Tuesday, April 3, 2012

പിടികിട്ടാപ്പുള്ളിആദ്യമായിട്ടാണ് ഈ നഗരത്തിൽ.
ഇത്രയും ദൂരം ബസിൽ യാത്രചെയ്ത് വരണമെന്ന് ഒട്ടും ആഗ്രഹമുണ്ടായിട്ടല്ല. എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത്- അവന്റെ വർഷങ്ങളായുള്ള പ്രണയത്തിന്റെ സഫലീകരണം. വിളിച്ചാൽ വരാതിരിക്കാനാവുമോ?  മറ്റു പലരേയും പോലെയല്ല അവൻ; പഠിച്ച്  നല്ല ജോലിയൊക്കെയായി  വലിയ നിലയിലായെങ്കിലും ഈ പഴയ ഓണംകേറാമൂലക്കാരൻ സഹപാഠിയെ അവൻ ഇന്നും ഓർക്കുന്നു, സ്നേഹിക്കുന്നു.

ജോബി ബസിനുള്ളിൽ ഒറ്റയ്ക്കായിരുന്നു. പുറപ്പെടാൻ ഒരു മണിക്കുറുകൂടിയുണ്ട്. മറ്റു  പലയിടങ്ങളില്‍ നിന്നും അതുവഴി വന്നു പോകുന്ന സൂപ്പർഫാസ്റ്റുകളിൽ തള്ളിക്കയറി നിന്നു പോകാൻ വയ്യാത്തതുകൊണ്ടാണ് ആ സ്റ്റാന്റില്‍ നിന്നും പുറപ്പെടാന്‍ നിര്‍ത്തിയിട്ടിരുന്ന ഒരു ബസില്‍  കയറിയിരുന്നത്.

എന്താ ഒരു ചൂട് !!
എന്റെ നാട്ടില്‍ ഇത്രയും ചൂടില്ല എന്നു തോന്നുന്നു. ഇവിടെ മൊത്തം കോൺക്രീറ്റ് കെട്ടിടങ്ങൾ ചൂടിനെ ആവാഹിച്ചെടുത്ത് മനുഷ്യന്റേയും മണ്ണിന്റേയും മേൽ അടിച്ചേൽപ്പിക്കുകയാണ് . "നഗരം ഒരു കോൺക്രീറ്റ് ചൂളയാണ് , നമ്മുടെ ഗ്രാമങ്ങളും അതിന്റെ തീജ്വാലയിലേക്ക് ചെന്ന് വീണു ഉരുകി തുടങ്ങിയിരിക്കുകയാണ് " എന്നൊക്കെ വായനശാല സെക്രട്ടറി  പ്രസംഗിച്ചത് ഓർമ്മ വന്നു. ശരീരമാകെ ആവിയില്‍ പുഴുങ്ങിയെടുത്തതുപോലെ. ഭയങ്കര ദാഹം. കുറച്ചു  മുൻപ് കുടിച്ച സോഡാനാരങ്ങവെള്ളം എന്റെ വയറ്റിലോട്ടുതന്നെയല്ലേ പോയത്! സംശയം തോന്നുന്നു.
ഉഷ്ണത്തിന്റെയാവാം എന്തോ എവിടെയോ ഒരു അസ്വസ്ഥത ; അയാൾ വയറിൽ തടവി നോക്കി, അടിവയറ്റിൽ ഒരു അസ്വസ്ഥതയുണ്ടോ?..ഹേയ് കുഴപ്പമില്ലെന്ന് തോന്നുന്നു. അല്പം അമിതമായി ഭക്ഷണം കഴിച്ചതിന്റെ ഒരു വിമ്മിഷ്ടം ആയിരിക്കാം. കുറച്ചു നാളുകൂടിയാണ് ഇത്രയും രുചികരമായ ബിരിയാണി കഴിക്കുന്നത്. അതിലും തകര്‍പ്പന്‍ ആയിരുന്നു ഇന്നലെ വൈകിട്ടത്തെ കപ്പയും എല്ലുകറിയും .ഒപ്പം നല്ല നാടൻ കള്ളും- എത്ര കഴിച്ചു  എന്ന്‍ ഓര്‍മ്മയില്ല . ആകെക്കൂടി കല്യാണം പൊടിപൂരമായിരുന്നു.

ബസില്‍ ആളുകള്‍ അധികം കയറിതുടങ്ങിയിരുന്നില്ല . ചുറ്റും നോക്കിയപ്പോള്‍ പിൻസീറ്റിൽ ഇരുന്നു മയങ്ങുന്ന ഒരു പടുവൃദ്ധനെ കണ്ടു. ബോറടി ഒഴിവാക്കുവാൻ സ്റ്റാന്റിലെ പെട്ടിക്കടയില്‍ നിന്നും വാങ്ങിയ 'ബോബനും മോളിയും ' തുറന്നു നോക്കി. പഞ്ചായത്തു പ്രസിഡണ്ടന്റിന്റേയും ആശാന്റെയും ചേട്ടത്തിയുടേയുമൊക്കെ വികൃതികൾ വായിച്ച് ഉള്ളുതുറന്നു ചിരിച്ചു.ഇതൊക്കെ വരച്ചു കൂട്ടുന്ന ടോംസിനെ സമ്മതിക്കണം .എന്നാ കാച്ചാണ് പലയിടത്തും കാച്ചിയിരിക്കുന്നത്‌. .ടോംസിന്റെ കാലശേഷം ഈ കഥാസാഹചര്യങ്ങളും കഥാപാത്രങ്ങളും അന്യം നിന്ന് പോയേക്കാം ; കാരണം ഇതുവരെ ഇത്ര രസകരമായി ഈ കഥാപാത്രങ്ങളെ വരച്ചു ഫലിപ്പിക്കാന്‍ മറൊരാള്‍ക്ക് കഴിഞ്ഞിട്ടില്ല.

ചിരിച്ചു തളർന്നപ്പോൾ ഇടയ്ക്ക് തലയുയർത്തി നോക്കിയതാണ്- അപ്പുറത്ത് നിര്‍ത്തിയിട്ടിരിക്കുന്ന ബസിൽ തന്റെ നേർദിശയിൽ രണ്ട് പേർ വന്നിരിക്കുന്നത് കണ്ടു . ഏകദേശം നാല്പത് വയസ്സോളം പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയാണ് വിൻഡോസീറ്റിൽ. തൊട്ടപ്പുറത്ത് ചുരിദാർ ധരിച്ച ഒരു പെൺകുട്ടി- അവരുടെ മകളാവാം - മുഖം വ്യക്തമല്ല.
അയാൾ വായനയിലേക്ക് മടങ്ങി. അപ്പോള്‍ വായിച്ചത് 'അപ്പി ഹിപ്പി' ആയിരുന്നു. ഗിത്താറും  തോളിലിട്ട് പെണ്ണുങ്ങളെ പഞ്ചാരയടിച്ചു നടക്കുന്ന വിരുതന്‍ .അന്ന് വഴിയില്‍ വച്ച് പരിചയപ്പെട്ട ഒരുത്തിയെ കാണാന്‍ രാത്രി ഹോസ്റ്റലില്‍ പോകുന്നതും അവിടെ വച്ച് പണി കിട്ടുന്നതുമോക്കെയാണ് കഥ. ചിരിയടക്കാന്‍ കഴിഞ്ഞില്ല.

വായനയ്ക്കിടെ വീണ്ടും എപ്പോഴോ പുറത്തേക്ക് കണ്ണോടിച്ചപ്പോഴാണ്  നയനമനോഹരമായ ഒരു കാഴ്ച കണ്ടത്. അപ്പുറത്തെ ബസില്‍ ഇരുന്നുറങ്ങുന്ന ആ  മുതിര്‍ന്ന സ്ത്രീയുടെ അടുത്തിരിക്കുന്ന പെണ്‍കുട്ടി ഇങ്ങോട്ട് തന്നെ നോക്കുന്നു!
ജോബി അവളുടെ മുഖത്തേക്ക് തുറിച്ചു നോക്കി. അവള്‍ക്കൊരു കൂസലുമില്ല. ഒരു ഭാവവും മുഖത്ത് വരുത്താതെ ഇങ്ങോട്ട് നോക്കിയിരിക്കുന്നു.

അയാളുടെ ഉള്ളിലെ 'അപ്പി-ഹിപ്പി' ഉണര്‍ന്നു.
 വെളുത്തു മെലിഞ്ഞ ഒരു സുന്ദരിക്കുട്ടി. ഇരുപതു വയസില്‍ താഴെയേ പ്രായം കാണാന്‍ സാധ്യതയുള്ളൂ. പിങ്ക് നിറമുള്ള ചുരിദാര്‍ ആണ് ധരിച്ചിരിക്കുന്നത്‌ . വട്ടമുഖത്ത് വലിയ നെറ്റിയില്‍ ത്രികോണാക്രുതിയിലുള്ള കറുത്ത പൊട്ട് , കാതില്‍ ഇളകിയാടുന്ന സ്വര്‍ണ്ണ ജിമിക്കി.
അവള്‍ എന്നെത്തന്നെയാണ് നോക്കിയിരിക്കുന്നത്.
പോക്കറ്റില്‍ നിന്ന് തൂവാലയെടുത്തു മുഖം തുടച്ചു . എന്നിട്ട അവളെ നോക്കിയൊന്നു ചിരിച്ചു - ഉള്ളില്‍ ഭയമുണ്ടായിരുന്നു- കുഴപ്പമാകുമോ ?

 പക്ഷെ സംശയം അസ്ഥാനത്തായിരുന്നു- അതാ അവളും ചിരിക്കുന്നു! അതും നല്ല പാല്ച്ചിരി.

അന്തരീക്ഷത്തിലെ ചൂടൊക്കെ എവിടെയോ പോയി മറഞ്ഞു. ശരീരത്തിലും മനസ്സിലും എന്തോ ഒരു ഊര്‍ജ്ജം നിറഞ്ഞു. അവളുടെ ചിരി ഉന്മേഷം നിറഞ്ഞ ഒരു കുളിര്‍കാറ്റായി വീശിയത് പോലെ.
അയാള്‍ ചിരി മായ്ക്കാതെ ചുണ്ടുകള്‍  കൊണിച്ചു  അവളെ ഗോഷ്ടി കാണിച്ചു - അടുത്ത ക്ഷണത്തില്‍ അവളും തിരിച്ചു കാണിച്ചു. കുറച്ചു നേരം ആംഗ്യഭാഷയിലുള്ള അവരുടെ സംസാരം തുടര്‍ന്നു . അടുത്തിരിക്കുന്ന സ്ത്രീ അവളുടെ അമ്മ തന്നെയാണെന്നു മനസിലായി.
ആദ്യം നിഷ്കളങ്കമായ അംഗവിക്ഷേപങ്ങളായിരുന്നു. ചുറ്റും നോക്കി ആരും ശ്രദ്ധിക്കുന്നില്ല എന്ന് ഉറപ്പു വരുത്തിയതിനു ശേഷം പരീക്ഷാടിസ്ഥാനത്തില്‍  അയാള്‍ ചുണ്ടുകള്‍ കൂര്പിച്ചു നിട്ടി അവള്‍ക്ക്  ഒരു ചുംബനം കാണിച്ചു കൊടുത്തു . അവളുടെ മുഖം മങ്ങി-;
വേണ്ടായിരുന്നു - അയാള്‍ ക്ഷമ പറയാന്‍ തുടങ്ങിയപ്പോഴേക്കും അവളുടെ മുഖത്ത് വീണ്ടും ചിരി പടരുന്നത്‌ കണ്ടു- ആശ്വാസമായി!

ഇന്നത്തെ ദിവസം കൊള്ളാം.
കര്‍ത്താവേ ഇപ്പോഴൊന്നും വണ്ടി വിടല്ലേ !

തിരിച്ചൊരു ചുംബനം തരാന്‍ അയാള്‍ അപേക്ഷിച്ചു. പക്ഷെ നാണം കൊണ്ട് ചൂളിപ്പോയ അവള്‍ അത് നിരസിച്ചു.അങ്ങനെ രോമാഞ്ചതരളിതനായിരിക്കുമ്പോഴാണ്‌ മൊബൈല്‍ഫോണ്‍ വലിയ വായില്‍ നിലവിളിക്കാന്‍ തുടങ്ങിയത്  . ആരാണെന്ന് പോലും നോക്കാതെ കട്ട്‌ ചെയ്ത് സൈലന്റ് മോഡിലിട്ട്  പോക്കറ്റിലെക്ക് തിരികെയിട്ടു - പിന്നല്ലാതെ! ഇവിടെ ഒന്ന് ട്യൂണ്‍ ചെയ്തു വരുമ്പോഴാണ് ഒരു കോള്‍ !

ബസില്‍ രണ്ടു മൂന്നു പേര് കൂടി വന്നു കയറി. ഭാഗ്യം, അവര്‍ കുറച്ചു കൂടി മുന്നിലായുള്ള സീറ്റുകളില്‍ പോയി ഇരുപ്പായി . അപ്പുറത്തെ ബസില്‍ മുന്സീറ്റുകള്‍ ഏറെക്കുറെ നിറഞ്ഞുകഴിഞ്ഞു.
ഇതിനിടയില്‍ അവരുടെ ആട്ടക്കഥ തുടര്‍ന്നു. പെണ്‍കുട്ടിക്കും രസം പിടിക്കുന്നു എന്ന് കണ്ടപ്പോള്‍ ജോബിക്ക് കൂടുതല്‍ ധൈര്യമായി.  അയാള്‍ കൈവീശി  കൂടെ വരുന്നോ എന്ന് ചോദിച്ചു. അതിനും നാണം നിറഞ്ഞ ചിരിയായിരുന്നു മറുപടി. അമ്മ ഉണര്‍ന്നപ്പോള്‍ അവള്‍ കുറച്ചു നേരം ഇങ്ങോട്ട് നോക്കാതെയിരുന്നു. അമ്മയും മകളും കുറച്ചു നേരം പരസ്പരം കാര്യം പറഞ്ഞിരിക്കുന്നത് കണ്ടു. ജോബിയുടെ ക്ഷമ നശിച്ചു തുടങ്ങി. അയാള്‍ ആംഗ്യം കാണിച്ചു കൊണ്ടേയിരുന്നു. അവള്‍ ഇടയ്ക്കിടയ്ക്ക് ശ്രദ്ധിക്കുന്നുണ്ട്, പക്ഷെ തിരിഞ്ഞു നോക്കിയിരിക്കാനോ മറുപടി തരാനോ കഴിയുന്നില്ല. ഇടയ്ക്ക് ഒരു അവസരം കിട്ടിയപ്പോള്‍ 'വെയിറ്റ് ചെയ്യ്' എന്നവള്‍ ആംഗ്യം കാട്ടി.
കുറച്ചുനേരം അയാള്‍ കാത്തിരുന്നു . അപ്പുറത്തെ ബസില്‍ ഡ്രൈവര്‍ കയറി , ഉടന്‍ തന്നെ വണ്ടി വിടുമെന്ന് തോന്നുന്നു. ഇത്രയൊക്കെ കൊതിപ്പിച്ചിട്ട്‌ അവളെ അങ്ങനെയങ്ങ് വിടാന്‍ തോന്നുന്നില്ല. അവളാണെങ്കില്‍ ഇങ്ങോട്ട് നോക്കുന്നതുപോലുമില്ല. ആര്‍ക്കും സംശയം തോന്നാത്തവിധത്തില്‍ ബസിന്റെ വശങ്ങളില്‍ മുട്ടിയും 'ശൂ' എന്ന്‍ ശബ്ദമുണ്ടാക്കിയും അവളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം വിഫലമായി.

മണ്ടത്തരമാണെന്ന് മനസ്സ് പറഞ്ഞെങ്കിലും, കയ്യിലിരുന്ന മാസികയിലെ ഒരു പേജു കീറിയെടുത്ത് ചുരുട്ടി അവളെ ഒരു ഏറു കൊടുക്കാന്‍ ശ്രമിച്ചു . അത് കയ്യില്‍ നിന്നും പോയില്ല അതിനു മുന്നേ ആരോ അലറിക്കൊണ്ടു ഓടി വരുന്നതുകേട്ട്  അയാള്‍ ഞെട്ടി. കട്ടിയുള്ള കൊമ്പന്‍ മീശയും വച്ചു  ഒരു പോലീസുകാരന്‍ കുടവയറും കുലുക്കി ഓടി വരുന്നു.

കര്‍ത്താവേ ..എല്ലാം തുലഞ്ഞു!!!

"എടാ കള്ളനായിന്റെ മോനേ.. നീയിവിടെ ഒറ്റപ്പെൺപിള്ളേരേ ജീവിക്കാൻ സമ്മതിക്കത്തില്ല അല്ലേടാ.. കഴിഞ്ഞ ഒരു മാസമായിട്ടു ഞാൻ നിന്നെ ഇവിടെയൊക്കെ നോക്കിനടക്കുകയായിരുന്നു"

അതും പറഞ്ഞ് ബസിന്റെ അഴികൾക്കിടയിലൂടെ പോലീസുകാരൻ ജോബിയുടെ ഷര്‍ട്ടിന്റെ  കോളറിൽ പിടിച്ച് വലിക്കാൻ തുടങ്ങി.
" അയ്യോ സാർ...ഞാനാദ്യമായിട്ടാ  ഇവിടെ"
പോലിസുകാരന്റെ ഉച്ചത്തിലുള്ള തെറിയഭിഷേകത്തിനിടയിൽ അയാളുടെ വാക്കുകൾ ആരും കേൾക്കാതെ മുറിഞ്ഞ് മരിച്ചുവീണു.
ബഹളം കേട്ട് ആളുകൾ ഓടിക്കൂടി.

" തല്ലിക്കൊല്ലണം ഇവനെയൊക്കെ"
" ഓരോ അവന്മാർ ഇറങ്ങിക്കോളും"
" കണ്ടാൽ സിംബളൻ...ചെറൂപ്പക്കാരൻ.. ഇവന്റെയൊക്കെ കയ്യിലിരുപ്പ്!"
" എങ്ങനെ പെൺപിള്ളാരെ മനസമാധാനമായിട്ട് വളർത്തും?"

എങ്ങും അഭിപ്രായങ്ങളും ആശങ്കളും ഉയർന്നുകേൾക്കുന്നു.
"ഇറങ്ങിവാടാ ഇങ്ങോട്ട് " - പുറത്ത് കറുത്തു തടിച്ച രോഷാകുലനായ ഒരു ചെറുപ്പക്കാരന്‍ അലറി . കൈമുട്ടിനു മേലെ തെറുത്തുകയറ്റി  വച്ചിരിക്കുന്ന ഷര്‍ട്ടിനടിയില്‍ അയാളുടെ പിടയ്ക്കുന്ന പേശികള്‍ കണ്ടപ്പോള്‍ തന്നെ ജോബിയുടെ നെഞ്ചിടിപ്പ് കൂടി. അവന്റെ കയ്യില്‍ നിന്ന് ഒരെണ്ണം കിട്ടിയാല്‍ പിന്നെ അന്ത്യകൂദാശയ്ക്ക്  അച്ചനെ ബുക്ക് ചെയ്‌താല്‍ മതിയാകും. സീറ്റിൽ നിന്ന്  എഴുന്നേറ്റു കഷ്ടപ്പെട്ട്  ഇറങ്ങേണ്ടിവന്നില്ല അപ്പോഴേക്കും ആരൊക്കെയോ ചേര്‍ന്ന്‍ അയാളെ പൊക്കിയെടുത്ത് ' രാജാവിനെ പല്ലക്കിലെന്നതുപോലെ പുറത്തെത്തിച്ചു. പോലീസുകാരന്റെ കൊഴുത്തുരുണ്ട കൈ അയാളുടെ കോളറില്‍ വീണ്ടും പിടിമുറുക്കി. അതിനുശേഷമാണ് പല്ലക്ക് ചുമട്ടുകാര്‍ അയാളെ താഴെ വച്ചത് .

" സാര്‍ ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല.. ആ കുട്ടിയുടെ സമ്മതത്തോടെ തന്നെയാണ് ഞാന്‍ അങ്ങനെയൊക്കെ.. എന്നെ വെറുതെ വിടണം  " ജോബി കൈകൂപ്പിക്കൊണ്ട് കേണു. പക്ഷെ ആരുടെ കാതിലും ആ വാക്കുകള്‍ പതിഞ്ഞില്ല.

അപ്പുറത്തെ ബസില്‍ നിന്ന് പെണ്‍കുട്ടിയുടെ അമ്മ സംഭവമൊന്നും മനസ്സിലാകാതെ കണ്ണും മിഴിച്ചിരുന്നു.  പോലീസുകാരന്‍ ജോബിയേയും വലിച്ചിഴച്ചു ആ ബസിനടുത്തേക്ക് ചെന്ന് അവരോട്  ചോദിച്ചു.
" നിങ്ങളുടെ മകളാണോ കൂടെയിരിക്കുന്നതു?"
" അതെ സാറേ "
" ഇവന്‍ അവിടെയിരുന്നു ഈ കൊച്ചിനെ കണ്ണും കയ്യും കാണിക്കുകയായിരുന്നു . നിങ്ങള്‍ കണ്ടില്ലേ? "
" ഇല്ല സാറേ" ഇതും പറഞ്ഞു അവര്‍ പെണ്‍കുട്ടിയോട് ചോദിച്ചു " മോളെ സത്യമാണോ ? നിന്നെ ഇവന്‍ ശല്യപ്പെടുത്തിയോ ?"
 ഇല്ല എന്നര്‍ത്ഥത്തില്‍ പെണ്‍കുട്ടി തലയാട്ടി.
" എന്റെ സാറേ .. അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. ഉണ്ടായെങ്കില്‍ അവള്‍ എന്നോട് പറഞ്ഞേനെ"
"നിങ്ങളോട് എങ്ങനെ പറയും?, നിങ്ങളുടെ മോളും കൂടി ഒത്തോണ്ടുള്ള പരിപാടിയായിരുന്നു. ഞാന്‍ കുറെ നേരം കൊണ്ടു കാണുവാരുന്നു.  "
ആള്‍ക്കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരു ഖദര്‍ധാരി പറഞ്ഞു. എന്നിട്ട് എന്തോ നേടിയ ഭാവത്തില്‍ ചുറ്റും നോക്കി. അത് ആ സ്ത്രീയെ വല്ലാതെ ചൊടിപ്പിച്ചു.
" ദേ. അനാവശ്യം പറയരുത് .തല്ലിയും താലോലിച്ചും തന്നെയാ എന്റെ മോളെ വളർത്തുന്നത്. ആണുങ്ങളുടെ മുഖത്തുപോലും നോക്കത്തില്ല എന്റെ കൊച്ച്. നിന്റെയൊക്കെ വീട്ടിൽ കാണുന്നതുപോലെയാണ് എല്ലാവരുടേയും സ്വഭാവം എന്ന് വിചാരിക്കരുത്.."
അവര്‍  അത്യുച്ചത്തിൽ ശകാരം തുടർന്നുകൊണ്ടിരുന്നു. സഹികെട്ടപ്പോള്‍ ആരോപണം ഉന്നയിച്ചയാള്‍  ആല്ക്കൂട്ടത്തിലേക്ക്  വലിഞ്ഞ് അപ്രത്യക്ഷനായി.

ജോബി അപ്പോഴേക്കും ഒരുതരം മരവിച്ച അവസ്ഥയിലായിരുന്നു. ആളുകള്‍ക്ക് മുന്‍പില്‍   ഞാനൊരു കുറ്റവാളിയായി മാറിയിരിക്കുന്നു. അനേകായിരം കാലടികള്‍ തന്റെ തലയില്‍ ചവുട്ടിമെതിച്ചു കടന്നു പോകുന്നത് പോലെ തോന്നി അയാള്‍ക്ക്‌ . ശ്വാസം പോലും കിട്ടുന്നില്ല . ചുറ്റും ചില കാഹളങ്ങള്‍ മാത്രം - ഒന്നും വ്യക്തമായി കേള്‍ക്കാനാവുന്നില്ല.
 ഇവിടെ ആരെയും എനിക്ക് പരിചയം പോലുമില്ല. എന്നെ പോലീസ് പിടിച്ചു കൊണ്ട് പോയാല്‍ എന്താണ് ചെയ്യുക. അവര്‍ പല പീഢന കേസുകളും എന്റെ തലയില്‍ കെട്ടി വച്ചേക്കാം , എന്റെ ഫോട്ടോ നാളത്തെ പത്രത്തില്‍ വന്നേക്കാം.
എന്നെ മാത്രം പ്രതീക്ഷിച്ചു രണ്ടു വര്‍ഷത്തോളമായി കാത്തിരിക്കുന്ന ഒരു പാവം പെണ്‍കുട്ടിയുണ്ട് . അവളിതറിഞ്ഞാല്‍ പിന്നെ എങ്ങനെ ഞാന്‍ അവളുടെ മുഖത്ത് നോക്കും?  - ആത്മഹത്യ ചെയ്യുകയേ പിന്നെ നിവൃത്തിയുള്ളൂ.
ഒരു തമാശയ്ക്ക് വേണ്ടി മാത്രമാണ് ഈ പെണ്‍കുട്ടിയോട് അങ്ങനെയൊക്കെ പെരുമാറിയത്. അവളും പ്രോത്സാഹിപ്പിച്ചതേയുള്ളൂ; അതൊരു ന്യായീകരണമാവില്ലെങ്കിലും .  പക്ഷെ ഒന്നും പറയാനോ ചെയ്യാനോ കഴിഞ്ഞില്ല, കൈകള്‍ ആരൊക്കെയോ ചേര്‍ന്നു പിന്നില്‍ പിടിച്ചു വച്ചിരിക്കുകയായിരുന്നു . കഴുത്തില്‍ പിടിമുറുക്കിക്കൊണ്ട് പോലീസുകാരനും! അറുക്കാന്‍ പിടിച്ചു നിര്‍ത്തിയിരിക്കുന്ന ഒരു ആട്ടിന്‍കുട്ടിയെപ്പോലെ ആ അപരിചിതരുടെ കൈകള്‍ക്കിടയില്‍ കിടന്നു അയാള്‍ പിടച്ചു.

സംഭവം നേരില്‍ കണ്ട മറ്റാരും അവിടെ ഇല്ലാതിരുന്നതുകൊണ്ട് പോലീസുകാരന്‍ തന്റെ വാദങ്ങളുമായി നന്നേ വിയര്‍ക്കുന്നുണ്ടായിരുന്നു. ഇത്ര വലിയ കോലാഹലങ്ങള്‍ക്കിടയിലും പെണ്‍കുട്ടി ജോബിയെ കണ്ട ഭാവം പോലും കാണിച്ചില്ല. അവള്‍ ഒരക്ഷരവും ഉരിയാടാതെ തനിക്കു നേരെ ഉയര്‍ന്ന ചോദ്യശരങ്ങളെയെല്ലാം നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി നിഷ്പ്രഭാമാക്കി .കുറെ ബഹളം വച്ച് കഴിഞ്ഞപോള്‍ പെണ്‍കുട്ടിയുടെ അമ്മ കരഞ്ഞു തുടങ്ങി.
" എന്ത് തെറ്റ് ചെയ്തിട്ടാ സാറേ എന്നെയും എന്റെ മോളെയും ഇങ്ങനെ ദ്രോഹിക്കുന്നത് . നാളെ ഒരുത്തന്റെ കൂടെ ഇറക്കി വിടേണ്ട പെണ്ണാ , അവളെപ്പറ്റി  ആവശ്യമില്ലാത്തത് കേട്ടാല്‍ ഞാനെങ്ങനെയാ സഹിക്കുന്നത് ? അതും ഇതുപോലെ പച്ചക്കള്ളം "
അവര്‍ മകളെ ചേര്‍ത്തു പിടിച്ചുകൊണ്ട് വിലപിച്ചു.
അവര്‍ എത്രമാത്രം സ്വന്തം മകളെ വിശ്വസിക്കുന്നു എന്ന് കണ്ടപ്പോള്‍ ജോബിക്ക് വല്ലാത്ത വിഷമം തോന്നി. കുറ്റബോധം കൊണ്ട് അയാളുടെ തല താഴ്ന്നു തന്നെയിരുന്നു. വേണ്ടായിരുന്നു ഒന്നും. എന്നെ നിയന്ത്രിക്കേണ്ടത് ഞാന്‍ തന്നെ ആയിരുന്നു. മറ്റാരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

പോലീസുകാരനുള്‍പ്പെടെ എല്ലാവരും ആശയക്കുഴപ്പത്തിലായി.
കുറച്ചു സമയം കഴിഞ്ഞപ്പോള്‍ അവിടെ കൂടിയിരുന്ന പലരും അസഹിഷ്ണുത കാണിച്ചു തുടങ്ങി. ചിലര്‍ ജോബിയെ അനുകൂലിച്ചു സംസാരിച്ചു തുടങ്ങി.
" സാറിനു ആള് മാറിപ്പോയതാവും "
" ആ പയ്യനെ കണ്ടിട്ട് പാവം ആണെന്ന് തോന്നുന്നു "

" അവനെ വിട്ടേക്ക് സാറേ.. പെറ്റതള്ളയ്ക്കില്ലാത്ത ദണ്ണം നമുക്കെന്തിനാ ?"
" കട്ടവനെ കിട്ടിയില്ലെങ്കില്‍ കണ്ടവനെ പിടിക്കുന്ന പോലീസ് "

അത് കേട്ടപ്പോള്‍ പോലീസുകാരന്‍ ജോബിയുടെ കഴുത്തില്‍ നിന്നും പിടിവിട്ടു തിരിഞ്ഞു നിന്ന് അലറി " ആരാടാ അത് പറഞ്ഞത് ?"
ആരും ഒന്നും മിണ്ടിയില്ല.
ആള്‍കൂട്ടം പിരിഞ്ഞു. അമ്മയും മകളും കയറിയ ബസ് പുറപ്പെട്ടു .
------

ജോബി ആകെ തളര്‍ന്നിരുന്നു .ചില ആളുകള്‍ ഇപ്പോഴും തന്നെ തുറിച്ച് നോക്കുന്നുണ്ട് . അതില്‍ നിന്ന് രക്ഷപ്പെടാനായി അയാള്‍ ബസ്സ്റ്റാന്റിന്റെ പിന്നിലേക്ക് പോയി സര്‍വീസ് സ്റ്റേഷനോട് ചേര്‍ന്ന് കണ്ട ഒരു അരമതിലില്‍ ചെന്നിരുന്നു.
 കഴുത്തിനുചുറ്റും നല്ല വേദന തോന്നി. കൈമുട്ട് ബഹളത്തിനിടയില്‍ ആരോ പിടിച്ചു തിരിച്ചതാണ് , കയ്യനക്കാന്‍ ബുദ്ധിമുട്ട് ഉണ്ട്.

പെട്ടെന്ന്‍ പാന്റ്സിന്റെ പോക്കറ്റില്‍ ഒരു തരിപ്പ് . മൊബൈല്‍ എടുത്തു നോക്കി . ഷീജ വിളിക്കുകയാണ്‌ . അവളുടെ ചിരിക്കുന്ന മുഖം സ്ക്രീനില്‍ തെളിഞ്ഞു നിന്നു. എന്തൊരു ആശ്വാസമാണ് അവളെ ഒന്ന് കണ്ടപ്പോള്‍. എല്ലാം തളര്‍ന്നിരിക്കുന്ന നിമിഷം , നിസ്സഹായതയുടെ കള്ളിമുള്‍പ്പടര്‍പ്പുകളില്‍  കുരുങ്ങി ഞാന്‍ നിലവിളിക്കുന്ന സമയത്ത് അവള്‍ വിളിക്കുന്നു.  ഇതാണ്‌ യഥാര്‍ത്ഥ സ്നേഹം .
" ഹലോ ജോബിച്ചാ , എന്താ ഞാന്‍ നേരത്തെ വിളിച്ചിട്ട്‌ എടുക്കാതിരുന്നത് ? "
" ഹലോ.."
" അയ്യോ എന്താ ജോബിച്ചാ പറ്റിയത്? സുഖമില്ലേ? "

 ആ ഹലോ വിളിയില്‍ തന്നെ അവള്‍ക്കെന്തോ പന്തികേട് തോന്നിയിരിക്കുന്നു. അതാണവള്‍ . അവള്‍ക്ക് മാത്രമേ അത് മനസ്സിലാകൂ.
എന്റെ ഓരോ ശ്വാസനിശ്വാസങ്ങളുടെയും  അര്‍ത്ഥമറിയാമെന്ന്  പറഞ്ഞവള്‍ .
രണ്ടു വര്‍ഷത്തോളമായി പ്രണയസരോവരത്തില്‍ എന്നോടൊപ്പം നീന്തുന്നവള്‍ .
 പ്രണയസുരഭിലമായ ഏദന്‍ തോട്ടത്തില്‍ ഇടതൂര്‍ന്ന്‍ നില്‍ക്കുന്ന പൂമരങ്ങള്‍ക്കിടയിലൂടെ, വസന്തം തണല്‍ വിരിച്ച വീഥികളിലൂടെ ദിവസത്തിന്റെ തണുപ്പിലും ചൂടിലും എന്നോടൊപ്പം  കളിച്ചും ചിരിച്ചും നടക്കുന്നവള്‍ .
മാലാഖമാരുടെ വെണ്ചിറകുകളിലെ തൂവലുകളേക്കാള്‍ മാര്‍ദവമുള്ള മനസ്സുള്ളവള്‍ .
ആകാശത്ത് മേഘങ്ങളുള്ള കാലത്തോളം എന്നെ പിരിയുവാനാവില്ല എന്ന് വിളിച്ചു പറഞ്ഞ് ഒരു കണ്ണുനീര്‍ത്തുള്ളിയില്‍ സ്വന്തം ഹൃദയരക്തം ചാലിച്ച് എനിക്കായി പകര്‍ന്നു തന്നവള്‍ .
ജീവിതത്തിന്റെ ചുവന്ന മുന്തിരിച്ചാറില്‍ നിന്ന് എന്നോടൊപ്പമിരുന്നു വീഞ്ഞ് കുടിക്കാനായി സൃഷ്ടിക്കപ്പെട്ടവള്‍ .
എന്റെ വാരിയെല്ലില്‍ നിന്ന്‍ പിറവിയെടുത്തവള്‍ .
നേരംപോക്കിനാണെങ്കിലും മറ്റൊരുത്തിയെ കണ്ടപ്പോള്‍ എന്റെ പ്രിയപ്പെട്ടവളെ മറന്നതിന്  കര്‍ത്താവ്തമ്പുരാന്‍ തന്ന ശിക്ഷയാണിത്.  

" ഒന്നുമില്ലെടീ .. ഒരു ചെറിയ പനി "
 " ഹും. ഞാനപ്പോഴേ പറഞ്ഞതാ പോകണ്ടാന്നു... എന്തായാലും ഒരു പാരസെറ്റാമോളെങ്കിലും വാങ്ങിക്കഴിക്കണേ ഇച്ചായാ."
"നീ വിഷമിക്കണ്ട. എനിക്കൊന്നുമില്ല. ഞാൻ മരുന്നു കഴിച്ചോളാം."

ഷീജയുടെ ആവലാതികളും സ്നേഹവും മനസ്സു തണുപ്പിച്ചപ്പോൾ അയാൾ ഫോൺ കട്ടു ചെയ്തു. അല്പമയത്തിനകം എത്തിയ സൂപ്പര്‍ഫാസ്റ്റിൽ തിങ്ങി നിറഞ്ഞിരുന്ന യാത്രക്കാരുടെ വിയർപ്പുഗന്ധം പരന്ന് ശ്വാസം മുട്ടിക്കുന്ന തിരക്കിലേക്ക് അയാളും ലയിച്ച് ചേർന്നു.

21 comments:

ajith said... Reply To This Comment

ഒരു സാധാരണ വിഷയം അസാധാരണവഴക്കത്തോടെ ഒരു ചെറുകഥയായി അവതരിപ്പിച്ചപ്പോള്‍ വായിക്കാനെന്ത് സുഖം. തുടക്കം മുതല്‍ ഒടുക്കം വരെ നോണ്‍ സ്റ്റോപ്പ് ആയി വായിച്ചു. സംഭവ്യമായ ഒരു സംഭവം തന്നെ.

■ uɐƃuɐƃ ■ said... Reply To This Comment

സ്നേഹത്തിന്റെ ശക്തി തന്നെയാണ് ഇക്കഥയുടെ കാതല്‍ ... നന്നായി അവതരിപ്പിച്ചു. ഭാഷയും നന്നായി. അഭിനന്ദനങ്ങള്‍ ..

Satheesh Haripad said... Reply To This Comment

@Ajith
@Gangadharan

വളരെ നന്ദി..ഇവിടെ വന്നതിനും വിലയേറിയ അഭിപ്രായങ്ങള്‍ അറിയിച്ചതിനും.

Villagemaan/വില്ലേജ്മാന്‍ said... Reply To This Comment

നല്ല കഥ സതീഷ്‌...

വേലി ചാടുന്ന പശുവിനു മരണം കോലുകൊണ്ട് തന്നെ ആവും..ആവണം !

എന്ന് വെച്ച് പശുക്കള്‍ വേലി ചാടാതിരിക്കുന്നില്ലല്ലോ അല്ലെ ;)

Satheesh Haripad said... Reply To This Comment

ഹഹ.. ഇവിടെ പശുവും കാളയും വേലി ചാടുന്നുണ്ട്...പക്ഷെ കോലുകൊണ്ട് കിട്ടിയത്‌ കാളയ്ക്ക് മാത്രമാണ്.

വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും വളരെ നന്ദി ചേട്ടാ.

മാനവധ്വനി said... Reply To This Comment

നന്നായിരിക്കുന്നു.. ഞാൻ കരുതി അയാളുടെ വാരിയെല്ല് മൊത്തം ഊരിയെടുത്ത് താങ്കളും പോലീസുകാരനും ഒരു പാട് പെണ്ണുങ്ങളെ സൃഷ്ട്ടിക്കുവാൻ ശ്രമമെങ്കിലും നടത്തുമെന്നും അയാളു അമ്മാ വല്ലതും തായേന്ന് പറഞ്ഞ് ഫുഡ്ബോൾ പോലെയായി നിരങ്ങി നടക്കുമെന്നും… ഭാഗ്യം അതുണ്ടായില്ല ഊരാൻ ശ്രമിച്ചപ്പോഴേക്കും..പെണ്ണിന്റെ അമ്മ ഇടപെട്ടത് നന്നായി..
കഥ നന്നായിരിക്കുന്നു.. ആശംസകൾ

അഞ്ജലി അനില്‍കുമാര്‍ said... Reply To This Comment

നന്നായിട്ടുണ്ട് ചേട്ടാ ! അഭിനന്ദനം . . .

Unknown said... Reply To This Comment

നന്നായിരിക്കുന്നു, അവസാനിപ്പിച്ചതിലെ കയ്യടക്കത്തിന് അഭിനന്ദനങ്ങള്‍

അജീഷ്.പി.ഡി said... Reply To This Comment

സത്യത്തില്‍ ഇതിലെ ജോബി സതീഷ്‌ തന്നെയല്ലേ????? വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു.....ആശംസകള്‍..

Satheesh Haripad said... Reply To This Comment

@മാനവധ്വനി
@അഞ്ജലി അനില്‍കുമാര്‍
@നിശാസുരഭി

ഇവിടെ വന്നതിനും അഭിപ്രായങ്ങള്‍ക്കും വളരെ നന്ദി.

@അജീഷ്.പി.ഡി
നന്ദി മാഷേ..
നുമ്മക്കിട്ടു തന്നെ താങ്ങിയല്ലേ ;)
എന്റെ എല്ലാ കഥകളിലേയും കഥാപാത്രങ്ങളെപോലെ ഇതിലെ ജോബിക്കും ഇന്ന്‍ ജീവിച്ചിരിക്കുന്ന ഒരാളുമായി അടിസ്ഥാനപരമായ സാമ്യമുണ്ട്- പക്ഷെ അത് ഞാനല്ല.

ശ്രീ said... Reply To This Comment

ഞാനാദ്യം കരുതി ഒരു തമാശ മൂഡിലുള്ള ക്ലൈമാക്സിലേയ്ക്കാണ് കഥ പോകുന്നതെന്ന്.

സാധാരണ സംഭവിയ്ക്കുന്ന, സംഭവിച്ചേക്കാവുന്ന ഒരു കഥ. പലപ്പോഴും യാത്രകള്‍ക്കിടയില്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട് ഇത്തരം കാഴ്ചകള്‍.

RK said... Reply To This Comment

like it :)

AnuRaj.Ks said... Reply To This Comment

കഥ അവതരിപ്പിച്ച ശൈലി നന്നായി...പക്ഷെ അല്പം അതിശയോക്തി കൂടിപ്പോയില്ലേ എന്നു സംശയം....ആശംസകള്

ruby said... Reply To This Comment

കഥ നന്നായിട്ടുണ്ട്..ആശംസകള്‍

Satheesh Haripad said... Reply To This Comment

@Arun, Sree, AnuRaj, Ruby

ഇവിടെ വന്നതിനും പ്രോത്സാഹിപ്പിച്ചതിനും വളരെ നന്ദി

അനശ്വര said... Reply To This Comment

കഥയുടെ ആരംഭത്തില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത പര്യവസാനമായിരുന്നു ഉണ്ടായത്. അത് കൊണ്ട് തന്നെ സൂപ്പര്‍ എന്ന് പറയാതെ വയ്യ. വളരെ സൂക്ഷ്മമായ വിശദീകരണങ്ങള്‍ കഥയില്‍ ഇഴുകിച്ചേരാന്‍ മാത്രം പര്യാപ്തമായിരുന്നു.

Satheesh Haripad said... Reply To This Comment

വളരെ നന്ദി അനശ്വര.

സുധി അറയ്ക്കൽ said... Reply To This Comment

പ്രിയ സതീഷ്‌.,
എത്ര നല്ല സുന്ദരമായ കഥ..
ആസ്വദിച്ചു വായിച്ചു.
എഴുത്തു നിർത്തിയോ??
ഞാൻ ഫോളോ ചെയ്തിട്ടുണ്ട്‌.

Satheesh Haripad said... Reply To This Comment

നന്ദി സുധി , എഴുത്ത് നിർത്തിയതൊന്നുമല്ല . പക്ഷെ ബ്ലോഗുകൾക്ക് പൊതുവെ വായനക്കാർ കുറഞ്ഞ സമയത്ത് ഇവിടെ പ്രസിദ്ധീകരണം കുറഞ്ഞു എന്ന് മാത്രം. ഒപ്പം വായനയിലും അല്പം കൂടുതൽ ശ്രദ്ധിക്കാൻ തീരുമാനിച്ചു.

സുധി അറയ്ക്കൽ said... Reply To This Comment

വായനക്കാർ കുറയുന്നതൊന്നും എഴുതാതിരിക്കുന്നതിനു ന്യായീകരണമല്ലല്ലോ.എഴുതൂ ആദ്യം.
ഒരിക്കൽ നിർത്ത്യാൽ തുടങ്ങാൻ വല്യ ബുദ്ധിമുട്ടാ!!!!

ഗൗരിനാഥന്‍ said... Reply To This Comment

Ezhuthu nirthyo , post onnullyallo