Saturday, February 12, 2011

ഓർമ്മകൾ ചേക്കേറുന്നിടം

ഞങ്ങളുടെ വീടിന്റെ തെക്കുകിഴക്ക് ഭാഗത്തായി മഴക്കാലത്ത് മാത്രം വെള്ളം കെട്ടി നില്ക്കാറുള്ള ഒരു കുളമുണ്ടായിരുന്നു. അതിലേക്ക് ചാഞ്ഞ് നില്ക്കുന്ന ഒരു കൂറ്റൻ തോട്ടുപുളിമരവും ഒരു കിളിച്ചുണ്ടന്‍ മാവും. അതിനപ്പുറം ദീർ‍ഘചതുരാകൃതിയില്‍ വിരിച്ച ചിറയ്ക്ക് മുകളില്‍ വിശാലമായ തെങ്ങിൻ‍തോപ്പ്. ചിറയുടെ ഒരു കോണിലായി ഒരു ചൂരല്ക്കാവുണ്ട്. തെങ്ങിന്‍ തോപ്പിനപ്പുറം കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന പാടശേഖരങ്ങളുടെ പടിഞ്ഞാറേ അരിക്  ചേർ‍ന്ന് ഒരു തോട് ഒഴുകുന്നുണ്ട്. അതിലൂടെ വല്ലപ്പോഴുമൊക്കെ കടന്നുപോകുന്ന കെട്ടുവള്ളങ്ങൾ . ഞങ്ങളുടെ കാഴ്ചയില്‍ അതായിരുന്നു ഭൂമിയുടെ പടിഞ്ഞാറേ അറ്റം . ആ തോട്ടിലേക്ക് സൂര്യന്‍ മുങ്ങിത്താഴുന്നത് കാണാന്‍ ഞാന്‍ എല്ലാ സായന്തനങ്ങളിലും ആ തെങ്ങിന്‍ തോപ്പില്‍ പോയിരിക്കുമായിരുന്നു. അവിടമാകെ ചുവപ്പ് പരക്കുമ്പോള്‍ നാണം കുണുങ്ങി തലകുനിച്ച് നില്ക്കുന്ന തെങ്ങോലകളില്‍ ഒരു ഇളം കാറ്റ് പകലിന്‍ മംഗളം പാടും .

ദീര്ഘമായ ആ പാടവരമ്പുകളിലൂടെ അധികം ദൂരം പോകാന്‍ ഞങ്ങള്‍ കുട്ടികള്ക്ക് അനുവാദം ഉണ്ടായിരുന്നില്ല.എങ്കിലും അതിനപ്പുറത്ത് മറ്റൊരു ലോകമുണ്ടെന്നും അവിടെ എന്നെപ്പോലെ തന്നെയുള്ള കുട്ടികള്‍ അവരുടെ വീട്ടിലും മുറ്റത്തുമൊക്കെ കളിക്കുന്നുണ്ടെന്നും അമ്മ പറഞ്ഞു തന്നു.

ഞങ്ങളുടെ പറമ്പിന്റെ പടിഞ്ഞാറേ അതിര്‍ നിറയെ നായങ്കണകള്‍ കാട് പിടിച്ച് പൂത്തുനിന്നിരുന്നു.അവ കരിമ്പാണെന്നു കരുതി ചില കുട്ടികള്‍ ഒടിച്ചെടുത്ത് കടിച്ചുനോക്കിയിട്ട് 'മധുരമില്ലാക്കരിമ്പ്' എന്നുപറഞ്ഞ് വലിച്ചെറിഞ്ഞു.
വീട്ടുമുറ്റത്തിന്റെ കിഴക്കേ അറ്റത്തെ ദര്ഭക്കാടുകള്ക്കിടയില്‍ പൂത്തു നിന്ന ചെമ്പകമരത്തില്‍ മുല്ലവള്ളികള്‍   മൊട്ടുകളണിഞ്ഞ് പടര്ന്ന് നിന്നു.അവ ഞങ്ങളുടെ പ്രഭാതങ്ങള്ക്ക് സുഗന്ധം പരത്തി. അയല്‍ വീടുകളില്‍ നിന്നൊക്കെ പാവാടക്കാരികളായ പെണ്കുട്ടികള്‍ മുല്ലപ്പൂ പറിക്കാന്‍ വരുമായിരുന്നു. പാവാടത്തുമ്പ് ചേര്ത്ത് പിടിച്ച് കുട്ടയാക്കി ഞങ്ങളുടെ മുല്ലപ്പൂക്കള്‍ അതില്‍ നിറച്ച് അവര്‍ പോകുന്നത് തെല്ലൊരു ദുഖത്തോടെ ഞാനെന്നും നോക്കി നിന്നു.

കൊയ്ത്തുകാലം കഴിഞ്ഞാല്‍ ഒഴിഞ്ഞുകിടക്കുന്ന പാടത്ത് ഫുട്ബോള്‍ കളിക്കാന്‍ പാടങ്ങളും തോടും കടന്ന് മുതിര്ന്ന കുട്ടികള്‍ വരും .ഒരു വശത്ത് തെങ്ങിന്‍ തോപ്പിലിരുന്ന് ഞാനും കൊച്ചുമോളും ഉള്പ്പെടുന്ന ചെറിയ കൂട്ടം അവരുടെ കളി കണ്ടാസ്വദിക്കും .

ഇങ്ങനൊക്കെയുള്ള ഞങ്ങളുടെ ലോകത്തേക്ക് പുഞ്ചവയലുകൾ കടന്ന് ഒരു ദിവസം ഒരു അതിഥിയെത്തി- കൈലാസ്.
കുട്ട വിൽക്കാനെത്തിയ അമ്മയുടെയൊപ്പം കറുത്തുമെലിഞ്ഞ് ചുണ്ടിൽ ഒരു പുഞ്ചിരിയുമായി അവൻ വരമ്പുകൾ താണ്ടി വന്നു.ഞങ്ങളുടെ പ്രദേശത്താകെ കച്ചവടം കഴിഞ്ഞ് തിരികെ വരുന്നതുവരെ അവനേക്കൂടി കളിക്കാൻ കൂട്ടാൻ അവന്റെ അമ്മ ഞങ്ങളോട് പറഞ്ഞു. ഞങ്ങൾക്ക് അത് വളരെ സന്തോഷമുള്ള കാര്യമായിരുന്നു. ആദ്യമായിട്ടാണ്‌ 'അപ്പുറത്തെ ലോക'ത്തുനിന്ന് ഒരു കുട്ടി ഞങ്ങളുടെയൊപ്പം കളിക്കാൻ കൂടുന്നത്.ആദ്യം തെല്ലു ലജ്ജയോടെ മാറിപതുങ്ങി നിന്നെങ്കിലും അവൻ പെട്ടെന്ന് ഞങ്ങളുമായി അടുത്തു. അവൻ ഞങ്ങളെ ഗോലികളി , കിളിത്തട്ട് തുടങ്ങി പുതിയ ചില ഇനങ്ങൾ കൂടി പഠിപ്പിച്ചു.

പിന്നീടുള്ള വൈകുന്നേരങ്ങളിലെല്ലാം അവൻ ഞങ്ങളുടെ കൂടെ കളിക്കാൻ വന്നു.ദൂരെ വയലുകൾക്കപ്പുറത്ത് അവ്യക്തമായി കാണുന്ന ഒരു ഇരുണ്ട വസ്തു ചൂണ്ടിക്കാട്ടി  അതാണവന്റെ വീടെന്ന് പറഞ്ഞു. സന്ധ്യയായി അമ്മ തിരിച്ചു വരുമ്പോൾ അവനേയും കൂട്ടിപ്പോകും.
അവർ പാടവരമ്പിലൂടെ നടന്ന് ദൂരെ രണ്ട് പൊട്ടുകളായി മാറുന്നതുവരെ ഞാൻ നോക്കി നിൽക്കും.

കളികളേക്കാളുപരി അവന്റെ നാട്ടിലെ വിശേഷങ്ങൾ കേൾക്കാനായിരുന്നു ഞങ്ങൾക്ക് താല്പര്യം. തന്റെ വീടിനടുത്തായി ഒരു വലിയ മരമുണ്ടെന്നും അതിൽ നിറയെ ഊഞ്ഞാലുകളാണെന്നും അവൻ പറഞ്ഞു. അവിടെയടുത്തുള്ള ഓരോ വീട്ടുകാരുടേയും വകയായി ഓരോ ഊഞ്ഞാൽ. ആരും സ്വന്തം ഊഞ്ഞാലിൽ മറ്റുള്ള വീട്ടുകാരെ ആടാൻ അനുവദിക്കുകയില്ലത്രേ.കൈലാസിനും അവന്റെയമ്മ അവിടെയൊരു ഊഞ്ഞാൽ കെട്ടിക്കൊടുത്തിരുന്നു. പക്ഷേ അത് ഈയിടയ്ക്കൊരു ദിവസം പൊട്ടിപ്പോയി. അത് കൂട്ടിക്കെട്ടാൻ അവൻ ഒരു കയർ നോക്കി നടക്കുകയായിരുന്നു. പലരോടും ചോദിച്ചിട്ടും ആരും അവനെ സഹായിച്ചില്ല. തെങ്ങ് ചെത്താൻ വന്ന രാഘവൻ അവന്റെ വിഷമം കണ്ടിട്ട് തന്റെ സൈക്കിളിന്റെ പിന്നിൽ കെട്ടിയിരുന്ന ചെറിയ കയർ അഴിച്ച് അവന്‌ കൊടുത്തു. അതുംകൊണ്ട് അവൻ ഒരൊറ്റ ഓട്ടമായിരുന്നു വരമ്പിലൂടെ- അമ്മ വരാനൊന്നും കാത്തുനിൽക്കാതെ; പൊട്ടിയ തന്റെ ഊഞ്ഞാൽ കൂട്ടിക്കെട്ടുവാൻ.

പിന്നീടുള്ള ദിവസങ്ങളിലൊന്നും ഞങ്ങളോടൊപ്പം കളിക്കാൻ അവൻ പാടങ്ങൾ കടന്ന് വന്നില്ല. അവന്റെ അമ്മയേയും കണ്ടില്ല.പിന്നേയും സായാഹ്‍നങ്ങളിൽ ഞാനും കൊച്ചുമോളും തെങ്ങിൻ‍തോപ്പിൽ ചെന്നുനിന്ന് അവൻ വരുന്നുണ്ടോ എന്ന് ദൂരേയ്ക്ക് നോക്കിനിന്നു. കുറേ കാത്തിരുന്ന് മടുത്തപ്പോൾ ഞങ്ങൾ തിരികെ വീടുകളിലേക്ക് മടങ്ങി.

രണ്ട് മൂന്ന് ആഴ്ചകൾ കഴിഞ്ഞൊരു ദിവസം പുന്നൂസച്ചായന്റെ മില്ലിൽ അരി പൊടിപ്പിക്കാൻ പോയപ്പോൾ കൈലാസിന്റെ അമ്മ പാലത്തിലൂടെ നടന്ന് പോകുന്നത് ഞാൻ കണ്ടു. ഓടി ചെന്നപ്പോഴേക്കും അവർ പാലം കടന്ന് അപ്രത്യക്ഷയായിരുന്നു.
ഒരു മാസം കൂടി കഴിഞ്ഞ് പള്ളിപ്പെരുന്നാളിന്റെ രാത്രിയിൽ റാസയിൽ കുന്തിരിക്കം മണക്കുന്ന തിരുമേനിമാരുടെ മുൻപിലായി അവനെ ഞങ്ങൾ വീണ്ടും കണ്ടു. കൂടെ അവന്റെ അമ്മ സാരിത്തലപ്പു കൊണ്ട് തല മൂടി നടന്നു പോകുന്നുണ്ടായിരുന്നു.പാതയോരത്ത് റാസ കാണാൻ കൂടി നിന്ന ഞങ്ങളെ നോക്കി അവനൊന്ന് പുഞ്ചിരിച്ചു. എന്നിട്ട് ആ തിരക്കിനിടയിൽ അവരെങ്ങോ അലിഞ്ഞു പോയി.

വീണ്ടും മാസങ്ങൾ കടന്നുപോയി, വേനൽ കഴിഞ്ഞ് മഴ വന്നു. പേമാരി ആർത്തലച്ചു പെയ്തു. പാടങ്ങളെല്ലാം വെള്ളത്തിനടിയിലായി.ഞങ്ങളുടെ പറമ്പിലും വീടിനുള്ളിലും വെള്ളം കയറി. കട്ടിൽ, അലമാര, പത്തായം തുടങ്ങി എല്ലാം ഇഷ്ടികപ്പുറത്ത് കയറി. ജലനിരപ്പിനു മുകളിലേയ്ക്ക് ഉയർത്തി വച്ചിരുന്ന കട്ടിലിൽ പ്ളാസ്റ്റിക് വരികൾക്കിടയിലെ വിടവുകളിലൂടെ, താഴെ വെള്ളത്തിൽ നീന്തിക്കളിക്കുന്ന വരാലുകളേയും പരൽ‍കുഞ്ഞുങ്ങളേയും നോക്കി ഞാൻ കിടന്നു.

വെയിലിനല്പ്പം വീര്യം കൂടുമ്പോൾ മുറ്റത്ത് കിണറ്റിൻ‍കരയിൽ ആമകൾ വെയിലുകായാൻ വന്നിരുന്നു. ചിലപ്പോൾ അയൽ‍വീടുകളിൽ നിന്ന് പാത്രങ്ങളും മറ്റും ഒഴുകി വന്നു. ചില മുതിർ‍ന്ന കുട്ടികൾ വാഴ വെട്ടി കൂട്ടിക്കെട്ടിയുണ്ടാക്കിയ ചങ്ങാടത്തിൽ തുഴഞ്ഞു പോകുന്നതു കണ്ടു. ആ സമയം ഞാൻ പഴയ പത്രത്താളുകളും മറ്റും വലിച്ചുകീറി ബോട്ടുണ്ടാക്കി വീടിനുള്ളിൽ വെള്ളത്തിലൊഴുക്കിക്കളിച്ചു.

ആദ്യദിവസങ്ങളിലെ കൗതുകങ്ങളൊക്കെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അസ്വസ്ഥതയായി മാറിത്തുടങ്ങി. തെക്കോട്ട് നോക്കിയാൽ വയലേലകളെല്ലാം ഒന്നായി ലയിച്ചപോലെ ദൂരേയ്ക്ക് നീളുന്ന ജലനിരപ്പ് മാത്രം. ആകെ ഒരു ഒറ്റപ്പെട്ട അവസ്ഥ. അയൽപക്കത്തെങ്ങും കൊച്ചുകുട്ടികളുടെ അനക്കം പോലും കേൾക്കാനില്ല. കൊച്ചുമോളെ അവളുടെ അച്ഛൻ അമ്മവീട്ടിൽ കൊണ്ടുവിട്ടിരിക്കുകയാണ്‌. ഇരുട്ടറയ്ക്കുള്ളിൽ ഓടിച്ചുകയറ്റിയ ഒരു മിണ്ടാപ്രാണിയെപ്പോലെയായി ഞാൻ.

പിന്നേയും ആഴ്ചകൾ കഴിഞ്ഞാണ്‌ മഴയുടെ ശക്തി കുറഞ്ഞത്. പറമ്പിൽ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി. ചെളിയാണെങ്കിലും മുറ്റത്തൊക്കെ ഇറങ്ങി നടക്കാമെന്നായി.

ആയിടയ്ക്ക് ഒരു വൈകുന്നേരം അച്ഛൻ വാങ്ങിക്കൊണ്ടുവന്ന പരിപ്പുവട കഴിച്ചുകൊണ്ടിരുന്നപ്പോൾ പുറത്ത് അമ്മ ആരോടോ സം‍സാരിക്കുന്നത് കേട്ട് ഞാൻ മുറ്റത്തേയ്ക്കെത്തി നോക്കി.അത് കൈലാസിന്റെ അമ്മയായിരുന്നു. കുട്ട വിൽ‍പന കഴിഞ്ഞുള്ള വരവായിരിക്കണം.പാടത്ത് വെള്ളം നിറഞ്ഞിരുന്നതിനാൽ അവരുടെ പ്രദേശത്തെ ആളുകൾ പാലം കയറി ചുറ്റിത്തിരിഞ്ഞാണ്‌ ഞങ്ങളുടെ നാട്ടിലെത്തിയിരുന്നത്.

"ഇന്നലെ വടക്കേലെ രമണി പറഞ്ഞാ ഞാൻ കാര്യമറിഞ്ഞത്" -അമ്മ പറയുന്നത് ഞാൻ കേട്ടു.
എന്താണവർ സം‍സാരിക്കുന്നതെന്നറിയാൻ ഞാൻ ഇറങ്ങിച്ചെന്നു. എന്നെ കണ്ടതും കൈലാസിന്റെ അമ്മ കയ്യിലിരുന്ന തോർത്തിലേക്ക് മുഖമമർത്തി കരയാൻ തുടങ്ങി.

എന്തു പറയണമെന്നറിയാതെ അമ്മ പരുങ്ങി നിൽക്കുന്നു.


വിതുമ്പലിനിടയിൽ ചില വാക്കുകൾ പുറത്തുവന്നു.
"ദേവദാസ് ഡോക്ടറിന്റെ അടുത്താ കാണിച്ചിരുന്നത്. അദ്ദേഹത്തിന്റെ സഹായം കൊണ്ട് കുറച്ചെങ്കിലും ദിവസങ്ങൾ നീട്ടിക്കിട്ടി.."

അമ്മയും കണ്ണു തുടയ്ക്കുന്നു. ഞാൻ ഒന്നും മനസ്സിലാവാതെ അല്പം മാറി നിന്നു.

" ആദ്യം കാണിച്ചപ്പോൾ തന്നെ ഡോക്ടർ പറഞ്ഞു എന്തെങ്കിലും ചെയ്യാൻ പറ്റുമായിരുന്ന അവസ്ഥ കഴിഞ്ഞു എന്ന്. ജന്മനാ ഹൃദയത്തിന്‌ തകരാറുണ്ടായിരുന്നു. ഞാൻ അറിഞ്ഞില്ല. പിന്നീടുള്ള ഒരു മാസം- ദിവസങ്ങളും ആഴ്ചകളും എണ്ണി മരണം കാത്ത്..."

ഞാൻ ഒരു നിമിഷം തകർന്നുപോയി. അപ്പോൾ അതാണ്‌ കൈലാസ് ഞങ്ങളോടൊപ്പം കൂടാൻ പിന്നീട് വരാതിരുന്നത്. അന്നവൻ ഓടിപ്പോയത് എന്നെന്നേക്കുമായിട്ടായിരുന്നു. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഞാൻ വീടിന്റെ തിണ്ണയിലേക്ക് പോയി സോഫയിൽ കമഴ്ന്ന് വീണു. കൈലാസിന്റെ അമ്മയുടെ വിതുമ്പൽ അപ്പോഴും എനിക്ക് കേൾക്കാമായിരുന്നു.

" എന്നോട് അവനെപ്പോഴും പറയുമായിരുന്നു ഇവിടെ വരണം ഇവിടുത്തെ മോന്റെയൊപ്പം കളിക്കണം എന്നൊക്കെ. ഇവരെയെല്ലാം ഭയങ്കര ഇഷ്ടമായിരുന്നു....."

അമ്മ എന്തൊക്കെയോ പറഞ്ഞ് അവരെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.

"പള്ളീലെ അച്ചൻ ധാരാളം സഹായിച്ചു.പണമായിട്ടും പ്രാർത്ഥനയായിട്ടുമൊക്കെ. പക്ഷെ എനിക്ക് യോഗമില്ലെങ്കിൽ ആർക്ക് എന്ത് ചെയ്യാനൊക്കും"

കൂടുതലൊന്നും കേൾക്കാൻ എനിക്ക്  ശക്തിയില്ലായിരുന്നു. ഞാൻ ചെവി രണ്ടും പൊത്തിപ്പിടച്ച് സോഫയിൽ തന്നെ കിടന്നു. ഒരു കുഞ്ഞു പുഞ്ചിരിയുമായി വരമ്പുകൾ താണ്ടി വരുന്ന അവന്റെ രൂപം എന്റെ മനസ്സിൽ വീണ്ടും വീണ്ടും തെളിഞ്ഞു വന്നു. അവന്റെ ഊഞ്ഞാൽ ഇപ്പോൾ ആരും ആടാനില്ലാതെ അവിടെയുണ്ടാവും. അല്ലെങ്കിൽ ഒരു പക്ഷേ മറ്റുകുട്ടികൾ അത് കൈയടക്കിയിട്ടുണ്ടാവും. അവനവരോട് ഇപ്പോൾ വഴക്കിടാൻ കഴിയില്ലല്ലോ.

 പിന്നേയും ചുവന്ന സന്ധ്യകളിൽ എന്നും സൂര്യൻ തോട്ടിലേക്ക് താഴ്ന്നു. മൂകസാക്ഷിയായി തെങ്ങിൻ‍തോപ്പിൽ ഞാനും ഇളം കാറ്റിന്റെ ആലസ്യത്തിലാടുന്ന തെങ്ങോലകളും. ഇരുട്ട് പരന്നുതുടങ്ങുമ്പോൾ തോട്ടിലൂടെ പോകുന്ന കെട്ടുവള്ളങ്ങളിൽ നിന്ന് റാന്തലിന്റെ വെളിച്ചം  നക്ഷത്രമുദിച്ചതുപോലെ ദൂരെ തിളങ്ങിക്കണ്ടു. അപ്പോൾ ഞാൻ വീട്ടിലേക്ക് തിരിച്ചു കയറി. കത്തിച്ചു വച്ച നിലവിളക്കിന്റെ മുന്നിൽ സന്ധ്യാനാമവും കഴിഞ്ഞ് പിന്നെ മേശപ്പുറത്ത് ചിതറിക്കിടന്ന പുസ്തകങ്ങളിലേക്ക്...

***************  *********  ******


വർഷങ്ങൾ പലതു കഴിഞ്ഞു. പലകാരണങ്ങൾ കൊണ്ട് കൂട് വിട്ട് മറ്റൊരു കൂട്ടിലേക്ക് മാറിയും ജീവിതത്തിന്റെ ഓളപ്പരപ്പിൽ പല ചങ്ങാടങ്ങളിൽ യാത്ര ചെയ്തും കാലമേറെ മാറിമറിഞ്ഞുപോയി.
 ഇന്ന് ഞാൻ ഈ മഹാനഗരത്തിലെ അനേകായിരം പ്രവാസികളിൽ ഒരാൾ മാത്രം. വാഹനങ്ങളുടെ ഇരമ്പലും കീബോർഡിന്റെ ശബ്ദവും ആൾക്കൂട്ടത്തിന്റെ വിയർപ്പുഗന്ധവുമൊക്കെയാണ്‌ ഇന്നെന്റെ ചുറ്റും. അരവയറിന്റെ ന്യായീകരണത്തിൽ സ്വയം നഷ്ടപ്പെടുത്തിയവരാണ്‌ ഇവിടെ പലരും.

ഒരിക്കൽ ലീവിന്‌ നാട്ടിൽ പോയപ്പോൾ ആ പഴയ സ്ഥലത്തേക്ക് ഒന്നു പോയി. പക്ഷെ ഓർമ്മകൾ ചേക്കേറിയിരുന്ന ചില്ലകളെല്ലാം എന്നേ മുറിച്ചു മാറ്റപ്പെട്ടിരുന്നു. പാടങ്ങളുടെ സ്ഥാനത്ത് നിരനിരയായി കൂറ്റൻ സൗധങ്ങൾ. തെങ്ങിൻ തോപ്പ് നിന്നിരുന്ന സ്ഥലം പല കഷ്ണങ്ങളായി പല വീടുകളുടെ മതിലുകൾക്കുള്ളിലായിക്കഴിഞ്ഞു. അവിടെ ആ പഴയ സ്ഥാനത്ത് നിന്നു നോക്കിയാൽ ഇപ്പോൾ തോട് കാണാൻ പറ്റില്ല. ആ വഴി കെട്ടുവള്ളങ്ങളൊന്നും ഇപ്പോൾ പോകാറുമില്ല. ഒരിക്കൽ തിരിച്ചെത്തണമെന്ന് എന്നും ആഗ്രഹിച്ചിരുന്ന ആ സ്വർ‍ഗം ഇനിയില്ല.

       പക്ഷെ എന്റെ മനസ്സിന്റെ, പൂക്കൾ വിതറിയ നടുത്തളങ്ങളിൽ ഞാനെന്നും ഒരു നിധിപോലെ കാത്തുസൂക്ഷിക്കുന്ന ആ സ്മരണകൾ എനിക്കെന്നും കൂട്ടായുണ്ടാവും. ആ ലോകത്ത് ഞാനിന്നും അസ്തമയങ്ങൾ കാണുന്നു, പാടവരമ്പുകളിലൂടെ ഓടിക്കളിക്കുന്നു.

എനിക്കീ ജീവിതത്തെ വെറുക്കാനാവില്ല.കറ പുരണ്ട യാഥാർത്ഥ്യങ്ങളെ എനിക്ക് മറക്കണം.