാമുകന്‍ സ്വാഭാവികമായും ഒന്ന് സംശയിച്ചു പോയി. എനിക്ക് അസൂയയാണെന്നവള്‍ ആരോപിച്ചു. വിചാരിച്ചാല്‍ എന്നേക്കാള്‍ കേമന്മാരായ എത്ര കാമുകന്മാരെ വേണമെങ്കിലും കിട്ടുമെന്ന് പറഞ്ഞ് ജയന്തി പൊട്ടിത്തെറിച്ചു. ഒരു പെണ്‍കുട്ടിക്ക് ഇത്രയ്ക്ക് അഹങ്കാരമാകാമോ? പ്രത്യേകിച്ച അവളെപ്പോലെ വൃത്തികെട്ട മുഖമുള്ള ഒരുത്തിക്ക്?

ജയന്തി കൈവിട്ടശേഷവും ഞാന്‍ തളരാതിരുന്നത് എനിക്ക് എന്നില്‍ത്തന്നെയുള്ള വിശ്വാസം കൊണ്ട് മാത്രമാണ്.എനിയ്ക്കെന്താണൊരു കുറവ്?
"ഒന്നുകില്‍ നീ ദിവസവും കുളിയ്ക്ക്, അല്ലെങ്കില്‍ ആ ജടപിടിച്ച് നാറുന്ന മുടിവെട്ടിക്കള " എന്ന്‍ പെട്ടിക്കടക്കാരന്‍ ദാമോദരന്‍ കളിയാക്കിയത് എന്റെ കേശഭാരത്തോടുള്ള ഒരു കഷണ്ടിക്കാരന്റെ അസൂയ മാത്രം കൊണ്ടാണ്. പിന്നെ, മുന്‍‌നിരയിലെ രണ്ട് പല്ലുകള്‍ ഉന്തിയിരുന്നത് അത്ര വിരൂപമായിട്ടൊന്നും എനിക്ക് തോന്നുന്നില്ല.അല്ലെങ്കില്‍ വീണ്ടുമൊരു പെണ്‍കുട്ടി-മാലതി എന്നെ പ്രേമിക്കുമായിരുന്നോ?
രാത്രിയുടെ നിഗൂഢയാമങ്ങളില്‍ അവളയച്ചിരുന്ന ഓരോ സന്ദേശവും എന്റെ മനസ്സിന്റെ ചുട്ടുപഴുത്ത മണലാരണ്യങ്ങളിലേക്ക് പെയ്തിറങ്ങിയ കുളിര്‍മഴത്തുള്ളികളായിരുന്നു. അത്രയധികം ആവേശത്തോടുകൂടിയാണ് ഞാന്‍ അവയെല്ലാം വായിച്ചിരുന്നതും മറുപടി അയച്ചിരുന്നതും..
ആഴ്ചകളോളം അവള്‍ എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത് മൊബൈല്‍ഫോണിന്റെ ഇന്‍ബോക്സിലേക്ക് നുഴഞ്ഞു കയറിവന്നുകൊണ്ടിരുന്ന അപൂര്‍ണ്ണങ്ങളായ അക്ഷരക്കൂട്ടങ്ങളുടെ രൂപത്തിലായിരുന്നു.പക്ഷേ ഞങ്ങളുടെ ബന്ധത്തിന് ആവശ്യത്തിലേറെ ജീവവായു പകരാന്‍ അവയ്ക്ക് കരുത്തുണ്ടായിരുന്നു.ഫോട്ടോയ്ക്കും മേല്‍വിലാസത്തിനും വേണ്ടിയുള്ള എന്റെ സന്ദേശങ്ങളില്‍ നിന്ന് നിഷ്കരുണം ഒഴിഞ്ഞ് മാറിയപ്പോഴും ഞാന്‍ പതിന്മടങ്ങ് അവളെ വിശ്വസിക്കാന്‍ ശ്രമിച്ചു.

മദ്യത്തിനടിപ്പെട്ട ഒരു വേളയില്‍, ഞാന്‍ എന്നില്‍ നിന്നു തന്നെ മാറിപ്പറന്ന ഒരു ശരത്കാല രാത്രിയില്‍ ഞാനവളോട് യുദ്ധം പ്രഖ്യാപിച്ചു.- "ഒന്നുകില്‍ നിന്നെ എനിക്ക് കാണണം, അല്ലെങ്കില്‍ ഇപ്പോള്‍ ഈ നിമിഷം ഗുഡ്ബൈ!!"
അവള്‍ വെറുമൊരു പെണ്ണായിരുന്നു.
അതുകൊണ്ട് എന്റെ ഭീക്ഷണി ഫലവത്തായി. മറുപടി സന്ദേശത്തില്‍ ഊണ്ടായിരുന്ന വിലാസത്തിലേക്ക് ഞാന്‍ വണ്ടി കയറി.ബസ്സിറങ്ങി ഒരു കിലോമീറ്റര്‍ നടക്കണം. അത് വളരെ നിസ്സാരമായിരുന്നു.മാലതിയെ നേരില്‍ കാണാനുള്ള ആകാംക്ഷ എന്റെ കാലുകള്‍ക്ക് ശക്തിയും അവയുടെ ചലനങ്ങള്‍ക്ക് വേഗവും നല്‍കി.വെളിച്ചത്തില്‍ നിന്ന് ഇരുട്ടിലേക്ക നീണ്ടുകിടക്കുന്ന ആ വഴി കുറേ പിന്നിട്ടു. അവള്‍ പറഞ്ഞതുപോലെ, ആള്‍പ്പാര്‍പ്പില്ലാത്ത ആ പ്രദേശത്ത് വഴിയരികില്‍ നിന്ന് അല്‍പ്പം മാറി ഇരുള്‍മേഘങ്ങളിലേക്ക് തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന ആ കൂറ്റന്‍ കെട്ടിടം.. ഞാന്‍ ഗേറ്റിനരികിലേക്ക് നടന്നു. അപ്രതീക്ഷിതമായി പൊട്ടിച്ചിതറിയ മഴയിലും മിന്നല്പിണരുകളിലും ആ അക്ഷരങ്ങള്‍ എനിക്ക് വായിച്ചെടുക്കാനായി.- "മാനസികാരോഗ്യ ചികിത്സാകേന്ദ്രം." മുന്നോട്ടു നീങ്ങിയ എന്റെ കാലുകള്‍ ആരോ ബലമായി പിന്നിലേക്ക് പിടിച്ചു വലിച്ചു.
"മാലതീ.നീ....?"
വീശിയടിച്ച കാറ്റില്‍ ഒരു പെണ്‍കുട്ടിയുടെ അട്ടഹാസം ഞാന്‍ കേട്ടു.അത് ഉച്ഛസ്ഥായില്‍ തുടര്‍ന്നുകൊണ്ടേയിരുന്നു.തലയ്ക്കുള്ളില്‍ രക്തം കട്ടിപിടിക്കുന്നതുപോലെ തോന്നി എനിക്ക്. ഇരുകൈകളും കൊണ്ട് തലയില്‍ ശക്തിയായി ഇടിച്ച് ഞാന്‍ പിന്തിരിഞ്ഞോടി.

മാലതിയ്ക്കും എന്നെ തളര്‍ത്താനായില്ല.
ഇന്നെനിയ്ക്ക് തലചായ്ക്കാന്‍ സ്വന്തമായൊരിടമുണ്ട്. ചുറ്റും പരിചരിക്കാന്‍ സദാ ആളുകളുണ്ട്. ഈ അഴികള്‍ക്ക് പിന്നില്‍ ഞാന്‍ ഇനി എക്കാലവും സുരക്ഷിതന്‍.
"ഞാന്‍ പി പി പ്രകാശന്‍. സെല്‍ നമ്പര്‍ 62"