ഇടവപ്പാതി തൊട്ടുനനച്ച ഒരു വൈകുന്നേരം. അലസമായ ചിന്തകളെയും കെട്ടിപ്പിടിച്ച് ഞാൻ പുതപ്പിനടിയിൽ ചുരുണ്ട് കിടക്കുകയായിരുന്നു.
"അജയാ..."
ആരോ നീട്ടിവിളിക്കുന്നതു കേട്ട് ഞാൻ ചിന്തകളിൽ നിന്നുണർന്നു. കട്ടിലിൽ നിന്നെഴുന്നേറ്റ് പൂമുഖത്തേക്ക് ചെന്നു.
മഴ അപ്പോഴും ഒരു ചെറുമൂളലോടെ ചാറുന്നുണ്ടായിരുന്നു. വീടിനു മുൻപിൽ ആരേയും കാണാഞ്ഞതുകൊണ്ട് ഞാൻ മുറ്റത്ത് തെക്കുവശത്തേക്കിറങ്ങി അയൽക്കാരാരെങ്കിലും വന്നു നില്പുണ്ടോ എന്ന് നോക്കി- ആരേയും കണ്ടില്ല..
വെറുതെ തോന്നിയതാവും, അല്ലാതെ ആരാ ഇപ്പോൾ ഇങ്ങോട്ടേക്ക് വരാൻ?
അപ്പോൾ ഞാൻ കേട്ടതോ?
ഒരു പെൺശബ്ദം എന്നെ പേരുചൊല്ലി വിളിക്കുന്നത് ഞാൻ കേട്ടതാണ്.
മഴയുടെ മേളപ്പദക്കങ്ങൾക്കിടയിലും അപ്പുറത്തെ വീട്ടിലെ റേഡിയോയിൽ നിന്നും ഒഴുകിവന്ന ഗന്ധർവ്വനാദം ഞാൻ കേട്ടു. ആ പഴയ പ്രണയഗാനം.
പെട്ടെന്ന് മുറ്റത്ത് വീണ്ടും ഒരു ആളനക്കം.
ഞാൻ വേഗം ഓടിചെന്നു.
നനഞ്ഞ് കുളിച്ച ശരീരവുമായി ഒരു പെൺകുട്ടി ഇറയത്ത് കയറി നിൽക്കുന്നു.നനഞ്ഞ മുടിയിഴകൾക്ക് പിന്നിൽ അവളുടെ മുഖം മറഞ്ഞിരുന്നു. കറുപ്പിൽ ചുവന്ന പൊട്ടുകളുള്ള നീളൻ പാവാടയുടെ കസവ് പതിച്ച തുമ്പ് നിലത്ത് നനഞ്ഞമണ്ണിൽ ഇഴഞ്ഞു. ഞാൻ അടുത്തേക്ക് ചെന്നപ്പോൾ അവൾ മുഖമുയർത്തി നോക്കി. ഇരുണ്ട നിറമുള്ള ഒരു മൂക്കുത്തിക്കാരി. ഒട്ടും പരിചയമില്ലാത്ത മുഖം.
ഞാൻ ചുറ്റുമൊന്ന് കണ്ണോടിച്ചതിനു ശേഷം ചോദിച്ചു " ആരാ, മനസ്സിലായില്ല"
"എന്താ മാഷേ പേടിച്ചുപോയോ, ഞാൻ യക്ഷിയും പ്രേതവുമൊന്നുമല്ല" അതും പറഞ്ഞ് അവൾ ഉറക്കെ ചിരിച്ചു.
"പിന്നെന്തിനാ യക്ഷിയെപ്പോലെ ചിരിക്കുന്നത്?" -അപ്പോൾ അങ്ങനെ ചോദിക്കാനാണ് എനിക്ക് തോന്നിയത്.
"അതെന്നെയൊന്ന് പ്രശംസിച്ചതാണെന്ന് ഞാൻ വിചാരിച്ചോട്ടെ" അതും പറഞ്ഞ് അവൾ കുറച്ചുകൂടി അടുത്തേക്ക് നീങ്ങിനിന്നു.
എന്നെ അറിയാവുന്ന ആരെങ്കിലും ആയിരിക്കണം. അല്ലെങ്കിൽ ആദ്യം കണ്ടപ്പോൾ തന്നെ ഒട്ടും കൂസലില്ലാതെ ഇങ്ങനെ സംസാരിക്കില്ലല്ലോ.. പക്ഷേ ഞാൻ കണ്ടിട്ടുള്ളതായിട്ട് ഓർക്കുന്നതേയില്ല.
അവൾ നനഞ്ഞ് തണുത്ത് വിറയ്ക്കുന്നുണ്ടായിരുന്നു. കയ്യിൽ ഇരുന്ന ബാഗ് നെഞ്ചത്തടക്കിപ്പിടിച്ച് ആകാശത്തേക്ക് നോക്കി, ഈ മഴ എപ്പോൾ തീരും എന്ന ഭാവത്തിൽ ഒരു ദീർഘനിശ്വാസം.
"അല്ല മാഷേ, ഈ വീട്ടിൽ നിങ്ങളല്ലാതെ മറ്റാരുമില്ലേ?" ഞങ്ങൾക്കിടയിൽ ഉറഞ്ഞുകൂടി വന്ന മൗനം അവളായിട്ടുതന്നെ തകർത്തു.
"ഇതു വഴി പോകുമ്പോഴൊന്നും ആരുടേയും അനക്കമൊന്നും കേൾക്കാറില്ല, അതുകൊണ്ട് ചോദിച്ചതാ."
ഞാൻ ഒന്നും മറുപടി പറഞ്ഞില്ല.
"എന്താ പേര്?" -ഞാൻ ഒരു സൗഹൃദസംഭാഷണത്തിന് തുടക്കം കുറിക്കാൻ ശ്രമിച്ചു.
"പേരയ്ക്ക" ഉടനെ വന്നു മറുപടി- ഒപ്പം വീണ്ടും യക്ഷിച്ചിരി.
"ഓഹോ! നിന്റെ വീട്ടിലെ പെൺകുട്ടികൾക്ക് ഇങ്ങനെയൊക്കെയാണോ പേര്? പറയ് വേറെ ആരൊക്കെയുണ്ട് അവിടെ? ..പപ്പായ, കോവയ്ക്ക,..ഹും" എനിക്ക് അരിശം തോന്നി. അങ്ങനെയൊന്നും വേഗം ഇണങ്ങുന്ന ഇനമാണെന്ന് തോന്നുന്നില്ല.
"ഞാൻ കുടയെടുത്തോണ്ട് വരട്ടെ? ഈ മഴ ഇപ്പോഴൊന്നും തോരുമെന്ന് തോന്നുന്നില്ല. സന്ധ്യയാകുന്നതിനു മുൻപേ വീട്ടിലെത്ത്" -ഒരു സഹായം വാഗ്ദാനം ചെയ്യുന്ന മട്ടിൽ ഞാൻ പറഞ്ഞു.
"എന്തിനാ മാഷേ കുട? ഈ മഴ ഇത്ര തണുപ്പിച്ച് പെയ്യുന്നത് തന്നെ നമുക്കൊക്കെ അതിൽ നനയാനല്ലേ?"
"പിന്നെന്തിനാ നീ ഇവിടെ കയറി നിൽക്കുന്നത്? നനഞ്ഞ് പോകാമായിരുന്നില്ലേ?" -എനിക്ക് ക്ഷമ കെട്ടു തുടങ്ങി.
"ആകെ ചോദ്യങ്ങളാണല്ലോ?" അവൾ പുഞ്ചിരിയോടെ മുഖം തിരിച്ചു.
അവളുടെ പുഞ്ചിരി എന്നെ കൂടുതൽ അസ്വസ്ഥനാക്കി.
"പിന്നല്ലാതെ, തണുപ്പും ആസ്വദിച്ച് സുഖമായിട്ടൊന്ന് ഉറങ്ങാൻ കിടന്നപ്പോൾ നീയല്ലേ എന്നെ വിളിച്ചുണർത്തിയത്? എന്നിട്ടിപ്പോ.."
"ആര്? ഞാൻ വിളിച്ചെന്നോ? ഞാൻ എന്തിന് മാഷെ വിളിക്കണം? " - അവൾ ഒന്നും അറിയാത്തതുപോല.
അജയാ എന്ന് ഒരു സ്ത്രീശബ്ദം നീട്ടിവിളിച്ചത് ഞാൻ വ്യക്തമായി കേട്ടതാണ്. ഇവൾ കള്ളം പറയുകയാണ്.
പെട്ടെന്ന് ശക്തമായ ഇടിയും മിന്നലും വന്നു.
ഒരു ഞെട്ടലോടെ അവൾ കാതുകൾ പൊത്തിപ്പിടിച്ചു. ഒരു കയ്യിൽ നനഞ്ഞ കറുത്ത ബാഗ് തൂങ്ങിക്കിടന്നു. ഒരു നിമിഷം കണ്ണുകൾ ഇറുക്കിയടച്ച് അവൾ നിന്നു. നനഞ്ഞ മുടി അവളുടെ കഴുത്തിലും കവിളിലുമൊക്കെ ചിതറിക്കിടന്നു. അവൾ പാവാട തെല്ലൊന്നുയർത്തി മണ്ണ് കുടഞ്ഞ് കളയാൻ ശ്രമിച്ചു. അപ്പോൾ അവളുടെ വെള്ളിപ്പാദസരങ്ങൾ ഞാൻ കണ്ടു.
" ചേറിലും ചെളിയിലുമൊക്കെ കിടന്നു മറിഞ്ഞതുപോലെയുണ്ട്" ഞാൻ കളിയാക്കി.
"ഹും..അല്ലാതെ മാഷിനെപോലെ ഒരിടത്ത് കുത്തിയിരുന്ന് ഒരു പേനയും പേപ്പറും കിട്ടിയാൽ ചെയ്ത് തീർക്കാവുന്ന പണിയാണോ എന്റേത്?"
അവളുടെ മറുചോദ്യം എന്നെ തെല്ലൊന്ന് ആശ്ചര്യപ്പെടുത്തി. അപ്പോൾ എന്നെപറ്റി അറിയാം ഇവൾക്ക്.
"വായിച്ചിട്ടുണ്ടോ എന്റെ കഥകൾ വല്ലതും?" എനിക്ക് ആകാംക്ഷ കലർന്നൊരു രസം വന്നുതുടങ്ങി.
"ഉണ്ട്.. എല്ലാ കഥകളും" - അവൾ മറുപടി പറഞ്ഞു. അത് പറഞ്ഞപ്പോൾ അവളുടെ മുഖത്ത് ഒരു ആസ്വാദകയുടെ ഭാവം ഞാൻ കണ്ടുവോ?.
" അജയ്ഘോഷ് എന്ന പേരിൽ മാഷ് എഴുതിയിട്ടുള്ള എല്ലാ പുസ്തകങ്ങളും എന്റെ ശേഖരത്തിൽ ഉണ്ട്.അതുപോലെ, ചോദിക്കണമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു; എവിടെ നിന്നാ ഈ 'ഘോഷ്' വന്നത്? ചുമ്മാ ഒരു പൊലിപ്പിന് ചേർത്തതാ അല്ലേ?" -ഇത്തവണ അവൾ കൈതണ്ടയിൽ മുഖമമർത്തി ചിരിച്ചു.
അവളുടെ കളിയാക്കൽ എനിക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കിയില്ല. കുറച്ച് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടെന്നല്ലാതെ ഞാൻ ഇത്രയെങ്കിലും അറിയപ്പെട്ടു തുടങ്ങിയിരിക്കുന്നു എന്ന് ഞാൻ വിചാരിച്ചതേ ഇല്ല. അപ്പോൾ എനിക്കും ഉണ്ട് ഒരു ആരാധിക..അങ്ങനെ വിശ്വസിക്കാനാണ് തോന്നുന്നത്. ഓർത്തപ്പോൾ ഉള്ളിൽ അല്‍പ്പം സന്തോഷം തോന്നി.
" ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ? ഈ കഥകളെല്ലാം മാഷ് തന്നെ എഴുതിയതാണോ?"
-അവൾ കളിയാക്കിയ മട്ടിൽ എന്നെ നോക്കി കണ്ണിറുക്കി.
"എനിക്കെന്തോ ഇപ്പോൾ അത്രയ്ക്കങ്ങ് വിശ്വസിക്കാൻ തോന്നുന്നില്ല.ഞാൻ പ്രതീക്ഷിച്ചതുപോലെ ഒരു ബുദ്ധിജീവി ജാഡയൊന്നുമില്ല മാഷിന്റെ സംസാരത്തിൽ"
"അതു ശരി, എഴുത്തുകാരൊക്കെ ബുദ്ധിജീവികളായിരിക്കണം, അവർക്ക് പൊതുവായൊരു മാനറിസം ഉണ്ടായിരിക്കണം എന്നൊക്കെയുണ്ടോ?" ഞാൻ തിരിച്ച് ചോദിച്ചു.
"അങ്ങനെയൊക്കെയാണ് ഒരു നാട്ടുനടപ്പായിട്ട് പലരും കാണുന്നത്" - മേൽക്കൂര പതിച്ചിരിക്കുന്ന ഓടിന്റെ പാത്തിയിലൂടെ ഒഴുകി വരുന്ന മഴവെള്ളം അവൾ കൈക്കുമ്പിളിൽ ശേഖരിക്കാൻ ശ്രമിച്ചു.
"മഴയ്ക്ക് ചിലപ്പോൾ നാണം കലർന്നൊരു സൗന്ദര്യമാ അല്ലേ?" അവൾ ചോദിച്ചു.
"തീർച്ചയായും" -ഞാനും ആ നിമിഷം മഴനോക്കി നിൽക്കുകയായിരുന്നു.
"തീർച്ചയായും" -ഞാനും ആ നിമിഷം മഴനോക്കി നിൽക്കുകയായിരുന്നു.
" പക്ഷേ നിങ്ങൾ കഥാകാരന്മാരെല്ലാം കൂടി പ്രണയമെന്നും ഗൃഹാതുരത്വമെന്നുമൊക്കെ വിളിച്ച് വിളിച്ച് അതിന്റെ നിറം മങ്ങിത്തുടങ്ങിയിട്ടുണ്ടോ എന്നെനിക്ക് ചിലപ്പോൾ സംശയം തോന്നാറുണ്ട്.. അത്തരം മൃദുലവികാരങ്ങളെ നിങ്ങളൊക്കെച്ചേർന്ന് കഴുത്തിനുപിടിച്ച് ക്ളീഷേയുടെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുകയല്ലേ .."
ഗൗരവതരമായ ഒരു വിമർശനം നടത്തിയതുപോലെ ആയിരുന്നു അവളുടെ ഭാവം. മറുപടി ഞാനൊരു പുഞ്ചിരിയിലൊതുക്കി.
മഴയത്ത് കിടന്നൊരു തടിക്കഷ്ണത്തിൽ കൂണുകൾ മുളച്ച് പൊന്തിനിന്നിരുന്നു. അവയ്ക്കിടയിൽ നിന്ന് ഒരു തവളക്കുഞ്ഞ് പുറത്തേക്ക് ചാടി എങ്ങോട്ടോ പോയി മറഞ്ഞു.
ഒരു നിമിഷം അത് നോക്കിനിന്നതിനു ശേഷം അവൾ തുടർന്നു.
" എന്തിനാണ് ഈ മഴക്കാലത്ത് ഇവിടെ വന്ന് ഈ അജ്ഞാതവാസം? പുതിയ ഒരു കഥ ഉണ്ടെന്നു തോന്നുന്നു മാഷിന്റെ മനസ്സിൽ"
"ഉം" ഞാനൊന്ന് മൂളിയതേ ഉള്ളൂ, അതൊരു രഹസ്യമാക്കി വയ്ക്കാനാണ് എനിക്കിഷ്ടം എന്നത് കൊണ്ട്.
" എന്താ കഥ, കേൾക്കട്ടെ" - എനിക്ക് അവളുടെ ചോദ്യം ഒട്ടും ഇഷ്ടപ്പെട്ടില്ല.
" അതിപ്പോഴെങ്ങനെയാ പറയുക? പുസ്തകമായി വരുമ്പോൾ വാങ്ങി വായിക്ക്"
" പറയൂ മാഷേ..എന്താ കഥ?" - അവൾ ഒരു കൊച്ചുകുട്ടിയെപ്പോലെ വാശി പിടിച്ചു.
" നിന്നെപ്പോലെ തലതിരിഞ്ഞ ഒരു പെണ്ണിന്റെ കഥയാണ്" അങ്ങനെയൊരു കള്ളം പറഞ്ഞ് അവളുടെ വായടയ്ക്കേണ്ടിവന്നു. ഞാൻ പറഞ്ഞതുകേട്ട് അവൾ പൊട്ടിച്ചിരിച്ചു.
പെട്ടെന്ന് അവളുടെ കയ്യിലിരുന്ന ബാഗ് താഴെവീണു. ഞാൻ അതെടുത്ത് അവളുടെ കയ്യിൽ തിരികെ വച്ചു കൊടുത്തു. ബാഗിന്റെ വലിപ്പത്തെ അപേക്ഷിച്ച് അതിന് ഭാരം കൂടുതൽ തോന്നി. " അയ്യോ എന്റെ പുസ്തകങ്ങളൊക്കെ നനഞ്ഞു എന്നാ തോന്നുന്നത്" അവൾ വിഷമത്തോടെ പറഞ്ഞു.
" പുസ്തകങ്ങളാണോ ബാഗിൽ..എന്തൊക്കെയാ?"
" എല്ലാം ഉണ്ട് മാഷേ, ഭഗവത്ഗീത മുതൽ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വരെ"
ഞാൻ ഒരല്‍പ്പം അമ്പരന്നു നിന്നു.
ഒരു പിടിയും കിട്ടുന്നില്ല ഇവളെ. ആദ്യം കണ്ട ആ കുറുമ്പുകാരിയും ഇപ്പോൾ ഇതാ.. എന്താണ് ഇവൾ യഥാർത്ഥത്തിൽ? എനിക്ക് മനസ്സിലാവുന്നതേയില്ല.
" കുട്ടാ ഇതാ ചായ.." അപ്പുറത്തുനിന്ന് നാരായണേട്ടന്റെ വിളി വന്നു. ഞാൻ ഇവിടെ ഉള്ളപ്പോഴൊക്കെ അയാളാണ് ഒരു സഹായം. അച്ഛന്റെ പഴയ ഒരു സുഹൃത്തായിരുന്നു കക്ഷി.
" നിനക്ക് വേണോ ചായ?" ഞാൻ ചോദിച്ചു.
" വേണ്ട, ചായയും കാപ്പിയുമൊന്നും ഞാൻ കുടിക്കാറില്ല . മാഷ് പോയി കുടിച്ചിട്ടു വാ."
അഞ്ചുമണി കഴിഞ്ഞാൻ ഒരു ചായ പതിവുള്ളതാണ് . അതില്ലെങ്കിൽ ഒരു ജീവനില്ലാത്ത അവസ്ഥയാണ്. പിന്നെ എഴുത്തും ചിന്തകളും ഒന്നും വരില്ല. ചായ എടുത്തുകൊണ്ടുവന്ന് ഇവിടെ നിന്ന് കുടിക്കാം എന്ന് ഞാൻ തീരുമാനിച്ചു. പുറത്തിങ്ങനെ നിന്ന് തണുക്കാതെ അകത്തു കയറിയിരിക്കൂ എന്നവളോട് പറയണമെന്ന് തോന്നി, അടുത്ത നിമിഷത്തിൽതന്നെ അത് വേണ്ടെന്നുവച്ചു.
എങ്കിലും പോകാൻ തിരിഞ്ഞപ്പോൾ ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല-
" ഇനിയെങ്കിലും പറഞ്ഞുകൂടെ പേരെന്താണെന്ന്?"
എങ്കിലും പോകാൻ തിരിഞ്ഞപ്പോൾ ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല-
" ഇനിയെങ്കിലും പറഞ്ഞുകൂടെ പേരെന്താണെന്ന്?"
" നിർമ്മല" -വളരെ സൗമ്യമായിരുന്നു മറുപടി. അപ്പോൾ അവളുടെ പുഞ്ചിരിക്ക് ഒരു പ്രത്യേക സൗന്ദര്യം തോന്നി .
അടുക്കളഭാഗത്തു കൂടി വന്ന് ചായകൊണ്ടു വച്ചതിനുശേഷം നാരായണേട്ടൻ പോയിക്കഴിഞ്ഞിരുന്നു. തൂക്കുപാത്രത്തിൽ നിന്ന് ഒരു ഗ്ളാസ്സ് ചായ പകർന്നെടുത്ത് ഞാൻ വേഗം വീടിന്റെ മുൻഭാഗത്തേക്ക് ഓടിചെന്നു.
നിർമ്മലയെ അവിടെ കാണുന്നില്ല!!!
'എവിടെ പോയി?'
ഞാൻ ചുറ്റുപാടും ഒന്ന് നടന്നു നോക്കി. ഇല്ല, അവൾ അവിടെയെങ്ങും ഇല്ല.
നിർമ്മലയെ അവിടെ കാണുന്നില്ല!!!
'എവിടെ പോയി?'
ഞാൻ ചുറ്റുപാടും ഒന്ന് നടന്നു നോക്കി. ഇല്ല, അവൾ അവിടെയെങ്ങും ഇല്ല.
അവളുടെ കാല്പാടുകൾ പോലും മുറ്റത്ത് കാണാനില്ല.
ഞാനാകെ അസ്വസ്ഥനായി.
പുമുഖത്തിട്ടിരുന്ന ചൂരൽക്കസേരയിലേക്കിരുന്ന് പിന്നിലേക്ക് തലചായ്ച്ചു. കഴിഞ്ഞ കുറച്ചു നിമിഷങ്ങൾ ഞാൻ മറ്റൊരാളായിരുന്നതുപോലെ, കുറേ വർഷങ്ങൾ പിന്നോട്ട് പോയതുപോലെ ഒരു തോന്നലായിരുന്നു. കുറച്ച് നിമിഷങ്ങൾക്ക് മുൻപ് മാത്രം പരിചയപ്പെട്ട ഒരു പെൺകുട്ടി എങ്ങനെയാണ് എന്നെ അങ്ങനെയങ്ങ് മാറ്റിയെടുത്തത്?
-അവൾ എനിക്ക് അപരിചിതയല്ല, എനിക്കുറപ്പാണ്!
ഓർമ്മകളിലൂടെ ഒന്ന് പരതാനുള്ള ബോധപൂർവ്വമായ ശ്രമം ഫലിച്ചില്ല. അതല്ലെങ്കിലും അങ്ങനെയാണ്; ഓർമ്മകളുടെ പുഴയൊഴുകിയിരുന്ന വഴികളിൽ ചിലപ്പോൾ മണൽത്തിട്ടകൾ മാത്രമാവും.അതിലൂടെ ഓടിക്കിതച്ച് കാലുകൾ തളരും.
എന്തായാലും അകത്ത് അച്ഛന്റെ മുറിയിലേക്ക് പോയി ഒന്ന് തിരയാൻ ഞാൻ തീരുമാനിച്ചു.
അച്ഛന്റെ മരണശേഷം ഇടയ്ക്കിടെ വൃത്തിയാക്കാനായി മാത്രമേ ആ മുറി തുറക്കാറുള്ളൂ. എല്ലാ സാധനങ്ങളും വളരെ നന്നായി അടുക്കി വച്ചിട്ടുണ്ട്. അതുകൊണ്ട് പഴയ ആൽബങ്ങൾ കണ്ടുപിടിക്കാൻ എളുപ്പമായിരുന്നു. അച്ഛന്റെ കൽക്കട്ടാജീവിതത്തിന്റെ തിരുശേഷിപ്പുകളെന്ന് പറയാവുന്ന ചില ഫോട്ടോ ആൽബങ്ങൾ എന്റെ പല കഥകൾക്കും പ്രചോദനമായിട്ടുണ്ട്.
ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ഫോട്ടോകൾ പ്രത്യേകം പ്രത്യേകം ആൽബങ്ങളിലായി വേർതിരിച്ചിരുന്നു. അവയെല്ലാം എടുത്ത് മറിച്ചുനോക്കി. നിർമ്മലയുടെ മുഖവുമായി സാമ്യമുള്ള ഒരാളെ പോലും അവയിൽ കണ്ടില്ല.
വെള്ളിക്കൊലുസിട്ട പാവാടക്കാരി- എനിക്കറിയാം അവളെ.
ഓർമ്മകളുടെ മാറാലമൂടിയ അറകളിലെങ്ങോ ബന്ധനസ്ഥയായി അവളുണ്ട്. അവളിലേക്കെത്താൻ ഏത് വഴിയാണ് ഞാൻ തേടേണ്ടത്?
നാരായണേട്ടനെ വിളിച്ച് അവളെയൊന്നു കാണിക്കേണ്ടതായിരുന്നു, എങ്കിൽ ചിലപ്പോൾ അദ്ദേഹത്തിന് ആളെ തിരിച്ചറിയാൻ കഴിഞ്ഞേനേ. ഒന്നും അപ്പോൾ ഓർത്തില്ല.
ഞാനാകെ നിരാശനായിത്തുടങ്ങി.
പകുതി ചായ കുടിച്ചതിനു ശേഷം ഗ്ളാസ് നിലത്ത് വച്ചിട്ട് പെട്ടെന്നെന്തോ ഓർത്തതുപോലെ ഞാൻ മുകളിലെ നിലയിലേക്കോടി. അടച്ചിട്ടിരുന്ന പഴയ ലൈബ്രറി തള്ളിത്തുറന്നു. മൂലയിൽ വച്ചിരുന്ന ചില്ലലമാരിക്കു മുകളിൽനിന്ന് പഴയ ഡയറികൾ വലിച്ച് താഴെയിട്ടു. അതിൽ നിന്നും പൊടി പറന്ന് അവിടമാകെ വ്യാപിച്ചു. തലച്ചോറ് ഊരിത്തെറിച്ചതുപോലെ ശക്തിയായി ഞാനൊന്ന് തുമ്മി. അടുത്ത നിമിഷത്തിൽ തന്നെ അസ്വസ്ഥതയൊക്കെ മറന്ന് ഞാൻ നിലത്തു നിന്ന് ആ ഡയറികൾ പെറുക്കിയെടുത്തു. മൂക്ക് പൊത്തിപ്പിടിച്ച് ഭിത്തിയിലേക്കൊന്നടിച്ച് പൊടി കളഞ്ഞു.
എന്നിട്ട് അവയോരോന്നുമെടുത്ത് ഞാൻ മറിച്ചു നോക്കി. അക്ഷരങ്ങളും വാക്കുകളും വാചകങ്ങളും ഖണ്ഡികകളും താളുകളും കടന്ന് എന്റെ കണ്ണുകൾ ഭ്രാന്തമായൊരു ആവേശത്തോടെ അലഞ്ഞു നടന്നു.
ഒടുവിൽ ഞാൻ കാത്തിരുന്നത് എന്റെ കണ്ണുകൾ കണ്ടെത്തി. വർഷങ്ങൾക്കു മുൻപൊരു അവധിക്കാലത്ത് ഇവിടെ വന്നപ്പോൾ ഞാൻ എഴുതിത്തുടങ്ങി പാതിവഴിയിൽ ഉപേക്ഷിച്ച ആ കഥ. ഇരുണ്ട നിറമുള്ള, വെള്ളിക്കൊലുസിട്ട പാവാടക്കാരി കാച്ചെണ്ണയുടെ മണവുമായി അന്ന് ഇവിടെ ഉണ്ടായിരുന്നു. പിന്നെ എന്തുകൊണ്ടോ എന്റെ തൂലിക അവളെ മറന്നുപോയി. ഇനിയൊരിക്കലും തിരിച്ചുവരില്ലെന്നു കരുതി അടക്കം ചെയ്ത ഭാവനകളുടെ ശവക്കല്ലറ തുറന്ന് വർഷങ്ങൾക്കുശേഷം അവൾ ഉയർത്തെഴുന്നേറ്റിരിക്കുന്നു.
ആഘോഷിക്കണം ഇതെനിക്ക്..
ഏതോ ഒരു ഊർജ്ജം എന്നിൽ ആവാഹിക്കപ്പെടുകയായിരുന്നു. വേഗം എന്റെ മുറിയിലേക്കെത്തി തുറന്ന ഡയറി മേശപ്പുറത്തു വച്ചു, പേന കയ്യിലെടുത്തു. ഞാൻ പോലും അറിയാതെ എന്റെ വിരലുകൾക്കിടയിൽ ചലിക്കുന്ന പേനയിൽ നിന്നും നീലമഷി അക്ഷരങ്ങളായി കടലാസിലേക്ക് പതിഞ്ഞുകൊണ്ടിരുന്നു.
ആ കഥയ്ക്ക് ശീർഷകം പണ്ടേ ഇട്ടിരുന്നു എന്ന് ഞാൻ അപ്പോൾ മാത്രമാണ് ശ്രദ്ധിക്കുന്നത്- 'നിർമ്മല'- ആ അക്ഷരങ്ങൾക്കു ചുറ്റും പ്രഭ ചൊരിഞ്ഞുകൊണ്ട് ചെറുമിന്നാമിന്നികൾ പറക്കുന്നതുപോലെ തോന്നി.
അപ്പോൾ മനസ്സാകെ ശാന്തമായിരുന്നു. ഞാൻ ജനാല പതിയെ തുറന്നു. പുറത്ത് നേരിയ നിലാവ് ഉറക്കംതൂങ്ങി നില്‍പ്പുണ്ടായിരുന്നു.
----------------------------------------
86 comments:
"ഓർമ്മകളുടെ മാറാലമൂടിയ അറകളിലെങ്ങോ ബന്ധനസ്ഥയായി അവളുണ്ട്. അവളിലേക്കെത്താൻ ഏത് വഴിയാണ് ഞാൻ തേടേണ്ടത്?"
കഥയ്ക്കുള്ളിലെ കഥയിലെ നിര്‍മ്മലയ്ക്കു പിന്നെന്തു പറ്റി? നല്ല സസ്പന്‍സ് ഉണ്ടായിരുന്നു. ആദ്യം കരുതി യക്ഷിയോ വല്ലോം ആയിരിക്കും എന്ന്. ഒരു കഥാകാരന്റെ മനസ്സിന്റെ ഉള്ളില്‍ ജനിക്കുന്ന ഒരി കഥാബീജം അത് പുറത്തു വരും വരെ ബോധ ഉപബോധ മനസ്സുകളെ എങ്ങനെ ബാധിക്കും എന്ന് ഇതില്‍ സതീഷ് വരച്ചു കാട്ടിയിട്ടുണ്ട്. ആശംസകള്‍
നന്നായിട്ടുണ്ട്.
കഥാകാരന്റെ "നിര്‍മലമായ " മനസ്സ് ഈ കഥയില്‍ കാണാന്‍ പറ്റും !
ഭാവുകങ്ങള്‍..
സതീഷ്, അവിശ്വസനീയം എന്നേ പറയേണ്ടു. കഥയുടെ കാര്യമല്ല, ഞാന്‍ ഇങ്ങിനെയൊരു കഥയുടെ ത്രെഡുമായി നടക്കാന്‍ തുടങ്ങിയിട്ട് രണ്ട് മാസമായി. വളരെ ജോലിത്തിരക്ക് കാരണം ഇപ്പോള്‍ ദിനവും രണ്ട് മണിക്കൂര്‍ ബ്ലോഗ് വായന മാത്രമേയുള്ളു. തിരക്കുകളൊക്കെ കഴിഞ്ഞ് മെല്ലെയെഴുതാമെന്നോര്ത്തിരുന്നു. നന്നായി എഴുതിയിട്ടുണ്ട് കേട്ടോ! ( പിന്നെ സിഡ്നിയിലെ ബ്ലോഗര്‍ വി.പി. ഗംഗാധരനെ പരിചയമുണ്ടോ?)
സതീഷ് ..കഥ വളരെ ഇഷ്ടപ്പെട്ടു ..മഴപോലെ സ്വാഭാവികമായ കഥപറച്ചില്‍ ..നല്ല തെളിമയുള്ള ഭാഷ, ഒഴുക്ക് . ഒരു സൃഷ്ടി നടക്കുന്നതിനു മുന്‍പ് എഴുത്തുകാരന് അനുഭവിക്കുന്ന അന്ത :സംഘര്‍ഷങ്ങള്‍ എത്രപേര്‍ അറിഞ്ഞിരിക്കുന്നു!!
നല്ല കഥ, ഇഷ്ടായി ...
വളരെ നന്നായി എഴുതിയിരിക്കുന്നു ഈ കഥ...നല്ല ഒഴുക്കോടെ വായിച്ചു....നല്ല സസ്പെന്‍സും ഉണ്ടായിരുന്നു...
അഭിനന്ദനങ്ങള്‍ സതീഷ്....
ഏപ്രിൽ ലില്ലി, ചിരുതക്കുട്ടി , Villagemaan , ലിപി, ചാണ്ടികുഞ്ഞ്...എല്ലാ സുഹൃത്തുക്കൾക്കും വളരെ നന്ദി, വന്നതിനും അഭിപ്രായങ്ങൾക്കും.
@അജിത്ചേട്ടൻ: ചില ബ്ലോഗുകൾ വായിക്കുമ്പോൾ എനിക്കും ഇതേപോലെ 'ഇത് ഞാൻ എഴുതാനിരിക്കുന്നതാണല്ലോ' എന്ന് ചിന്തിച്ചിട്ടുണ്ട്. നമ്മുടെ ചിന്തകൾ ചില സമയത്ത് ഒരേ വേവ്ലെങ്ങ്തിൽ ആകുന്നതുകൊണ്ടായിരിക്കാം.
കഥ ഇഷ്ടമായെന്നറിഞ്ഞതിൽ വളരെ സന്തോഷം.
ഗംഗേട്ടനെ ഞാൻ പരിചയപ്പെട്ടിരുന്നു. ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു.
@രമേശ് അരൂര്‍: വളരെ നന്ദി മാഷേ.
ശരിയാണ്. പ്രത്യേകിച്ചും എന്നെപ്പോലെ ഇൻസ്റ്റന്റ് ആയി എഴുതാൻ കഴിയാത്ത ഒരാൾക്ക്. കയ്യിലുള്ള ത്രെഡ് ഒരു പൂർണ്ണരൂപം ആകുന്നതുവരെ ഒരു വല്ലാത്ത മാനസികാവസ്ഥയാണ്- 'സർഗവേദന' എന്നൊക്കെപ്പറയാനും മാത്രം ഞാൻ വളർന്നിട്ടില്ലെങ്കിലും.
അതൊക്കെതന്നെയാണ് പോസ്റ്റുകൾക്കിടയിലുള്ള ഈ ദൈർഘ്യത്തിന് കാരണം.
കഥയ്ക്ക് നല്ല ഒഴുക്കുണ്ട്.. ഭാവുകങ്ങൾ!
നല്ല കഥയാ ട്ടോ...അത് നന്നായി പറയേം ചെയ്തു..സസ്പെൻസൊക്കെ നിലനിർത്തി...ഒറ്റ ശ്വാസത്തിൽ വായിച്ചു തീർത്തു...മഴ പെയ്യുകയായിരുന്നു ഇത് വായിക്കുമ്പോ എന്റെ മനസ്സിലും...ആശംസകൾ
പ്രിയ സതീഷ്..
കഥ നന്നായിട്ടുണ്ട്...എഴുത്തും കൊള്ളാം..ആശംസകള്‍..
(പിന്നെ..ഞാനും ഒരു ഹരിപ്പാടു കാരനാണ്...പരിചയപ്പെട്ടതില്‍ സന്തോഷം)
ഇനിയും വരാം..
ഒരു കഥയിലേക്കുള്ള വഴി ഒരല്പം അതിശയോക്തി കലർന്നതാണെങ്കിലും നല്ല കൈവഴക്കത്തോടെ അവതരിപ്പിച്ചിരിക്കുന്നു.....അനുഭവിപ്പിച്ചിരിക്കുന്നു.
അഭിനന്ദനങ്ങൾ.
എഴുത്ത് അങ്ങിനെയാണല്ലോ..
ഒരു തീപ്പൊരി മതി ഒരു ജ്വാലയുണ്ടാക്കാന്..
കഥ ഇഷ്ട്ടപ്പെട്ടു.പ്രത്യേകിച്ച് നിര്‍മലയുമായുള്ള സംഭാഷണം.
kadha assalayittundu....... prarthanayode........
ഇഷ്ടമായി!
@മാനവധ്വനി, സീത, നികു കേച്ചേരി, jayarajmurukkumpuzha, ശങ്കരനാരായണന് മലപ്പുറം
ഏവരുടേയും അഭിപ്രായങ്ങൾക്ക് നന്ദി.
@രഘുനാഥന്: നന്ദി ചേട്ടാ..ഒരു നാട്ടുകാരനെകൂടി കണ്ടതിൽ വളരെ സന്തോഷം.
പണ്ട് ഹരിപ്പാട്ടു രാമകൃഷ്ണന് വലലനായി എന്ന് ഉത്തരാസ്വയമ വരം..... ചലച്ചിത്ര ഗാനത്തില്‍ തമ്പി പാടിയിട്ടുണ്ട്. ദാസേട്ടന്റെ ശബ്ദത്തില്‍.
അത് പോലെ വല്ല വലലന്റെ കഥകളിയോ മാറ്റോ ആണോ ഇതും?
@Rajasree Narayanan: നല്ല നിരീക്ഷണം. ' നിർമ്മലാചരിതം ആട്ടക്കഥ' എന്നാക്കിയാലോ? :)
-അഭിപ്രായത്തിന് നന്ദി.
കഥ വളരെ മനോഹരമായി പറഞ്ഞു. ഇങ്ങോട്ടേയ്ക്കുള്ള ആദ്യവരവ് നഷ്ടമായില്ല.
ആശംസകൾ!
എഴുത്ത് ........
സംഭാഷണത്തെക്കാള്‍ വിവരണം നന്നായിരിക്കുന്നു....
പേരിനു പേരയ്ക്ക പോലുള്ള....ഇത്തരം സന്ദര്‍ഭങ്ങള്‍ ഒഴിവാക്കാമായിരുന്നു എന്ന് തോന്നുന്നു.
നിങ്ങള്‍ക്ക് കുറേക്കൂടി നന്നായി എഴുതാന്‍ കഴിയുമെന്ന് എന്നോട് പറഞ്ഞത് നിങ്ങള്‍ എഴുതിയ വരികളാണ്
ആശംസകള്‍........
തട്ടിക്കൂട്ട് കഥകള്‍ക്കിടയില്‍ ഇങ്ങനുള്ള പക്കാ കഥ പറച്ചിലുകാരേം ഇടക്കിടെ കാണുന്നതില്‍ സന്തോഷം. “ഞാന്‍“ പറഞ്ഞ പോലെ ചെറുതിനും തോന്നിയിരുന്നു. ചില പൈങ്കിളി സംസാരം പോലുള്ളവ. വായിച്ച് താഴെ എത്തിയപ്പോഴേക്കും കഥ അതിന്റെ യഥാര്‍ത്ഥ ഊര്‍ജ്ജം ആര്‍ജ്ജിച്ചിട്ടുണ്ട്. വളരെ ഇഷ്ടപെട്ടു. വീണ്ടും കാണാം.
നന്നായിട്ടുണ്ട് കഥ.
തുടക്കത്തിൽ, മഴ നനഞ്ഞുള്ള നില്പും, ഉറക്കേയുള്ള ചിരിയും എല്ലാം കൂടിയായപ്പോൾ യക്ഷി തന്നെയാവുമെന്ന ഞാനും കരുതിയതു്.
പാട്ട് മറന്ന പൂങ്കുയിലിനെ തേടി വന്ന നാട്ടുകാരനെ കാണാന്‍ എത്തിയതാണിവിടെ.... ഒരു കഥ രൂപം കൊള്ളുന്നതിന്റെ സര്‍ഗ വേദന, വളരെ മനോഹരമായി , ലളിതമായി എഴുതിയിരിക്കുന്നു. ഒരുപാടിഷ്ടമായി...
ഭൂലോക തിരക്കുകള്‍ , ബൂലോക വഴികളിലൂടെയുള്ള സഞ്ചാരത്തിന് വിലങ്ങു തടിയാകുമ്പോള്‍, നഷ്ടമാവുന്നത് ഇത്തരം സുന്ദരമായ രചനകള്‍ തന്നെ...
ഹൃദയ സ്പര്‍ശി ആയ
എഴുത്ത് ..കഥയുടെ
ആഴതിലെക്കുള്ള കഥ
പറച്ചില് ഗംഭീരം ആയി ..
അഭിനന്ദനങ്ങള്‍ ...
നല്ല ആഖ്യാന ശൈലി ,ലാളിത്യം ,ഗദ കാലങ്ങളിലേക്ക് അറിയാതെ ഒന്ന് ഉളിയിട്ടു പോയി ഞാന്‍ സാധാരണ കവിതകളാണ് തിരക്കിട്ട് വായിക്ക പിന്നെ താങ്കള്‍ എന്റെ ബ്ലോഗില്‍ വന്നു കമന്റ് ഇനോപ്പം
ബ്ലോഗ് എ ഡി കണ്ടൊന്നു വന്നതായിരുന്ന
വരട്ടെ ഇത് പോലെ കഥകള്‍ ഇനിയും ആശംസകള്‍
ഇഷ്ടായി ഈ കഥ.
നാം അറിയാതെ നമ്മളിലെല്ലാം ഒരു കൂട്ട് ഉറങ്ങിക്കിടക്കുന്നൂ...നാം പോലുമറിയാതെ എപ്പോഴോ തട്ടി ഉണര്‍ത്താനായി...
അവളുടെ കൂടെ മഴ നനയാന്‍ സാധിച്ചു...നന്ദി.
അലി , ഞാൻ, Typist | എഴുത്തുകാരി , ചെറുത്, കുഞ്ഞൂസ് , ente lokam, ജീ . ആര് . കവിയൂര്‍ , ബെഞ്ചാലി, വർഷിണി...ഇത്രയിടം വരെ വന്നതിനും അഭിപ്രായങ്ങൾക്കും വളരെ നന്ദി.
എല്ലാവരും വീണ്ടും വരണം. ഇങ്ങനെ വല്ലപ്പോഴുമൊക്കെ ഒരോ പുതിയ പോസ്റ്റുമായി ഞാനും ഇവിടെയൊക്കെ കറങ്ങി നടപ്പുണ്ടാവും.
പറയുവാൻ വാക്കുകളില്ല.
അത്രനന്നായിരിക്കുന്നു കഥ.സസ്പെൻസ് നിലനിർത്തിക്കൊണ്ട് നല്ല ഒഴുക്കോടെ കഥ പറഞ്ഞു.
ഒറ്റ ശ്വാസത്തിനു വായിച്ചു തീർത്തു...
പുറത്തു മഴ വരുന്നു പോട്ടേ....
പ്രിയപ്പെട്ട സതീഷ്,
സുപ്രഭാതം!
നിലാതൂവല് പോലെ ഒരു കഥ...നന്നായി പറഞ്ഞു...നിര്‍മല മോഹിപ്പിക്കുന്ന ഒരു പെണ്‍കുട്ടിയാണ്..എന്നിട്ട് ?ഒരു ചോദ്യം ബാക്കിയാകിയ ഒരു പോസ്റ്റ്!എഴുതണം...ഒരു പാട്..
ഒരു മനോഹര ദിവസം ആശംസിച്ചു കൊണ്ട്,
സസ്നേഹം,
അനു
സൌന്ദര്യമുള്ള എഴുത്ത്. കുളില്‍ കാറ്റിന്റെ താഴുകലേറ്റ് കിടക്കുന്ന സുഖം വായിക്കുമ്പോള്‍. ഗ്രാമീണതയുടെ സൌന്ദര്യവുമായി നിര്‍മ്മല, കഥ ഒറ്റ ശ്വാസത്തില്‍ വായിക്കാന്‍ പ്രേരിപ്പിക്കുന്നു. കഥ കണ്ടെത്തുന്നതിന്റെ അവതരണം ഒരു പ്രത്യേകത നല്കി.
ആശംസകള്‍.
ഇവിടെ വരാന്‍ വൈകി നല്ല എഴുത്ത് പ്രത്യേകിച്ച് സൂക്ഷ്മമായ വിവരണം
എന്തൊരു കഥ!! ഒഴുക്കൊടെ വായിച്ചു...കഥയായാൽ ഇങ്ങിനെ വേണം..അത്രമേൽ പ്രിയം തോന്നി വരികളും അവതരണവും..
നന്നായിരിക്കുന്നു മാഷേ... ചില സൂക്ഷ്മനിരീക്ഷണങ്ങള്‍ അത്ഭുതപ്പെടുത്തുന്നോളം നന്നായിരിക്കുന്നു. For eg., കറുപ്പിൽ ചുവന്ന പൊട്ടുകളുള്ള നീളൻ പാവാടയുടെ കസവ് പതിച്ച തുമ്പ് നിലത്ത് നനഞ്ഞമണ്ണിൽ ഇഴഞ്ഞു. വാങ്ങ്മയ ചിത്രങ്ങള്‍ മനോഹരം. കഥാതന്തു ആരും എഴുതാന്‍ കൊതിച്ചു പോവുന്ന ഒന്ന്. അഭിനന്ദനങ്ങള്‍ !
ഇവിടെ ആദ്യമായിട്ടാണ്. വരാൻ വൈകി എന്നു തോന്നുന്നു. വളരെ ഇഷ്ടമായി
Satheesh its really superbb ! , wonderful...you have extraordinary skill in writing..keep it up... :)
പൊന്മളക്കാരന് ,അനുപമ, റാംജി, ആഫ്രിക്കൻ മല്ലു, അനശ്വര, കുഞ്ഞൂട്ടന്, കിങ്ങിണിക്കുട്ടി, പ്രിയ, സാബു
എല്ലാവരുടേയും പ്രോത്സാഹനങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി.
***സാബു മാഷിന്റെ കമന്റിൽ ഒരു spoiler ഉണ്ടായിരുന്നതിനാൽ അത് അദ്ദേഹത്തിന്റെ അനുവാദത്തോടുകൂടിതന്നെ കഥയുടെ സസ്പെൻസിനെ ബാധിക്കാത്തവിധത്തിൽ ഒരല്പം എഡിറ്റ് ചെയ്ത് താഴെ കൊടുക്കുന്നു.
---------------------------
Sabu M H said...
നന്നായിരിക്കുന്നു. ധാരാളം എഴുതൂ.
കുറച്ച് നാൾക്ക് മുൻപ് ഒരു ഇംഗ്ലീഷ് സിനിമ കണ്ടിരുന്നു. xxxxxx താൻ കൊല്ലപ്പെടുമെന്നറിഞ്ഞ്, തന്നെ കൊല്ലരുതെ എന്നപേക്ഷിച്ചു xxxxxxx അടുത്ത് വരുന്നതായിരുന്നു തീം. ഇതു വായിച്ചപ്പോൾ അതോർത്തു..
വേറിട്ട ഒരനുഭവമായി ഈവായന..!
ഒരു ചെറുതുള്ളിയായി പെയ്തുവീണ കഥാതന്തു.
വിദഗ്ദമായസങ്കലനവും, അവതരണവും,ശൈലിയുംകൊണ്ട് വായനക്കാരനെ പിടിച്ചിരുത്തി.അസാധാരണമായ ആ ഒഴുക്കില്‍, ചുരുക്കം ചില വാക്കുകളേ ഇണങ്ങാത്തവയായി എനിക്കു തോന്നിയുള്ളു.(തോന്നല്ശരിയാവണമെന്നുമില്ല.സദയം ക്ഷമിക്കുക)
ഈ വാക് കസര്‍ത്ത് ഇനിയും തുടരുക
ഒത്തിരിയൊത്തിരിയാശംസകള്‍...!!
വായിക്കാന്‍ നല്ലൊരു കഥ. ആഖ്യാന ശൈലിയും നല്ലത്.
ആശംസകള്‍ !!
ഒരു വെത്യസ്ത വായനാനുഭവം വളരെ നല്ല ഒരു കഥ
നല്ല വായനാനുഭവം. അഭിനന്ദനങ്ങള്‍
ഇതിൽ മഴയെ കുറിച്ച് പറഞ്ഞ ഭാഗങ്ങൾ വായിച്ചപ്പോൾ ശരിക്കും എന്റെ മുന്നിൽ തെളിഞ്ഞു നിന്നു കഥാപാത്രങ്ങൾ..അത്രയ്ക്കും നന്നായി എഴുതിയിരിക്കുന്നു താങ്കൾ!ഇടിമിന്നലും,വെള്ളം കൈക്കുമ്പിളിൽ ആക്കുന്നതും, നിലത്തിഴയുന്ന പാവാടയും എല്ലാം മനസ്സിൽ വീണ്ടും തെളിച്ച് തന്നതിനു ഒരായിരം നന്ദി..ബ്ലോഗിന്റെ പേരു പോലെ തന്നെ മഴചിന്തുകൾ!
വല്ലാത്തൊരു ധൃതിയായിരുന്നു ഈ കഥ വായിച്ച് തീര്‍ക്കാന്‍.. ആ പെണ്‍കുട്ടി ഇറയത്ത് കയറി നിന്നതുമുതല്‍ ഞാനും വരികളിലൂടെ പായുകയായിരുന്നു... അതാണ് അവതരണത്തിന്റെ മികവും.. ആശംസകള്‍.. ഒരു രചനയുടെ പേറ്റുനോവ് കഥയിലൂടെ കോറിയിട്ട വേറിട്ട അവതരണം..
സതീഷ്,കഥ പറഞ്ഞ രീതി വളരെ ഇഷ്ടമായി.
ഒരു നല്ല കഥ വായിക്കാനായത്തിലും ഒരു പുതിയ ബ്ലോഗു സന്ദര്ശിനായതിലും സന്തോഷം
ഇവിടെ ആദ്യമായിട്ടാണ്. വരാൻ വൈകി എന്നു തോന്നുന്നു..വളരെ നന്നായി എഴുതിയിരിക്കുന്നു ...നല്ല ഒഴുക്കോടെ വായിച്ചു..അഭിനന്ദനങ്ങള്‍
ലളിതസുന്ദരമാണ് സതീശിന്റെ ശൈലി. എഴുത്തുകാരനിലേക്ക് വീണ്ടുമെത്തുന്ന കഥാപാത്രത്തെ നന്നായി വരച്ചിട്ടു.
നല്ല കഥ ...ഇഷ്ട്ടായി
പുറത്ത് നല്ല മഴ, കഥയിൽ മഴയുടെ കുളിര്,,, ഓർമ്മകൾ മറക്കാതിരിക്കട്ടെ,
"ഓർമ്മകളുടെ മാറാലമൂടിയ അറകളിലെങ്ങോ ബന്ധനസ്ഥയായി അവളുണ്ട്. അവളിലേക്കെത്താൻ ഏത് വഴിയാണ് ഞാൻ തേടേണ്ടത്?"
ഈ വാക്കുകള്‍ ഞാന്‍ കഥ വായിക്കുമ്പോഴേ മനസ്സില്‍ കുറിച്ചിട്ടു. കോപ്പി ചെയ്യുകയും ചെയ്തു. ഇത് പറയാതെ കമന്റ് പൂര്‍ണമാവില്ല എന്ന തോന്നല്‍. ഇവിടെ വന്നപ്പോള്‍ ഇതേ വാക്യം സതീഷ് തന്നെ ഉദ്ധരിച്ചിരിക്കുന്നു. മനോഹരമായ ഈ കഥയുടെ ന്യൂകളിയസ് ഈ വാക്യത്തിലുണ്ട്. അടുത്ത കാലത്ത് ഇങ്ങിനെ മനസ്സില്‍ തങ്ങിയ ഒരു കഥ ഞാന്‍ വായിചിട്ടില്ല എന്ന് ഞാന്‍ ഉറപ്പിച്ചു പറയാം.
@പ്രഭന് ക്യഷ്ണന്
പ്രോത്സാഹനത്തിനും അഭിപ്രായത്തിനും വളരെ നന്ദി മാഷേ.
@ലീല എം ചന്ദ്രന്..
ഇത്രയിടം വരെ വന്നതല്ലേ ചേച്ചീ..പോസ്റ്റൊന്ന് വായിക്കാമായിരുന്നു :)
@സലാം
ഉൾക്കൊണ്ട് വായിച്ചതിനും അഭിപ്രായത്തിനും നന്ദി മാഷേ.
ദിവാരേട്ടൻ, കൊമ്പൻ, Pradeep Kumar, തൂവലാൻ , ഇലഞ്ഞിപ്പൂക്കൾ, റോസാപൂക്കള്‍ , ലച്ചു, ശ്രീനാഥന്‍ , MyDreams , മിനി,
ഈ കൊച്ചുബ്ളോഗിലേക്കൊന്ന് എത്തിനോക്കാനും അഭിപ്രായങ്ങളും വിമർശനങ്ങളും അറിയിക്കാനും സമയം കണ്ടെത്തിയതിന് ഹൃദയം നിറഞ്ഞ നന്ദി. ഇനിയും വല്ലപ്പോഴുമൊക്കെ ഈ വഴി വരിക. പ്രോത്സാഹിപ്പിക്കുക , തെറ്റുകൾ ചൂണ്ടിക്കാട്ടുക.
നല്ല ഒഴുക്കുള്ള ഭാഷയിൽ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു കേട്ടൊ സദീഷ്..
അഭിനന്ദനങ്ങൾ...!
ഇവിടെ ആദ്യമാണ് സതീഷ്. കഥ നന്നായി പറഞ്ഞു. നല്ല ശൈലി.
കഥ ഇഷ്ടായി,
അതിലേറെ ഇഷ്റ്റായതു താങ്കളുടെ പ്രൊഫൈലാണ്
"............ ഇപ്പോൾ സിഡ്നിയിൽ!"
അടുത്ത പ്രാവഷ്യം (hopefully during August/September)അങ്ങോട്ടു വരുമ്പോള്‍ നമുക്കൊന്നു പരിചയപ്പെടണം
നന്നായിട്ടുണ്ട്. ആശംസകള്‍.
www.absarmohamed.blogspot.com
nannayirikkunnu katha. nalla avatharanam.. nalla kathathantu.
ഹായ്..
സതീഷ്...കൂട്ടിമുട്ടിയതില്‍ വളരെ സന്തോഷം,കഥ വായിച്ചു, ഓടിച്ച് ,നന്നായി പിന്നീട് വായിക്കും .വളരെ സന്തോഷം
സുന്ദര ശൈലി!
" പക്ഷേ നിങ്ങൾ കഥാകാരന്മാരെല്ലാം കൂടി പ്രണയമെന്നും ഗൃഹാതുരത്വമെന്നുമൊക്കെ വിളിച്ച് വിളിച്ച് അതിന്റെ നിറം മങ്ങിത്തുടങ്ങിയിട്ടുണ്ടോ എന്നെനിക്ക് ചിലപ്പോൾ സംശയം തോന്നാറുണ്ട്.. അത്തരം മൃദുലവികാരങ്ങളെ നിങ്ങളൊക്കെച്ചേർന്ന് കഴുത്തിനുപിടിച്ച് ക്ളീഷേയുടെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുകയല്ലേ .."
കറകറക്റ്റ്
നിര്‍മ്മലയ്ക്കൊപ്പം തന്നെയായിരുന്നു, നന്നായിട്ടുണ്ട്.
ഉയര്‍ത്തെഴുന്നേല്‍പ്പ് അതോ ഉയിര്..
ഈ കഥ തുടക്കം മുതല്‍ അവസാനംവരെ ശ്വാസം വിടാതെ ഒറ്റയിരിപ്പിനു വയ്ക്കാന്‍ തോന്നുന്ന കാരണം സതീഷിന്റെ അവതരണ മികവ് തന്നെ...നിര്‍മ്മല ആരെന്നരിയാഞ്ഞിട്ടു നിങ്ങളെ പ്പോലെ എനിക്കും തിടുക്കമായിരുന്നു ...ചില ഭാഗങ്ങള്‍ എം ടി യുടെ ശൈലിയെ ഓര്‍മ്മിപ്പിച്ചു .....ഇത് വായിക്കാതെ പോയിരുന്നെങ്കില്‍ വലിയ നഷ്ട്ടം തന്നെയാകുമായിരുന്നു ....
എനിക്കിഷ്ടപ്പെട്ടെ...
ചാറ്റല്‍മഴപോലെ നനുത്ത ഭാഷ..... ഒരുപാടുകാലമായി മനസ്സിലുള്ള നിര്മ്മലക്കുവേണ്ടി കഥയെ ആവാഹിച്ചപ്പോലെ തോന്നി.....ആശംസകള്‍ .....
നല്ല കഥ. ആശംസകള്‍..
ആ 'നിര്‍മ്മല' എന്തെന്നറിയാന്‍ ആഗ്രഹം ഉണ്ട്. എന്താ ആ കഥ?
@വഴിപോക്കന് : നന്ദി മഷേ. അതിനെന്താ പരിചയപ്പെടാമല്ലോ. വരുന്ന date തീരുമാനിച്ചിട്ട് എനിക്കൊരു മെയിൽ അയച്ചോളൂ.
@പ്രയാണ്‍ : ഊഹം ശരിയാണ് മാഷേ. നിർമലയുടെ കഥയായിത്തന്നെ തുടങ്ങി അവസാനം ഇത്തരത്തിൽ രൂപപ്പെട്ടു വന്നതായിരുന്നു.
@അഞ്ജു :
തീർച്ചയായും നിർമ്മലയുടെ കഥയും ഒരു പോസ്റ്റായി വരും. എന്നാണെന്നൊന്നും ഇപ്പോൾ പറയാൻ കഴിയില്ല. ആ കഥാപാത്രത്തെ ഇപ്പോഴുള്ള ആ പുകമറയ്ക്കുപിന്നിൽ നിന്നും മുന്നിലേക്ക് നീക്കീനിർത്തുകയും അവളുടെ മനസ്സിലേക്ക് ആഴത്തിലേക്കിറങ്ങുകയും ചെയ്യുക എന്നത് ഒരു വലിയ വെല്ലുവിളിയാണ് എനിക്കിപ്പോൾ.
മുരളീമുകുന്ദൻ , മനോരാജ്, Absar , മുകിൽ ,sankalpangal, വി കെ ബാലകൃഷ്ണന് , നിശാസുരഭി , faisalbabu, JITHU ,
ഇവിടം വരെ വന്നതിനും അഭിപ്രായങ്ങൾക്കും വളരെ വളരെ നന്ദി.
പ്രിയപ്പെട്ട നാട്ടുകാരാ,
ഹരിപ്പാട് നിന്ന് ഇങ്ങനെ ഒരു ബ്ലോഗ്ഗര്‍ ഉണ്ടെന്നു ഇത്രകാലവും അറിയാതെ പോയല്ലോ ..ini follow cheytekam
..കഥ വായിച്ചു ഇഷ്ടപ്പെട്ടു..ആദ്യം കരുതി നിര്‍മല യക്ഷി ആകും എന്ന്..പിന്നെ തോന്നി പരിചയം ഉള്ള ആരെങ്കിലും എന്ന്..അവസാനത്തെ ട്വിസ്റ്റ് നന്നായി..
ആശംസകള്‍ ..............
ഒരു ഹരിപ്പാട് കാരി പെങ്കൊച് .......
aashamsakal.............
നീണ്ട വായന.
ഇത് ഇപ്പോള്‍ തന്നെ പോസ്ടിയത് നന്നായി. അല്ലെങ്കില്‍ അജിത്ഭായ് പോസ്റ്റ് ചെയ്തേനേ.
യാഹൂ!
മനോഹരമായ കഥ.വളരെ ഇഷ്ടമായി.(മലയാറ്റൂരിന്റെ ‘യക്ഷി’ യെപ്പോലെയാവുമെന്നു കരുതി.).ആശംസകൾ.
ഹരിപ്പാടുകാരി STRANGER , ജയരാജ്, കണ്ണൂരാൻ, ശ്രീ...എല്ലാവർക്കും നന്ദി.
നല്ല ഓരു കഥ. അവസാനത്തില്‍ വായനക്കാരന്റെ ഹൃദയം തൊണ്ടയില്‍ കൊണ്ട് വന്നു നിര്‍ത്തി. നന്ദി. പുതിയ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
കഥ വളരെ ഇഷ്ടപ്പെട്ടു
...സ്വാഭാവികമായ കഥപറച്ചില്‍
നല്ല കഥ കൊള്ളം കേട്ടോ .........
നല്ല കഥ കൊള്ളം കേട്ടോ .........
a TOUCHING STORY... I LOVED IT
നല്ല കഥ .. അതോ കഥയ്ക്കുള്ളിലെ ജീവിതമോ???
അറിയാതെയെങ്കിലും കാലിലെ വെള്ളിക്കൊലുസില്‍ പരതിപോയി....തുലാമഴയില്‍ കുളിച്ച് റോഡിലെ ചെളിവെള്ളവും തട്ടി തെറുപ്പിച്ച് നടന്നിരുന്ന ബാല്യത്തിലേയ്ക്ക് (കൌമാരത്തിലെയ്ക്കും)
ഒരു നിമിഷം മനസ്സ് പോയി...
പാരിജാത പൂക്കളുടെ സുഗന്ധമുള്ള ഓര്‍മ്മകള്‍...
കൊള്ളാം സതീഷ്. നമ്മുടെ ഗ്രിഹാതുരത്വങ്ങള്.
ഞാൻ ഇവിടെ വരാൻ ഒരുപാടു വൈകി...
നല്ല രീതിയിൽ തന്നെ കഥ വികസിക്കുന്നു..
ആശംസകൾ...
സബിതാബാല, ബോബൻസ്, വീകെ, മാഡ്, നിരഞ്ജന, ആരിഫ്,
ഇവിടെ വന്നതിനും ഈയുള്ളവനെ പ്രോത്സാഹിപ്പിക്കുന്നതിനും ഹൃദയം നിറഞ്ഞ നന്ദി.
വായിക്കാന്‍ വൈകിയല്ലോ എന്നൊരു സങ്കടം മാത്രം...
പ്രഭാത മയക്കത്തില്‍ പണ്ടെങ്ങോ പാതിയില്‍ നിര്‍ത്തിയ കഥ ഒരു ഓര്‍മ്മയായ് കടന്നുവരുന്നത് നല്ല ശൈലിയില്‍ പിടിച്ചിരുത്തി വായിപ്പിച്ചു
@ഖാദു, പൊട്ടൻ
വളരെ നന്ദി.
Post a Comment