Tuesday, February 14, 2012

പെയ്തൊഴിയാത്ത കാർമേഘങ്ങൾ

ഹെയർപിൻ വളവുകൾ കടന്ന് കുത്തനെയുള്ള ചരിവിലൂടെ ബസ് അസാധാരണമായൊരു ശബ്ദത്തോടെ താഴേക്ക് ഇഴഞ്ഞുനീങ്ങിക്കൊണ്ടിരുന്നു.ഏതാനും നിമിഷങ്ങൾക്ക് മുൻപ് ശമിച്ച മഴയിൽ നനഞ്ഞുകുളിച്ചു നിൽക്കുന്ന കാടിന്റെ പച്ചമണം ഇരുവശങ്ങളിൽനിന്നും അലയടിച്ചു. ബസ് നിറയെ ആളുകളുണ്ട്. ചിലർ സീറ്റിൽ ചാരിയിരുന്ന് ഉറങ്ങുന്നു, കമ്പിയിൽ പിടിച്ച് നിൽക്കുന്ന ചിലർ  നനഞ്ഞ നിലത്ത് കാലുറപ്പിച്ചു നിൽക്കാൻ പെടാപ്പാടുപെടുന്നു. മുൻസീറ്റുകളിലൊന്നിലിരുന്ന് അല്പം മുൻപ് ഛർദ്ദിച്ച പെൺകുട്ടി ഇപ്പോഴും അമ്മയുടെ തോളിലേക്ക് ചായ്ഞ്ഞ് തളർന്നിരിക്കുന്നു. അവളുടെ കയ്യിൽ ഒരു കൊച്ചു കുഞ്ഞ് നിർത്താതെ കരയുന്നുണ്ട്. ഇടയ്ക്കിടെ തലയിട്ട് നോക്കുന്ന കാറ്റ് ആ കരച്ചിൽ പിൻസീറ്റുകളിലേക്ക് ഉച്ചത്തിൽ കൊണ്ടുവന്ന് പിൻവാങ്ങി. ഡ്രൈവറിന്റെ എതിർഭാഗത്തായി ഒരു വലിയ ചാക്കും താങ്ങിപ്പിടിച്ചു കൊണ്ട് ഇരിക്കുന്ന വൃദ്ധ അടുത്തിരിക്കുന്ന കൊച്ചുകുട്ടിയോട് അവ്യക്തമായി എന്തൊക്കെയോ പുലമ്പുന്നുണ്ട്..

കടലാസുകുമ്പിളിലെ കപ്പലണ്ടി പാതിയോളം കഴിച്ചിട്ട് ബാക്കി അനിതയ്ക്ക് കൊടുത്ത് മനോജ് പുറത്ത് കടന്നുപോകുന്ന കാഴ്ചകൾ കണ്ടിരുന്നു. ബസിനാകെ ഒരു തുരുമ്പുമണം . പഴയ ബസാണ്. പോരാത്തതിന് മഴയും.

" എന്തൊരു മഴയായിരുന്നു. ഞാൻ വിചാരിച്ചു ഇറങ്ങിയതേ അബദ്ധമായെന്ന്"
അനിത കപ്പലണ്ടി കൊറിച്ചുകൊണ്ട് പറഞ്ഞു.

" അതിനെന്താ.. ഇതല്ലേ കാടിന്റെ ഗന്ധമാസ്വദിക്കാൻ പറ്റിയ കാലാവസ്ഥ.നനഞ്ഞ് കുളിച്ച് പ്രണയപരവശരായി നിൽക്കുന്ന മരങ്ങളും പൂക്കളും പുല്ലുകളും പാറക്കുന്നുകളും...പ്രകൃതി ലജ്ജാവതിയായി ചിണുങ്ങി നിൽക്കുന്ന കുളിരാർന്നൊരു ദിനം. നമ്മുടെ യാത്രയ്ക്ക് ഇതിലും നല്ല ഒരു ദിനം വേറേ കിട്ടില്ല."

അത് പറയുമ്പോൾ മനോജ് ഒരു മനോഹര സ്വപ്നം കാണുകയായിരുന്നു .

" ഓഹോ.. സാഹിത്യം!.. നമുക്കൊന്നും മനസ്സിലായില്ലേ"  ചിരിച്ചു കൊണ്ട് അനിത കളിയാക്കി.ഒന്നും മനസ്സിലായില്ലെന്ന് അഭിനയിച്ച് കൈ മലർത്തിക്കാണിച്ചു.
അവളെപ്പോഴും അങ്ങനെയാണ് . കളിയാക്കാൻ ഒരു അവസരം കിട്ടിയാൽ വിട്ടുകളയില്ല.

മണ്ണും കല്ലും ഇളകി പൊളിഞ്ഞുകിടക്കുന്ന പാത. അത് അനുസരണ കെട്ട ഒരു വികൃതിക്കുട്ടിയെപ്പോലെ വളഞ്ഞും തിരിഞ്ഞും ഉയർന്നും താഴ്ന്നും ഓടിപ്പോകുന്നു. അതിനുമേലേ കുലുങ്ങിക്കുലുങ്ങി ഇടയ്ക്കെല്ലാം നിർത്തിനിർത്തി ആ ബസ് നീങ്ങിക്കൊണ്ടിരുന്നു. ഏറെയും വിജനമായ പാതയിലൂടെ തുടരുന്ന യാത്രയ്ക്കിടയിൽ വല്ലപ്പോഴും കടന്നുപോകുന്ന ചില നാൽക്കവലകളിൽ മൂകരായി തലങ്ങും വിലങ്ങും നടക്കുന്ന ചില മനുഷ്യരെ കണ്ടു. ആനയിറങ്ങുന്ന വഴിയാണെന്ന് പുറപ്പെടും മുൻപ് ചിലർ പറയുന്നത് കേട്ടിരുന്നു. ഇതുവരെ ഒരെണ്ണത്തിനെപോലും കണ്ടില്ല.

മഴ ബസിന്റെ വശങ്ങളിൽ ബാക്കിവച്ചിരുന്ന ജലകണങ്ങൾ കുലുക്കത്തിന് ശക്തിയേറുമ്പോൾ ഉള്ളിലേക്ക് പുണ്യാഹം തളിച്ചു കൊണ്ടിരുന്നു. എന്നിട്ടും മനോജ് മറ്റ് യാത്രക്കാർ പലരും ചെയ്തതുപോലെ ഷട്ടർ താഴ്ത്തിയിട്ടില്ല. തന്റെ തൊട്ടടുത്തിരുന്ന് പുറത്തേക്ക് നോക്കിയിരിക്കുന്ന അനിത കാഴ്ചകൾ ആസ്വദിക്കുന്നത് അയാൾ അവളറിയാതെ ശ്രദ്ധിച്ചു.
ഇപ്പ്പോൾ കടന്നുപോകുന്ന സഥലത്ത് ഇരുവശങ്ങളിലും പാടങ്ങളാണ്- അവയിൽ കരിമ്പുകളും എള്ളിൻ ചെടികളും നനഞ്ഞു കുതിർന്നു നിന്നു. പലയിടത്തും കൃഷിസ്ഥലങ്ങളൊട് ചേർന്ന് ഓല മേഞ്ഞ ചെറിയ കുടിലുകൾ, മുറ്റത്ത് കുത്തിയിരുന്ന് എന്തൊക്കെയോ ജോലികൾ ചെയ്യുന്ന സ്ത്രീജനങ്ങൾ..തെങ്ങിൻ തോപ്പുകൾ, വാഴത്തോട്ടങ്ങൾ, അവയ്ക്കിടയിൽ മേയുന്ന കന്നുകാലികൾ. തന്റെ നാടിന്റെ ഭൂതകാലം ഇവിടേയ്ക്കായിരുന്നു വന്നൊളിച്ചതെന്ന് മനോജിന് തോന്നി. 
അനിതയെപ്പോലെ നഗരത്തിന്റെ തിരക്കുകളിൽ ജനിച്ചു വളർന്ന ഒരു പെൺകുട്ടിയ്ക്ക് കൗതുകകരമാകാം ഈ കാഴ്ചകൾ. അതവളുടെ കണ്ണുകളിൽ പ്രതിഫലിക്കുന്നുമുണ്ട്.

പുറമേ പ്രസാദവദനനായിരുന്നു എങ്കിലും മനോജിന്റെ മനസ്സ് സംഘർഷഭരിതമായിരുന്നു. താൻ ചെയ്യാൻ പാടില്ലാത്തതെന്തോ ചെയ്യാൻ പോകുന്നതായി അയാൾ ഭയന്നു. കുറച്ചുകൂടി മെച്ചമുള്ള മറ്റൊരു എളുപ്പവഴി ഉണ്ടെന്നറിഞ്ഞിട്ടും എന്തിനാണ് ഞാൻ ഈ ദൂരം കൂടിയ, മോശം പാത തിരഞ്ഞെടുത്തത് എന്ന് അനിതയ്ക്ക് സംശയം തോന്നിയിരിക്കുമോ? ഇനി സംശയം തോന്നിയില്ല എന്നവൾ അഭിനയിക്കുകയാണോ? അതോ എന്നോടുള്ള വിശ്വാസം അവൾക്കൊരു ധൈര്യം നൽകുന്നുണ്ടോ?
ഇത്രയും നാൾ ഒന്നിച്ച് ജോലിചെയ്തിട്ടും ഇത്രനാൾ പരസ്പരം മനസ്സിലാക്കുകയും സംസാരിക്കുകയും ചെയ്തിട്ടും ഞാൻ എന്താണ് ഇങ്ങനെ ഭീരുവായൊരു അപരിചിതനെപ്പോലെ എന്ന് അവൾ ചോദിച്ചാൽ ഞാൻ എന്തു പറയും?
അതിവേഗം കടന്നുപോകുന്ന നിമിഷങ്ങൾ അയാളിൽ ഒരു അസഹിഷ്ണുത വളർത്തി.സമയത്തിന്റെ ശരവേഗതയെ അയാൾ ശപിച്ചു.

ആലോചിച്ചങ്ങനെ ഇരുന്നപ്പോൾ ബസ് വല്ലാതെ ആടിയുലഞ്ഞു, എതിരെ വന്ന ഒരു ലോറിയ്ക്ക് സൈഡ് കൊടുത്തതായിരുന്നു. പാതയോരത്ത് ചരിഞ്ഞു നിന്നിരുന്ന മാവിന്റെ ചില്ലകൾ ബസിനുള്ളിലേക്ക് കുത്തിക്കയറി. നനഞ്ഞ ഇലകൾ അവരുടെ മുഖമാകെ വെള്ളം കുടഞ്ഞു. ഒരു കുഴിയിൽ നിന്ന് ചാടിയെഴുന്നേറ്റ പശുക്കിടാവിനെപ്പോലെ ബസ് ഒന്ന് മുരണ്ട് വീണ്ടും മുന്നോട്ടു നീങ്ങി. മനോജിന്റെ ദേഹത്താകെ വെള്ളമായി. അയാൾ അനിതയുടെ മുഖത്തേക്ക് നോക്കി. അവൾ കളിയാക്കിച്ചിരിക്കുകയായിരുന്നു.അവളുടെ മൂക്കിൻതുമ്പത്തായി വീഴാൻ വെമ്പിനിൽക്കുന്ന ഒരു മഴത്തുള്ളി അയാൾ ശ്രദ്ധിച്ചു. ഒരു ചെറുചിരിയോടെ അയാൾ തന്റെ ചൂണ്ടുവിരൽ നീട്ടി അതിൽ തൊടാൻ ശ്രമിച്ചു. അനിത ചിരിച്ചു കൊണ്ട് അയാളുടെ കൈ തട്ടി  മാറ്റി.ആ മഴത്തുള്ളി പൊട്ടി അവളുടെ മൂക്കിനുപുറത്തുക്കൂടി ഒഴുകി ചുണ്ടുകൾക്കു മുകളിലുള്ള കറുത്ത മറുകിൽ വന്ന് തടഞ്ഞു നിന്നു. മനോജിന്റെ നോട്ടം കണ്ടപ്പോൾ അവൾ ജാള്യതയോടെ തൂവാലയെടുത്ത് മുഖം തുടച്ചു.

കുറച്ചു കഴിഞ്ഞ് ബസ് ഒരു നാൽക്കവലയിൽ നിർത്തി. ഡ്രൈവറും കണ്ടക്ടറും പുറത്തേക്കിറങ്ങിപ്പോകുന്നതു കണ്ടു. അവർ വഴിയരികിലുള്ള ചെറിയ കടയിൽനിന്ന് മുറുക്കാനും ചായയും വാങ്ങുന്നത് മനോജ് നോക്കിയിരുന്നു.

" ഇനി ഞാനിരിക്കാം വിൻഡോ സീറ്റിൽ' അനിത പറഞ്ഞപ്പോൾ അയാൾ എഴുന്നേറ്റ് മാറിനിന്നു കൊടുത്തു. അവൾ നീങ്ങിയിരുന്നു; മുഖം ചെരിച്ച് വീണ്ടും പുറത്തേക്ക് നോക്കിയിരുന്നു.
മനോജ് അവളെത്തന്നെ ശ്രദ്ധിച്ചിരിക്കുകയായിരുന്നു.
നീലജീൻസും വെള്ള ഉടുപ്പുമാണ് അവൾ ഏറ്റവും സുന്ദരിയായി കാണപ്പെടുന്ന വേഷം. അത് തന്നെ ഇന്ന് തിരഞ്ഞെടുക്കാൻ എന്തായിരിക്കും കാരണം? ആകസ്മികമാകുമോ?..അല്ലായിരുന്നെങ്കിൽ എന്നയാൾ ആഗ്രഹിച്ചു.
നീളൻമുടി പിന്നിൽ കെട്ടിവച്ചിരിക്കുന്നു. അല്പം വിരിഞ്ഞ കാതിൽ ഒരു കുഞ്ഞുപൊട്ടുപോലെ കല്ലുപതിച്ച ചെറിയ കമ്മൽ,  അവളുടെ നീണ്ടമുഖത്തിന് യോജിച്ച തിളങ്ങുന്ന കവിൾത്തടങ്ങൾ, അവൾ മുന്നിലേക്ക് ദൃഷ്ടി പായിച്ച് മുഖം തിരിച്ചപ്പോൾ അവളുടെ തുടുത്ത ചുണ്ടുകൾ അയാൾ ശ്രദ്ധിച്ചു. വലതുവശത്തായി മേൽച്ചുണ്ടിനു തൊട്ടുമുകളിൽ ആ കറുത്ത മറുക്...

...നിർത്ത്!!!
ഏന്താണെനിക്ക് സംഭവിക്കുന്നത്?
ഞാൻ ഒരിക്കലും അനിതയെ ഇത്തരത്തിൽ നോക്കിയിട്ടില്ലല്ലോ..!

ബസ് പുറപ്പെടാൻ ഒരുങ്ങുകയാണ്. പുതുതായി കയറിയ ചിലർ കയ്യിലുള്ള ചാക്കുകെട്ടുകൾ വയ്ക്കുന്നതിനെച്ചൊല്ലി തർക്കിക്കുന്നു. ഭൂരിഭാഗവും മധ്യവയസ്കരായ പുരുഷന്മാരും വൃദ്ധകളുമാണ്. കൃഷിസാധനങ്ങൾ ചന്തയിൽ കൊണ്ട് വിൽക്കാനുള്ള പോക്കാണെന്ന് ചിലരുടെ സംസാരത്തിൽനിന്ന് വ്യക്തമായി.

 മനോജിന്റെ മനസ്സുനിറയെ കുറ്റബോധത്തിന്റെ ചെതുമ്പൽ പൊതിഞ്ഞ മടുപ്പ് ബാധിച്ചു തുടങ്ങിയിരുന്നു. കാഴ്ചകൾ കണ്ടിരിക്കുന്ന അനിതയെ നോക്കിക്കൊണ്ടിരുന്നപ്പോൾ ഒരു അസ്വസ്ഥത തോന്നി.
ഒരുപക്ഷെ എനിക്ക് കിട്ടുന്ന മറുപടി മറിച്ചാണെങ്കിൽ അത് ഞാനും അനിതയുമായി വർഷങ്ങളായുള്ള സൗഹൃദത്തെ ബാധിക്കും. ഒന്നും നടന്നില്ല എന്ന മട്ടിൽ ഞാൻ വീണ്ടും എങ്ങനെ അവളുടെ മുഖത്തു നോക്കും? പുറമേ എന്റെ മറ്റൊരു സുഹൃത്തുമായുള്ള അവളുടെ പ്രണയത്തെ ഞാൻ പ്രോത്സാഹിപ്പിച്ചിരുന്നത് അവളോടുള്ള സ്നേഹം മറച്ചുവച്ചുകൊണ്ടായിരുന്നു എന്നവൾ അറിഞ്ഞാൽ അവളതൊരു ചതിയായല്ലേ കാണൂ. ഏന്നും എന്നെ പല ഘട്ടങ്ങളിലും സഹായിച്ചിട്ടുള്ളവളാണവൾ- ആ അത്മാർത്ഥത എന്നിൽനിന്ന് അവളും പ്രതീക്ഷിക്കുന്നുണ്ടാവില്ലേ?

എപ്പോഴും പൊട്ടിച്ചിരിച്ച് കുസൃതിത്തരങ്ങൾ പങ്കുവച്ച് കലപിലാ സംസാരിച്ചുകൊണ്ടിരുന്ന ഇവൾക്ക് ഇന്ന് എന്തു പറ്റി? ഞാൻ എത്ര സംസാരിക്കാൻ ശ്രമിച്ചിട്ടും എന്താണവൾ ആ സംസാരം നീട്ടാനാഗ്രഹിക്കാതെ ഒറ്റവാചകങ്ങളിൽ, പൂർണവിരാമങ്ങളിൽ ഉത്തരങ്ങൾ അവസാനിപ്പിക്കുന്നത്? എത്രനേരം ഇങ്ങനെ മിണ്ടാതെയിരിക്കും? ഇതിനാണോ കഷ്ടപ്പെട്ട് ഇത്രയൊക്കെ ചെയ്തത്?

അനിതയോട് എന്തെങ്കിലും പറഞ്ഞ് ഒരു നീണ്ട സംഭാഷണത്തിന് തുടക്കം കുറിക്കാൻ അയാൾ ആഗ്രഹിച്ചു. പെട്ടെന്ന് സംസാരിക്കാൻ ഒരു വിഷയം കിട്ടുന്നുമില്ല. അയാൾക്ക് പരിഭ്രാന്തിയായി. ഇനി എന്റെ ഉദ്ദേശ്യം തിരിച്ചറിയുമ്പോൾ അവൾ എന്നെ വെറൂക്കുമോ?
ഞാനവൾക്കൊരു ആശ്വാസമാകുമെന്ന് എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ മറിച്ചു സംഭവിച്ചാലുണ്ടാകാവുന്ന കുറ്റബോധം എന്നെ തളർത്തുകയായിരുന്നു. ആ ഭീരുത്വം എന്നെ എല്ലാം ആസൂത്രണം ചെയ്യാൻ പ്രേരിപ്പിച്ചു. ഒരു മാസത്തോളം മനസ്സിന്റെ ചൂളയിലിട്ട് ഉരുക്കി മിനുക്കി പറ്റിയ ഒരു ആയുധമുണ്ടാക്കാനുള്ള ശ്രമമായിരുന്നു. ഒരു ദിവസം പെട്ടെന്നു തോന്നിയതാണ് സ്വതവേ യാത്രകൾ ഇഷ്ടപ്പെടുന്ന അനിതയേയും കൊണ്ടൊരു ചെറിയ യാത്ര.
 പെട്ടെന്നുള്ള ആവേശത്തിൽ അവളെ വിളിച്ച് വരാൻ പറഞ്ഞു. വെള്ളച്ചാട്ടം കാണാൻ പോകുന്നു എന്നേ പറഞ്ഞുള്ളൂ. അവൾ കൂടുതലൊന്നും ചോദിച്ചില്ല. ബസ് സ്റ്റാൻഡിൽ അന്വേഷിച്ചപ്പോൾ രണ്ട് വഴികളുണ്ടെന്നറിഞ്ഞു.. ഒരു മണിക്കൂറുകൊണ്ടെത്തുന്ന ഒരു ഗ്രാമപാതയും മലയിറങ്ങിപ്പോകുന്ന കാട്ടുപാതയും. രണ്ടാമത്തേത് തിരഞ്ഞെടുക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. അത്രയും സമയം കൂടി അവളോടൊപ്പം ചിലവഴിച്ച് സാവധാനത്തിൽ കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കാമെന്ന് കരുതി.

ഇനി ഏതാണ്ട് ഒരു മണിക്കൂർ കൂടിയുണ്ടാവും വെള്ളച്ചാട്ടത്തിനടുത്തെത്താൻ. സമയം പാഴാക്കാതെ കാര്യത്തിലേക്ക് കടന്നാലോ?
മനോജ് ചുറ്റും നോക്കി. ബസിൽ ഇപ്പ്പോൾ നേരത്തെ ഉണ്ടായിരുന്ന അത്രയും തിരക്കില്ല. കുറേ ആളുകൾ കഴിഞ്ഞ സ്റ്റോപ്പിൽ ഇറങ്ങിയിട്ടുണ്ട്. തൊട്ടു മുന്നിലെ സീറ്റിലിരിക്കുന്ന രണ്ടുപേരും തലകുമ്പിട്ട് ഉറക്കമാണ്. പതിയെ പിന്നിലേക്ക് തിരിഞ്ഞു നോക്കി. മുപ്പതിനും നാല്പതിനുമിടയിൽ പ്രായം തോന്നിക്കുന്ന രണ്ട് സ്ത്രീകളാണ് പിൻസീറ്റിൽ. അവർ എന്തൊക്കെയോ പരസ്പരം പറഞ്ഞ് ചിരിക്കുന്നു. ഇങ്ങോട്ട് ആരും ശ്രദ്ധിക്കുന്നില്ല. ഇതുതന്നെയാണ് അവസരം.

" അനിതാ"
അയാൾ വിളിക്കാൻ ശ്രമിച്ചു. പക്ഷെ ശബ്ദം തൊണ്ടയിൽ കുടുങ്ങി.
വിറയാർന്ന വിരലുകളാൽ അവളുടെ കൈയിൽ തൊട്ടു. അവൾ തിരിഞ്ഞു നോക്കി. ചോദ്യഭാവത്തിൽ മുഖമനക്കി.മനോജ് ധൈര്യം സംഭരിച്ച് അവളുടെ കണ്ണുകളിലേക്ക് തുറിച്ചു നോക്കി.
" എന്താ മനോജ് ??"

" അനിതാ.. അത്.. എനിക്ക് നിന്നോടൽപ്പം സംസാരിക്കണം "

" അതിനെന്താ..സംസാരിക്ക്! പിന്നല്ലാതെ എത്രനേരമെന്നുവച്ചാണ് ഇങ്ങനെ മസിലും പിടിച്ച് മിണ്ടാതെയിരിക്കുന്നത് ! "

അവളുടെ ഉള്ളിൽ ഉറഞ്ഞുകൂടിയ അസ്വസ്ഥത മുളപൊട്ടി പുറത്തു വന്നപ്പോൾ യഥാർത്ഥത്തിൽ മനോജിന് ആശ്വാസമാണ് തോന്നിയത്. അയാളുടെ ആത്മവിശ്വാസം തിരികെവന്നു. ഉള്ളിൽ വല്ലാത്തൊരു ധൈര്യം ഇരച്ചു വന്നു.

 " അനിതാ എനിക്ക് നിന്നെ വലിയ ഇഷ്ടമാണ്. എനിക്ക് നിന്നെ വിവാഹം കഴിക്കണമെന്നുണ്ട്"

ഒറ്റശ്വാസത്തിൽ അയാൾ പറഞ്ഞൊപ്പിച്ചു.

" ഓഹോ..എനിക്കപ്പോഴേ തോന്നിയിരുന്നു ചെക്കനാകെയൊരു ഇളക്കം." എന്നിട്ട് നെടുവീർപ്പിടുന്ന അയാളെ നോക്കി അനിത പൊട്ടിച്ചിരിച്ചു.

ആ ചിരി അയാളെ വീണ്ടും അസ്വസ്ഥനാക്കി. അയാൾ പൊടുന്നനെ അവളുടെ കൈപ്പത്തിയിൽ കടന്നു പിടിച്ചു. അവളുടെ മുഖത്തെ ചിരി മാഞ്ഞു. വലയറ്റ് നഖച്ഛായമിട്ട മൃദുലമായ വിരലുകൾ അയാളുടെ കൈയ്ക്കുള്ളിലിരുന്ന് പിടച്ചു- പിന്നെ നിശ്ചലമായി. ഒരു നിമിഷം താനെന്താണ് ചെയ്യുന്നതെന്ന് മനോജ് അലോചിച്ചു എന്നിട്ട് അനിതയുടെ വിരലുകളെ സ്വതന്ത്രമാക്കി. പക്ഷെ അവൾ അയാളുടെ കയ്യിൽ നിന്നും കയ്യെടുത്തില്ല. മനോജ് ചുറ്റും ശ്രദ്ധിച്ചു- ഇല്ല ഇപ്പോഴും ആരും ശ്രദ്ധിക്കുന്നില്ല.

"ജയനുമായി നീ പ്രണയത്തിലായിരുന്നപ്പോൾ പോലും ഞാൻ നിന്നെ വല്ലാതെ ..."

' പ്ലീസ്.. എന്നെ അതൊന്നും ഓർമ്മിപ്പിക്കരുത്" അനിത അയാളെ തടഞ്ഞു.
. അത് ശരിയാണ്. അറിഞ്ഞുകൊണ്ട് കുഴിച്ചു മൂടിയതൊക്കെ തുരന്നെടുത്താൽ അകെ ദുർഗന്ധമായിരിക്കും. ആർക്കും അത് ഭൂഷണമാവില്ല.പലരുടേയും ജീവിതത്തിലുള്ളതുപോലെ അനിതയ്ക്കും വിവർണ്ണമായ ഒരു ഭൂതകാലം സമ്മാനിച്ച നഷ്ടങ്ങൾ കാലം മായ്ച്ചുതുടങ്ങിയിട്ടുണ്ട്. അവയിൽ നിന്ന് പൂർണ്ണമായൊരു മുക്തിയായിരിക്കണം അവളും ആഗ്രഹിക്കുന്നത്.

"അനിതാ..ഞാൻ സീരിയസ് ആണ്! നമ്മൾ രണ്ടുപേരും മാത്രമായി അല്പസമയം ചിലവഴിക്കാനും കുറേ നാളായി നെഞ്ചിലേറ്റി കൊണ്ടുനടക്കുന്ന ഈ മാറാപ്പ് ഇറക്കിവയ്ക്കാനുമാണ് ഞാൻ ഈ യാത്ര എന്ന നാടകം ആസൂത്രണം ചെയ്തത്. ഒരു പാർക്കിലേക്കോ മറ്റോ വിളിച്ചാൽ നീ തെറ്റിധരിക്കുമോ എന്നെനിക്ക് ഭയമായിരുന്നു."

" ഭയമോ? നീയൊരു പുരുഷനല്ലേ. കാമുകന്മാർ തങ്ങളുടെ പ്രേമഭാജനങ്ങളുടെ മുൻപിൽ മൽസരിച്ച് സ്വന്തം വീരകഥകൾ പ്രസംഗിക്കുന്ന കാലത്താണ് നീയൊരു ഭീരുവായി അഭിനയിക്കുന്നത്...!"

" അല്ല അനിത, സത്യമാണ്. നിനക്കെന്നോട് ദേഷ്യം തോന്നുമെന്നും അങ്ങനെ നമ്മുടെ സൗഹൃദം തകരുമെന്നും ഞാൻ ഭയന്നു"

" ഭയന്നു?..ഇപ്പോൾ ആ ഭയമില്ലേ?" അനിത ഭയങ്കര ഗൗരവത്തിലാണ്.

" അറിയില്ല!!"

 പൊടുന്നനെ ബസ് ഒരു ഭീകര ശബ്ദത്തോടെ ആടിയുലഞ്ഞു. മനോജ് സ്വപ്നത്തിൽനിന്നുണർന്ന് നോക്കിയപ്പോൾ യാത്രക്കാരിൽ ചിലർ നിലവിളിക്കുന്നു. ബസ് നിശ്ചലമായി.
എന്താണ് സംഭവിക്കുന്നതെന്നറിയാതെ മനോജ് കണ്ണുമിഴിച്ചിരുന്നു.

" പഞ്ചറായെന്നാ തോന്നുന്നത്" അനിത  പറഞ്ഞു.
" നാശം!!!" മനോജ് തലയിൽ കൈ വച്ച് ശപിച്ചു. " ഇനിയിപ്പോ എപ്പോഴാണോ ശരിയാവുന്നത്. ഈ കാട്ടുമുക്കിൽ ഒരു വർക്ക്ഷോപ്പ് പോലും കാണില്ല."

മനോജിന് വല്ലാത്ത അമർഷം തോന്നി. ഒന്ന് തയ്യാറെടുത്തു വരികയായിരുന്നു. എല്ലാം തുലഞ്ഞു.
---------------------------------------യാത്രകാരെല്ലാം പുറത്തിറങ്ങി. കണ്ടക്ടറും ഡ്രൈവറും ചില യാത്രക്കാരും കൂടി ബസിന്റെ പിന്നിലും അടിയിലുമൊക്കെ എന്തോ പരിശോധിക്കുന്നതു കണ്ടു. -പഞ്ചറല്ല, മറ്റെന്തോ യന്ത്രത്തകരാറാണ്.

"ഇനിയെപ്പോഴാ അടുത്ത ബസ്?"
 മനോജ് അടുത്ത് നിന്ന ഒരു ചെറുപ്പക്കാരനോട് ചോദിച്ചു.

" ഇനി അങ്ങോട്ടേക്ക് ഉടനെയൊന്നും ഇല്ല. ഒരു മണിക്കൂർ കഴിഞ്ഞ് തിരിച്ച് ഒരു ബസ് വരും. ഒന്നുകിൽ അതിൽകയറി നിങ്ങൾക്ക് തിരിച്ചു പോകാം. അല്ലെങ്കിൽ മൂന്നുനാലു മണിക്കൂർ കാത്തുനിന്നാൽ അടുത്ത ബസ് കിട്ടും"
അയാൾ പറഞ്ഞു.

ഓട്ടോറിക്ഷാ പോലും കിട്ടാത്ത സ്ഥലമാണ്. വല്ലപ്പോഴും കടന്നുപോകുന്ന ജീപ്പുകളിലും ലോറികളിലും തിക്കിക്കയറി പോകണം അടുത്തുള്ള ടൗണിലേക്ക്. അതുവഴിയാണ് വെള്ളച്ചാട്ടത്തിലേക്കുള്ള മറ്റേ പാത കടന്നു പോകുന്നത്. അതുവഴി കൂടുതൽ ബസ് സർവീസ് ഉണ്ട്.

അവർ അടുത്തുകണ്ട ആൽത്തറയിലേക്ക് പോയി. ആൽത്തറഭിത്തിയുടെ ഒരു ഭാഗം തകർത്തുകൊണ്ട് കൂറ്റൻവേരുകൾ പുറത്തേക്ക് നീണ്ടുനിന്നിരുന്നു. അതിനുമുകളിൽ ഒരു കാൽ കയറ്റിവച്ച് മനോജും, തൊട്ടടുത്തായി അനിതയും ഇരുപ്പുറപ്പിച്ചു. ബസിൽ നിന്നു ഇറങ്ങിവന്ന അഞ്ചാറ് സ്ത്രീകൾ തങ്ങളുടെ ചാക്കുകെട്ടും നിലത്തുവച്ച് അവിടെ സംസാരിച്ചിരിക്കുന്നുണ്ടായിരുന്നു. മനോജും അനിതയും അവിടെ ചെന്നിരുന്നപ്പ്പോൾ ആ സ്ത്രീകളുടെയെല്ലാം നോട്ടം ഒരു നിമിഷം ഇരുവരുടേയും മേലായി. ചിലർ പരസ്പരം ചെവിയിൽ എന്തൊക്കെയോ മന്ത്രിക്കുകയും അടക്കിച്ചിരിക്കുകയും മറ്റുചിലർ 'എന്താ ഈ കാണുന്നത്' എന്ന ഭാവേന ഇരുവരേയും ഒന്ന് ഉഴിഞ്ഞുനോക്കുകയും ചെയ്തു.

അനിത അല്പം അസ്വസ്ഥയായി കാണപ്പെട്ടു.

" ഇതൊന്നും നീ കാര്യമാക്കണ്ട. നാട്ടിൻപുറമല്ലേ , ആദ്യമായിട്ടായിരിക്കും ജീൻസും ഷർട്ടുമിട്ട് ഒരു സുന്ദരിയായ ചെറുപ്പക്കാരി വന്നിറങ്ങുന്നത് കാണുന്നത്" മനോജ് പറഞ്ഞതുകേട്ട് അനിത നാണം കലർന്ന ഒരു പുഞ്ചിരിയോടെ അയാളെ നോക്കി തലയനക്കി. "കളിയാക്കിയതു മതി മാഷേ..ജീവിച്ചു പൊയ്ക്കോട്ടെ"

മനോജ് മുകളിലേക്ക് നോക്കി . പടർന്നു പന്തലിച്ചു നിൽക്കുന്ന പടുകൂറ്റൻ ആൽമരം. നൂറുകണക്കിന് വർഷം പ്രായമുണ്ടാവും. മരത്തെ ചുറ്റിപ്പുണർന്ന് പെരുമ്പാമ്പുകളെപോലെ തോന്നിക്കുന്ന വലിയ വള്ളികൾ. ആലിന്റെ ഓരോ ഇലകളേയും തഴുകിക്കൊണ്ട് ഒരു കാറ്റുവീശിക്കൊണ്ടിരുന്നു. ആ തണുത്ത ഇളംകാറ്റ് താഴേക്കുവന്ന് അനിതയുടെ അഴിഞ്ഞുവീണ മുടിയിഴകളെയാകെ ഒന്ന് തലോടിക്കടന്നുപോയി. അതയാൾ ഒരു ഉൾപ്പുളകത്തോടെ കണ്ടാസ്വദിച്ചു.
ആൽത്തറയുടെ മറ്റൊരു വശത്തായി ഒരു ചെറിയ തട്ടുകടയുണ്ട്. അവിടെ തൂക്കിയിട്ടിരിക്കുന്ന പാന്മനാസാലാ പാക്കറ്റുകൾക്കുപിന്നിൽ നീണ്ട താടിയും കറുത്ത് കട്ടിയുള്ള കണ്ണടയും വച്ച ഒരു വൃദ്ധൻ ഓംലെറ്റ് ഉണ്ടാക്കിക്കൊടുക്കുന്നു. ചിലയാളുകൾ അങ്ങോട്ടുപോയി .ഓംലെറ്റും ചായയും സിഗരട്ടുമൊക്കെയായി കച്ചവടം പൊടിപൊടിക്കുന്നു. കഴിച്ചുകഴിഞ്ഞവരിൽ ചിലർ കടയുടെ പിന്നിൽ വച്ചിരുന്ന ബക്കറ്റിൽ നിന്ന് വെള്ളം കോരി വാ കഴുകി നീട്ടിത്തുപ്പി.

അനിത അയാളെ ചിന്തകളിൽനിന്നുണർത്തി.
" നിനക്കെന്താ പറ്റിയത് മനോജ്? നിനക്കീ യാത്രയിൽ ശരിക്കും താല്പര്യമില്ലെ? ഞാൻ എത്രയോ തവണ നിന്നോട് സംസാരിക്കാൻ ശ്രമിച്ചു. പക്ഷെ നീ എപ്പോഴും പുറത്തേക്ക് നോക്കിയിരിക്കുകയും അല്ലാത്ത സമയത്ത് സ്വയം ചിന്തകളിൽ മുഴുകിയും ഇരിക്കുന്നു. എന്ത് ബോറാണിത്? നീ നിർബന്ധിച്ചതുകൊണ്ടല്ലേ ഞാൻ കൂടെ വന്നത്?"

മനോജിന് അതിശയം തോന്നി. ഇതുതന്നെയല്ലേ ഞാൻ ഇവളെ പറ്റിയും ഇതുവരെ ചിന്തിച്ചുകൊണ്ടിരുന്നത്!!

ഇവളോട് എല്ലാം തുറന്നു പറയണോ? - മനോജ് ആശയക്കുഴപ്പത്തിലായി. ഉള്ളിലിരുന്ന് അരോ വേണ്ട വേണ്ട എന്ന് ഇപ്പോഴും പറയുന്നുണ്ട്.

"അത്...അനിതാ...

... എന്റെ കൂടെ ഇങ്ങനെ ഒറ്റയ്ക് ഇറങ്ങിത്തിരിച്ചപ്പോൾ, അതും ഇതുപോലെ തീർത്തും അപരിചിതമായൊരു സ്ഥലത്ത്... നിനക്ക് ഭയം തോന്നിയില്ലെ?"

ചോദിക്കണമെന്ന് വിചാരിച്ചതല്ല പുറത്തുവന്നത്.

" എന്തിനു ഭയക്കണം? എന്റെ ഏറ്റവും അടുത്ത സുഹൃത്തിനൊപ്പമല്ലേ ഞാൻ വന്നത്. എത്രയോ വർഷങ്ങളായി എന്റെ എല്ലാ സന്തോഷങ്ങളിലും ദുഖങ്ങളിലും എനിക്കൊരു തണലായി നിൽക്കുന്ന എന്റെ സുഹൃത്ത്. ഒരു പക്ഷെ ഇന്ന് ഈ ലോകത്ത് നിന്നെപോലെ ഞാൻ സ്നേഹിക്കുന്ന, വിശ്വസിക്കുന്ന മറ്റൊരാളുണ്ടാവില്ല."

മനോജ് അവിശ്വസനീയത നിറഞ്ഞു നിൽക്കുന്ന മുഖഭാവത്തോടെ അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അനിത ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു " സത്യമാണ് മനോജ്"

ഒരു സുഹൃത്തിനോടുള്ള സ്നേഹമായിരിക്കണം അവളുദ്ദേശിച്ചത്. എനിക്കും അങ്ങനെയാണ്...   അല്ല, അതിലും മേലെയാണ് അവളോട്. അവളെപ്പോലെ എനിക്ക് മറ്റൊരാളെ സ്നേഹിക്കാനാവില്ല. ജയനുമായുള്ള പ്രണയപരാജയം അവളെ തകർത്തെങ്കിലും ഞാൻ ഉള്ളിൽ സന്തോഷിച്ചിരുന്നു എന്നത് സത്യമാണ്.  എന്നെ ഇത്രയ്ക്ക് സ്നേഹിക്കുന്ന ഒരു ആത്മാർത്ഥസുഹൃത്തിനോട് അറിഞ്ഞുകൊണ്ട് ചെയ്ത ചതിയായിരുന്നു അത്. എന്തു ചെയ്തായാലും അവളെ എനിക്ക് നഷ്ടപ്പെടുത്താൻ വയ്യ. അവൾക്ക് എന്നോട് എന്തെങ്കിലും ഇഷ്ടമുണ്ടെങ്കിൽ അവൾ എന്റേതായിരിക്കും -എന്നെന്നേക്കുമായി.

എത്രനാളായി ഞാൻ ഇത് ഉള്ളിൽ കൊണ്ടുനടന്ന് സ്വയം നീറിനീറി ഇങ്ങനെ ജീവിക്കുന്നു. ഇനി വയ്യ!. എന്റെ ഉദ്ദേശം ന്യായീകരിക്കപ്പെടാവുന്നതാണെങ്കിലും അതിനൊരു ഭീരുത്വത്തിന്റെ മുഖംമൂടിയണിയിക്കപ്പെടുകയാണ്.  ഉടനെ എന്റെ ഇഷ്ടം അനിതയെ അറിയിച്ചേ മതിയാകൂ. അല്ലെങ്കിൽ നാളെ ചതിയനും ഭീരുവുമായ ഏതോ ഒരുവൻ എന്ന നിലയിൽ മാത്രമായിരിക്കും  അവൾ എന്നെ ഓർക്കുക.അത് വേണ്ട!
ഒരു ബന്ധം തകർന്നതിന്റെ ആഘാതത്തിൽ നിന്ന് അനിത മോചിതയാവുന്നതേയുള്ളൂ. ഉടനെ തന്റെ കാര്യം അവതരിപ്പിച്ചാൽ അവൾക്ക് സംശയം തോന്നും. അതാണിത്രയും നാൾ കാത്തത്.
മതിയായി ഈ കാത്തിരിപ്പ്...!

മനോജ് അനിതയുടെ അടൂത്തേക്ക് കുറച്ചുകൂടി നീങ്ങിയിരുന്നു. പഴുത്ത് പൊഴിഞ്ഞു വീണ ഒരു ആലില കയ്യിലെടുത്ത് അതിലേക്ക് നോക്കി എന്തോ ആലോചിച്ചിരിക്കുകയായിരുന്നു അവൾ.അവളെ തൊട്ടുണർത്തി ആ കണ്ണുകളിലേക്ക് നോക്കാൻ അയാൾ ആഗ്രഹിച്ചു, പക്ഷെ കഴിഞ്ഞില്ല; കഴുത്തിലെ ഞെരമ്പുകൾ തളർന്നതുപോലെ.

 സംസാരിക്കാൻ നാവെടുത്തതേയുള്ളൂ,  പെട്ടെന്ന് ഒരു ബസ് വന്നു നിൽക്കുന്ന ശബ്ദം കേട്ട് അവർ തിരിഞ്ഞു നോക്കി.വെള്ളച്ചാട്ടത്തിന്റെയടുത്തുനിന്ന് തിരികെ വരുന്ന ബസാണ്. അവിടവിടെയായി മാറിയിരുന്നിരുന്ന പല ആളുകളും എഴുന്നേറ്റു ചെന്ന് ബസിൽ ഇടിച്ചു കയറിത്തുടങ്ങി. വാതില്പടിയോട് ചേർന്നു നിന്നുകൊണ്ട് ,സീറ്റുണ്ടായിട്ടും തള്ളുകൂടുന്ന ചിലരെയൊക്കെ കണ്ടക്ടർ  ശകാരിക്കുന്നതും കേട്ടു.

അനിത ചോദിച്ചു " മനോജ്, നമുക്ക് തിരിച്ചു പോയാലോ? ഇനിയും രണ്ടുമണിക്കൂർ കാത്തുനിന്ന് ...എനിക്ക് മടുത്തുതുടങ്ങി...നമുക്ക് മറ്റൊരിക്കൽ പോകാം വെള്ളച്ചാട്ടം കാണാൻ.."

മനോജ് ഒന്നും മറുപടി പറഞ്ഞില്ല. ബസ്  പുറപ്പെടാൻ തുടങ്ങുകയായിരുന്നു.  അവളുടെ കയ്യും പിടിച്ചുകൊണ്ട് അയാൾ ബസിനടുത്തേക്കോടി.

ബസിനുള്ളിൽ കടന്നപ്പോൾ ആദ്യം കണ്ട സീറ്റിലിരുന്ന ചെറുപ്പക്കാരൻ അവർ സീറ്റിനുവേണ്ടി ചുറ്റും പരതുന്നതു കണ്ടപ്പൊൾ ഒരു പുഞ്ചിരിയോടെ സീറ്റിൽനിന്ന് മാറിക്കൊടുത്തു. അനിതയെ തിരിഞ്ഞു നോക്കി നോക്കി അയാൾ പിൻസീറ്റിലേക്ക് പോയി ഇരുന്നു.
ഇത്തവണ അനിത വിൻഡോസീറ്റ് സ്വന്തമാക്കി.തൊട്ടടുത്തായി മനോജും ഇരുന്നു. ബസ് നീങ്ങിത്തുടങ്ങി.

മനോജ് എവിടേയും നിലയുറയ്ക്കാത്ത കണ്ണുകളുമായി പലതും ആലോചിച്ചിരിക്കുകയായിരുന്നു. അയാളുടെ മുഖത്തെ നിസ്സംഗഭാവം കണ്ട് അനിത പറഞ്ഞു
 "ഇതിന് നാട്ടിലൊരു പഴഞ്ചൊല്ലു പറയും.. പട്ടി ചന്തക്കു പോയ പോലെ എന്ന്!"

"അതെ" അയാൾ ഒരു ദീർഘനിശ്വാസമെടുത്തു.
എന്നിട്ട് അവളുടെ ചിരിയിൽ അയാളും പങ്കുചേർന്നു.